Thursday, August 16, 2012

എവിടെ സർക്കാർ? എവിടെ പ്രതിപക്ഷം?

ബി.ആർ.പി. ഭാസ്കർ

നിലവിലുള്ള മുന്നണി സമ്പ്രദായം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പത്തുപന്ത്രണ്ട് കൊല്ലം മുമ്പ് കേരള രാഷ്ട്രീയം വിലയിരുത്തുമ്പോൾ മുന്നണികൾ ഭരണസ്ഥിരത ഉറപ്പാക്കിയെങ്കിലും ഓരോ മുന്നണി സർക്കാരും മുൻസർക്കാരിനേക്കാൾ മോശമായിരുന്നെന്ന നിഗമനത്തിൽ ഈ ലേഖകൻ എത്തിച്ചേരുകയും ആ പ്രവണത തിരുത്താൻ പ്രേരകമാകുമെന്ന പ്രതീക്ഷയിൽ അക്കാര്യം എഴുതുകയും ചെയ്തു. അതിനുശേഷം രണ്ട് മുന്നണികൾക്കും ഓരോ അവസരം കൂടി ലഭിച്ചു. ഓരോ മുന്നണിയും തങ്ങളുടെ സർക്കാരിന്റെ പ്രകടനം കേമമായിരുന്നെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തുടർച്ചയായി കീഴ്പോട്ടു പോകുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. അധികാരത്തിലിരുന്ന മുന്നണിയെ താഴെയിറക്കി മറ്റേതിനെ വാഴിക്കുന്ന രീതി ജനങ്ങൾ പിന്തുടരുന്നത് ഇതിന് തെളിവാണ്.

പാർലമെന്റ് തെരഞ്ഞെടുപ്പിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഇടതു ജനാധിപത്യ മുന്നണി തോൽ‌വി ഏറ്റുവാങ്ങിയശേഷം നടന്ന കഴിഞ്ഞ കൊല്ലത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ ഏറെ പ്രതീക്ഷയോടെയാണ് ഐക്യ ജനാധിപത്യ മുന്നണി നേരിട്ടത്. കീഴ്‌വഴക്കമനുസരിച്ച് അടുത്തത് അതിന്റെ ഊഴമാണ്. കുറെ കൊല്ലമായി ഇടതു മുന്നണിയിലുണ്ടായിരുന്ന കേരള കോൺഗ്രസ് തുണ്ടുകൾ തെരഞ്ഞെടുപ്പിനു മുമ്പ് സ്വയം ഒഴിഞ്ഞുപോയി. ജനതാ ദൾ (എസ്) സി.പി.എമ്മിന്റെ ധാർഷ്ട്യപൂർണ്ണമായ സമീപനത്തിൽ സഹികെട്ട് മറുഭാഗത്തേക്ക് നീങ്ങി. ഭരണത്തിലിരുന്ന അഞ്ചു കൊല്ലവും മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും പാർട്ടി നേതൃത്വവും പോരടിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ കുറച്ചു കാലമായി നിലനിൽക്കുന്ന, ജയിക്കുന്നവർക്ക് 100 സീറ്റ്, തോൽക്കുന്നവർക്ക് 40 എന്ന നില തങ്ങൾക്ക് കൂടുതൽ അനുകൂലമായി മാറുമെന്ന് ഐക്യ ജനാധിപത്യ മുന്നണി കണക്കുകൂട്ടി. പക്ഷെ അനുപാതം 72: 68 ആയി ചുരുങ്ങുകയാണുണ്ടായത്. ആരോ എഴുതിയതുപോലെ, യു.ഡി.എഫിന്റെ വിജയം ദയനീയമായിരുന്നു. എൽ.ഡി. എഫിന്റെ പരാജയം ഉജ്ജ്വലവും.

എൽ.ഡി.എഫ്. സർക്കാർ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും അത് ജനങ്ങളിലെത്തിക്കുന്നതിൽ പരാജയപ്പെട്ടെന്ന പതിവ് ന്യായീകരണം സി.പി.എം. മുന്നോട്ടുവെച്ചു.  ഔദ്യോഗിക നേതൃത്വത്തിന്റെ തെറ്റായ സമീപനത്തിന്റെ ഫലമായി പല കക്ഷികളും മുന്നണി വിട്ടുപോയതാണ് തോൽ‌വിക്ക് കാരണമായതെന്ന് അച്യുതാനന്ദൻ വാദിച്ചു. ആ വാദം നേതൃത്വത്തിന് അംഗീകരിക്കാൻ കഴിയില്ലെങ്കിലും ഉറപ്പായ പരാജയത്തിൽ നിന്ന് എൽ.ഡി. എഫിനെ വിജയത്തിന്റെ പടി വരെ എത്തിച്ചത് അച്യുതാനന്ദന്റെ വ്യക്തിപ്രഭാവമാണെന്ന കാര്യത്തിൽ സംശയമില്ല. പോളിറ്റ്‌ബ്യൂറൊ അംഗമുൾപ്പെടെയുള്ള എല്ലാ സി.പി.എം. സ്ഥാനാർത്ഥികളും  അദ്ദേഹത്തിന്റെ പടം വെച്ചാ‍ണ് വോട്ട് തേടിയത്. ഇത്തവണ അച്യുതാനന്ദനുണ്ടായിരുന്നത്ര ഉയർന്ന സ്ഥാനം ഇ.എം.എസ്. നമ്പൂതിരിപ്പാടിനു പോലും ഒരു തെരഞ്ഞെടുപ്പിലും ലഭിച്ചിരുന്നില്ല.

നിയമസഭയിൽ വെറും നാല് സീറ്റിന്റെ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തിലേറിയപ്പോൾ അതിന് ഉറച്ച ഭരണം കാഴ്വെക്കാനാകുമോ എന്ന സംശയം നിലനിന്നിരുന്നു. സർക്കാരിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയേക്കാൾ യോഗ്യനായ ഒരു നേതാവ് കോൺഗ്രസ് കക്ഷിയിലുണ്ടായിരുന്നില്ല. പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു കൊല്ലക്കാലവും അദ്ദേഹം വി.എസ്. അച്യുതാനന്ദൻ ആ പദവി വഹിച്ചിരുന്ന കാലത്തെന്നപോലെ നിരവധി ജനകീയ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെട്ട് പ്രതിച്ഛായ മെച്ചപ്പെടുത്തുകയുണ്ടായി. മുഖ്യമന്ത്രിയായ‌പ്പോൾ  പാർട്ടിയിൽ നിന്ന് വേണ്ട പിന്തുണ ലഭിക്കാഞ്ഞതുകൊണ്ട് അച്യുതാനന്ദന് പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെട്ട പ്രശ്നങ്ങളിൽ നടപടിയെടുക്കാൻ കഴിഞ്ഞില്ല. പാർട്ടിയൊ മുന്നണിയൊ പ്രതിബന്ധങ്ങൾ സൃഷ്ടിക്കാഞ്ഞതുകൊണ്ട് ഉമ്മൻ ചാണ്ടിക്ക് പല പ്രശ്നങ്ങളിലും തീരുമാനമെടുക്കാനായി. ജില്ലതോറും ജനസമ്പർക്ക പരിപാടി നടത്തി അദ്ദേഹം ധാരാളം പേർക്ക് ആശ്വാസം പകർന്നു. അങ്ങനെ അദ്ദേഹം വിജയകരമായി ആദ്യ കൊല്ലം പൂർത്തിയാക്കി.

രണ്ടാം കൊല്ലം തുടങ്ങിയപ്പോൾ ഉമ്മൻ ചാണ്ടിയുടെ പരിമിതി വെളിപ്പെട്ടു. ഒന്നിനു പിറകെ ഒന്നായി നിരവധി ജനവിരുദ്ധ പദ്ധതികൾ പുറത്തു വന്നു. അവയിൽ ചിലത് പഴയവയായിരുന്നു. മുൻ‌സർക്കാരിന്റെ കാലത്ത് ചിലർ മുഖ്യമന്ത്രിയുടെ കൺ‌വെട്ടത്തിനു പുറത്ത് കരുക്കൾ നീക്കി മുന്നോട്ടു കൊണ്ടു പോകാൻ ശ്രമിച്ച ആറന്മുള വിമാനത്താവള പദ്ധതിയും പല തവണ നിർദ്ദേശിക്കപ്പെട്ടെങ്കിലും ശക്തമായ എതിർപ്പുമൂലം ഒരു സർക്കാരിനും ഏറ്റെടുക്കാനാവാഞ്ഞ കരിമണൽ ഖനന പദ്ധതിയും അക്കൂട്ടത്തിൽ പെടുന്നു. മുസ്ലിം ലീഗ് നേതാക്കളുടെ നിയന്ത്രണത്തിലുള്ള സ്വകാര്യ ട്രസ്റ്റുകൾക്ക് പൊതുമുതൽ പണമായും ഭൂമിയായും കൈമാറാൻ തീരുമാനങ്ങളുണ്ടായി. തോട്ടമുടമകൾ അനധികൃതമായി കൈവശം  വെച്ചിട്ടുള്ളതൊ കയ്യേറിയതൊ ആയ ഭൂമി കൈമാറുന്നതിനുള്ള ജുഗുപ്സാവഹമായ നീക്കങ്ങളുമുണ്ടായി. മുഖ്യമന്ത്രിയുടെ നിസ്സഹായത മുതലെടുക്കാനുള്ള രണ്ട് ഘടകകക്ഷികളുടെ തീരുമാനമായിരുന്നു അവയുടെ പിന്നിൽ. ഭൂമാഫിയാകൾ സംസ്ഥാനമൊട്ടുക്ക് യഥേഷ്ടം കുന്നുകൾ നിരത്താനും വയലുകൾ നികത്താനും തുടങ്ങി. ലോക പൈതൃകമായ പശ്ചിമഘട്ട നിരകളുടെ ദുർബല പരിസ്ഥിതി സംരക്ഷിക്കുന്നതിന് നിർദ്ദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാർ നിയോഗിച്ച മാധവ് ഗാഡ്ഗിൽ സമിതിയുടെ ശുപാർശകൾക്കെതിരെ മുഖ്യമന്ത്രി തന്നെ രംഗപ്രവേശം ചെയ്തു.

ഇവിടെ ഒരു സർക്കാരുണ്ടോ എന്ന ചോദ്യമുയർത്തുന്ന സംഭവപരമ്പരയാണ് ഇപ്പോൾ അരങ്ങേറുന്നത്. ഭരണഘടനപ്രകാരം മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലാണ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമുണ്ടെന്നാണ് വെയപ്. എന്നാൽ മന്ത്രിസഭയുടേതായി മുഖ്യമന്ത്രി അറിയിച്ച തീരുമാനങ്ങൾ മന്ത്രിമാർ പരസ്യമായി തിരുത്തുകയും അവർ പറയുന്നതാണ് ശരിയെന്ന് അംഗീകരിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനാവുകയും ചെയ്യുമ്പോൾ ഭരണഘടന വിഭാവന ചെയ്യുന്ന തരത്തിലുള്ള സംവിധാനമല്ല ഉള്ളതെന്ന് വ്യക്തമാവുന്നു. മന്ത്രിമാരുണ്ടെങ്കിലും മുഖ്യമന്ത്രി നയിക്കുന്ന മന്ത്രിസഭയുണ്ടെന്ന് പറയാനാവാത്ത അവസ്ഥയാണ് ഇന്നുള്ളത്.

മുന്നണി സമ്പ്രദായത്തിൽ മുഖ്യമന്ത്രിക്ക് മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരത്തിന് പരിമിതിയുണ്ട്. ഘടകകക്ഷികളുടെ മന്ത്രിമാർ ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആ കക്ഷികൾ തന്നെയാണ്. ഒരു മുന്നണി അഞ്ചു കൊല്ലത്തെ ഇടവേളക്കുശേഷം വീണ്ടും അധികാരത്തിലെത്തുമ്പോൾ മുമ്പ് കൈകാര്യം ചെയ്ത വകുപ്പുകൾ തന്നെ വേണമെന്ന് ഓരോ ഘടക കക്ഷിയും നിർബന്ധം പിടിക്കുന്നത് ആ വകുപ്പുകളിൽ അവയ്ക്ക് സ്ഥാപിത താല്പര്യങ്ങളുണ്ടെന്നതിന് തെളിവാണ്. വിദ്യാഭ്യാസം, റവന്യു, ഭവനം എന്നിങ്ങനെ നിരവധി വകുപ്പുകൾ വളരെക്കാലമായി ഒരേ കക്ഷികൾ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങളുടെ ഒരു കാരണം വിഭാഗീയ താല്പര്യങ്ങളുള്ള ഘടകകക്ഷികൾ അത് കൈകാര്യം  ചെയ്യുന്നതാണെന്നും അതുകൊണ്ട് പ്രധാന കക്ഷി തന്നെ ആ വകുപ്പിന്റെ ചുമതല വഹിക്കണമെന്നും പലരും ആവശ്യപ്പെട്ടതിന്റെ ഫലമായി കഴിഞ്ഞ എൽ.ഡി.എഫ് കാലത്ത് സി.പി.എമ്മിലെ എം.എ. ബേബി വിദ്യാഭ്യാസമന്ത്രിയായി. പക്ഷെ അദ്ദേഹത്തിന് മറ്റൊരു പി.ജെ. ജോസഫ് ആകാനെ കഴിഞ്ഞുള്ളു. വിഭാഗീയതാല്പര്യങ്ങളെ ചെറുക്കാൻ വലിയ കക്ഷിക്കുപോലും കഴിയാത്ത അവസ്ഥയാണുള്ളതെന്ന് ഇത് സൂചിപ്പിക്കുന്നു. 

സി.പി.എമ്മിൽ നിന്നുള്ള ആർ. സെൽ‌വരാജിന്റെ കൂറുമാറ്റവും പിറവം ഉപതെരഞ്ഞെടുപ്പിലെ അനൂപ് ജോർജിന്റെ വിജയവും ഉമ്മൻ ചാണ്ടി സർക്കാരിന്റെ നില കൂടുതൽ ഭദ്രമാക്കിയ ഘട്ടത്തിലാണ് മുന്നണിക്കുള്ളിൽ പാലം വലി തുടങ്ങിയത്. പിന്നെ ആലോചിക്കാമെന്ന ഉമ്മൻ ചാണ്ടിയുടെ ഉറപ്പിന്മേൽ മരവിപ്പിച്ചു നിർത്തിയിരുന്ന അഞ്ചാം മന്ത്രി പ്രശ്നം മുസ്ലിം ലീഗ് സജീവമാക്കി. ഗതിയില്ലാതെ മുഖ്യമന്ത്രി മഞ്ഞളാംകുഴി അലിയെ മന്ത്രിയാക്കി. അദ്ദേഹത്തിന് നൽകാൻ മുഖ്യമന്ത്രിയുടെ കൈയിൽ വകുപ്പൊന്നുമില്ലാതിരുന്നതുകൊണ്
ട് ലീഗ് മന്ത്രിമാർ അവരുടെ വകുപ്പുകൾ പുനർനിർണ്ണയം ചെയ്തു അലിക്ക് വകുപ്പുണ്ടാക്കി. ക്രൈസ്തവ മുസ്ലിം സമുദായങ്ങൾ പ്രധാന വകുപ്പുകൾ കൈയടക്കിയിരിക്കുന്നെന്ന് ഹിന്ദു ജാതി സംഘടനകൾ നേരത്തെ ആരോപിച്ചിരുന്നു. മന്നത്ത് പത്മനാഭന്റെ ജന്മദിനം നിയന്ത്രിത അവധിയായി പ്രഖ്യാപിച്ചുകൊണ്ടും പിന്നാക്ക ക്ഷേമ വകുപ്പ് ഉണ്ടാക്കിക്കൊണ്ടും മുഖ്യമന്ത്രി അവരെ അനുനയിപ്പിച്ചു. മതന്യൂനപക്ഷങ്ങൾക്ക് മന്ത്രിസഭയിലുള്ള ഭൂരിപക്ഷം പിന്നെയും വർദ്ധിക്കുന്നത് കൂടുതൽ ആക്ഷേപങ്ങൾക്ക് വഴിവെക്കുമെന്നുള്ളതുകൊണ്ട് ജാതി സംഘടനകളെ പ്രീണിപ്പിക്കാനുള്ള നടപടിയെന്ന നിലയിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് തിരുവഞ്ചൂർ രാധാകൃഷ്ണനു കൈമാറി. പക്ഷെ അവരുടെ അരിശം അതുകൊണ്ട് തീർന്നില്ല. നെയ്യാറ്റിങ്കര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിച്ചുകൊണ്ട് അവർ അത് വ്യക്തമാക്കി.

നിയമസഭയിൽ 67 അംഗങ്ങളുള്ള ഒരു വലിയ പ്രതിപക്ഷ നിരയുണ്ടെങ്കിലും ഇവിടെ ഒരു സർക്കാരുണ്ടൊ എന്ന ചോദ്യത്തോടൊപ്പം ഇവിടെ ഒരു പ്രതിപക്ഷമുണ്ടോ എന്ന ചോദ്യവും ചോദിക്കേണ്ടിയിരിക്കുന്നു. സർക്കാർ ഭൂമാഫിയകൾക്കും മറ്റ് സ്ഥാപിതതാല്പര്യങ്ങൾക്കും  ഒത്താശ ചെയ്യുകയും മന്ത്രിമാർ പൊതുമുതൽ സ്വകാര്യസ്ഥാപനങ്ങൾക്ക് കൈമാറുകയും ചെയ്യുമ്പോൾ പ്രതിപക്ഷത്തു നിന്നും കാര്യമായ എതിർപ്പ് ഉണ്ടാകുന്നില്ല. ഇതിന്റെ ഒരു കാരണം പല നേതാക്കളും കൊലക്കേസുകളിൽ പ്രതികളായതിനെ തുടർന്ന് പ്രതിരോധത്തിലായിരിക്കുന്ന സി. പി.എമ്മിന് മുഖ്യ പ്രതിപക്ഷകക്ഷിയെന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റാനാകുന്നില്ലെന്നതാണ്. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഒരു ജനകീയപ്രശ്നവും ഫലപ്രദമായി ഏറ്റെടുക്കാൻ അതിനായില്ല. സേവനാവകാശ നിയമം സഭയുടെ മുന്നിൽ വന്നപ്പോൾ പ്രതിപക്ഷാംഗങ്ങൾ മറ്റെന്തിന്റെയൊ പേരിൽ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ബഹളത്തിനിടെ ചർച്ച കൂടാതെ ബിൽ പാസായതായി സ്പീക്കർ പ്രഖ്യാപിച്ചു. നേതാക്കാൾ കൊലക്കേസുകളിൽ പെട്ടിരുന്നില്ലെങ്കിലും പാർട്ടിക്ക് ശക്തമായി ഇടപെടാൻ ഒരുപക്ഷെ കഴിയുമായിരുന്നില്ല.  കാരണം ഭൂമാഫിയകൾക്കും മറ്റ് സ്ഥാപിതതാല്പര്യങ്ങൾക്കും യു.ഡി. എഫ്. കക്ഷികളുമായി ഉള്ളത്ര സൌഹൃദപൂർവ്വമായ ബന്ധം അതുമായുമുണ്ട്. സി.പി.എമ്മിന്റെ ഗതികേട് കണ്ട് പകച്ചു നിൽക്കുകയാണ് എൽ.ഡി.എഫിലെ മറ്റ് കക്ഷികൾ.

സി.പി.എം. കേന്ദ്രനേതൃത്വം അച്യുതാനന്ദനെ പരസ്യമായി ശാസിക്കാൻ തീരുമാനിക്കുകയും അദ്ദേഹം സംസ്ഥാന നേതൃത്വത്തിനെതിരെ നൽകിയ പരാതി രഹസ്യമായി തള്ളുകയും ചെയ്തശേഷം അദ്ദേഹം മൌനത്തിലാണ്. സമകാലിക പ്രശ്നങ്ങളെ കുറിച്ച് അപൂർവ്വമായി അദ്ദേഹം അഭിപ്രായപ്രകടനം നടത്തുന്നത് പത്രപ്രസ്താവനകളിലൂടെയാണ്. മുമ്പ് പ്രതിപക്ഷ നേതൃത്വം വഹിച്ചിരുന്ന കാലത്തെ പോലുള്ള സജീവ ഇടപെടലുകൾ ഉണ്ടാവുന്നില്ല. ഇതിന്റെ കാരണം അഞ്ചു വർഷത്തെ പ്രായാധിക്യത്തേക്കാൾ പാർട്ടിയുടെ ധാർമ്മികക്ഷയവും അതിനുള്ളിലെ അദ്ദേഹത്തിന്റെ ദയനീയാവസ്ഥയുമാണ്. പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നമല്ലിത്.    

ഉമ്മൻ ചാണ്ടി നേരിടുന്ന യഥാർത്ഥ പ്രശ്നം യു.ഡി.എഫിന്റെ കുറഞ്ഞ ഭൂരിപക്ഷമല്ല, യു.ഡി. എഫിനുള്ളിലെ കോൺഗ്രസിന്റെ ദുർബലാവസ്ഥയാണ്. അച്യുതാനന്ദന്റെ ഫ്ലക്സ് ബോർഡുകൾ ഉയർത്തിയ കൊടുംകാറ്റ് ലീഗിന്റെയൊ കേരളാ കോൺഗ്രസിന്റെയൊ ശക്തികേന്ദ്രങ്ങളെ ബാധിച്ചില്ല. അതിനെ അതിജീവിച്ചുകൊണ്ട് ലീഗിന് നിയമസഭയിലെ അംഗബലം യു.ഡി എഫ് മുമ്പ് വിജയിച്ച 2001ലെ 16ൽ നിന്ന് 20 ആയി ഉയർത്താനായി. കേരള കോൺഗ്രസിന് അംഗബലം ഒമ്പതായി നിലനിർത്താനുമായി. എന്നാൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 62ൽ നിന്ന് 38 ആയി ചുരുങ്ങി. അതായത് കോൺഗ്രസിന്റെ 24 സീറ്റുകളാണ് കൊടുങ്കാറ്റ് കൊണ്ടുപോയത്. കെ.ആർ. ഗൌരിയമ്മയുടെ കക്ഷിക്ക് 2001ൽ നാലു സീറ്റുകൾ കിട്ടിയിരുന്നു; ഇത്തവണ ഒന്നും കിട്ടിയില്ല. കോൺഗ്രസിനും ഗൌരിയമ്മക്കും 28 സീറ്റ് നഷ്ടമായപ്പോൾ രണ്ട് കമ്മ്യൂണിസ്റ്റ് കക്ഷികൾക്കും അത്രയും സീറ്റ് കൂടുതലായി കിട്ടി – സി.പി.എമ്മിന്റെ അംഗബലം 23ൽ നിന്ന് 45 ആയും സി.പിഐയുടേത് ഏഴിൽ നിന്ന് 13 ആയും ഉയർന്നു. അച്യുതാനന്ദന്റെ സ്വാധീനമേഖലകളിലാണ് യു.ഡി.എഫിന് നഷ്ടവും എൽ. ഡി.എഫിന് നേട്ടവുമുണ്ടായത്. തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്. എൽ.ഡി.എഫിനെ തോൽപിച്ചെങ്കിലും കോൺഗ്രസ് സി.പി.എമ്മിനോട് തോറ്റെന്ന് പറയേണ്ടിവരുന്നു. ഈ തോൽവിയുടെ ഉത്തരവാദിത്വം വഹിക്കേണ്ടത് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. എന്നാൽ യു.ഡി.എഫ് വിജയത്തിന്റെ ശില്പികളെന്ന നിലയിൽ അവർ മുന്നണിയുടേയും പാർട്ടിയുടേയും തലപ്പത്ത് തുടരുന്നു. കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിന് വസ്തുതകൾ ഗ്രഹിക്കാനുള്ള കഴിവില്ലാത്തതാണ് ഇത് സാദ്ധ്യമാക്കിയത്. പി.കെ.കുഞ്ഞാലിക്കുട്ടിക്കും കെ.എം. മാണിക്കും സംഗതികൾ ഗ്രഹിക്കാനാവുന്നതുകൊണ്ട് മുന്നണി നേതൃത്വത്തിന് പുല്ലുവില കല്പിച്ചുകൊണ്ട് സ്വന്തം അജണ്ടകളുമായി മുന്നോട്ടുപോകാൻ കഴിയുന്നു.

ഭരണകൂടത്തിന്റെ തെറ്റായ സമീപനങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ നിന്നുയരുന്ന ശബ്ദങ്ങൾ പ്രതിപക്ഷത്തിന്റെ അഭാവം നികത്താൻ ഒരളവുവരെ സഹായിക്കുന്നുണ്ട്.  കോൺഗ്രസ് പണ്ടുമുതൽക്കെ ഒരു പ്രതിപക്ഷത്തെ അതിനുള്ളിൽതന്നെ കൊണ്ടു നടക്കുന്ന കക്ഷിയാണ്. ദേശീയതലത്തിൽ ഇടയ്ക്ക് ഏതാണ്ട് പൂർണ്ണമായും കേരളത്തിൽ ഭാഗികമായും നിലച്ചുപോയ ആ പാരമ്പര്യത്തിന്റെ തിരിച്ചുവരവ് നെല്ലിയാമ്പതി, നെൽ‌വയൽ നികത്തൽ തുടങ്ങിയ പ്രശ്നങ്ങളിൽ ശക്തമായി പ്രതിഫലിക്കുന്നുണ്ട്. ഇത് സ്വാഗതാർഹമാണ്. കക്ഷി രാഷ്ട്രീയത്തിലും ഗ്രൂപ്പ് രാഷ്ട്രീയത്തിലും എണ്ണം നിർണ്ണായകമാണ്. എന്നാൽ കാതലായ പ്രശ്നങ്ങളിൽ നിർണ്ണായകമാകുന്നത് എണ്ണമല്ല, ധാർമ്മികതയാണ്. അംഗബലം കൊണ്ട് ഒരു തെറ്റിനെയും ശരിയാക്കി മാറ്റാനാവില്ല. ഇരുപതും ഒമ്പതും അംഗങ്ങളുള്ള കക്ഷികളെ ഭയപ്പെടുന്ന മുഖ്യമന്ത്രിയെ നേർവഴിക്കു കൊണ്ടു വരാൻ ധാർമ്മികതയുടെ അടിസ്ഥാനത്തിൽ നിലപാടെടുകളെടുക്കാൻ തയ്യാറുള്ള ആറ്‌ കോൺഗ്രസ് എം.എൽ.എമാർ മതിയാകും.

സർക്കാരുണ്ടോ പ്രതിപക്ഷമുണ്ടോ എന്ന ചോദിക്കുന്നതുപോലെ ഇവിടെ മാധ്യമങ്ങളുണ്ടോ എന്ന് ചോദിക്കാനാവില്ല. അവയുടെ സാന്നിധ്യം നാം സദാ അറിയുന്നുണ്ട്. അവയുടെ ശബ്ദഘോഷങ്ങൾ നാം നിത്യേനെ ഏറ്റുവാങ്ങുന്നുണ്ട്. എന്നാൽ അവ എന്ത് ചെയ്യുന്നു എന്ന ചോദ്യം പ്രസക്തമാണ്. പ്രശ്നങ്ങൾ ഏറ്റെടുക്കുന്നുണ്ടെങ്കിലും. അവയ്ക്ക് ശരിയായ പരിഹാരം കാണാൻ സഹായകമായ രീതിയിൽ കൈകാര്യം ചെയ്യാൻ മാധ്യമങ്ങൾക്കാവുന്നില്ല. പല‌പ്പോഴും അവയുടെ ഇടപെടൽ പ്രശ്നത്തെ തൃണവത്കരിക്കുന്നു. ചിലപ്പോൾ അവ ചർച്ച ചെയ്ത് പ്രശ്നം തന്നെ ഇല്ലാതാക്കുന്നു. അടിസ്ഥാന പ്രശ്നം മാധ്യമങ്ങളുടെ പ്രൊഫഷനൽ ദൌർബല്യമാണ്. അത് പരിഹരിക്കാത്തിടത്തോളം മെച്ചപ്പെട്ട പ്രവർത്തനം പ്രതീക്ഷിക്കാനാവില്ല. (മലയാളം വാരിക, ആഗസ്റ്റ് 17, 2012)