Wednesday, July 1, 2015

അരുവിക്കര ആത്മപരിശോധന ആവശ്യപ്പെടുന്നു

ബി ആർ പി ഭാസ്കർ
അഭിമാനിക്കാവുന്ന വിജയമാണ്‌ അരുവിക്കരയിൽ യുഡിഎഫ്‌ കൈവരിച്ചിരിക്കുന്നത്‌. ഈ ഉപതെരഞ്ഞെടുപ്പ്‌ സർക്കാരിനെ കുറിച്ചുള്ള വിധിയെഴുത്താകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എതിരാളികൾ, പ്രത്യേകിച്ച്‌ എൽഡിഎഫ്‌, സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ ഊന്നിക്കൊണ്ട്‌ അതിശക്തമായ പ്രചാരണം നടത്തി. എന്നിട്ടും കോൺഗ്രസ്‌ സ്ഥാനാർഥി കെ എസ്‌ ശബരീനാഥിന്‌ സാമാന്യം നല്ല ഭൂരിപക്ഷത്തോടെ ജയിക്കാനായി എന്നത്‌ ഗൗരവത്തോടെ കാണേണ്ടതാണ്‌. മണ്ഡലത്തിലെ ജനങ്ങൾ യുഡിഎഫിനു അനുകൂലമായി വിധി എഴുതിയെന്നതിൽ സംശയമില്ല. പക്ഷെ ഈ വിജയം സർക്കാരിനെതിരായ ഗുരുതരമായ ആരോപണങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന്‌ മുഖ്യമന്ത്രി മനസിലാക്കണം. കേരളം കണ്ട ഏറ്റവും മോശപ്പെട്ട ഭരണം എന്ന ദുഷ്പേര്‌ അതു കഴുകിക്കളയുന്നുമില്ല.
അസംബ്ലി സ്പീക്കറായിരുന്ന ജി കാർത്തികേയന്റെ നിര്യാണം മൂലം ഒഴിവു വന്ന സീറ്റിലേക്ക്‌ കോൺഗ്രസ്‌ അദ്ദേഹത്തിന്റെ മകൻ കെ എസ്‌ ശബരീനാഥനെ സ്ഥാനാർഥിയാക്കിയത്‌ സഹതാപതരംഗം പ്രതീക്ഷിച്ചായിരുന്നു. മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ തന്റെ അച്ഛൻ നടത്തിയ പ്രവർത്തനങ്ങളെ ഓർമിപ്പിച്ചുകൊണ്ടാണ്‌ ശബരീനാഥൻ പ്രചാരണം നടത്തിയത്‌. കാർത്തികേയന്റെ ഭാര്യ ഡോ. എം ടി സുലേഖയെ നിറുത്താനാണ്‌ കോൺഗ്രസിലെ ഉമ്മൻചാണ്ടി, രമേശ്‌ ചെന്നിത്തല, വി എം സുധീരൻ എന്നീ ത്രിമൂർത്തികൾ ആഗ്രഹിച്ചത്‌. ശബരീനാഥൻ സ്ഥാനാർഥിയാകട്ടെ എന്നു തീരുമാനിച്ചത്‌ കാർത്തികേയന്റെ കുടുംബമാണ്‌. ഒരു നല്ല ഉദ്യോഗം ഉപേക്ഷിച്ച്‌ അങ്കത്തട്ടിലിറങ്ങിയ അദ്ദേഹത്തിന്റെ യുവത്വം മറ്റ്‌ പ്രമുഖ കക്ഷികളുടെ സ്ഥാനാർഥികളേക്കാൾ അദ്ദേഹത്തെ പ്രിയങ്കരനാക്കിയെന്നു തോന്നുന്നു. അദ്ദേഹം കാഴ്ചവെച്ച തരത്തിലുള്ള മികച്ച പ്രകടനം നടത്താൻ സുലേഖയ്ക്ക്‌ ഒരുപക്ഷെ കഴിയുമായിരുന്നില്ല.
അരുവിക്കര പരമ്പരാഗതമായി കോൺഗ്രസിനു മുൻതൂക്കമുള്ള മണ്ഡലമാണ്‌. അതേസമയം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിയതിനേക്കാൾ കൂടുതൽ വോട്ടുകൾ എൽഡിഎഫ്‌ സ്ഥാനാർഥിക്കു നൽകിക്കൊണ്ട്‌ തങ്ങൾ ആരെയും അന്ധമായി പിന്തുണയ്ക്കുന്നവരല്ലെന്ന്‌ അവിടത്തെ ജനങ്ങൾ വ്യക്തമാക്കിയിരുന്നു. യുഡിഎഫും എൽഡിഎഫും ബിജെപിയും തങ്ങളുടെ മാനുഷികവും ഭൗതികവുമായ ശേഷി പരമാവധി വിനിയോഗിച്ചുകൊണ്ട്‌ ഇതിനുമുമ്പ്‌ കണ്ടിട്ടില്ലാത്ത പ്രചണ്ഡ പ്രചാരണമാണ്‌ ഒരു മാസക്കാലം അവിടെ നടത്തിയത്‌.
യുഡിഎഫ്‌ സ്ഥാനാർഥിക്കുവേണ്ടി ഉമ്മൻചാണ്ടിയും ചെന്നിത്തലയും സുധീരനും എൽഡിഎഫ്‌ സ്ഥാനാർഥിക്കു വേണ്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുൻ സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദനും മണ്ഡലത്തിൽ ഏറെ സമയം ചെലവഴിച്ചു. സ്പീക്കറായും മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള എം വിജയകുമാർ എൽഡിഎഫിനു കിട്ടാവുന്ന ഏറ്റവും മികച്ച സ്ഥാനാർഥിയായിരുന്നു. അണിയറയിലിരുന്നു എൽഡിഎഫ്‌ പ്രചാരണത്തിനു ചുക്കാൻ പിടിച്ച പിണറായി പാർട്ടിയുടെ ഏറ്റവും പ്രഗത്ഭനായ സംഘാടകനാണ്‌. ഏറ്റവും വലിയ ജനപ്രിയ നേതാവെന്നു കരുതപ്പെടുന്ന വി എസ്‌ പൊതുവേദികളിൽ നിറഞ്ഞാടി. സംസ്ഥാനത്തിന്റെ ഇതര ഭാഗങ്ങളിൽ നിന്നും മുന്നണി പ്രവർത്തകർ പ്രചാരണത്തിൽ പങ്കാളികളാകാനെത്തി.
സാഹചര്യങ്ങൾ ഏറെ അനുകൂലമായിരുന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ നേടിയ മേൽകൈ നിലനിർത്താനാകാഞ്ഞതെന്തുകൊണ്ടാണെന്ന്‌ എൽഡിഎഫ്‌, പ്രത്യേകിച്ചും അതിനെ നയിക്കുന്ന സിപിഎം, ഗൗരവപൂർവം പരിഗണിക്കണം. ആർഎസ്പിയും സോഷ്യലിസ്റ്റ്‌ ജനതയും വിട്ടുപോയത്‌ എൽഡിഎഫിനെ ദുർബലപ്പെടുത്തിയെന്ന്‌ ഈ ഉപതെരഞ്ഞെടുപ്പു ഫലം ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു. അവരെ തിരിച്ചു കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി കാണുന്നില്ല. അതേസമയം വി എസ്‌ നിയമയുദ്ധം നടത്തി അഴിമതിക്ക്‌ ജയിലിലാക്കുകയും പിന്നീട്‌ മറ്റു കാരണങ്ങളാൽ യുഡിഎഫ്‌ പുറന്തള്ളുകയും ചെയ്ത ആർ ബാലകൃഷ്ണപിള്ളയെ ഒപ്പം കൂട്ടാൻ ശ്രമിക്കുകയും ചെയ്യുന്നു. അബ്ദുൾ നാസർ ംഅദനിയെയും ഹിന്ദുത്വ ക്യാമ്പിൽ നിന്നു വന്ന കെ രാമൻ പിള്ളയെയും ഒപ്പം നിറുത്തിക്കൊണ്ട്‌ ഒരു തെരഞ്ഞെടുപ്പു കാലത്ത്‌ പിണറായി നടത്തിയ പരീക്ഷണം ഗുണം ചെയ്തില്ലെന്നു തന്നെയല്ല, ഏറെ ദോഷം ചെയ്തു. കോടിയേരിയുടെ കീഴിൽ നടക്കുന്ന ബാലകൃഷ്ണപിള്ളയുമായുള്ള ബാന്ധവവും അതുപോലെ അവസാനിക്കുകയേ ഉള്ളു. എൻഎസ്‌എസ്‌ കൂടെയില്ലെങ്കിൽ കൊട്ടാരക്കരയ്ക്കു പുറത്ത്‌ ബാലകൃഷ്ണപിള്ളയും ടെലിവിഷൻ ക്യാമറ മുന്നിലില്ലെങ്കിൽ ഈരാറ്റുപേട്ടക്കു പുറത്ത്‌ പി സി ജോർജും ഒന്നുമല്ല.
അരുവിക്കരയിലേക്ക്‌ ഒ രാജഗോപാലിനേക്കാൾ നല്ലൊരു സ്ഥാനാർഥിയെ ബിജെപി.ക്ക്‌ കണ്ടെത്താനാകുമായിരുന്നില്ല. കേന്ദ്ര സഹമന്ത്രിയായിരുന്ന ചെറിയ കാലയളവിൽ കേരളത്തിനു ഗുണകരമായ ചില കാര്യങ്ങൾ അദ്ദേഹം ചെയ്തത്‌ നന്ദിയോടെ ഓർക്കുന്ന ഏറെപ്പേർ ഇവിടെയുണ്ട്‌. പക്ഷെ തന്റെ സാന്നിധ്യം ശക്തമായി അറിയിക്കാനല്ലാതെ പാർട്ടിക്കുവേണ്ടി അക്കൗണ്ട്‌ തുറക്കാൻ അദ്ദേഹത്തിനായില്ല. ഈ ഉപതെരഞ്ഞെടുപ്പിൽ അതു രണ്ട്‌ മുന്നണികളിൽ നിന്നും വോട്ട്‌ പിടിച്ചെടുത്തിട്ടുണ്ട്‌. യുഡിഎഫിനേക്കാൾ എൽഡിഎഫിനെയാണ്‌ അതിന്റെ സാന്നിധ്യം പ്രതികൂലമായി ബാധിക്കുന്നതെന്നത്‌ ആശങ്കക്ക്‌ വക നൽകുന്ന ഒരു വസ്തുതയാണ്‌. കേന്ദ്രത്തിൽ അധികാരം കയ്യാളുന്ന സാഹചര്യത്തിൽ ബിജെപിക്ക്‌ ഇവിടെ സ്വാധീനം വർധിപ്പിക്കാനാകും. ഹിന്ദുത്വം നവോത്ഥാന മൂല്യങ്ങളുമായി പൊരുത്തക്കേടുള്ള ആശയമാണെന്ന പൊതുവീക്ഷണമാണ്‌ കേരളത്തിൽ അതിന്റെ വളർച്ചയ്ക്കുള്ള പ്രധാന പ്രതിബന്ധം. നവോത്ഥാനമൂല്യങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ഇടതുപക്ഷത്തിന്‌ ബിജെപിയുടെ വളർച്ച തടയാനാവില്ല.
അരുവിക്കര അടിയന്തരമായ ആത്മപരിശോധന ആവശ്യപ്പെടുന്നു. യുഡിഎഫിനേക്കാൾ ഉയർന്ന ധാർമിക നിലവാരം തങ്ങൾ നിലനിർത്തുന്നുണ്ടെന്ന്‌ വിശ്വസിക്കുന്ന എൽഡിഎഫ്‌ കക്ഷികൾ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ്‌ പാർട്ടികൾ, ആ വിശ്വാസം സാമാന്യജനങ്ങൾക്കു നഷ്ടമായിരിക്കുന്നെന്ന്‌ തിരിച്ചറിയണം. മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന സമകാല സാഹചര്യങ്ങളിൽ ഇടതുപക്ഷം പ്രസക്തി നിലനിറുത്തേണ്ടത്‌ ധാർമികമേന്മയിലൂടെയാണ്‌. (ജനയുഗം, ജൂലൈ 1, 2015). 

No comments: