Wednesday, December 12, 2012

രാഷ്ട്രീയത്തിലെ മൊത്ത-ചില്ലറ വ്യാപാരികൾബി.ആർ.പി. ഭാസ്കർ

ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തിന് പാർലമെന്റിന്റെ അംഗീകാരം നേടാനായതിൽ കേന്ദ്ര സർക്കാരിന് ആഹ്ലാദിക്കാൻ വകയുണ്ട്. എന്നാൽ ജനാധിപത്യപ്രക്രിയയിൽ വിശ്വസിക്കുന്ന ആർക്കും ആ ആഹ്ലാദത്തിൽ പങ്കു ചേരാനാവില്ല. കാരണം രാഷ്ട്രീയ കക്ഷികൾ മൊത്തമായും ചില്ലറയായും ജനാധിപത്യം വില്പന നടത്തുന്ന കാഴ്ചയാണ്  പാർലമെന്റിലെ രണ്ട് സഭകളിലും കണ്ടത്.

ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തുതന്നെ പ്രധാനമന്ത്രി മൻ‌മോഹൻ സിങ് ചില്ലറ വ്യാപാര മേഖല വിദേശകുത്തകകൾക്ക് തുറന്നുകൊടുക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. പുറത്തു നിന്ന് സർക്കാരിനെ പിന്തുണച്ചിരുന്ന ഇടതുകക്ഷികളുടെ എതിർപ്പുമൂലം അത് ചെയ്യാനായില്ല. അമേരിക്കയുമായുള്ള ആണവകരാറിന്റെ പേരിൽ ഇടതുപക്ഷം പിന്തുണ പിൻ‌വലിച്ചതോടെ നേരത്തെ ചെയ്യാനാകാതിരുന്ന പരിപാടികൾ സർക്കാർ ഏറ്റെടുക്കാൻ തുടങ്ങി. എന്നാൽ ഭരണ മുന്നണിയിൽ പെട്ട തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ. എന്നിവയുടെയും പുറത്തു നിന്ന് പിന്തുണക്കുന്ന ബഹുജൻ സമാജ് പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവയുടെയും എതിർപ്പു കാരണം രണ്ടാം യു.പി.എ. സർക്കാരിനും ചില്ലറ വ്യാപാരത്തിന്റെ കാര്യത്തിൽ  മുന്നോട്ടുപോകാനായില്ല. തൃണമൂൽ സഖ്യം വിട്ടതോടെ ഒരു എതിരാളി കുറഞ്ഞു. എന്നാൽ പാർലമെന്റ് അംഗങ്ങളിൽ ഭൂരിപക്ഷവും അപ്പോഴും ആ മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കുന്നതിനെതിരായിരുന്നു. എന്നിട്ടും പരിപാടി നടപ്പിലാക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത് അമേരിക്കയുടെ അതിശക്തമായ സമ്മർദ്ദം മൂലമാണ്.

മാന്ദ്യത്തിൽ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത അമേരിക്കയുടെ സമ്പദ് വ്യവസ്ഥക്ക് പുതുജീവൻ നൽകാൻ അവിടത്തെ സർക്കാരിന് വ്യവസായികൾക്ക് രാജ്യത്തിനുപുറത്ത് കൂടുതൽ നിക്ഷേപസാദ്ധ്യതകൾ ഉണ്ടാക്കിക്കൊടുത്തേ മതിയാകൂ. ചൈന ഉൾപ്പെടെ പല രാജ്യങ്ങളിൽ ഇപ്പോൾതന്നെ വലിയ സാന്നിദ്ധ്യമുള്ള വാൾമാർട്ട് എന്ന അമേരിക്കൻ ചില്ലറ ഭീമൻ ഏറെ നാളായി ഇന്ത്യ പടിവാതിൽ തുറക്കുന്നതു കാത്തു കിടക്കുകയായിരുന്നു. കാത്തിരിപ്പ് നീണ്ടുനീണ്ടു പോയപ്പോൾ ഭാരതി എന്ന വ്യവസായ ഗ്രൂപ്പിന്റെ സഹായത്തോടെ വാൾമാർട്ട് നുഴഞ്ഞു കയറാനും തുടങ്ങി. നിയമവിധേയമായാണോ അത് ചെയ്തതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അമേരിക്കയിൽ വെളിപ്പെട്ട  വിവരമനുസരിച്ച് ഇന്ത്യയിൽ കയറിപ്പറ്റാൻ വാൾമാർട്ട് വലിയ തുക ചെലവാക്കിയിട്ടുണ്ട്. അതിന്റെ പങ്ക് ആർക്കൊക്കെ കിട്ടിയെന്നത് ഇനിയും വരേണ്ടിയിരിക്കുന്നു.

