Saturday, November 3, 2012

ഭൂമാഫിയ ഭരണത്തിൽ പിടിമുറുക്കുമ്പോൾ

ബി.ആർ.പി. ഭാസ്കർ

വിശാലമായ പാടശേഖരത്തിന്റെ നടുവിൽ നിന്നുകൊണ്ട് വയോവൃദ്ധനായ കർഷകൻ ‘ഇവന്മാർക്ക് ഇതൊന്നും വേണ്ടേ‘ എന്ന് ചോദിക്കുന്ന രംഗത്തോടെയാണ് തകഴിയുടെ കയർ അവസാനിക്കുന്നത്. അയാളുടെ മക്കളും ചെറുമക്കളുമൊക്കെ വിദൂര നഗരങ്ങളിലാണ്. കൃഷിയിൽ താല്പര്യമില്ലാത്ത തലമുറകളുടെ ആവിർഭാവം മുൻ‌കൂട്ടി കണ്ടുകൊണ്ടാണാണ് കുട്ടനാടിന്റെ ഇതിഹാസകാരൻ അതെഴുതിയത്. ഭൂമാഫിയ പാടങ്ങൾ കയ്യടക്കി വിനോദസഞ്ചാര സമുച്ചയങ്ങളും വിമാനത്താവളങ്ങളും നിർമ്മിക്കുന്ന കാലം ആ നോവൽ എഴുതുന്ന കാലത്ത് തകഴിക്കു വിഭാവനം ചെയ്യാനായില്ല.

കേരളം വളരെക്കാലം ഒരു കാർഷിക സമൂഹമായിരുന്നു. പല ആധുനിക സമൂഹങ്ങളെയും പോലെ നാം കാർഷികയുഗത്തിൽ നിന്ന് വ്യവസായികയുഗത്തിലേക്ക് നീങ്ങിയില്ല. എന്നാൽ അവരോടൊപ്പം നാം സേവനമേഖലക്ക് പ്രാമുഖ്യമുള്ള വ്യാവസായികോത്തര യുഗത്തിൽ പ്രദേശിച്ചു കഴിഞ്ഞു. മറ്റ് സമൂഹങ്ങൾ കൃഷിയിൽ നിന്ന് വ്യവസായത്തിലേക്കും അവിടെ നിന്ന് സേവനമേഖലയിലേക്കും നീങ്ങിയപ്പോൾ കാർഷിക വ്യാവസായിക ഉത്പാദനങ്ങളിൽ കുറവുണ്ടായില്ല. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ എണ്ണം കുറഞ്ഞെങ്കിലും പുതിയ രീതികൾ സ്വീകരിച്ചു കൊണ്ട് ഉല്പാദനം വർദ്ധിപ്പിക്കാൻ അവർക്കായി. എന്നാൽ  കേരളത്തിൽ കൃഷിഭൂമി തുടർച്ചയായി ചുരുങ്ങുകയും ഉത്പാദനം കുറയുകയുമാണുണ്ടായത്. ആ പ്രക്രിയ ഇപ്പോഴും തുടരുന്നു.

കേരളെത്തെ പച്ച വില്ലീസ് പട്ട് പുതപ്പിച്ച നെൽ‌പാടങ്ങളെ സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഇങ്ങനെ: നിലവിലുള്ള ഭൂവിനിമയ നിയമം പാസായ 1967ൽ 820,000 ഹെക്ടറിൽ നെൽ‌കൃഷി ഉണ്ടായിരുന്നു. അത് 1986ൽ 678,000 ഹെക്ടറായും  2005ൽ 290,000 ഹെക്ടറായും 2010ൽ 212,000 ഹെക്ടറായും കുറഞ്ഞു. ഭൂപരിഷ്കരണം നടത്തിയിട്ടും കൃഷി ക്ഷയിച്ച മറ്റൊരു പ്രദേശം ലോകത്ത് എവിടെയുമുണ്ടെന്ന് തോന്നുന്നില്ല. എൽ.ഡി.എഫ്. സർക്കാർ 2008ൽ നെൽകൃഷി സംരക്ഷണത്തിന് പ്രത്യേക നിയമമുണ്ടാക്കി. പക്ഷെ നെൽ‌പാടങ്ങൾ ഇപ്പോഴും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഭൂവിനിയോഗ നിയമം ഭേദഗതി ചെയ്ത് നെൽപാടങ്ങൾ വ്യാപകമായി നികത്താൻ സാഹചര്യം ഒരുക്കാനുള്ള നീക്കത്തെ ആശങ്കയോടെ മാത്രമെ കാണാനാകൂ. ഭൂമാഫിയ ഭരണത്തിൽ പിടി മുറുക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

സാധാരണഗതിയിൽ ഭൂവിനിയോഗം സംബന്ധിച്ച നിയമങ്ങൾ തയ്യാറാക്കുന്നത് റവന്യു വകുപ്പാണ്. മന്ത്രിസഭ കരട് അംഗീകരിച്ചശേഷം വകുപ്പ് മന്ത്രി അത് നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കുന്നു. വർഷത്തിൽ ഒരു തവണ മാത്രം കൃഷിയിറക്കുന്ന പാടങ്ങൾ മറ്റ് ആവശ്യങ്ങൾക്ക് നൽകാൻ അനുവദിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ ഉത്ഭവിച്ചത് നിയമവകുപ്പിലാണ്. അതാകട്ടെ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ രണ്ടാം വർഷത്തിലും. പിന്നെയും നാല് കൊല്ലം അധികാരത്തിൽ തുടർന്ന ആ സർക്കാരിന് അതുമായി മുന്നോട്ടുപോകാനായില്ല. തുടർന്നു വന്ന എൽ.ഡി.എഫ്. സർക്കാർ അതേറ്റെടുക്കാൻ തയ്യാറായില്ല. പകരം അത് നെൽ‌പാടങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നു. വീണ്ടും അധികാരത്തിലെത്തിയപ്പോൾ യു.ഡി.എഫ് പഴയ കരട് പൊടിതട്ടി പുറത്തെടുത്തു.
സാഹചര്യങ്ങൾ ഇപ്പോൾ കൂടുതൽ അനുകൂലമാണെന്ന കണക്കുകൂട്ടലാകണം നേരത്തെ ഉപേക്ഷിച്ച നിയമനിർമ്മാണശ്രമം വീണ്ടും തുടങ്ങാൻ സർക്കാരിന് ധൈര്യം നൽകിയത്. ‘എമർജിങ് കേരള’ മാമാങ്കത്തിനു മുമ്പു തന്നെ അതിനുള്ള കളമൊരുക്കൽ തുടങ്ങിയിരുന്നു. പ്ലാനിങ് കമ്മിഷൻ ഉപാദ്ധ്യക്ഷൻ മൊണ്ടേക്ക് സിങ് അലുവാലിയ ഉൾപ്പെടെ പലരുടെയും സഹായം സർക്കാരിന് ലഭിച്ചു. പക്ഷെ കാര്യങ്ങൾ സർക്കാർ കരുതിയതുപോലെയല്ല നീങ്ങുന്നത്. നെൽ‌പാടങ്ങൾ സംരക്ഷിക്കുമെന്ന് പരസ്യമായി ആവർത്തിക്കാൻ മുഖ്യമന്ത്രി നിർബന്ധിതനായിരിക്കുന്നു. റവന്യു മന്ത്രിയും ഏതാനും കോൺഗ്രസ് സാമാജികരും കരട് നിയമത്തിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്തിരിക്കുന്നു.

റവന്യു മന്ത്രിയുടെ നിലപാടിനോട് പരിഹാസത്തൊടെയാണ് നിയമമന്ത്രി പ്രതികരിച്ചത്. അദ്ദേഹം ബില്ലിനെ കാണുന്നത്  കുരുടൻ ആനയെ കണ്ടതുപോലെയാണെന്നത്രെ. ഉപമ അനുചിതമാണെന്ന് പറയാനാവില്ല. പക്ഷെ കഥയിൽ ആനയെ കണ്ടത് ഒരു കുരുടൻ മാത്രമായിരുന്നില്ല, ആറു പേരായിരുന്നു. ഇവിടെയും പലരും ഭൂപ്രശ്നത്തിന്റെ ഓരോരോ ഭാഗം മാത്രം കണ്ടുകൊണ്ട് അതിന്റെ രൂപം നിർണ്ണയിച്ചുകൊണ്ടിരിക്കുകയാണ്.    

എല്ലാ സർക്കാരുകളുടെ കാലത്തും നെൽകൃഷി ചുരുങ്ങിയതായി കണക്കുകളിൽ നിന്ന് കാണാം. അപ്പോൾ അതിന്റെ ഉത്തരവാദിത്വം ഏതെങ്കിലും ഒരു സംവിധാനത്തിന്റെ മേൽ കെട്ടിവെക്കുന്നത് ശരിയല്ല. രാഷ്ട്രീയ കക്ഷികളുടെ പ്രഖ്യാപിത സമീപനങ്ങളെ അപ്രസക്തമാക്കുകയും കണക്കുകൂട്ടലുകളെ തെറ്റിക്കുകയും ചെയ്യുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കുന്നതിൽ എല്ലാവരും പരാജയപ്പെടുകയാണ്. രാഷ്ട്രീയ വടംവലികളിൽ‌പെട്ട് ഏറെക്കാലം വൈകിയ ഭൂപരിഷ്കരണം യാഥാർത്ഥ്യമായപ്പൊഴേക്കും കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരുന്നവരുടെ കണ്ണിൽ കൃഷി ആകർഷകമായ മേഖല അല്ലാതായിക്കഴിഞ്ഞിരുന്നു. ഭൂവുടമകളായി മാറിയ ഇടനിലക്കാർ പാടങ്ങളെ കണ്ടത് ഭക്ഷ്യോത്പാദനത്തിനുള്ള ഉപാധിയായല്ല, കുടുംബത്തിന്റെ ഭാവി ഭദ്രമാക്കാൻ ഉപയോഗിക്കാവുന്ന ആസ്തിയായാണ്. അവർ ഭൂമി വിൽക്കുകയൊ നാണ്യ വിളകളിലേക്ക് നീങ്ങുകയോ ചെയ്തു. വർദ്ധിച്ച കൂലി കൃഷി ലാഭകരമായി നടത്താനാകാത്ത സാഹചര്യം സൃഷ്ടിച്ചു. വലിയ കൂലി കൊടുത്താലും പണിയെടുക്കാൻ ആളെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടായി. ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ നിയമത്തിന്റെ ബലത്തിൽ കൃഷി എങ്ങനെ നിലനിർത്താനാകും?

