തിരുവിതാംകൂർ പ്രദേശത്തെ
അതിസമ്പന്നമായ രണ്ട് അമ്പലങ്ങളുടെ ഭരണം ഇപ്പോൾ നടക്കുന്നത് കോടതികളുടെ മേൽനോട്ടത്തിലാണ്.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ നിയന്ത്രിക്കുന്ന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ
സംവിധാനത്തിന് നിയമത്തിന്റെ പിൻബലമില്ലെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. ആ വിധിക്കെതിരായ
അപ്പീൽ പരിഗണിക്കുന്ന സുപ്രീം കോടതി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് അവിടെയുള്ള
അമൂല്യ സമ്പത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിലാണ്. ഹൈക്കോടതി വിധി സ്റ്റേ ചെയ്തിട്ടില്ലാത്ത
സാഹചര്യത്തിൽ നിയമവിധേയമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയ സംവിധാനം തുടരുകയാണ്. എൽ.ഡി.എഫ്
സർക്കാരിന്റെ കാലത്ത് നിലവിൽവന്ന ദേവസ്വം ബോർഡിന്റെ സ്ഥാനത്ത് മറ്റൊന്ന് സ്ഥാപിക്കാനുള്ള
നടപടികൾ യു.ഡി.എഫ് സർക്കാർ യഥാസമയം കൈക്കൊണ്ടില്ല. തന്മൂലം സംസ്ഥാനത്തിനകത്തു നിന്നും
പുറത്തു നിന്നും ധാരാളം ഭകതരെ ആകർഷിക്കുന്ന ശബരിമല ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ ഉദ്യോഗസ്ഥ
ഭരണത്തിൻ കീഴിലായി. ശബരിമല കാര്യങ്ങൾ നോക്കാൻ ഹൈക്കോടതി ഒരു ഉയർന്ന ഉദ്യോഗസ്ഥനെ നേരിട്ട്
നിയോഗിക്കുകയും ചെയ്തു. മണ്ഡലകാലം തുടങ്ങുന്നതിനു മുൻപ് സർക്കാർ പുതിയ ദേവസ്വം ബോർഡ്
രൂപീകരിച്ചതായി പ്രഖ്യാപിച്ചു. എന്നാൽ ആ ബോർഡിന്റെ നിയമസാധുത സംശയാസ്പദമാണ്.
നിയമപ്രകാരം ബോർഡ് ഒരു
ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ്. ചെയർമാനെയും ഒരംഗത്തെയും മന്ത്രിസഭയിലെ ഹിന്ദുക്കളും
മൂന്നാമത്തെ അംഗത്തെ നിയമസഭയിലെ ഹിന്ദുക്കളുമാണ് തെരഞ്ഞെടുക്കേണ്ടത്. യു.ഡി.എഫ്. നിയമസഭാ
കക്ഷികളിലുള്ളതിനേക്കാൾ ഹിന്ദുക്കൾ എൽ.ഡി.എഫ് കക്ഷികളിലുള്ളതിനാൽ മുന്നാമൻ ആരാകണമെന്ന്
ആ മുന്നണിക്ക് നിശ്ചയിക്കാനാകും. അത് തടയാനുള്ള തന്ത്രങ്ങൾ മെനയാൻ യു.ഡി.എഫ് നേതൃത്വം
കുറെ തല പുകച്ചു. വോട്ടവകാശം ദൈവവിശ്വാസികൾക്കു മാത്രമായി പരിമിതപ്പെടുത്താനും അങ്ങനെ വിശ്വാസികളെന്ന്
പ്രഖ്യാപിക്കാൻ തയ്യാറല്ലാത്ത ഇടതുപക്ഷ എം.എൽ.എമാരെ അയോഗ്യരാക്കാനും പദ്ധതിയുണ്ടാക്കി.
എൽ.ഡി.എഫിനു മാത്രമല്ല പൊതുസമൂഹത്തിനും അത് സ്വീകാര്യമാവില്ലെന്ന് ബോദ്ധ്യമായപ്പോൾ
ആ കുതന്ത്രം ഉപേക്ഷിച്ചു. പക്ഷെ ബോർഡിലെ മൂന്നാം സ്ഥാനം ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.
ഹിന്ദു മന്ത്രിമാർ തെരഞ്ഞെടുത്തവർ രണ്ടു പ്രമുഖ ജാതിസംഘടനകളുടെ നേതാക്കൾ നാമനിർദ്ദേശം
ചെയ്തവരാണ്. എൽ.ഡി.എഫ് സർക്കാർ ബോർഡിൽ സ്ത്രീകൾക്കും ദലിതർക്കും പ്രാതിനിധ്യം ഉറപ്പു
വരുത്തിയിരുന്നു. പുതിയ ബോർഡിൽ ഈ വിഭാഗങ്ങൾക്ക് പ്രാതിനിധ്യം ഉണ്ടാകണമെങ്കിൽ മൂന്നാമത്തെ
അംഗത്തെ നിശ്ചയിക്കാൻ കഴിവുള്ള എൽ.ഡി.എഫിലെ ഹിന്ദു എം.എൽ.എമാർ ഒരു ദലിത് സ്ത്രീയെ തെരഞ്ഞെടുക്കാനുള്ള
സന്മനസ് കാട്ടണം.