വിദേശകുത്തകകളുടെ പ്രവേശം ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ ജീവിതം തകർക്കുമെന്നതുകൊണ്ടാണ് പല പാർട്ടികളും അതിനെ എതിർക്കുന്നത്. എന്നാൽ അത് കർഷകർക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കുമെന്നും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കർ അവകാശപ്പെടുന്നു. മറ്റ് രാജ്യങ്ങളുടെ അനുഭവം ഇത് ശരിവെക്കുന്നില്ല. സംസ്ഥാനതലത്തിൽ അധികാരം കയ്യാളുന്ന കക്ഷികളുടെ എതിർപ്പ് കുറക്കുവാനായി വിദേശകമ്പനികളെ പ്രവർത്തിക്കാൻ അനുവദിക്കണമോ എന്ന് തീരുമാനിക്കുവാനുള്ള അധികാരം കേന്ദ്രം അവർക്ക് വിട്ടുകൊടുത്തിട്ടുണ്ട്. അഴിമതിയിലൂടെ കാര്യങ്ങൾ സാധിക്കുന്ന വിദേശ കമ്പനികൾക്ക് സംസ്ഥാന ഭരണാധികാരികളെ സ്വാധീനിച്ച് അനുകൂല തീരുമാനങ്ങൾ എടുപ്പിക്കാനാകും.

ഭൂരിപക്ഷം പാർലമെന്റ് അംഗങ്ങളും വിദേശികളുടെ പ്രവേശത്തെ തത്ത്വത്തിൽ എതിർക്കുന്ന സാഹചര്യത്തിൽ ഈ പ്രശ്നം സഭകൾ ചർച്ച ചെയ്യുന്നത് ഒഴിവാക്കാൻ യു.പി.എ. സർക്കാർ പരമാവധി ശ്രമിച്ചു. എന്നാൽ അതിന് ഒടുവിൽ പ്രതിപക്ഷ സമ്മർദ്ദത്തിനു വഴങ്ങി വോട്ടെടുപ്പോടെയുള്ള ചർച്ചക്ക് സമ്മതം മൂളേണ്ടിവന്നു. ഒരു മുൻ‌മന്ത്രിയും എം.പിയും അഴിമതിക്കേസിൽ പെട്ടിരിക്കുന്നതുകൊണ്ട് ഭരണ മുന്നണി വിട്ടുപോകാൻ കഴിയാത്ത ഡി.എം.കെ. ആവർത്തിച്ചു പ്രഖ്യാപിച്ച എതിർപ്പ് മറന്നുകൊണ്ട് സർക്കാരിനൊപ്പം വോട്ടു ചെയ്തു. പക്ഷെ ലോക് സഭയിൽ സർക്കാരിന് രക്ഷപ്പെടാൻ അതു പോരായിരുന്നു. അതുകൊണ്ട് യു.പി.എ 22 അംഗങ്ങളുള്ള സമാജ്‌വാദി പാർട്ടിയും 21 അംഗങ്ങളുള്ള  ബി.എസ്.പിയും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ഉറപ്പാക്കി. ഈ കക്ഷികളുടെ വാക്കും പ്രവർത്തിയും തമ്മിലുള്ള വിടവ് ജനാധിപത്യത്തിന് അവർ എത്ര തുച്ഛമായ വിലയാണ് കല്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു. സർക്കാർ എന്ത് പ്രത്യുപകാരമാണാവോ അവർക്ക്  വാഗ്ദാനം ചെയ്തിട്ടുള്ളത്?

