Wednesday, July 29, 2015

മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകില്ല

ബി ആർ പി ഭാസ്കർ
ജനയുഗം

ജാതീയതയും വർഗീയതയും കേരളത്തിൽ ഭീതിദമായ രീതിയിൽ വളരുകയാണെന്ന്‌ രാഷ്ട്രീയ സാമൂഹിക സംഭവവികാസങ്ങൾ നിരീക്ഷിക്കുന്ന ആർക്കും മനസിലാക്കാനാകും. ഈ വിഷയം ചർച്ച ചെയ്യാനും ഉചിതമായ പരിഹാരമാർഗങ്ങൾ തേടാനുമുള്ള അവസരമാണ്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എൻ ഇ ബാലറാം, പി പി മുകുന്ദൻ അനുസ്മരണ പ്രഭാഷണത്തിലൂടെ നൽകിയത്‌. രാഷ്ട്രീയകേരളം ആ അവസരം പ്രയോജനപ്പെടുത്താൻ മടിക്കുന്നത്‌ നിർഭാഗ്യകരമാണ്‌.

മതനിരപേക്ഷതാ സങ്കൽപം മതന്യൂനപക്ഷ സംരക്ഷണമായി ചുരുങ്ങുന്നുണ്ടോ എന്ന്‌ പരിശോധിക്കണമെന്ന കാനത്തിന്റെ നിരീക്ഷണത്തോട്‌ പരസ്യമായി പ്രതികരിക്കാനില്ല എന്ന സിപിഎമ്മിന്റെ ആദ്യ പ്രതികരണം. ഇടതുപക്ഷത്തിനുള്ളിൽ ആരോഗ്യകരമായ ചർച്ചക്കുള്ള സാധ്യത അടച്ചിരുന്നില്ല. മുന്നണി സംവിധാനത്തിനുള്ളിൽ പ്രവർത്തിക്കുന്നവർ പരസ്യമായ ആശയസംഘട്ടനം ഒഴിവാക്കിക്കൊണ്ട്‌ അഭിപ്രായ സമന്വയത്തിനു ശ്രമിക്കുന്നതാണല്ലോ ഉചിതം. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അദ്ദേഹത്തിന്റെ മുൻഗാമി പിണറായി വിജയനും പിന്നീട്‌ കാനത്തിന്റെ നിരീക്ഷണത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചു. അത്‌ മതഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെടുമെന്ന്‌ അവർ അഭിപ്രായപ്പെടുകയും ചെയ്തു. ഈ നിലപാട്‌ സിപിഎം സാംസ്കാരിക പ്രവർത്തകർ ആവർത്തിച്ചു.

സിപിഎമ്മിന്റെ വാദത്തിൽ ഒരു മറുവാദം ഒളിച്ചിരിപ്പുണ്ട്‌. മതനിര--പേക്ഷത ന്യൂനപക്ഷ സംരക്ഷണമായി മാറുന്നെന്ന ആക്ഷേപം -- യഥാർഥത്തിൽ അങ്ങനെയൊരു ആക്ഷേപം ഉന്നയിക്കുകയല്ല, അത്തരത്തിലുള്ള സംശയം പരിശോധിക്കണമെന്നാണ്‌ കാനം പറഞ്ഞത്‌ -- അത്‌ ഭൂരിപക്ഷപ്രീണനമായി വ്യാഖാനിക്കപ്പെടാമെങ്കിൽ, കോടിയേരിയും പിണറായിയും ഉയർത്തുന്ന പ്രതിവാദം ന്യൂനപക്ഷപ്രീണനമായും വ്യാഖ്യാനിക്കപ്പെടാവുന്നതാണ്‌. ഇടതുപക്ഷ കക്ഷികൾ ഒരു വർഗീയതക്കൊപ്പം അല്ലെങ്കിൽ മറ്റൊന്നിനൊപ്പം നിൽക്കാൻ നിർബന്ധിതമാകുന്ന സാഹചര്യം നിലനിൽക്കുന്നെന്ന അപകടകരമായ സൂചന ഇത്‌ നൽകുന്നു. ഈ അവസ്ഥ എങ്ങനെയാണുണ്ടായത്‌?

കേരളത്തിൽ ഇന്ന്‌ ഒരാൾക്ക്‌ ഒരു ഇടതുപക്ഷ കക്ഷിയിൽ നിന്നിറങ്ങി നേരേ ബിജെപി കൂടാരത്തിലേയ്ക്കും അവിടെ നിന്നിറങ്ങി ഇടതുപക്ഷ കക്ഷിയിലേക്കും പോകാനാകുന്നു. ഇത്‌ ബിജെപി ഇടതുപക്ഷ സ്വഭാവം ആർജ്ജിച്ചതുകൊണ്ടാണെന്ന്‌ ആരും പറയില്ല. ഇടതുപക്ഷത്തിന്‌ ഇടതുസ്വഭാവം ഭാഗികമായെങ്കിലും നഷ്ടപ്പെട്ടതുകൊണ്ടുണ്ടായതാണ്‌. ഉപ്പിനു ഉപ്പുരസം നഷ്ടപ്പെട്ടാൽ അതു പിന്നെ എങ്ങനെ ഉപ്പാകും?

കേരളത്തിലെ ഇന്നത്തെ രാഷ്ട്രീയസാമൂഹിക കാലാവസ്ഥ പെട്ടെന്നുണ്ടായതല്ല. അത്‌ പതിറ്റാണ്ടുകളായി രാഷ്ട്രീയകക്ഷികളും ജാതിമതശക്തികളും നടത്തിയ ഇടപെടലുകളുടെ ഫലമായി ഉരുത്തിരിഞ്ഞു വന്നതാണ്‌. ജാതി എന്ന യാഥാർഥ്യം അവഗണിച്ചുകൊണ്ട്‌ കൃത്യമായി രൂപപ്പെട്ടിട്ടില്ലാത്ത വർഗം എന്ന മിഥ്യയിൽ ഊന്നിയുള്ള ഇഎംഎസ്‌ നമ്പൂതിരിപ്പാടിന്റെ സമീപനത്തെ ചോദ്യം ചെയ്തുകൊണ്ട്‌ ഈ ലേഖകൻ 20 കൊല്ലം മുമ്പ്‌ ഒരു ലേഖനം എഴുതിയിരുന്നു. അതിനുള്ള മറുപടിയിൽ ഇഎംഎസ്‌ എന്റെ നേർക്ക്‌ ഒരു ചോദ്യം തൊടുത്തുവിട്ടു: ജാതിയാണ്‌ യാഥാർഥ്യമെങ്കിൽ എൻഎസ്‌എസ്‌ ഉണ്ടാക്കിയ എൻഡിപിയുടെയും, എസ്‌എൻഡിപിയുടെയും അതുണ്ടാക്കിയ എസ്‌ആർപിയുടെയും സിപിഎം പുറത്താക്കിയ കെആർ ഗൗരിയമ്മയുടെയും നില എന്തുകൊണ്ട്‌ ദയനീയമായിരിക്കുന്നു? മുസ്ലിം ലീഗിന്റെയും കേരള കോൺഗ്രസിന്റെയും സ്ഥിതി അത്ര ദയനീയമല്ലെന്നും 1957ൽ ഏതാണ്ട്‌ ഒറ്റയ്ക്ക്‌ അധികാരത്തിലേറാൻ കഴിഞ്ഞ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ മുന്നണിയുടെ പൊയ്ക്കാലിൽ നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. അന്നത്തേക്കാൾ ദയനീയാവസ്ഥയിലെത്തി നിൽക്കുന്ന ഗൗരിയമ്മയെയാണ്‌ സിപിഎം ഇപ്പോൾ തിരിച്ചുകൊണ്ടു വരുന്നത്‌.

പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിൽ ഒറ്റനോട്ടത്തിൽ ഒരാളുടെ ജാതിയും മതവും തിരിച്ചറിയാൻ കഴിയുമായിരുന്നു. നവോത്ഥാനസ്വഭാവം കൈവന്ന സാമൂഹികനവീകരണ പ്രസ്ഥാനങ്ങളുടെ പ്രവർത്തനഫലമായി ആ അവസ്ഥയിൽ മാറ്റമുണ്ടാവുകയും കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തോടെ വിഭാഗീയ വേർതിരിവുകൾ മറികടക്കാൻ കഴിയുന്ന ഒരു പൊതുസമൂഹം രൂപപ്പെട്ടു തുടങ്ങുകയും ചെയ്തു. ആ പ്രസ്ഥാനങ്ങൾ റാഡിക്കലൈസ്‌ ചെയ്ത ദളിതരും പിന്നാക്ക വിഭാഗങ്ങളും കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഉണ്ടായപ്പോൾ അതിനെ തങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ കഴിയുന്ന കക്ഷിയായി കണ്ടതുകൊണ്ടാണ്‌ സ്വാതന്ത്ര്യം നേടി പത്തു കൊല്ലത്തിൽ സംസ്ഥാനത്ത്‌ ചരിത്ര വിജയം നേടി അധികാരത്തിലേറാനായത്‌.

പ്രതിലോമശക്തികൾ നടത്തിയ സമരത്തെ തുടർന്ന്‌ കേന്ദ്രം അന്യായമായി പുറത്താക്കിയ കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക്‌ അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചുവരാനായില്ലെങ്കിലും അതിന്റെ ജനപിന്തുണ വർദ്ധിക്കുകയുണ്ടായി. ഏറെ കഴിയുന്നതിനു മുമ്പ്‌ പാർട്ടി പിളർന്നു. കമ്മ്യൂണിസ്റ്റ്‌ സർക്കാരിനെതിരായ പ്രക്ഷോഭത്തിന്റെ മറവിൽ തിരിച്ചുവന്ന ജാതിമതശക്തികൾക്കെതിരെ യോജിച്ചു പൊരുതുന്നതിനു പകരം രണ്ട്‌ പാർട്ടികളും അവയുമായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊന്നിൽ സമരസപ്പെടുന്ന സാഹചര്യം സംജാതമായി. ഇരുപാർട്ടികളും പിന്നീട്‌ ഇടതൈക്യം ലക്ഷ്യമിട്ട്‌ കൈകോർത്തെങ്കിലും ഇടതുസ്വഭാവം നഷ്ടപ്പെടുത്തുന്ന കൂട്ടുകെട്ടുകൾ തുടർന്നു.

ദേശീയതലത്തിൽ ഭൂരിപക്ഷ വർഗീയത വളർന്ന സാഹചര്യത്തിൽ നിന്ന്‌ ചില പാഠങ്ങൾ കേരളത്തിലെ ഇടതുപക്ഷം ഉൾക്കൊള്ളേണ്ടതുണ്ട്‌. വിഭജനത്തെ തുടർന്ന്‌ വടക്കൻ സംസ്ഥാനങ്ങളിൽ ധാരാളം പേർ വർഗീയ കലാപങ്ങളിൽ കൊല്ലപ്പെടുകയുണ്ടായി. ആർഎസ്‌എസും ഹിന്ദു മഹാസഭയും വർഗീയ വിഷം പരത്തി. എന്നിട്ടും ആർഎസ്‌എസിന്റെ ആശീർവാദത്തോടെ രൂപീകരിക്കപ്പെട്ട ജനസംഘത്തിനോ മഹാസഭക്കോ സന്യാസിമാരുണ്ടാക്കിയ രാമ രാജ്യ പരിഷത്തിനോ 1952ലെ ആദ്യ തെരഞ്ഞെടുപ്പിൽ ഒരു ചലനവും സൃഷ്ടിക്കാനായില്ല. ഇതിന്റെ പ്രധാന കാരണം ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ എടുത്ത ശക്തമായ വർഗീയവിരുദ്ധ നിലപാടാണ്‌. പഞ്ചാബിലെ അംബാലയിൽ നിന്ന്‌ നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ്‌ സ്ഥാനാർഥി അബ്ദുൾ ഗാഫർ ഖാൻ ആ മണ്ഡലത്തിലെ ഏക മുസ്ലിം കുടുംബത്തിലെ അംഗമായിരുന്നു. രാജീവ്‌ ഗാന്ധിയും പി വി നരസിംഹ റാവുവും ഹിന്ദു വർഗീയതയോട്‌ മൃദുസമീപനം സ്വീകരിച്ചതോടെയാണ്‌ ജനസംഘത്തിന്റെ പിൻഗാമിയായ ബിജെപി വളരാൻ തുടങ്ങിയത്‌. ചില മതനിരപേക്ഷ കക്ഷികളുടെ കോൺഗ്രസ്‌ വിരുദ്ധത എന്ന ഏക ഇന പരിപാടിയും ബിജെപിക്ക്‌ ഗുണം ചെയ്തു.

കേരളത്തിലെ സാഹചര്യങ്ങൾ വ്യത്യസ്തമാണ്‌. പക്ഷെ ഇവിടെയും മതനിരപേക്ഷ കക്ഷികൾ മിണ്ടാതിരുന്നാൽ വർഗീയതയും ജാതീയതയും ഇല്ലാതാകുകയില്ല. അവയുടെ വളർച്ച തടയണമെങ്കിൽ അവക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയണം. (ജനയുഗം, ജൂലൈ 29, 2015.)

1 comment:

Viswambaran Pn said...

sathyam angikarikkan communist partikal buddimuttunnu