ബി ആർ പി ഭാസ്കർ
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിവായി പറയുന്ന ഒരു വാചകമുണ്ട്: നിയമം നിയമത്തിന്റെ വഴിക്കു പോകും. ധനമന്ത്രി കെ എം മാണിക്കും എക്സൈസ് മന്ത്രി കെ ബാബുവിനും എതിരായ ആരോപണങ്ങൾ വിജിലൻസ് അന്വേഷണത്തിനു വിട്ടപ്പോഴും അദ്ദേഹം അതു പറഞ്ഞു. നിയമത്തിന്റെ വഴി തടയാനുള്ള ശ്രമങ്ങളും ഒപ്പം നടന്നു. തങ്ങളുടെ കീഴിലുള്ള വിജിലൻസ് വകുപ്പിലെ ഉദ്യോഗസ്ഥന്മാർ അന്വേഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാണിക്കും ബാബുവിനുമെതിരെ ഒരു തെളിവുമില്ലെന്ന് ഉരുവിട്ടുകൊണ്ടിരുന്നു. ഇതു നിയമത്തിന്റെ വഴിമുടക്കലല്ലെങ്കിൽ പിന്നെ എന്താണ്?
വഴി മുടക്കാൻ വേറെയും മാർഗങ്ങളുണ്ട്. മുൻ ചീഫ് സെക്രട്ടറി സി പി നായർക്കെതിരായ വധശ്രമക്കേസിലെ സംഭവ വികാസങ്ങൾ അതിനുദാഹരണമാണ്. അദ്ദേഹം ദേവസ്വം കമ്മിഷണറായി പ്രവർത്തിക്കവെ 2002ൽ മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ വച്ചുണ്ടായ അക്രമത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എടുത്ത കേസാണത്.
അമ്പലത്തിൽ ശതകോടി അർച്ചന നടത്തുന്നതിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും ഉപദേശക സമിതി അംഗങ്ങളും ചേർന്ന് എട്ടര കോടി രൂപ ചെലവുള്ള ഒരു പദ്ധതി തയാറാക്കി ദേവസ്വം ബോർഡിന് സമർപ്പിച്ചിരുന്നു. സി പി നായർ അതിന് അംഗീകാരം നൽകിയില്ല. ചെലവ് കുറഞ്ഞ എന്തെങ്കിലും പരിപാടി നടത്താൻ അദ്ദേഹം നിർദ്ദേശിച്ചു. ഇതിൽ പ്രകോപിതരായ ചിലർ ഉപദേശക സമിതി വൈസ് പ്രസിഡന്റും പ്രാദേശിക കോൺഗ്രസ് നേതാവുമായ വെട്ടൂർ ജ്യോതിപ്രസാദിന്റെ നേതൃത്വത്തിൽ സംഘടിച്ച് സി പി നായരെയും മറ്റേതാനും ഉദ്യോഗസ്ഥന്മാരെയും ഒരു ഹാളിൽ പൂട്ടിയിടുകയും പദ്ധതി അംഗീകരിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മൂന്നര മണിക്കൂറിനു ശേഷം അവരെ മോചിപ്പിച്ചത്. പൊലീസുകാർക്ക് ഒരു വലിയ ആൾക്കൂട്ടത്തിന്റെ എതിർപ്പ് നേരിടേണ്ടി വന്നു. ഇത് ഉപദേശക സമിതിയുടെ ധൂർത്തിന് ജനപിന്തുണ ഉണ്ടായിരുന്നെന്ന് കാണിക്കുന്നു. ആരാധനാലയങ്ങളിലെ പരിപാടികൾ ആർഭാടപൂർവം നടത്തുന്നതിൽ എല്ലാ മതസ്ഥരും മത്സരിക്കുകയാണല്ലൊ.
