Wednesday, July 15, 2015

ഉദ്യോഗസ്ഥന്മാരുടെ പെരുമാറ്റദോഷം

ബി ആർ പി ഭാസ്കർ
ജനയുഗം

നല്ല പെരുമാറ്റമുണ്ടാകുമ്പോഴാണ്‌ ഒരു നല്ല സമൂഹമുണ്ടാകുന്നത്‌. എന്താണ്‌ നല്ല പെരുമാറ്റമെന്ന കാര്യത്തിൽ സംശയങ്ങളുണ്ടാകാം. കാരണം പെരുമാറ്റം സംബന്ധിച്ച സങ്കൽപങ്ങൾ മാറിക്കൊണ്ടിരിക്കും. ഫ്യൂഡൽകാല സങ്കൽപങ്ങൾ വ്യാവസായിക സമൂഹത്തിന്‌ അനുയോജ്യമാവില്ല. മതാധിപത്യ സമൂഹത്തിലെ പെരുമാറ്റ വ്യവസ്ഥകൾ മതനിരപേക്ഷ സമൂഹത്തിന്‌ പറ്റിയതാവില്ല. സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുന്ന കൊളോണിയൽ കാലത്തെ രീതികൾ ജനാധിപത്യസമൂഹത്തിൽ നിലനിർത്താനാവില്ല. കാലം മാറുന്നതിനൊത്ത്‌ മാറാൻ എല്ലാവർക്കും കഴിഞ്ഞെന്നിരിക്കില്ല. അതുകൊണ്ട്‌ ഇടയ്ക്കിടയ്ക്ക്‌ പ്രശ്നങ്ങളുണ്ടാകുന്നതിൽ അത്ഭുതപ്പെടാനില്ല.

ഇപ്പോൾ വിവാദമായിട്ടുള്ള എഡിജിപി ഋഷിരാജ്‌ സിങ്ങിന്റെ ഒരു പൊതുവേദിയിലെ പെരുമാറ്റം ഈ പശ്ചാത്തലത്തിലാണ്‌ പരിശോധിക്കേണ്ടത്‌. ഇരുവരും അതിഥികളായിരുന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല എത്തിയപ്പോൾ നേരത്തെ ഇരിപ്പിടത്തിൽ എത്തിയ ഋഷിരാജ്‌ സിങ്ങ്‌ അമർന്നിരിക്കുന്ന ചിത്രമാണ്‌ വിവാദത്തിനിടയാക്കിയത്‌. പൊലീസ്‌ കടുത്ത അച്ചടക്ക സംവിധാനമുള്ള ഒരു സ്ഥാപനമാണ്‌. അതിനാൽ ആദ്യമായി അന്വേഷിക്കേണ്ടത്‌ സേനയുടെ പെരുമാറ്റച്ചട്ടങ്ങൾ എന്തു പറയുന്നു എന്നാണ്‌. താൻ ചട്ടവിരുദ്ധമായി ഒന്നും ചെയ്തില്ലെന്ന്‌ ഋഷിരാജ്‌ സിങ്‌ അവകാശപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന്റെ പെരുമാറ്റം ചട്ടത്തിനു നിരക്കാത്തതാണെന്നു ഡിജിപി ടി പി സെൻകുമാർ പറയുന്നു. ഡിജിപിയുടെ നിലപാട്‌ ശരിയാണെങ്കിൽ ഉചിതമായ നടപടി അദ്ദേഹം സ്വീകരിക്കേണ്ടതാണ്‌. ഋഷിരാജ്‌ സിങ്ങിന്‌ പരാതിയുണ്ടെങ്കിൽ അതു പരിശോധിക്കാൻ അധികാരപ്പെട്ടവരുണ്ട്‌. ആരുടെ വ്യാഖ്യാനമാണ്‌ ശരിയെന്ന്‌ അവർ തീരുമാനിക്കും.

ആഭ്യന്തരമന്ത്രിക്കു കീഴിൽ പ്രവർത്തിക്കുന്ന ഒരുദ്യോഗസ്ഥനാണ്‌ എഡിജിപി. മന്ത്രി വരുമ്പോൾ എഴുന്നേറ്റു നിന്ന്‌ സല്യൂട്ട്‌ ചെയ്യണമോ എന്ന കാര്യത്തിൽ ചട്ടങ്ങൾ പറയുന്നത്‌ എന്തുതന്നെയായാലും കീഴുദ്യോഗസ്ഥന്‌ മേലധികാരിയോട്‌ ബഹുമാനം കാണിക്കാനുള്ള കടമയുണ്ട്‌. ജനാധിപത്യം അത്തരം മര്യാദകൾ ഇല്ലാതാക്കുന്നില്ല. രണ്ടു പേരും അതിഥികളെന്ന നിലയിൽ അവിടെ തുല്യരായിരുന്നുവെന്നും അതുകൊണ്ട്‌ ഋഷിരാജ്‌ സിങ്‌ എഴുന്നേൽക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും ചിലർ വാദിക്കുന്നുണ്ട്‌. ആ തുല്യത മേലധികാരിയെ ബഹുമാനിക്കാനുള്ള കടമയിൽ നിന്ന്‌ ഉദ്യോഗസ്ഥനെ ഒഴിവാക്കുന്നില്ല.

ചില ധീരമായ നടപടികളെടുത്തിട്ടുള്ള ഉദ്യോഗസ്ഥനാണ്‌ ഋഷിരാജ്‌ സിങ്‌. അതിന്റെ ഫലമായി അദ്ദേഹത്തിന്‌ പലപ്പോഴും സ്ഥാനചലനങ്ങളുമുണ്ടായിട്ടുണ്ട്‌. പൊതുവെ ഉദ്യോഗസ്ഥന്മാർ മടിച്ചു നിൽക്കുന്നിടത്ത്‌ നിയമപ്രകാരമുള്ള നടപടികളെടുക്കാൻ തയാറായ വ്യക്തിയെന്ന നിലയിൽ അദ്ദേഹം വലിയ തോതിൽ ജനപ്രീതി സമ്പാദിച്ചിട്ടുണ്ട്‌. ആരാധകർ സാമൂഹ്യമാധ്യമങ്ങളിൽ അദ്ദേഹത്തിന്‌ അനുകൂലമായി ശക്തമായ പ്രചാരണം നടത്തി വരുന്നുണ്ട്‌.

ഈ ആരാധകർ ഒരു കാര്യം മനസിലാക്കണം. സർക്കാരുദ്യോഗസ്ഥർ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുമ്പോൾ അത്‌ അംഗീകരിക്കേണ്ടതു തന്നെ. അതിന്റെ പേരിൽ അദ്ദേഹം നടപടികൾക്കു വിധേയനാകുന്നെങ്കിൽ അതിനെ എതിർക്കുകയും വേണം. പക്ഷെ പെരുമാറ്റദോഷം ആരോപിക്കപ്പെടുമ്പോൾ ഇത്തരം പ്രചാരണം നടത്തുന്നതു ശരിയല്ല.
രാഷ്ട്രീയനേതാക്കന്മാരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആരാധകവൃന്ദങ്ങൾ നമ്മുടെ ജനാധിപത്യ വ്യവസ്ഥയിൽ വളർന്നു വന്നിട്ടുണ്ട്‌. സിനിമാതാരങ്ങളുടെ പേരിലുള്ള ഫാൻസ്‌ ക്ലബ്ബുകളെ കുറിച്ചും നമുക്കറിയാം. വ്യക്തിയെ വീരപുരുഷനാക്കാനുള്ള ആരാധകരുടെ ശ്രമം സമൂഹത്തിന്റെ അനാരോഗ്യത്തെയാണ്‌ കുറിക്കുന്നത്‌.