ലോക് സഭയൊട് ഉത്തരാവാദിത്വമുള്ള മന്ത്രിസഭയാണ് ഭരണഘടന വിഭാവന ചെയ്യുന്നത്.  ആ സഭയിലെ വോട്ടെടുപ്പിൽ തോറ്റാൽ സർക്കാർ രാജിവെക്കണം. മന്ത്രിസഭക്ക് രാജ്യസഭയുമായി അതേതരത്തിലുള്ള ബന്ധമില്ലെങ്കിലും അവിടെയും പരാജയം ഒഴിവക്കാൻ യു.പി.എ കിണഞ്ഞു ശ്രമിച്ചു. ആ സഭയിലെ നില ലോൿസഭയിലേതിനേക്കാൾ പരിതാപകരമായതുകൊണ്ട് അവിടെ വ്യത്യസ്തമായ തന്ത്രം പയറ്റി. ബി.എസ്.പിയെ കൊണ്ട് അവിടെ സർക്കാരിനോടൊപ്പം വോട്ട് ചെയ്യിപ്പിച്ചു. സർക്കാർ തീരുമാനത്തെ എതിർക്കുന്നുവെന്ന് പറയുകയും പാർലമെന്റിൽ ആ തീരുമാനത്തിന്  അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്യുന്നത്, മിതമായ ഭാഷയിൽ പറഞ്ഞാൽ, കാപട്യമാണ്.

ചില്ല്ലറവ്യാപാരവിഷയത്തിൽ ചെറിയ പാർട്ടികൾ രാഷ്ട്രീയം ചില്ലറ വില്പന നടത്തിയപ്പോൾ ഭരണ പ്രതിപക്ഷ മുന്നണികളെ നയിക്കുന്ന കോൺഗ്രസും ബി.ജെ.പിയും മൊത്തവ്യാപാരമാണ് നടത്തിയത്. ചില്ലറവ്യാപാര മേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാൻ ആദ്യം നയപരമായ തീരുമാനമെടുത്തത് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരായിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് അതിനെ എതിർത്തു. ഭരണത്തിലെത്തിയപ്പോൾ കോൺഗ്രസും ഭരണം നഷ്ടപ്പെട്ടപ്പോൾ ബി.ജെ.പിയും നിലപാട് മാറ്റി. അടുത്ത തെരഞ്ഞെടുപ്പിൽ അധികാരം ലഭിച്ചാൽ യു.പി.എ സർക്കാരിന്റെ തീരുമാനം റദ്ദാക്കുമെന്നാണ് ബി.ജെ.പി. ഇപ്പോൾ പറയുന്നത്. ഭാരതി ഗ്രൂപ്പിന്റെ മറവിൽ ഇന്ത്യയിൽ കടന്നു കൂടിയ വാൾമാർട്ട് ഇപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലാണ് പ്രവർത്തിക്കുന്നത്. മുന്നും ബി.ജെ.പി. അധികാരം കയ്യാളുന്ന സംസ്ഥാനങ്ങളാണ്. ഇവിടെയും പ്രകടമാകുന്നത് വാക്കും പ്രവർത്തിയും തമ്മിലുള്ള അന്തരമാണ്.

1 comment:

njaan punyavalan said...

എങ്ങനെ ഓക്കേ പോയാല്‍ ഇതൊകെ എവിടെ ചെന്നവസാനിക്കും എന്റെ ശ്രീ പത്മനാഭാ @ ഇനി ഞാന്‍ മരിക്കില്ല