ബി.ആർ.പി. ഭാസ്കർ
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തിരുവിതാംകൂറിലെ രാജഭരണകൂടം വധശിക്ഷ നിർത്തലാക്കിയിരുന്നു. ഭരണഘടനക്കൊപ്പം അത് 1950ൽ തിരിച്ചുവന്നെങ്കിലും തിരുവിതാംകൂർ-കൊച്ചിയിലെ കോടതികൾ ഏറെ കാലം അതു പ്രയോജനപ്പെടുത്തിയില്ല. വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് അവിടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചില്ലെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. വധശിക്ഷക്ക് കുറ്റകൃത്യങ്ങൾ തടയാനാവില്ലെങ്കിലും ചില ഭരണകൂടങ്ങൾ അതുപേക്ഷിക്കാൻ തയ്യാറാകാത്തത് ഒരളവു വരെ ഭീതി നിലനിർത്താൻ സഹായിക്കുമെന്നതു കൊണ്ടാണ്. ഭരണനേതൃത്വം അനുയായികളിൽ രക്തദാഹം വളർത്തി അതു നിലനിർത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. (മാധ്യമം ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 17, 215)
യഹൂദരും ക്രിസ്ത്യാനികളും മൂസ്ലിങ്ങളും അംഗീകരിക്കുന്ന ഉല്പത്തിക്കഥയനുസരിച്ച് ആദിമ മനുഷ്യനായ ആദാമിന്റെ മകൻ കായേൻ സ്വന്തം സഹോദരനായ ആബേലിനെ കൊന്ന് ആദ്യ കൊലയാളിയായി. ദൈവം ആബേൽ നൽകിയത് സ്വീകരിക്കുകയും താൻ നൽകിയത് സ്വീകരിക്കാതിരിക്കുകയും ചെയ്തതാണ് ആ ഹീനകൃത്യം ചെയ്യാൻ കായേനെ പ്രേരിപ്പിച്ചത്. ദൈവത്തിന്റെ പ്രീതി നേടിയ ആബേലിനോടുള്ള ഈർഷ്യയാണോ ദൈവം തന്നോടു അനീതി കാട്ടിയെന്ന ചിന്തയിൽ നിന്നുദിച്ച അമർഷമാണോ അപ്പോൾ കായേനെ നയിച്ചതെന്ന് വ്യക്തമല്ല. ഏതായാലും ഈർഷ്യയും അമർഷവും എല്ലാക്കാലത്തും കൊലക്കു കാരണമാകുന്ന ഘടകങ്ങളാണ്. ഹിന്ദു പുരാണങ്ങൾ നിറയെ കൊലയുടെ കഥകളാണ്. ദുഷ്ടന്മാരെ കൊന്ന് ശിഷ്ടന്മാരെ രക്ഷിച്ച് ധർമ്മം സ്ഥാപിക്കാൻ താൻ കാലാകാലങ്ങളിൽ അവതരിക്കുന്നെന്നാണ് ദൈവവചനമെങ്കിലും ഒരു ദുഷ്ടകൃത്യവും ആരോപിക്കപ്പെട്ടിട്ടില്ലാത്ത പലരും ഈർഷ്യയും അമർഷവും മൂലം കൊല്ലപ്പെട്ടതായി അവയിലും കാണാം. മനുഷ്യർ സ്വന്തം രൂപത്തിൽ സൃഷ്ടിച്ച ദൈവങ്ങൾക്ക് അവരുടെ സ്വഭാവം തന്നെയാവുമല്ലോ ഉണ്ടാവുക.
പല്ലിനു പല്ല്, കണ്ണിനു കണ്ണ് എന്ന മോശയുടെ നിയമം ഫറോവാമാരുടെ കീഴിൽ ഈജിപ്തിൽ ജൂതർ അനുഭവിച്ച പീഡനങ്ങളുടെ വെളിച്ചത്തിൽ രൂപപ്പെട്ടതാവണം. ക്രിസ്തുവിന്റെ കാലമായപ്പൊഴേക്കും അയൽക്കാരനെ സ്നേഹിക്കുക എന്നതിൽ നിന്ന് ശത്രുവിനെ സ്നേഹിക്കുക എന്ന രീതിയിൽ ചിന്തിക്കാനാവും വിധം മനുഷ്യ മനസ് വികസിച്ചു. അതിനും മുമ്പെ ബുദ്ധൻ അക്രമത്തിനെതിരെ ശബ്ദിക്കുകയും അതിനു ശേഷം മുഹമ്മദ് നബി സമാധാനത്തിന്റെ സന്ദേശം നൽകുകയും ചെയ്തു. പക്ഷെ അവർക്കൊപ്പമെത്താൻ അനുയായികൾക്ക് കഴിഞ്ഞില്ല. അക്രമവും അനീതിയും അസമാധാനവും തുടർന്നും നിലനിന്നു.
പല്ലിനു പല്ല് എന്നു ചിന്തിച്ചിരുന്നവർക്ക് ജീവനു പകരം ജീവൻ തന്നെ വേണമായിരുന്നു. അങ്ങനെ വധശിക്ഷ ലോകമൊട്ടുക്ക് നിയമവ്യവസ്ഥയുടെ ഭാഗമായി. പക്ഷെ ലോകം ആ കാലം പിന്നിട്ട് ഏറെ മുന്നോട്ടുപോയിരിക്കുന്നു. അതേസമയം പ്രതിലോമശക്തികൾ അതിനെ പിന്നോട്ടു വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് വധശിക്ഷയെ കുറിച്ച് രാജ്യത്ത് നടക്കുന്ന വാദപ്രതിവാദത്തെ കാണേണ്ടത്.
ഇറ്റലിക്കുള്ളിൽ സ്ഥിതിചെയ്യുന്ന 61 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള സാൻ മരിനോ റിപ്പബ്‌ളിക്ക് 1848ൽ അംഗീകരിച്ച ഭരണഘടന വധശിക്ഷയുടെ ഉപയോഗം പരിമിതപ്പെടുത്തി. കേരളത്തിനു മുമ്പെ തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലേറ്റിയ രാജ്യം കൂടിയാണിത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ 1957ൽ അവിടെ 12 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു.
തെക്കേ അമേരിക്കയിലെ വെനെസ്വേല 1863ലും മദ്ധ്യ അമേരിക്കയിലെ കോസ്റ്റാ റിക്ക 1877ലും വധശിക്ഷ ശിക്ഷാവ്യവസ്ഥയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കി. ഇരുപതാം നൂറ്റാണ്ടു പിറക്കുമ്പോൾ ലോകത്ത് വധശിക്ഷയില്ലാത്ത മൂന്നു രാജ്യങ്ങളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ബഹുഭൂരിപക്ഷം രാജ്യങ്ങളിലും വധശിക്ഷ എന്ന പ്രാകൃത ശിക്ഷാവിധി നിലവിലില്ല. ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിജിയും (ഇവിടത്തെ ജനങ്ങളിൽ പകുതി ബ്രിട്ടീഷുകാർ കരിമ്പുതോട്ടങ്ങളുണ്ടാക്കാൻ കൊണ്ടുപോയ ഇന്ത്യാക്കാരുടെ സന്തതികളാണ്.
ഇപ്പോൾ 102 രാജ്യങ്ങൾ വധശിക്ഷ നിയമവ്യവസ്ഥയിൽ നിന്നു എടുത്തു കളഞ്ഞിട്ടുണ്ട്. ആറു രാജ്യങ്ങൾ അത് യുദ്ധകാല കുറ്റങ്ങൾ പോലെ അസാധാരണമായ സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാവുന്ന ഒന്നായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. മറ്റ് 51 രാജ്യങ്ങൾ വധശിക്ഷ നിർത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ 10 കൊല്ലക്കാലത്ത് ഔപചാരികമായി പ്രഖ്യാപിച്ചുകൊണ്ടൊ അല്ലാതെയൊ അതിന്റെ ഉപയോഗം ഒഴിവാക്കിയിട്ടുണ്ട്. അത് നിലനിർത്തുകയും പതിവായി ഉപയോഗിക്കുകയും ചെയ്യുന്നത് 36 രാജ്യങ്ങൾ മാത്രമാണ്. ഇന്ത്യ, അമേരിക്ക, ചൈന, ഇറാൻ, സൌദി അറേബ്യ, ഗൾഫ് രാജ്യങ്ങൾ എന്നിവ ഇവയിൽ പെടുന്നു. കഴിഞ്ഞ കൊല്ലം നിർത്തലാക്കിയ ആഫ്രിക്കൻ രാജ്യമായ ഛാഡ് ഇക്കൊല്ലം അത് ഭീകരപ്രവർത്തനത്തിനു മാത്രം നൽകാവുന്ന ശിക്ഷയായി തിരിച്ചുകൊണ്ടു വന്നു
ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് തിരുവിതാംകൂറിലെ രാജഭരണകൂടം വധശിക്ഷ നിർത്തലാക്കിയിരുന്നു. ഭരണഘടനക്കൊപ്പം അത് 1950ൽ തിരിച്ചുവന്നെങ്കിലും തിരുവിതാംകൂർ-കൊച്ചിയിലെ കോടതികൾ ഏറെ കാലം അതു പ്രയോജനപ്പെടുത്തിയില്ല. വധശിക്ഷ ഇല്ലാതിരുന്ന കാലത്ത് അവിടെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചില്ലെന്ന് പഠനങ്ങളിൽ നിന്ന് വ്യക്തമാണ്. വധശിക്ഷക്ക് കുറ്റകൃത്യങ്ങൾ തടയാനാവില്ലെങ്കിലും ചില ഭരണകൂടങ്ങൾ അതുപേക്ഷിക്കാൻ തയ്യാറാകാത്തത് ഒരളവു വരെ ഭീതി നിലനിർത്താൻ സഹായിക്കുമെന്നതു കൊണ്ടാണ്. ഭരണനേതൃത്വം അനുയായികളിൽ രക്തദാഹം വളർത്തി അതു നിലനിർത്തുന്നതിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നു. (മാധ്യമം ആഴ്ചപ്പതിപ്പ്, ഓഗസ്റ്റ് 17, 215)
No comments:
Post a Comment