ബി.ആർ.പി.ഭാസ്കർ
തമിഴ്നാടിന്റെ തെക്കൻ തീരത്ത് മത്സ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്ന ജനങ്ങൾ കൂടംകുളത്ത് ആണവനിലയം സ്ഥാപിക്കുന്നതിനെതിരെ സമരം തുടങ്ങിയത് അത് അവരുടെ ജീവനും ഉപജീവനമാർഗ്ഗത്തിനും ഭീഷണിയാകുമെന്ന ഭയം മൂലമാണ്. ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിനുമേൽ ആഞ്ഞടിച്ച രാക്ഷസത്തിരകൾ അവരുടെ ആശങ്ക അസ്ഥാനത്തല്ലെന്ന് വ്യക്തമാക്കി. ഇന്ത്യയിൽ ആണവസുരക്ഷയെ ഒരു പ്രധാനപ്രശ്നമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ അവർ വിജയിച്ചിരിക്കുന്നു. ഒരുപടി കൂടി മുന്നോട്ടു പോയി നമുക്ക് ആണവ പദ്ധതികൾ ആവശ്യമുണ്ടോ എന്ന ചോദ്യം ഉന്നയിക്കേണ്ട കാലമായി.
രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യഘട്ടത്തിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി എന്നീ നഗരങ്ങളിൽ അണുബോംബുകളിട്ടതോടെയാണ് ആണവയുഗം പിറന്നത്. ബർമ്മവരെ പിടിച്ചെടുത്ത ജപ്പാൻ പിൻവാങ്ങാൻ നിർബന്ധിതമായ സാഹചര്യത്തിൽ അണുബോംബുകളില്ലാതെ തന്നെ അതിന്റെ തോൽവി ഉറപ്പാക്കാമായിരുന്നു. എന്നാൽ ജപ്പാന്റെ നിയന്ത്രണത്തിലുള്ള മഞ്ചൂറിയയിൽ പരിശീലനം കഴിഞ്ഞ ഒരു വലിയ സൈന്യമുണ്ടായിരുന്നു. അവരെ പോർമുഖത്തെത്തിച്ചാൽ ജപ്പാന് ഒരു കൊല്ലം കൂടി പിടിച്ചു നിൽക്കാനാകും. അപ്പോൾ കൂടുതൽ അമേരിക്കക്കാർ കൊല്ലപ്പെടും. ഉണ്ടാക്കിയ രണ്ട് അണുബോംബുകളും ഉപയോഗിച്ച് കുറെയേറെ ജപ്പാൻകാരെ കൊന്നാൽ അവർ ഉടൻ അടിയറവ് പറയുമെന്നും കൂടുതൽ അമേരിക്കക്കാരുടെ മരണം ഒഴിവാക്കാൻ കഴിയുമെന്നും അമേരിക്കൻ ഭരണകൂടം കണക്കുകൂട്ടി. യുദ്ധകാല സാഹചര്യങ്ങളിൽ സ്വന്തം ഭാഗത്തെ ജീവനാശം കുറക്കാൻ ശ്രമിച്ചതിനെ ഒരു അപരാധമായി കാണേണ്ടതില്ല. “നിങ്ങൾ ചെയ്തത് മോശമായിപ്പോയി, പക്ഷെ ഞങ്ങളുടെ കൈയിൽ ഈ ബോംബുകൾ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളും അതു തന്നെ ചെയ്യുമായിരുന്നു“ എന്നാണ് അമേരിക്കൻ ജനറൽ ഡഗ്ലസ് മക്കാർതർക്ക് മുന്നിൽ കീഴടങ്ങിയ ജപ്പാൻ സേനാനായകൻ അദ്ദേഹത്തോട് പറഞ്ഞത്.
പരമാണുവിൽ കുടിയിരിക്കുന്ന ഊർജ്ജത്തെ യുദ്ധാവശ്യങ്ങൾക്കു മാത്രമല്ല സമാധാനപരമായ ആവശ്യങ്ങൾക്കും ഉപയോഗിക്കാനാകുമെന്നും ഈ സാങ്കേതികവിദ്യയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രമുഖ ആണവശാസ്ത്രജ്ഞന്മാർക്കൊപ്പം കേംബ്രിഡ്ജിൽ പ്രവർത്തിച്ച ഹോമി ജെ. ഭാഭ ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആശയം അംഗീകരിച്ച ടാറ്റാ ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് സ്ഥാപിച്ചു. സ്വാതന്ത്ര്യം നേടിയ ഉടൻ ജവഹർലാൽ നെഹ്രു ഭാഭയുടെ നേതൃത്വത്തിൽ അറ്റോമിക് എനർജി കമ്മിഷൻ രൂപീകരിച്ചു. ആണവോർജ്ജവമാണ് ഏറ്റവും ചെലവ് കുറഞ്ഞതെന്നും അതിന്റെ സഹായത്തോടെ വലിയ കുതിപ്പുണ്ടാക്കാനാകുമെന്നും ഭാ
എണ്ണ ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങളുടെമേൽ ആധിപത്യം ഉണ്ടായിരുന്നതുകൊണ്ട് ശാസ്ത്രരംഗത്തെ മുൻനിര രാജ്യങ്ങൾ അടുത്തകാലം വരെ പുതിയ ഊർജ്ജസ്രോതസുകൾ തേടുന്നതിൽ താല്പര്യം കാട്ടിയിരുന്നില്ല. സൂര്യതാപത്തിൽ നിന്ന് ഊർജ്ജം ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കപ്പെട്ടെങ്കിലും കുറച്ചു സൂര്യപ്രകാശം മാത്രം കിട്ടുന്ന യൂറോപ്യൻ രാജ്യങ്ങൾ അതിനു പ്രാധാന്യം കല്പിച്ചില്ല. ഏറെ സ്ഥലം ആവശ്യമായതുകൊണ്ടും ചെലവ് കൂടുതലായതുകൊണ്ടും സൌരൊർജ്ജത്തിന്റെ ഉപയോഗം പരിമിതമായി തുടർന്നു. പാരിസ്ഥിതിക പ്രശ്നങ്ങൾ ജലവൈദ്യുതി പദ്ധതികൾക്ക് തടസമാവുകയും ചെർണോബിലിലെ അപകടം ആണവ പദ്ധതികൾ പുന:പരിശോധിക്കാൻ നിർബന്ധിക്കുകയും ചെയ്തപ്പോഴാണ് കാറ്റിനെയും സൂര്യതാപത്തെയും കൂടുതലായി ആശ്രയിക്കാൻ പല രാജ്യങ്ങളും തയ്യാറായത്. സൌരോർജ്ജം കുറഞ്ഞ ചെലവിൽ ഉത്പാദിപ്പിക്കാനുള്ള ഗവേഷണങ്ങൾ പലയിടങ്ങളിലും ഇപ്പോൾ നടക്കുകയാണ്.
ഇന്ത്യയിൽ 20 ആണവാലയങ്ങളുണ്ട്. ആദ്യ റിയാക്ടറുകൾ സ്വാഭാവിക കാലാവധി പിന്നിട്ടതിനാൽ അടച്ചുപൂട്ടേണ്ട കാലമടുത്തു . ഈ സാഹചര്യത്തിലാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ 20 പുതിയ ആണവ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മൊത്തം ഊർജ്ജാവശ്യത്തിന്റെ 25 ശതമാനത്തിന് ആണവാലയങ്ങളെ ആശ്രയിച്ചിരുന്ന ജർമ്മനി 2000ൽ സൂര്യനെയും കാറ്റിനെയും കൂടുതലായി ആശ്രയിക്കാൻ തീരുമാനിച്ചു. അന്ന് സൌരോർജ്ജം ആറ് ശതമാനം മാത്രമായിരുന്നു. പന്ത്രണ്ടു കൊല്ലത്തിൽ അത് 25 ശതമാനമായി അവർ ഉയർത്തിക്കഴിഞ്ഞു. അത് 2020ഓടെ 35 ശതമാനമായും, 2030ഓടെ 50 ശതമാനമായും 2040ഓടെ 65 ശതമാനമായും 2050ഓടെ 80 ശതമാനമായും ഉയർത്താൻ ജർമ്മനി നിയമം വഴി വ്യവസ്ഥചെയ്തിട്ടുമുണ്ട്. ഇന്ത്യയോളം സൂര്യപ്രകാശം ലഭിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. നമ്മുടെ സർക്കാരും സർക്കാർ ശാസ്ത്രജ്ഞന്മാരും ആണവ പരിപാടികൾ ഉപേക്ഷിച്ച് അതിനെ ആശ്രയിക്കാൻ മടിക്കുന്നത് അണുബോംബിലുള്ള അമിത താല്പര്യം കൊണ്ടാണ്. ആണവ റിയാക്ടറിൽ നിന്ന് വൈദ്യുതി ഉത്പാദനത്തിനു ശേഷം കിട്ടുന്ന പ്ലൂട്ടോണിയം ബോംബുണ്ടാക്കാൻ ആവശ്യമാണ്.
ആണവോർജ്ജം വേണമോ എന്നതു കൂടാതെ ആണവായുധങ്ങൾ വേണമോ എന്ന ചോദ്യം കൂടി ഇവിടെ ഉയർത്തേണ്ടതുണ്ട്. . പ്രധാനമായും പാകിസ്ഥാനും ചൈനയുമായുള്ള ബന്ധത്തിന്റെ വെളിച്ചത്തിലാണ് നമ്മുടെ ഭരണാധികാരികൾ ൾ ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ഒരു ‘ഹിന്ദു ബോംബ്’ സംഘപരിവാറിന്റെ മോഹമായിരുന്നു. അധികാരമേറ്റ് ദിവസങ്ങൾക്കുള്ളിൽ ബോംബ് പൊട്ടിച്ച് വാജ്പേയ് അത് സാക്ഷാത്കരിച്ചു. വൈകാതെ തന്നെ പാകിസ്ഥാനും പൊട്ടിച്ചു. അതോടെ ഹിന്ദു ബോംബിൽ നിന്ന് വാജ്പേയ് സർക്കാർ പ്രതീക്ഷിച്ച രാഷ്ട്രീയ മേൽകൈ ഇല്ലാതായി. സാമ്പത്തികമായി ഏറെ മുന്നിൽ സ്ഥാനമുറപ്പിച്ച ചൈനയുമായി ഇന്ത്യ ഈഘട്ടത്തിൽ ആണവായുധ രംഗത്ത് മത്സരത്തിനു മുതിരുന്നത് മൌഢ്യമായിരിക്കും. അണുബോംബിന് കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ഉണ്ടായിരുന്ന ആകർഷകത്വം ഇന്നില്ലെന്നതാണ് വാസ്തവം. വിയറ്റ്നാമിൽ നിന്നുള്ള അമേരിക്കയുടെ പലായനവും അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് യൂണിയൻ നേരിട്ടതും അണുവായുധങ്ങളുള്ള മൂന്ന് പാശ്ചാത്യരാജ്യങ്ങൾ ഇപ്പോൾ നേരിടുന്നതുമായ പ്രശ്നങ്ങളും അതിന്റെ പരിമിതി വെളിപ്പെടുത്തുന്നു.
ഭൂമദ്ധ്യരേഖക്ക് സമീപം സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെന്ന നിലയിൽ സൌരൊർജ്ജ രംഗത്ത് തമിഴ് നാടിനും കേരളത്തിനും മറ്റ് സംസ്ഥാനങ്ങളേക്കാൾ ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയും. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു കമ്പനി കേരളത്തിൽ ഒരു വലിയ സൌരോർജ്ജ പ്ലാന്റ് സ്ഥാപിക്കാൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചെറുതും ഇടത്തരവുമായ പ്ലാന്റുകളാണ് വലിയവയേക്കാൾ ഗുണപ്രദമെന്നാണ് ജർമ്മനിയുടെ അനുഭവം കാണിക്കുന്നത്. അവ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നു.
കൂടംകുളം ആണവ പദ്ധതിക്കായി 15,000 കോടി രൂപ ചെലവാക്കിക്കഴിഞ്ഞതുകൊണ്ട് അതുപേക്ഷിക്കാനാവില്ലെന്ന സർക്കാർ വാദം ശരിയല്ല. അമേരിക്ക ചെയ്തതുപോലെ ആ ആണവാലയത്തെ വാതകം ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒന്നാക്കി മാറ്റാവുന്നതാണ്.
നമ്മുടെ ശാസ്ത്രജ്ഞൻ ഐൻസ്റ്റൈന്റെ ജീവചരിത്രം മനസ്സിരുത്തി പഠിക്കണം. ആണവ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ആശയങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു. ജർമ്മനിയിൽനിന്ന് അമേരിക്കയിലെത്തുമ്പോൾ നാസി ഭരണകൂടം അണുബോംബ് ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആ ശ്രമം വിജയിച്ചാൽ യുദ്ധഗതി ജർമ്മനിക്ക് അനുകൂലമാകുമെന്നതുകൊണ്ട് പ്രസിഡന്റ് റൂസ്‌വെൽറ്റിനെ കണ്ട് അമേരിക്ക അണുബോംബ് ഉണ്ടാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധത്തിനുശേഷം പുതിയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ അദ്ദേഹം പഴയ നിലപാട് ഭേദഗതി ചെയ്തുകൊണ്ട് ആണവായുധവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചു. വസ്തുതകളുടെ അടിസ്ഥാനത്തിൽ യാഥാർത്ഥ്യബോധത്തോടെയാണ് രണ്ട് അവസരങ്ങളിലും അദ്ദേഹം നിലപാട് എടുത്തത്. നമ്മുടെ ശാസ്ത്രജ്ഞന്മാരാകട്ടെ ആണവോത്തരയുഗം നമ്മെ കാത്തിരിക്കുകയാണെന്ന് മനസിലാക്കാതെ പഴയ സാങ്കേതികവിദ്യയുടെ ഉപാസകരായി തുടരുകയാണ്.
2 comments:
http://rajeshpuliyanethu.blogspot.in/2012/09/blog-post_30.html
ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം
Post a Comment