പി.ജി.
“നമുക്കെന്തിനാണ് വായിക്കുന്നവർ, ചിന്തിക്കുന്നവർ! ലാൽ സലാം
പിജി” ഇന്ന് വെളുപ്പിന് സിവിക് ചന്ദ്രനിൽ നിന്ന് ലഭിച്ച ഈ സന്ദേശത്തിലൂടെയാണ്
പി.ഗോവിന്ദപ്പിള്ളയുടെ വിയോഗത്തെ കുറിച്ച് അറിഞ്ഞത്.
കഴിഞ്ഞ ഏതാനും വർഷക്കാലത്ത് വിജ്ഞാനപ്രദങ്ങളായ നിരവധി
പുസ്തകങ്ങളാണ് പിജി നമുക്ക് തന്നത്. വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങൾ
ഒന്നിനു പിറകെ ഒന്നായി പുറത്തു വരുന്നത് അത്ഭുതത്തോടയാണ് ഞാൻ കണ്ടത്. ഇനിയും
ധാരാളം അറിവ് പകർന്നു തരാൻ അദ്ദേഹത്തിനുണ്ടെന്നും ആർക്കുവേണ്ടിയും കാത്തുനിൽക്കാത്ത
സമയവുമായി മത്സര ഓട്ടത്തിലാണ് അദ്ദേഹമെന്നും വ്യക്തമായിരുന്നു. ഒരു ജന്മനാളിൽ ആശംസ
അറിയിക്കാൻ ചെന്നപ്പോൾ അതിനായി അദ്ദേഹം എത്രമാത്രം ക്ലേശം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലായി.
പതിവുപോലെ പിറന്നാളിനും അദ്ദേഹം എ.കെ.ജി. ഭവനിലെ മുറിയിലെത്തി വായനയിലും
എഴുത്തിലും മുഴുകി. നല്ല പ്രകാശമുള്ള മേശവിളക്കിനരികിലാണ് ഇരിപ്പ്. കട്ടിയുള്ള
കണ്ണട ധരിച്ചിട്ടുണ്ട്. പക്ഷെ ഭൂതക്കണ്ണാടി (മാഗ്‌നിഫയിങ് ഗ്ലാസ്) കൂടി ഉണ്ടായാലെ
അച്ചടിച്ചതുപോലും വായിക്കാനാവൂ.
കക്ഷിരാഷ്ട്രീയം ജീവിതത്തിന്റെ നല്ല പങ്ക് അപഹരിച്ചിരുന്നില്ലെങ്കിൽ
നാനാവിഷയങ്ങളിലുള്ള പിജിയിൽ നിന്ന് എത്രയോ അധികം കൃതികൾ എത്രയൊ നേരത്തെ ലഭിക്കുമായിരുന്നല്ലൊ എന്ന
ഞാൻ ചിന്തിച്ചുപോയി. പാർട്ടി നേതൃത്വത്തിന്റെ അതൃപ്തിയെ തുടർന്ന് ഇ.എം.എസ്.
സമ്പൂർണ്ണകൃതികളുടെ എഡിറ്റിങ് ഉൾപ്പെടെ എല്ലാ ചുമതലകളിൽ നിന്നും ഒഴിവായത് വിശാലസമൂഹത്തിന്
കൂടുതൽ പ്രയോജനപ്രദമായ ബൌദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അദ്ദേഹത്തെ സഹായിച്ചു. പാർട്ടിയുടെ
ശിക്ഷാനടപടി നാടിന് ഗുണകരമായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചിരിച്ചു. അദ്ദേഹത്തിന്റെ ചിരിയിൽ
ആത്മാർത്ഥത എപ്പോഴും പ്രകടമായിരുന്നു.