നെൽ‌പാടങ്ങളുടെ വിസ്തൃതിയിൽ 388,000 ഹെക്ടറിന്റെ കുറവുണ്ടായ 1985-2005 കാലത്ത് തെങ്ങു കൃഷിയിടങ്ങളിൽ 200,000 ഹെക്ടറിന്റെ വർദ്ധനവുണ്ടായി. നെൽകൃഷി തുടരാൻ കഴിയാഞ്ഞ ചിലരെങ്കിലും ആ ഘട്ടത്തിൽ തേങ്ങയിലേക്ക് നീങ്ങിയതായി അനുമാനിക്കാം. തേങ്ങയുടെ വില ഇടിഞ്ഞതിനാൽ ഇപ്പോൾ പലരും തെങ്ങ് വെട്ടിമാറ്റുന്നതായി റിപ്പോർട്ടുണ്ട്. സാഹചര്യങ്ങൾ എത്ര പ്രതികൂലമായാലും കേരളത്തിന് രണ്ട് കാരണങ്ങളാൽ കുറഞ്ഞ തോതിലെങ്കിലും നെൽകൃഷി നിലനിർത്തിയേ മതിയാകൂ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ അത് ആവശ്യമാണെന്നതാണ് ഇതിലൊന്ന്. നമ്മുടെ സവിശേഷമായ ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ പാടങ്ങൾക്കും തണ്ണീർതടങ്ങൾക്കും വലിയ പങ്കുണ്ടെന്നതാണ് മറ്റൊന്ന്. ശീതീകരിച്ച മുറിയിലിരുന്ന് കൃഷി സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് ഇത് മനസിലാക്കാനായില്ലെന്ന് വരാം. എന്നാൽ ജനപ്രതിനിധികൾ അത് വിസ്മരിക്കാൻ പാടില്ല. ആ ആവാസവ്യവസ്ഥ നശിച്ചാലും വിനോദസഞ്ചാരത്തിന്റെയും മറ്റ് സേവന വ്യവസായങ്ങളുടെയും സഹായത്തോടെ കേരളത്തിന് നിലനിൽക്കാനാകുമെന്ന് കരുതുന്നത് മൌഢ്യമാണ്.

കൃഷി നിലനിൽക്കണമെങ്കിൽ അത് ആദായകരമാകണം. കൃഷിയിൽ താല്പര്യമുള്ള കർഷക തൊഴിലാളികൾക്ക് ഭൂമി നൽകിയാൽ അത് അവർക്കും നാടിനും ഗുണകരമാകുമെന്ന് ചെങ്ങറ സമരത്തെ തുടർന്ന് ഭൂമി ലഭിച്ചവർ ചുരുങ്ങിയ കാലയളവിൽ തന്നെ തെളിയിച്ചു കഴിഞ്ഞു. പക്ഷെ ഭൂമി കൊടുത്തതുകൊണ്ടു മാത്രം സർക്കാരിന്റെ ചുമതല പൂർത്തിയാകുന്നില്ല. നഷ്ടം സഹിച്ചും കർഷകർ ആ മേഖലയിൽ തുടരണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ല. വികസിത രാജ്യങ്ങളെല്ലാം കർഷകർക്ക് നേരിട്ട് ധനസഹായം നൽകുന്നുണ്ട്. അമേരിക്ക ഓരോ കൊല്ലവും ഈയിനത്തിൽ 2,000 കോടി ഡോളർ ചെലവിടുന്നു. യൂറോപ്യൻ യൂണിയൻ 5,031 കോടി ഡോളറും . മറ്റ് കാര്യങ്ങളിൽ പാശ്ചാത്യ മാതൃകകൾ സ്വീകരിക്കുന്ന നമ്മുടെ ആസൂത്രകർക്ക് ഇതെന്തേ മനസിലാകാത്തത്?

2 comments:

oilman said...

ഏറെ പ്രസക്തമായ കാര്യങ്ങളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.നെല്‍വയല്‍നീര്‍ത്തടസംരക്ഷണ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന,മന്ത്രിസഭയില്‍വരെ വേരുകളുള്ള ഭുമാഫിയയും അതിന്‌ ഒത്താശചെയുന്നയുഡിഎഫ്‌ ഭരണനേതൃതവുമാണ് ഈ ദുസ്ഥിതിക്ക് ഒന്നാമത്തെ കാരണക്കാര്‍.ഈ കാര്യത്തില്‍ ഒരു സാമാന്യവല്‍ക്കരണം ഒരിക്കലും ഉചിതമല്ല.നിയമം കൊണ്ടുവന്നവരും അതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള സമീപനങ്ങളിലെ വ്യത്യാസം തീര്‍ച്ചയായും പ്രകടമാണ്,ചൂണ്ടിക്കാണിക്കെണ്ടാതാണ്

ഇലക്ട്രോണിക്സ് കേരളം said...

ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം