Thursday, June 25, 2015

അരുവിക്കര നിശ്ചയിക്കുന്നത് ആരുടെ ഭാവി?

ബി.ആർ.പി. ഭാസ്കർ
തെരഞ്ഞെടുപ്പുകാലം മാധ്യമങ്ങൾക്ക് നല്ല കാലമാണ്. പത്രങ്ങളുടെ പ്രചാരം വർദ്ധിക്കുന്ന കാലമാണത്. ജനമനസുകളെ കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ടെലിവിഷന്റെ വരവോടെ ഉപതെരഞ്ഞെടുപ്പും ഉത്സവമായിട്ടുണ്ട്. പത്രങ്ങളും ചാനലുകളും കൂടി അരുവിക്കരയിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണ്ണയിക്കാൻ പോകുന്ന സംഭവമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. എൽ.ഡി.എഫിന്റെ 68നെതിരെ 72 സീറ്റ് നേടി നാലു കൊല്ലം മുമ്പ് അധികാരം നേടിയ യു.ഡി.എഫ് ഇതിനു മുമ്പ് ഒരു ഭരണമുന്നണിയും നേരിട്ടിട്ടില്ലാത്തത്ര ആരോപണങ്ങളാണ് നേരിട്ടത്. എൽ.ഡി.എഫ് ആകട്ടെ ഒരു സർക്കാരിനെതിരെയും ഉണ്ടായിട്ടില്ലാത്തത്ര സമരങ്ങൾ സംഘടിപ്പിച്ചു. യു.ഡി.എഫ് പാളയത്തിനുള്ളിലും പടയായിരുന്നു. പക്ഷെ നേരിയ ഭൂരിപക്ഷം മാത്രമുള്ള ഉമ്മൻ ചാണ്ടി സർക്കാർ വീണില്ല. അരുവിക്കര അതിനെ വീഴ്ത്തുമോ?
എ-ഐ ദ്വന്ദത്തിൽ നിന്ന് ചാണ്ടി-ചെന്നിത്തല-സുധീരൻ ത്രയത്തിലേക്ക് നീങ്ങിയ കോൺഗ്രസ് ജി. കാർത്തികേയന്റെ ചരമം മൂലം ഒഴിവു വന്ന സീറ്റിലേക്ക് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നു ഒരാളെ കണ്ടെത്തിയത് സഹതാപതരംഗം പ്രതീക്ഷിച്ചാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ടാറ്റാ കമ്പനിയിലെ ഉദ്യോഗം രാജിവെച്ച് അങ്കത്തട്ടിലിറങ്ങിയ കെ.എസ്. ശബരിനാഥ് കോൺഗ്രസിന്റെ രക്ഷകനാവുകയായിരുന്നു.  ആ കുടുംബത്തിൽ നിന്ന് ഒരാളെ കിട്ടിയതുകൊണ്ട് എ-യും ഐ-യും തമ്മിൽ സീറ്റിനു വേണ്ടി തല്ലു കൂടുന്ന സാഹചര്യം ഒഴിവായി. സർക്കാർ അഴിമതി ആരോപണങ്ങളിൽ കുടുങ്ങി കിടക്കുകയാണെങ്കിലും എളുപ്പം ജയിച്ചു കയറാമെന്ന പ്രതീക്ഷ എൽ.ഡി.എഫിനില്ല. അതുകൊണ്ട് സി.പി.എം മുൻസ്പീക്കറും മുൻമന്ത്രിയുമായ എം. വിജയകുമാർ എന്ന വലിയ തോക്കിനെ ഇറക്കി. കേരളത്തിൽ അക്കൌണ്ട് തുറക്കാൻ വെമ്പുന്ന ബി.ജെ.പി. ലോക് സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് എൽ.ഡി.എഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിമാറ്റി രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിനെ നിർത്തി. ഉപതെരഞ്ഞെടുപ്പിനെ പ്രമുഖ കക്ഷികൾ ഗൌരവത്തോടെയാണ് സമീപിക്കുന്നതെന്ന് ഇത് കാണിക്കുന്നു. പക്ഷെ ചില വികടവേഷങ്ങളും രംഗത്തുണ്ട്.
അരുവിക്കരയിലെ വോട്ടർമാർ കണ്ണടച്ചു ഒരു മുന്നണിയെ പിന്തുണക്കുന്നവരല്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനും കാർത്തികേയനുമൊപ്പം ആയിരുന്നെങ്കിൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ അവർ സി.പി.എമ്മിനും എ.സമ്പത്തിനും ഒപ്പമായിരുന്നു. വോട്ടു പിളർത്താനായി രംഗത്തുള്ളവർ ആർക്കാണ് കൂടുതൽ ദ്രോഹം ചെയ്യുകയെന്ന് പറയാനാവില്ല.
പോളിങ് നടന്നിട്ടില്ലെങ്കിലും പ്രധാന കക്ഷികളെല്ലാം വിജയം അവകാശപ്പെട്ടു കഴിഞ്ഞു. വായനക്കാർക്കും പ്രേക്ഷകർക്കും തെരഞ്ഞെടുപ്പിലുള്ള താല്പര്യം പിടിച്ചു നിർത്തേണ്ട ആവശ്യം മാധ്യമങ്ങൾക്കുണ്ട്. ഏതെങ്കിലും ഒരു കക്ഷി ജയിക്കുമെന്ന ധാരണ പരന്നാൽ പിന്നെ തെരഞ്ഞെടുപ്പു വാർത്തകൾ വായിക്കാനും ചാനൽ ചർച്ചകൾ കേൾക്കാനും ആളെ കിട്ടിയെന്നിരിക്കില്ല. അതുകൊണ്ട് ആ പ്രതീതി നിലനിർത്താൻ അവരും പരിശ്രമിക്കുന്നു. ഏതായാലും മൂന്നു സാധ്യതകളാണുള്ളത്. ഒന്ന്, സി.പി.എം. സ്ഥാനാർത്ഥി ജയിക്കുന്നു, എൽ.ഡി.എഫ് വീണ്ടും സർക്കാരിന്റെ രാജി ആവശ്യപ്പെടുന്നു. രണ്ട്, കോൺഗ്രസ് സീറ്റ് നിലനിർത്തുന്നു, ജാതിമതശക്തികളുടെ പിന്തുണകൊണ്ട് ജയിച്ചെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തുന്നു. മൂന്ന്, ബി.ജെ.പി സ്ഥാനാർത്ഥി ജയിക്കുന്നു, മതേതര വോട്ട് ഭിന്നിച്ചതു കൊണ്ട് താമര വിരിഞ്ഞെന്ന് യു.ഡി.എഫും എൽ.ഡി.എഫും ഒരേ സ്വരത്തിൽ പറയുന്നു.
ഇതിൽ ഏതു സംഭവിച്ചാലും ഭരണമാറ്റം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. കേരളത്തിൽ ഏതെങ്കിലും ഉപതെരഞ്ഞെടുപ്പു പരാജയത്തിന്റെ പേരിൽ ഒരു മന്ത്രിസഭയും രാജിവെച്ചിട്ടില്ല. കോൺഗ്രസിനുള്ളിൽ എ-യും ഐ-യും തമ്മിൽ തോൽ‌വിയുടെ ഉത്തരവാദിത്വത്തെ ചൊല്ലി തീർച്ചയായും തർക്കമുണ്ടാകും. പക്ഷെ ഭരണമാറ്റത്തിന് അതു മാത്രം പോരാ. എ-ഐ തർക്ക ചരിത്രം പരിശോധിച്ചാൽ ഭരണമാറ്റമുണ്ടാകുന്നത് യു.ഡി.എഫിലെ മറ്റ് കക്ഷികൾ ഗ്രൂപ്പു യുദ്ധത്തിൽ ഇടപെടുമ്പോഴാണെന്ന് കാണാൻ കഴിയും. ഉമ്മൻ ചാണ്ടിയേക്കാൾ ഒരുപക്ഷെ പിണറായി വിജയന്റെ ഭാവിയാകും അരുവിക്കരയിൽ നിശ്ചയിക്കപ്പെടുക. എൽ.ഡി.എഫ് വിജയിച്ചാൽ മുന്നണിയുടെ ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന പിണറായി നിയമസഭാ തെരഞ്ഞെടുപ്പിന്റെയും ചുമതലക്കാരനാകും. പ്രതീക്ഷിക്കപ്പെടുന്നതു പോലെ ഇടതു മുന്നണി ജയിച്ചാൽ പിണറായി മുഖ്യമന്ത്രിയാവുകയും ചെയ്യും. രണ്ടു മുന്നണികളെയും കടത്തി വെട്ടി രാജഗോപാൽ നിയമസഭയിലെത്തിയാൽ മുന്നണികൾക്ക്, പ്രത്യേകിച്ച് അവയെ നയിക്കുന്ന കക്ഷികൾക്ക്, കഷ്ടകാലം തുടങ്ങിയെന്ന് ഉറപ്പാക്കാം.

പല കോണുകളിൽ നിന്നും മാധ്യമങ്ങൾ ഉപതെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നുണ്ട്. എന്നാൽ അക്കൂട്ടത്തിൽ ധാർമ്മികതയില്ല. ധാർമ്മിക മേന്മ അവകാശപ്പെടാൻ കഴിയുന്ന ഒരു കക്ഷിയൊ മുന്നണിയൊ ഇല്ലെന്നതാണ് വാസ്തവം. നാലു വർഷക്കാലം ഒന്നിനു പിറകെ ഒന്നായി വന്ന അഴിമതിക്കഥകളെ അതിജീവിക്കാൻ യു.ഡി.എഫിന് കഴിഞ്ഞത് അവ ഉയർത്തിക്കൊണ്ടു വന്ന എൽ.ഡി.എഫിന് ഭരണപക്ഷത്തേക്കാൾ ഉയർന്ന ധാർമ്മികത അവകാശപ്പെടാനാകാത്തതുകൊണ്ടാണ്. എങ്ങനെ ധാർമ്മിക ഔന്നത്യം നേടാമെന്നാണ് പാർട്ടികൾ ആലോചിക്കേണ്ടത്. മുഖ്യമന്ത്രിയുടെ അടുപ്പക്കാർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു ഉമ്മൻ ചാണ്ടി രാജി വെച്ചിരുന്നെങ്കിൽ കോൺഗ്രസിനു ധാർമ്മിക ഔന്നത്യം അവകാശപ്പെടാനാകുമായിരുന്നു. അഴിമതി ആരോപണം നേരിടുന്ന കെ.എം.മാണിയെയും കെ. ബാബുവിനെയും വി.കെ. ഇബ്രാഹിം കുഞ്ഞിനെയും രാജിവെപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ യു.ഡി.എഫിന് അത്  അവകാശപ്പെടാനാകുമായിരുന്നു. കോടികൾ ചിലവാക്കി ഒരു ലക്ഷം പേരെ തലസ്ഥാനത്തു കൊണ്ടുവന്നു സെക്രട്ടേറിയറ്റ് സ്തംഭിപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം എൽ.ഡി.എഫ് നിയമസഭാംഗങ്ങൾ ഒന്നടങ്കം രാജിവെച്ചിരുന്നെങ്കിൽ ആ ധാർമ്മിക ഔന്നത്യ പ്രകടനത്തിനു മുന്നിൽ ഉമ്മൻ ചാണ്ടി സർക്കാരിനു പിടിച്ചു നിൽക്കാനാകുമായിരുന്നില്ല. (പാഠഭേദം, ജൂൺ 2015)

3 comments:

Binoy Ashokan said...
This comment has been removed by the author.
Binoy Ashokan said...

അരുവിക്കര ബിജെപിക് ഒരു പൊൻകര ആവാനുള്ള സാധ്യതകളാണ് കാണുന്നത്

Bijoy said...

ധാർമികത ഉയർത്തിപിടിക്കാൻ ആഗ്രഹിക്കുന്ന താങ്കൾ ഒരേ അളവുകോലുകൊണ്ട് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അളക്കണം. പ്രതിപക്ഷത്തിനു ഒരു അളവുകോലും ഭരണപക്ഷത്തിനു വേറേ അളവുകോലും എന്നത് അധാർമികതയാണ്. എൽ ഡി എഫ് കഴിഞ്ഞ തവണ ഭരിച്ചപ്പോഴും താങ്കൾ ഇവിടെ മുതിർന്ന മാധ്യമപ്രവർത്തകനായും ചീഫ് മനുഷ്യാവകാശ സംരക്ഷകനായും ചമഞ്ഞ് നടന്നതല്ലേ...അന്ന് ആരോപണം ഉയർന്നതിന്റെ പേരിൽ രാജിവെച്ചത് ആരൊക്കെ.? നീല ലോഹിദദാസൻ നാടാർ രാജിവ്വെച്ചതും പിജെ ജോസഫ് രാജിവെച്ചതും ടിയു കുരുവിള രാജിവെച്ചതും ഇടതുപക്ഷ ധാർമികതയല്ലെങ്കിൽ പിന്നെന്താണ്...? പക്ഷേ ഈ യുഡിഎഫ് ഭരണത്തിലെത്തുമ്പോഴേക്കും ഇടതുപക്ഷം അന്ന് ഉയർത്തിപിടിച്ച ധാർമികതയെ കുറിച്ച് പറയാൻ താങ്കളുടെ നാവ് പൊന്താതിരിക്കുന്നത് എന്തുകൊണ്ട്.? എൽ ഡി എഫ് മന്ത്രിമാർകെതിരെ ഉയർന്ന ആരോപണങ്ങളേക്കാൾ കൂടുതൽ വ്യാപ്തിയുള്ള ആരോപണങ്ങൾ വന്നീട്ടും രാജിവെക്കാതിരിക്കുന്ന യുഡിഎഫ് മന്ത്രിമാരെ അളക്കാൻ താങ്കൾ പുതിയ അളവുകോലുണ്ടാക്കുകയാണ്. അതായത് പ്രതിപക്ഷ എംഎൽഎ മാരെല്ലാം രാജിവെച്ചാലേ ധാർമികതയിൽ എൽഡിഎഫ് യുഡിഎഫിനേക്കാൽ മുന്നിൽ നിൽക്കുകയുള്ളു എന്ന്. അഴിമതി കാട്ടുകയും സ്ത്രീപീഢനം നടത്തുകയും നിയമസംവിധാനങ്ങളെയെല്ലാം തെറ്റായി ഉപയോഗിക്കുകയും ചെയുന്ന യുഡിഎഫ് മന്ത്രിമാരുടെയും രാഷ്ട്രീയപാർട്ടിയുടെയും ധാർമികത അളക്കാൻ കഴിഞ്ഞ എൽഡിഎഫ് കാണിച്ച മാത്രക അളവുകോലാക്കുന്നതിനു പകരം താങ്കൾ പുതിയ അളവുകോലുണ്ടാക്കുകയാണ്. വിനയപൂർവ്വം പറയട്ടെ, താങ്ങൾ താങ്കളുടെ ഇഷ്ടത്തിനനുസരിച്ച് ധാർമികത അളക്കുന്ന പണി, മാധ്യമ രംഗത്ത് നടത്തിയാൽ മതി. അവിടെ വിജയിക്കും. രാഷ്ട്രീയത്തിൽ ജനങ്ങളാണ് തീരുമാനമെടുക്കുന്നത്. അവരുടെ കണ്ണ്, തങ്കളുടെ പോലെ, കമ്മ്യൂണിസ്റ്റ് വിരുദ്ധതയാൽ അന്ധമാക്കപെട്ടീട്ടില്ല.