വ്യത്യസ്തമേഖലകളിൽ വികസിച്ചുകൊണ്ടിരുന്ന പുതിയ അറിവുകൾ
മനസിലാക്കുകയും അവ മലയാളി സമൂഹത്തിന് പകർന്നു നൽകുകയുമാണ് പിജി അവസാനകാലത്ത്
ചെയ്തത്. ഒരർത്ഥത്തിൽ ഒരു സർവകലാശാല ചെയ്യേണ്ടത് ഒറ്റക്ക് ചെയ്യുകയായിരുന്നു
അദ്ദേഹം. നമ്മുടെ സർവകലാശാലകൾ കർത്തവ്യം ഫലപ്രദമായി നിർവഹിക്കുന്നില്ലെന്നത് ഓർക്കുമ്പോൾ
അദ്ദേഹത്തിന്റെ കഠിനയജ്ഞത്തിന്റെ പ്രാധാന്യം വ്യക്തമാകും. കേരളത്തിലെ കലുഷിതമായ
കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമാകാതെ ഒരു സർവകലാശാലാ പ്രഫസ്സറായിരുന്നെങ്കിൽ പാർട്ടി
സൈദ്ധാന്തികനെന്നതിനപ്പുറം നിരവധി തലമുറകളുടെ ചിന്തയെ സ്വാധീനിച്ച ധിഷണാശാലിയായി പിജി
രൂപാന്തരപ്പെടുമായിരുന്നെന്നാണ് എന്റെ വിശ്വാസം.
ദീർഘകാലം പുറത്തായിരുന്ന ഞാൻ കേരളത്തിൽ ഒരു
പൊതുവേദിയിൽ ആദ്യമായി പങ്കെടുത്തത് പിജിയുമൊത്താണ്.
സോവിയറ്റ് യൂണിയനിലെയും കിഴക്കൻ യൂറോപ്പിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ നിലംപൊത്തുന്ന
സമയത്ത് ഡെക്കാൻ ഹെറാൾഡിനു വേണ്ടി ഞാൻ ആ രാജ്യങ്ങളിൽ ഒരു മാസം
ചെലവഴിക്കുകയുണ്ടായി. മടക്കയാത്രയിൽ ഡൽഹിയിൽ കെ.പി.ഉണ്ണികൃഷ്ണനെ സന്ദർശിച്ചപ്പോൾ അദ്ദേഹം
അക്കൊല്ലത്തെ സി.കെ. ഗോവിന്ദൻ നായർ അനുസ്മരണ പ്രഭാഷണം നടത്താൻ ആളെ
അന്വേഷിക്കുകയായിരുന്നു. കിഴക്കൻ യൂറോപ്പിലെ മാറ്റങ്ങളെ കുറിച്ച് സംസാരിക്കാനുള്ള
അദ്ദേഹത്തിന്റെ ക്ഷണം ഞാൻ സ്വീകരിച്ചു. കോട്ടയത്തായിരുന്നു പരിപാടി. എന്നെ കൂടാതെ സംസാരിക്കാനുണ്ടായിരുന്നത്
പിജി മാത്രം. അദ്ദേഹം സംസാരിക്കുന്നതാകട്ടെ എനിക്കു ശേഷവും. എന്റെ നിരീക്ഷണങ്ങളോട്
അദ്ദേഹം കർക്കശമായി പ്രതികരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ അദ്ദേഹം ഞാൻ നിരത്തിയ വസ്തുതകളെ നിഷേധിക്കാനൊ
അവഗണിക്കാനൊ ശ്രമിച്ചില്ല. കിഴക്കെ യൂറോപ്പിലെ സംഭവവികാസങ്ങളെ കുറിച്ച് ഞാൻ
പറഞ്ഞതെല്ലാം സ്വീകാര്യമാണെന്നും എന്നാൽ അതിനോടൊപ്പം ലോകത്തിന്റെ ഇതരഭാഗങ്ങളിൽ
നടക്കുന്ന മാറ്റങ്ങളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേപാളിലും ഇറ്റലിയിലെ
ഒരു നഗരത്തിലും ആയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ
നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും തെക്കെ അമേരിക്കയിലും ഇടതു പ്രസ്ഥാനങ്ങൾ
വളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിശ്വാസവും
സത്യവും തമ്മിൽ ഒരിക്കലും പൊരുത്തക്കേടുണ്ടായിരുന്നില്ല.
2 comments:
പ്രണാമം.
ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം
Post a Comment