ഹൈക്കോടതി നിയമവിധേയമല്ലെന്ന്
കണ്ടെത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്ര സംവിധാനം നിലവിൽ വന്നത് രണ്ട് പതിറ്റാണ്ട് മുമ്പാണ്.
ഭരണഘടനയും നിയമങ്ങളും അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെന്ന് ഉറപ്പുവരുത്താൻ ചുമതലപ്പെട്ട
സർക്കാർ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നതെന്ന് അറിഞ്ഞില്ല. അഥവാ അറിഞ്ഞില്ലെന്ന് നടിച്ചു.
ആ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ച് സംശയം തോന്നിയ ഭക്തൻ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ്
ഇക്കാര്യം പുറത്തുവന്നത്. അമ്പലക്കാര്യങ്ങൾ കോടതി നിരീക്ഷണത്തിലിരിക്കുമ്പോഴും നിയമവ്യവസ്ഥകൾ
ശരിയായി പാലിക്കാതെ മുന്നോട്ടു പോകാൻ അധികൃതർക്ക് കഴിയുന്നുവെന്നത് ആശങ്കക്ക് വക നൽകുന്നു.
അമ്പലഭരണം ചർച്ച ചെയ്യുമ്പോൾ
ഹിന്ദുത്വവാദികൾ ഒരു ചോദ്യം ചോദിക്കാറുണ്ട്: എന്തുകൊണ്ടാണ് മുസ്ലിം ക്രൈസ്തവ പള്ളികളുടെ
കാര്യം ചർച്ച ചെയ്യാത്തത്? വിവരക്കേടിൽ നിന്നാണ് ഈ ചോദ്യം ഉയരുന്നത്. ചർച്ച ചെയ്യപ്പെടുന്ന
അമ്പലങ്ങൾ സ്വാതന്ത്ര്യത്തിനു മുമ്പ് സർക്കാരിന്റെയൊ രാജാക്കന്മാരുടെയൊ നിയന്ത്രണത്തിലായിരുന്നു.
അവരുടെ കീഴിൽ ഏതെങ്കിലും മുസ്ലിം പള്ളിയൊ ക്രൈസ്തവ പള്ളിയൊ ഉണ്ടായിരുന്നില്ല. മൺറോ
എന്ന വെള്ളക്കാരൻ തിരുവിതാംകൂർ ദിവാനായിരുന്ന കാലത്താണ് സർക്കാരിന്റെ വരുമാനം കൂട്ടാൻ
അമ്പലഭരണം ഏറ്റെടുത്തത്. തിരുവിതാംകൂർ, കൊച്ചി സംയോജന കാലത്ത് രണ്ട് സർക്കാരുകളുടെയും
കീഴിലുണ്ടായിരുന്ന അമ്പലങ്ങളുടെ കാര്യങ്ങൾ നോക്കാൻ രാജാക്കന്മാർക്കു കൂടി പ്രാതിനിധ്യമുള്ള
ദേവസ്വം ബോർഡുകളുണ്ടാക്കി. ആ അവസരത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രം രാജകുടുംബത്തിന്റെ
നിയന്ത്രണത്തിലായിരുന്നതുകൊണ്ട് അത് ബോർഡിന്റെ കീഴിൽ വന്നില്ല. മഹാരാജാവ് ഇന്ത്യാ ഗവണ്മെന്റുമായി
ഒപ്പിട്ട ഉടമ്പടി പ്രകാരം അതിന്റെ ഭരണം അദ്ദേഹത്തിൽ തന്നെ നിക്ഷിപ്തമായി. രാജ്യം ഇന്ത്യൻ
യൂണിയനിൽ ലയിച്ചശേഷവും ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മക്ക് തിരുവിതാംകൂർ മഹാരാജാവ്
എന്ന പദവിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കാലശേഷം കുടുംബഭരണം ഏറ്റെടുത്ത മാർത്താണ്ഡവർമ്മക്ക്
ആ പദവി ഇല്ലാത്തതുകൊണ്ട് അമ്പലത്തിന്റെ ഭരണം ഏറ്റെടുക്കാൻ അവകാശമുണ്ടായിരുന്നില്ലെന്നും
അതോടെ അമ്പലത്തിന്റെ ഭരണച്ചുമതല സർക്കാരിൽ നിക്ഷിപ്തമായെന്നുമാണ് ഹൈക്കോടതി കണ്ടെത്തിയത്.
മതനിരപേക്ഷ സർക്കാരിന് അമ്പലം ഭരിക്കാനാവാത്തതുകൊണ്ട് നിയമം മൂലം ട്രസ്റ്റോ മറ്റെന്തെകിലും
സംവിധാനമൊ ഉണ്ടാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹൈക്കോടതിവിധി സുപ്രീം കോടതി റദ്ദാക്കുകയൊ
സ്റ്റേ ചെയ്യുകയൊ ചെയ്തിട്ടില്ല. പക്ഷെ മാർത്താണ്ഡവർമ്മയെ കൂടാതെ മുൻരാജകുടുംബത്തിലെ
ഒരു ഇളംമുറക്കാരനെ കൂടി അമ്പലഭരണത്തിൽ കൊണ്ടുവരാനാണ് സുപ്രീം കോടതി നിയോഗിച്ച അമിക്കസ്
ക്യൂറിയുടെ ശ്രമം.
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
മുൻരാജകുടുംബത്തിന്റെ കീഴിൽ തുടരുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം
ഹിന്ദുക്കൾ തിരുവിതാംകൂർ പ്രദേശത്തുണ്ടെന്ന് പൊതുവേദികളിലെ അഭിപ്രായപ്രകടനങ്ങൾ സൂചിപ്പിക്കുന്നു.
അവരെ നയിക്കുന്നത് രണ്ട് വികാരങ്ങളാണ്. ഒന്ന്
ഫ്യൂഡൽ രാജഭക്തി. മറ്റേത് രാഷ്രീയ കക്ഷികളിലുള്ള വിശ്വാസക്കുറവ്. രണ്ടും ജനാധിപത്യവ്യവസ്ഥക്ക്
നിരക്കുന്നതല്ല.
തിരുവിതാംകൂർ രാജകുടുംബത്തിന്
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേൽ ജന്മാവകാശമുണ്ടെന്ന് കരുതുന്നവർ ഒരു കാര്യം ഓർക്കണം.
തിരുവിതാംകൂർ സംസ്ഥാനമുണ്ടായത് പതിനെട്ടാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനെ വേണാടിന്റെ
തുടർച്ചയായി കാണുകയാണെങ്കിൽ തന്നെയും ഒൻപതാം നൂറ്റാണ്ടിനപ്പുറം പോകാനുള്ള രേഖകളൊന്നുമില്ല.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രമാകട്ടെ അതിനേക്കാൾ പിന്നിലേക്ക് പോക്കുന്നു. തിരുവിതാംകൂർ സ്ഥാപകനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
അമ്പലം ഭരിച്ച പോറ്റിയെ പുറത്താക്കുകയും എട്ട് നായർ പ്രമാണിമാരെ കൊന്നശേഷം ആ കുടുംബങ്ങളിലെ
പെണ്ണുങ്ങളെ മുക്കുവന്മാർക്ക് കൊടുത്തതും ഹൈക്കോടതിവിധിയിൽ പരാമർശിക്കപ്പെടുന്നുണ്ട്.
രാഷ്ട്രീയാധികാരത്തിന്റെ ബലത്തിലാണ് തിരുവിതാംകൂർ രാജകുടുംബം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുമേലും
പന്തളം രാജകുടുംബം ശബരിമല ക്ഷേത്രത്തിനുമേലും സാമൂതിരി കുടുംബം ഗുരുവായൂർ അമ്പലത്തിനുമേലും
ആധിപത്യം നേടിയത്.
രാഷ്ട്രീയ കക്ഷികളുടെ ഇടപെടൽ ഭയക്കുന്നവർ ജനാധിപത്യത്തെ കുറിച്ച് വേണ്ടത്ര ബോധമില്ലാത്തവരാണ്. രാഷ്ട്രീയകക്ഷികളിലൂടെയല്ലാതെ ജനാധിപത്യ ഭരണക്രമം മൂന്നോട്ടുകൊണ്ടുപോകാനാവില്ല. അവയെ ഒഴിവാക്കാനായി കാലഹരണപ്പെട്ട ഫ്യൂഡൽ വ്യവസ്ഥയിലേക്ക് തിരിച്ചുപോകാനാവില്ല. അതേസമയം രാഷ്ട്രീയ സ്വാധീനമുള്ള സംവിധാനത്തിൻ കീഴിൽ ക്ഷേത്രത്തിന്റെ വമ്പിച്ച സ്വത്ത് ഭദ്രമായിരിക്കുമോ എന്ന സംശയത്തെ അവഗണിക്കാനാവില്ല. വിപുലമായ ചർച്ചകളിലൂടെ ജനങ്ങൾക്ക്, പ്രത്യേകിച്ച് അമ്പലങ്ങളെ നിലനിർത്തുന്ന ഭക്തജനങ്ങൾക്ക്, സ്വീകാര്യമായ ഒരാധുനിക സംവിധാനം എത്രയും വേഗം സ്ഥാപിക്കാനാണ് എല്ലാവരും ശ്രമിക്കേണ്ടത്.
1 comment:
നല്ല ലേഖനം സമാനമായ ഒരു പുണ്യാളന്റെ ഒരു ആദ്യ കാല ലേഖനം
പത്മനാഭന്റെ ഉള്ളറ രഹസ്യത്തിലെയ്ക്ക്
Post a Comment