കണ്ടാലറിയാവുന്ന ആയിരം പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. കുറ്റപത്രം സമർപ്പിച്ചപ്പോൾ പ്രതികളുടെ എണ്ണം 146 ആയി ചുരുക്കി. വിവിധ രാഷ്ട്രീയ കക്ഷികളിൽ പെട്ടവർ അക്കൂട്ടത്തിലുണ്ടായിരുന്നു. ഒരു മാധ്യമ റിപ്പോർട്ട് അനുസരിച്ച് എഴുപതോളം പ്രതികൾ സിപിഎംകാരും മുപ്പതോളം പേർ ബിജെപിക്കാരുമാണ് ധൂർത്തിന്റെ കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ട്!
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ദശാബ്ദത്തിലധികം കേസ് എങ്ങും എത്താതെ കിടന്നു. അതിനിടെ ആറു പ്രതികൾ മരിച്ചു, മൂന്നു പേർ ആത്മഹത്യ ചെയ്തു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സി പി നായർ നിവേദനം നൽകിയതിനെ തുടർന്ന് അധികൃതർ സക്രിയരായി. കഴിഞ്ഞ കൊല്ലം മാർച്ചിൽ ആരംഭിച്ച വിചാരണ ഇപ്പോൾ അവസാനഘട്ടത്തിലാണ്. ഈ സന്ദർഭത്തിൽ കേസ് പിൻവലിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ നിയമത്തിന്റെ വഴി തടയാനുള്ള ശ്രമമായേ കാണാനാകൂ.
പിൻവലിക്കൽ പ്രക്രിയയുടെ നാൾവഴികൾ ഇങ്ങനെയാണ്: പ്രതി ജ്യോതിപ്രസാദ് കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റവന്യു മന്ത്രി അടൂർ പ്രകാശിന് കത്തു നൽകുന്നു. ഇത് റവന്യു വകുപ്പിന്റെ അധികാര പരിധിയിൽ പെടുന്ന വിഷയമല്ലെന്ന് ഹർജിക്കാരനും മന്ത്രിക്കും അറിയാം. അതു ചൂണ്ടിക്കാട്ടി മടക്കി നൽകുന്നതിനു പകരം റവന്യു മന്ത്രി ഹർജി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറുന്നു. ആഭ്യന്തരമന്ത്രി അത് മുഖ്യമന്ത്രിക്ക് അയയ്ക്കുന്നു. അദ്ദേഹം ആവശ്യം അംഗീകരിക്കുന്നു. ഇടപെട്ടത് കോൺഗ്രസ് മന്ത്രിമാരാണ്. എന്നാൽ രാഷ്ട്രീയ പരിഗണനയുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. നേരത്തെ ഒരു ബിജെപിക്കാരന് പൊലീസിൽ കിട്ടിയ നിയമനം നഷ്ടപ്പെടാതിരിക്കാൻ അദ്ദേഹം ഒരു ക്രിമിനൽ കേസ് പിൻവലിച്ചിരുന്നു. അതുപോലെ ഇതും രാഷ്ട്രീയ പരിഗണന കൂടാതെ എടുത്ത തീരുമാനമാകാം. ഏതായാലും ആ തീരുമാനത്തിന്റെ ഗുണഭോക്താക്കൾ കോൺഗ്രസുകാർ മാത്രമല്ല.
കേസിന്റെ ഫലമായുണ്ടായ മാനുഷികപ്രശ്നങ്ങൾ ചില മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസിൽ പെട്ടതുകൊണ്ട് പ്രതികൾക്ക് ജോലിക്ക് പോകാനും പാസ്പോർട്ട് എടുക്കാനും കഴിയുന്നുണ്ടായിരുന്നില്ലത്രെ. മാനുഷികപരിഗണന കാട്ടാൻ ഇത്രയും മതിയെങ്കിൽ, കോടതികളിൽ കെട്ടിക്കിടക്കുന്ന കേസുകളിൽ എത്രയെണ്ണം അവശേഷിക്കും? സർക്കാർ കേസ് പിൻവലിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു. കോടതിയിലെത്തിയ കേസ് പിൻവലിക്കാൻ കോടതിയുടെ അനുവാദം കൂടിയേ തീരൂ. പക്ഷെ ഒരു ചോദ്യം അവശേഷിക്കുന്നു. കേസ് പിൻവലിക്കാൻ തീരുമാനിച്ച സർക്കാരും തീരുമാനം ശരിവെച്ച ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ആലോചിച്ചു തീരുമാനം എടുക്കുകയായിരുന്നോ അതോ അവർ ശിപായിമാരെപ്പോലെ കടലാസ് കൈമാറുക മാത്രമായിരുന്നോ ചെയ്തത്?
അധികാരത്തിലിരിക്കുന്ന കക്ഷികൾ തങ്ങളുടെ നേതാക്കളും അണികളും പ്രതികളായ കേസുകൾ പിൻവലിക്കുന്നത് അസാധാരണമല്ല. രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്കിടയിൽ നടക്കുന്ന ചില്ലറ അക്രമപ്രവർത്തനങ്ങളുടെ പേരിലെടുക്കുന്ന കേസുകളാണ് ഇത്തരത്തിൽ പിൻവലിക്കപ്പെടുന്നത്. മലയാലപ്പുഴയിൽ നടന്നത് രാഷ്ട്രീയ പ്രക്ഷോഭമായിരുന്നില്ല. ഒരുദ്യോഗസ്ഥനെ തടഞ്ഞുവെച്ചു ബലം പ്രയോഗിച്ചു അനുകൂലമായ തീരുമാനമെടുപ്പിക്കാനുള്ള ശ്രമമാണ് അവിടെ നടന്നത്. ഇത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.
പൊലീസിന്റെ രീതികളും ഇവിടെ പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതുപോലുള്ള സംഭവങ്ങളിൽ നീതി ഉറപ്പാക്കുന്നതിന് കണ്ടാലറിയാവുന്നവരെയെല്ലാം കോടതി കയറ്റേണ്ട ആവശ്യമുണ്ടോ? പ്രതിപ്പട്ടികയും സാക്ഷിപ്പട്ടികയും നീളുമ്പോൾ അന്വേഷണവും വിചാരണയും സ്വാഭാവികമായും നീളും. നീതി വൈകിപ്പിക്കൽ നീതി നിഷേധമാണ്.
മലയാലപ്പുഴയിൽ നടന്നത് വധശ്രമമായിരുന്നെന്നാണ് പൊലീസ് കണ്ടെത്തിയത്. മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ തന്റെ ജീവനു ഭീഷണിയുണ്ടായിരുന്നെന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും സി പി നായർ പറയുന്നുണ്ട്. എന്നാൽ ബലം പ്രയോഗിച്ച് അനുകൂല തീരുമാനമെടുപ്പിക്കണമെന്നല്ലാതെ അദ്ദേഹത്തെ കൊല്ലണമെന്ന ഉദ്ദേശം അക്രമത്തിൽ പങ്കെടുത്തവർക്കുണ്ടായിരുന്നെന്നു വിശ്വസിക്കാൻ പ്രയാസമാണ്. കേസ് ബലപ്പെടുത്താനായി തെളിയിക്കാൻ എളുപ്പമല്ലാത്ത ഇത്തരം വകുപ്പുകൾ ചേർക്കുമ്പോൾ പൊലീസ് അത് ദുർബലപ്പെടുത്തുകയാണ് ചെയ്യുന്നത്. മാനുഷിക പരിഗണന നീതിനിർവഹണത്തിന്റെ എല്ലാ ഘട്ടങ്ങളിലുമുണ്ടാകണം. കോടതി വിധി പറയുന്നതിനു തൊട്ടു മുമ്പ് സർക്കാർ ഇടപെട്ട് കേസ് ഇല്ലാതാക്കുന്നത് ആരോഗ്യകരമായ നീതിവ്യവസ്ഥയ്ക്ക് ചേർന്ന നടപടിയല്ല. -- ജനയുഗം, ജൂൺ 17, 2015.

No comments:
Post a Comment