ഇപ്പോൾ കേരളത്തിൽ സർക്കാരുദ്യോഗസ്ഥന്മാർക്കും ആരാധകസംഘങ്ങളുണ്ടാകുന്നുണ്ടെന്നു തോന്നുന്നു. ഇത്‌ അപകടകരമായ അവസ്ഥയാണ്‌. തങ്ങൾ അസാമാന്യ വ്യക്തികളാണെന്ന ചിന്ത അവരിൽ ജനിപ്പിക്കാൻ ഇതിടയാക്കും.
ഉദ്യോഗസ്ഥന്മാർ നല്ല രീതിയിൽ പ്രവർത്തിക്കണമെന്ന്‌ ആവശ്യപ്പെടാനുള്ള അവകാശം ജനങ്ങൾക്കുണ്ട്‌. നല്ലതു ചെയ്യുമ്പോൾ തങ്ങളുടെ സംതൃപ്തി അറിയിക്കുന്നതിൽ തെറ്റില്ല. അതേസമയം ഏതെങ്കിലും ഒരു സംഭവത്തിന്റേയൊ ഏതാനും സംഭവങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം ഒരുദ്യോഗസ്ഥനെ വിലയിരുത്താൻ പാടില്ല. തന്റെ പദവി നൽകുന്ന അധികാരം ദുരുപയോഗം ചെയ്ത്‌ സ്വന്തം നിയന്ത്രണത്തിൽ ഒരു പത്രം പ്രസിദ്ധീകരിക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ ചില നല്ല കാര്യങ്ങൾ ചെയ്തതുകൊണ്ട്‌ ആ തെറ്റ്‌ തെറ്റല്ലാതാകില്ല. നല്ലതിനെ പ്രശംസിക്കുന്നതോടൊപ്പം തെറ്റായ നടപടിയെ അപലപിക്കാനും നമുക്കാവണം.

ഐഎഎസ്‌ ഉദ്യോഗസ്ഥനായ എം ജി രാജമാണിക്യം ഐപിഎസ്‌ ഉദ്യോഗസ്ഥയായ ഭാര്യ നിശാന്തിനിയുടെ യൂണിഫോം ധരിച്ച്‌ ഫോട്ടോ എടുത്തതാണ്‌ അടുത്ത കാലത്ത്‌ പുറത്തു വന്ന മറ്റൊരു പെരുമാറ്റദോഷാരോപണം.

ഉദ്യോഗസ്ഥതലത്തിലുള്ള ഈ പെരുമാറ്റദോഷങ്ങളെ മറ്റ്‌ തലങ്ങളിൽ നടക്കുന്ന സമാന പ്രവൃത്തികളുമായി ചേർത്തു വായിക്കേണ്ടതാണ്‌. നിയമസഭയിലും മറ്റു പല വേദികളിലും സമൂഹത്തിനു മാതൃകയാകേണ്ടവർ അപലപനീയമായ രീതിയിൽ പെരുമാറുന്നത്‌ നാം കാണുന്നുണ്ട്‌.
സാധാരണഗതിയിൽ ക്യാമറയുടെ മുന്നിൽ നല്ല പെരുമാറ്റം കാഴ്ചവയ്ക്കാനാണ്‌ എല്ലാവരും ശ്രമിക്കുക. എന്നാൽ കേരളത്തിൽ ക്യാമറയുടെ മുന്നിൽ അധമമായ രീതിയിൽ പെരുമാറാൻ പലർക്കും മടിയില്ല. പെരുമാറ്റദോഷത്തെ അടിയന്തരശ്രദ്ധ അർഹിക്കുന്ന സാമൂഹ്യപ്രശ്നമായി കാണേണ്ട കാലമായി. (ജനയുഗം, ജൂലൈ 15, 2015)

1 comment:

Unknown said...

