Wednesday, June 3, 2015

ആദിവാസികൾ വീണ്ടും വഞ്ചിക്കപ്പെടുന്നു

ബി.ആർ.പി. ഭാസ്കർ                                                                                                               ജനയുഗം
സെക്രട്ടേറിയറ്റ്‌ പടിക്കൽ ആദിവാസികൾ 162 ദിവസം ഒരേ നിൽപു നിന്ന ശേഷമാണ്‌ സംസ്ഥാനമൊട്ടുക്ക്‌ ഓടിനടന്ന്‌ ജനസമ്പർക്കം നടത്തി ആശ്വാസനടപടികളെടുക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചത്‌. ചില തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സർക്കാർ നേരത്തെ മുന്നു മാസത്തെ സമയം ചോദിച്ചിരുന്നെങ്കിലും സർക്കാരുകളുടെ വഞ്ചനയുടെ ചരിത്രം അറിയാവുന്ന ആദിവാസി ഗോത്ര മഹാസഭാ നേതൃത്വം വഴങ്ങിയില്ല. മന്ത്രിസഭ തീരുമാനമെടുത്ത്‌ മിനിട്ട്സിൽ രേഖപ്പെടുത്തിയെന്ന്‌ ബോധ്യപ്പെട്ടശേഷമാണ്‌ സി കെ ജാനുവും സഹപ്രവർത്തകരും സമരം പിൻവലിക്കാൻ തയ്യാറായത്‌. സമരം തീർന്നിട്ട്‌ 162 ദിവസം കഴിഞ്ഞെങ്കിലും സർക്കാർ ഒത്തുതീർപ്പുവ്യവസ്ഥകൾ സത്യസന്ധമായി നടപ്പാക്കുന്നതിന്റെ ലക്ഷണമൊന്നും കാണാനില്ല.                                                            
രേഖപ്പെടുത്തപ്പെട്ട മന്ത്രിസഭാ തീരുമാനമനുസരിച്ച്‌ സർക്കാർ ആദിവാസികൾക്ക്‌ 7,693 ഹെക്ടർ വനഭൂമി പതിച്ചു നൽകേണ്ടതാണ്‌. കേന്ദ്ര സർക്കാരും സുപ്രിം കോടതിയും അതിനു നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. എന്നിട്ടും തീരുമാനം ഇനിയും നടപ്പായിട്ടില്ല.
പട്ടിക പ്രദേശങ്ങളിലേക്ക്‌ പഞ്ചായത്ത്‌ നിയമവ്യവസ്ഥകൾ നീട്ടുന്നതു സംബന്ധിച്ച്‌ പാർലമെന്റ്‌ 1996ൽ പാസാക്കിയ പെസ നിയമം ആദിവാസി ഊരുകളിൽ പ്രാബല്യത്തിൽ കൊണ്ടു വരാനും സർക്കാർ തീരുമാനിച്ചിരുന്നു. അതു ചെയ്തു കഴിഞ്ഞാൽ ആദിവാസി മേഖലയിലെ ഭൂമി ഇടപാടുകൾ ആദിവാസികളുടെ നിയന്ത്രണത്തിലുള്ള ഭരണ സമിതികളുടെ നിരീക്ഷണത്തിനു വിധേയമാകും. ആദിവാസി ഊരുകളെ ഉൾപ്പെടുത്തി ആദിവാസി പഞ്ചായത്തുകൾ രൂപീകരിക്കുമെന്നും ആ പഞ്ചായത്തുകളുടെ അംഗീകാരത്തോടെ മാത്രമെ ഭൂമി കൈമാറാനാകൂ എന്നും ഒത്തുതീർപ്പു വ്യവസ്ഥകൾ വിശദീകരിക്കുമ്പോൾ മുഖ്യമന്ത്രി പറഞ്ഞിരുന്നു. കുടിയേറ്റക്കാരുടെ ചൂഷണത്തിൽ നിന്ന്‌ ആദിവാസികളെ സംരക്ഷിക്കുന്നതിനുതകുന്ന ഈ സുപ്രധാന തീരുമാനവും നടപ്പിലായിട്ടില്ല.
മുത്തങ്ങ സമരത്തെ തുടർന്ന്‌ തയ്യാറാക്കപ്പെട്ട പദ്ധതിപ്രകാരം സർക്കാർ വയനാട്‌ ജില്ലയിലെ പുറത്താക്കപ്പെട്ട 447 ആദിവാസി കുടുംബങ്ങളിൽ ഓരോന്നിനും ഒരേക്കർ ഭൂമിയും വീടുവയ്ക്കാൻ രണ്ടര ലക്ഷം രൂപയും നൽകേണ്ടതായിരുന്നു. കൂടാതെ സർക്കാർ ആ സമരത്തെ തുടർന്ന്‌ തുറുങ്കിലടയ്ക്കപ്പെട്ട 44 കുട്ടികൾക്ക്‌ നിയമസഹായം വാഗ്ദാനം ചെയ്യുകയും നഷ്ടപരിഹാരമായി ഓരോ ലക്ഷം രൂപ വീതം നൽകാമെന്ന്‌ ഏൽക്കുകയും ചെയ്തിരുന്നു. കൂടുതൽ കുട്ടികൾ ഈ സഹായത്തിനു അർഹരാണെന്നു ഗോത്ര മഹാസഭ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന്‌ അതിനു നടപടിയെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പു നൽകി. ഈ വാഗ്ദാനവും ഇനിയും പാലിക്കേണ്ടതായിരിക്കുന്നു. മുത്തങ്ങ സമരം നടന്നിട്ട്‌ പന്ത്രണ്ട്‌ കൊല്ലമായി. അന്നത്തെ കുട്ടികളെല്ലാം വളർന്നു വലുതായിരിക്കുന്നു. വാഗ്ദാനം ചെയ്ത സഹായത്തിനായി ഇനിയും എത്രകാലം അവർ കാത്തിരിക്കണം?
ആദിവാസി പുനരധിവാസ വികസനമിഷന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനു നടപടിയെടുക്കാമെന്നതായിരുന്നു സർക്കാരിന്റെ മറ്റൊരു വാഗ്ദാനം. ഒരു സംയോജിത ആദിവാസി വികസന പദ്ധതിയിലൂടെ അട്ടപ്പാടിയിൽ പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു.
ഇന്ന്‌ കേരളം രാജ്യത്തെ ഏറ്റവും സമ്പന്ന സംസ്ഥാനമാണ്‌. രാജ്യത്തെ മെച്ചപ്പെട്ട സർക്കാരുകളിൽ ഒന്നാണ്‌ കേരളത്തിലേത്‌ എന്നാണ്‌ വയ്പ്പ്‌. കേരളത്തിലെ ആദിവാസികളുടെ അവസ്ഥ പൊതുവിലും അട്ടപ്പാടിയിലെ സ്ഥിതി പ്രത്യേകിച്ചും ഈ മേന്മകളെ അപ്രസക്തമാക്കുന്നു. ജനസംഖ്യയുടെ ഒരു ശതമാനം മാത്രം വരുന്ന ജനങ്ങൾ പട്ടിണിയും പരിവട്ടവുമായി കഴിയുമ്പോൾ അതിനെയൊക്കെ ഓർത്ത്‌ അഭിമാനിക്കാൻ മന:സാക്ഷിയുള്ളവർക്കാകുമോ?
പാലക്കാട്‌ ജില്ലയിലെ അട്ടപ്പാടിയാണ്‌ കേരളത്തിലെ ഏറ്റവും പിന്നാക്ക പ്രദേശമാണെന്ന്‌ സംസ്ഥാന ആസൂത്രണ ബോർഡ്‌ വിലയിരുത്തിയത്‌ 45 കൊല്ലം മുമ്പാണ്‌. അവിടത്തെ 200ൽ താഴെയുള്ള ആദിവാസി ഗ്രാമങ്ങളിലെ ജനസംഖ്യ ഏതാണ്ട്‌ 30,000 മാത്രമാണ്‌. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നിരവധി വികസന പരിപാടികൾ നടപ്പിലാക്കിയിട്ടും അവിടെ നിന്ന്‌ ഇപ്പോഴും ശിശുമരണങ്ങൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. കേന്ദ്ര മന്ത്രിയായിരുന്ന ജയറാം രമേശും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടി 2013 ജൂണിൽ അട്ടപ്പാടിയുടെ വികസനത്തിനായി 500 കോടി രുപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. പതിനെട്ടു മാസത്തിൽ നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ 125 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആയിരുന്നു അതിലൊന്ന്‌. സ്ത്രീമുന്നേറ്റം, ശുദ്ധജലം, റോഡ്‌ നിർമ്മാണം, തൊഴിലുറപ്പ്‌ തുടങ്ങിയവ സംബന്ധിച്ച പരിപാടികളും അക്കൂട്ടത്തിലുണ്ടായിരുന്നു. കൊല്ലം രണ്ട്‌ കഴിഞ്ഞു. പക്ഷെ ഈ പദ്ധതികളുടെ ഫലമായി സ്ഥിതിഗതി മെച്ചപ്പെട്ടതിന്റെ സൂചനകളൊന്നുമില്ല.
പോഷകക്കുറവുമൂലം ഉണ്ടാകുന്ന ഉയർന്ന ശിശുമരണ നിരക്കാണ്‌ അട്ടപ്പാടിയിലെ ഒരു പ്രധാന പ്രശ്നം. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എം എസ്‌ സ്വാമിനാഥൻ റിസർച്ച്‌ ഫൗണ്ടേഷനും കേരള കാർഷികശാലാ മുൻ വൈസ്ചാൻസലർ ടി. മാധവ മേനോൻ, പട്ടികജാതി പട്ടികവർഗ കമ്മിഷൻ മുൻ ചെയർമാൻ ഡോ. പി കെ ശിവാനന്ദൻ എന്നിവർ നേതൃത്വം നൽകുന്ന ഇൻസ്റ്റിറ്റിയൂട്ട്‌ ഫൊർ സൊസൈറ്റൽ അഡ്‌വാൻസ്മെന്റ്‌ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി വിഷയം പഠിച്ചശേഷം കഴിഞ്ഞ ഡിസംബറിൽ മുഖ്യമന്ത്രിയെ കണ്ട്‌ അട്ടപ്പാടിയിലെ ആദിവാസികളെ വിശപ്പിൽ നിന്ന്‌ മുക്തമാക്കാൻ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച്‌ അവർ അവ പിന്നീട്‌ ആസൂത്രണ ബോർഡിനു മുന്നിൽ വച്ചു. അവ പഠിച്ച്‌ ഫെബ്രുവരി അവസാനത്തിനു മുമ്പായി കർമ്മ പദ്ധതി തയ്യാറാക്കാൻ ഒരു ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയെങ്കിലും അത്‌ ഇനിയും നടന്നിട്ടില്ല.
ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കുന്നതിലുണ്ടാകുന്ന വലിയ കാലതാമസത്തിന്റെ ഉത്തരവാദിത്വം ഉദ്യോഗസ്ഥന്മാരുടെ തലയിൽ വയ്ക്കാനാകില്ല. രാഷ്ട്രീയനേതൃത്വം ഇക്കാര്യത്തിൽ കൂടുതൽ ആത്മാർത്ഥത കാട്ടണം. (ജനയുഗം, ജൂൺ 3, 2015)

No comments: