ബി.ആർ.പി. ഭാസ്കർ
സോവിയറ്റ് യൂണിയനിലൊ തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടികൾ അധികാരത്തിലേറിയ മറ്റേതെങ്കിലും രാജ്യത്തൊ മാർക്സ് വിഭാവന ചെയ്ത തരത്തിലുള്ള സമൂഹം ഒരു ഘട്ടത്തിലും രൂപപ്പെട്ടില്ല. ഭരണകൂടം കൊഴിഞ്ഞുവീഴുന്നതിനു പകരം കൂടുതൽ ശക്തി പ്രാപിച്ചു. അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി മോസ്കോയിൽ ആധിപത്യം സ്ഥാപിച്ച ലെനിൻ സാർ ചക്രവർത്തിയുടെ സാമ്രാജ്യം ഏറ്റെടുക്കുകയാണ് ചെയ്തത്. അദ്ദേഹവും പിൻഗാമികളും അതിനെ അതേപടി നിലനിർത്തി. പതിറ്റാണ്ടുകൾക്കു ശേഷം ഗോർബച്ചേവ് രാഷ്ട്രീയ സംവിധാനം പരിഷ്കരിക്കാൻ ശ്രമിച്ചപ്പോൾ സാമ്രാജ്യം ചീട്ടു കൊട്ടാരം പോലെ നിലംപതിച്ചു. സോവിയറ്റ് ചെമ്പടയുടെ പിൻബലത്തിലാണ് കിഴക്കേ യൂറോപ്പിൽ കമ്മ്യൂണിസ്റ്റുകാർ അധികാരത്തിലേറിയത്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം അവയ്ക്ക് നിലനിൽക്കാനാകുമായിരുന്നില്ല. ജപ്പാന്റെയും ചിയങ് കൈഷക്കിന്റെയും പട്ടാളങ്ങളോട് പൊരുതിയാണ് മാവൊ സെതുങ് ചൈനയിൽ അധികാരം പിടിച്ചെടുത്തത്. രാഷ്ട്രീയതലത്തിൽ ഒരു മാറ്റവുമുണ്ടാക്കാതെ സോഷ്യലിസ്റ്റ് മാർക്കറ്റ് സമ്പദ് വ്യവസ്ഥ എന്ന ഓമനപ്പേരിൽ മുതലാളിത്ത രീതികൾ സ്വീകരിച്ച ചൈന ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിഅശക്തിയായി വളർന്നിരിക്കുന്നു. വിയറ്റ്നാമും ഇപ്പോൾ അത് പാതയിലാണ്.
സോവിയറ്റ് യൂണിയന്റെ അന്ത്ധാനത്തെ
തുടർന്ന് പല രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് പാർട്ടികൾ രക്തരൂക്ഷിതവിപ്ലവം എന്ന ആശയം
ഉപേക്ഷിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടികളായി മാറി. ഇന്ത്യയിലെ പാർട്ടികൾ കമ്മ്യൂണിസ്റ്റ്
സിദ്ധാന്തവും പ്രയോഗവും എല്ലാം ഭദ്രമാണെന്ന മട്ടിൽ മുന്നോട്ടുപോകാനാണ് ശ്രമിച്ചത്.
ലോകചരിത്രം സൂക്ഷ്മമായി പഠിച്ച മാർക്സ് ഒരു വ്യവസ്ഥയുടെയും അന്ത്യം ഏതെങ്കിലും വ്യക്തിയുടെ
വീഴ്ചയായി ചിത്രീകരിച്ചില്ല. എന്നാൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ സോവിയറ്റ് യൂണിയന്റെ
പതനത്തിന്റെ ഉത്തരവാദിത്വം ഗോർബച്ചേവിന്റെ തലയിൽ കെട്ടിവെച്ചു. ആദ്യ ലോക് സഭാ തെരഞ്ഞെടുപ്പിലെ
താരതമ്യേന മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസിന്റെ ബദലായി വളരുമെന്ന് കരുതപ്പെട്ട
ഇടതുപക്ഷത്തെ പിന്തള്ളി ആദ്യം ജനതാ പാർട്ടിയും പിന്നീട് ഭാരതീയ ജനതാ പാർട്ടിയും വളർന്നപ്പോൾ
അതിന്റെ കാരണങ്ങൾ മനസിലാക്കാനും പരിഹാരനടപടികൾ കൈക്കൊള്ളാനും സി.പി.ഐക്കൊ സി.പി.എമ്മിനൊ
ആയില്ല. രണ്ടര സംസ്ഥാനങ്ങളിലെ മേൽകൈകൊണ്ട് അവർ തൃപ്തിപ്പെട്ടു. ആ സംസ്ഥാനങ്ങളിലും
ഇടതുപക്ഷത്തിന്റെ നില പരിങ്ങലിലായിരിക്കുന്നു. മുപ്പതിൽപരം വർഷക്കാലം സി.പി.എം നേതൃത്വത്തിലുള്ള
മുന്നണി തുടർച്ചയായി ഭരിച്ച സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. അവിടെ അടിസ്ഥാനവർഗ്ഗത്തിന്റെ
നില മറ്റ് പല സംസ്ഥാനങ്ങളിലേതിനേക്കാൾ മോശമാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉപരിവർഗ്ഗ
നേതൃത്വം ഭാരതീയ സമൂഹത്തിൽ ജാതിവ്യവസ്ഥ വഹിക്കുന്ന പങ്ക് ബോധപൂർവ്വം അവഗണിച്ചതാണ് ഇതിന്റെ
കാരണം. കമ്മ്യൂണിസ്റ്റ പാർട്ടിയുടെ ജനനത്തിനു മുമ്പെ ദലിത് പിന്നാക്ക വിഭാഗങ്ങളെ അയ്യൻകാളി
ശ്രീനാരായണ പ്രസ്ഥാനങ്ങൾ മാറ്റത്തിന്റെ പാതയിൽ എത്തിച്ചിരുന്നതുകൊണ്ട് കേരളത്തിൽ അവരുടെ
അവസ്ഥ ബംഗാളിലേതിനേക്കാൾ ഭേദമാണ്.
1 comment:
വിഡ്ഡിത്തരം ഇടതടവില്ലാതെ പറയുന്നതാണു ബീയാർപ്പീ അണ്ണന്റെ ഒരു യൂയെസ്പീ...
Post a Comment