കേരളത്തിന്‍റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ 1 ലക്ഷത്തി 62,476 ഫയലുകള്‍ തീര്‍പ്പാക്കാതെ വര്‍ഷങളായി കിടപ്പുണ്ട്...ഇത് കേട്ട്കേള്‍‌വിയുടെയോ ഭാവനയുടേയോ അടിസ്ഥാനത്തില്‍ പറയുന്ന കണക്കല്ല 2015 മാര്‍ച്ച് 17ന് നിയമസഭയില്‍ ടി യു കുരുവിളയുടെ ചോദ്യത്തിന്ന് മറുപടിയായി നമ്മുടെ സക്ഷാല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതഅണു.....ഇത് സിക്രട്ടറിയേറ്റിലെ കണക്കു മാത്രമാണു....ജില്ലാ ആസ്ഥാനങളിലും താലൂക്ക് ആസ്ഥാനങളിലും വില്ലേജുകളിലും കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഇതിലേറേയാണു....ഇത്രയും ഫയലുകളില്‍ അടയിരിക്കുന്ന മുഖ്യമന്ത്രിയാണു ജനസമ്പര്‍ക്കപരിപാടിയെന്ന കോമിക്ക് നടത്തി ജനങളെ പറ്റിക്കാന്‍ ഓടിനടന്നിരുന്നത്.....സ്വന്തം ഭരണസിരാകേന്ദ്രത്തില്‍ കെട്ടിക്കിടക്കുന്ന ഫയലുകളില്‍ കാലാകാലമായി ഇദ്ദേഹം അടയിരുന്നിട്ടും ഒന്നും സംഭവിച്ചിട്ടില്ല......സിക്രട്ടറിയേറ്റില്‍ കെട്ടികിടക്കുന്ന ഫയലുകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ 100 ദിന കര്‍മ്മ പദ്ധതിയും മിഷന്‍ 676 ഉമൊക്കെ വെറും വാചക കസര്‍ത്തുകള്‍ മാത്രമായിരുന്നു.ജനങളെ പറ്റിക്കാനും മാധ്യമങളില്‍ നിറഞ്ഞ് നില്ല്ക്കാനും നടത്തുന്ന വെറും തരികിട നമ്പറുകള്‍ മാത്രം....സിക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന്ന് ജനങളുടെ ജീവനും ജീവിതവുമാണു....ഇത് പരിഹരിക്കാത്തിടത്തോളം വെറും വാചകമടിച്ച് ശമ്പളം പറ്റുന്ന ഒരു മുഖ്യമന്ത്രിയായി മാത്രമേ ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കഴിയുകയുള്ളു.....മുഖ്യമന്ത്രി യഥാര്‍ത്ഥത്തില്‍ നോക്കുകൂലിയാണു കൈപ്പറ്റുന്നത്.....പത്താം ശമ്പള കമ്മീഷന്‍ റിപ്പോര്ട്ട് നടപ്പാക്കുമ്പോള്‍ 5227 കോടി രൂപയുടെ അധികബാധ്യതയാണ് സര്‍കാകരിനല്ല ജനങള്‍ക്ക് ഉണ്ടാകുന്നത്. നോക്കുകൂലിവാങിക്കുന്ന മുഖ്യമന്ത്രിക്കും ഉദ്വോഗസ്ഥന്മാര്‍ക്കും ശമ്പളം കൊടുക്കാന്‍ ഈ നാടിന്ന് ബാധ്യതയില്ല
ജനങളുടെ നികുതിപണം നോക്കുകൂലിയായി വാങിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ കീഴില്‍ ഉണ്ടും ഉറങിയും നോക്കുകൂലി വാങിക്കുന്ന സിക്രട്ടറിയേറ്റിലും മറ്റ് കെട്ടിക്കിടക്കുന്ന ഫയലുകള്‍ക്ക് തീര്‍പ്പുണ്ടാക്കി മാത്രം മറ്റു കാര്യങള്‍ ചിന്തിച്ചാല്‍മതി....ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാര്‍ക്ക് ഇതിന്‍റെ ഗുണം കിട്ടുന്നുണ്ട് ഉറപ്പാക്കണം....