Thursday, October 4, 2012

പുനർനിർമ്മിക്കപ്പെടുന്ന ഗാന്ധി


ബി.ആർ.പി. ഭാസ്കർ

മറ്റൊരു ഗാന്ധിജയന്തി കൂടി പതിവ് ചടങ്ങുകളോടെ കടന്നുപോയിരിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ഗതിവിഗതികൾ കാൽ നൂറ്റാണ്ടിലധികം നിയന്ത്രിച്ച ഗാന്ധിജി കൊല്ലപ്പെട്ടിട്ട് 64 വർഷം കഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ തലമുറ അദ്ദേഹത്തെ അറിയുന്നത് പ്രധാനമായും സിനിമകളിലൂടെയും ചരിത്രപുസ്തകങ്ങളിലൂടെയുമാണ്. ചരിത്രം വ്യക്തികളെ ആവശ്യാനുസരണം പുകഴ്ത്തുകയൊ ഇകഴ്ത്തുകയൊ ചെയ്തെന്നിരിക്കും. ഗാന്ധിജിയുടെ കാര്യത്തിൽ രണ്ടും സംഭവിക്കുന്നുണ്ട്. ഗാന്ധിജി നയിച്ച അഹിംസയിൽ അധിഷ്ഠിതമായ ഐതിഹാസികമായ സമരത്തിലൂടെ രാജ്യം സ്വാതന്ത്ര്യം നേടിയെന്നാണ് ഔദ്യോഗിക ചരിത്രം പറയുന്നത്. എന്നാൽ ബ്രിട്ടീഷുകാരുടെ ചരിത്രമനുസരിച്ച് 1947ൽ ഇവിടെ നടന്നത് അധികാരകൈമാറ്റമായിരുന്നു. ഒരേ സംഭവത്തെ രണ്ട് കൂട്ടർ അവരവരുടെ താല്പര്യത്തിനു യോജിച്ച് രീതിയിൽ അവതരിപ്പിക്കുന്നു.

ജീവിതകാലത്ത് രാജ്യത്തിനകത്ത് ഗാന്ധി ശക്തമായ എതിർപ്പുകൾ നേരിടുകയുണ്ടായി. അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് കോൺഗ്രസ് വിട്ടുപോയ മുഹമ്മദ് അലി ജിന്നയും സുഭാസ് ചന്ദ്ര ബോസും കോൺഗ്രസിന്റെ ഭാഗമാകാതിരുന്ന ബി.ആർ.അംബേദ്കറും ആണ് എതിരാളികളുടെ പട്ടികയിലെ പ്രമുഖർ. ജിന്ന പിന്നീട് ഉപഭൂഖണ്ഡത്തിൽ പ്രത്യേക മുസ്ലിം രാഷ്ട്രത്തിനുവേണ്ടി വാദിക്കുകയും അത് നേടി അതിന്റെ പിതാവാകുകയും ചെയ്തു. രാജ്യത്തിനു പുറത്തുപോയി ബ്രിട്ടന്റെ ശത്രുക്കളുമായി കൈകോർത്ത നേതാജി ബോസാണ് ഗാന്ധിയെ ആദ്യമായി “രാഷ്ട്രപിതാവ്” എന്ന് വിശേഷിപ്പിച്ചത്. ഐ.എൻ.എ. ഇന്ത്യയിലേക്ക് മാർച്ച് ചെയ്യുന്നതിനുമുമ്പ് സിംഗപ്പൂരിൽനിന്ന് പ്രക്ഷേപണം ചെയ്ത പ്രസംഗത്തിലായിരുന്നു അത്. ഗാന്ധിയുടെ കൂടി താല്പര്യപ്രകാരമാണ് സ്വാതന്ത്ര്യം നേടിയ ശേഷം പുതിയ ഭരണഘടന ഉണ്ടാക്കുന്ന യജ്ഞത്തിൽ അംബേദ്കർക്ക് പ്രധാന പങ്ക് നൽകപ്പെട്ടത്.

ഗാന്ധിയെ ശത്രുവായി കണ്ടിരുന്ന കടുത്ത ഹിന്ദു വർഗ്ഗീയവാദികൾ നടത്തിയ ഗൂഢാലോചനയാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിൽ കലാശിച്ചത്. അധികാര രാഷ്ട്രീയത്തിന്റെ ഭാഗമായതോടെ ഹിന്ദുത്വവാദികളും അദ്ദേഹത്തെ രാഷ്ട്രപിതാവായി അംഗീകരിച്ചു. ഇന്ന് ഗാന്ധിയുടെ ചിത്രത്തോടൊപ്പം ഹിന്ദുത്വത്തിന്റെ ഉപജ്ഞാതാവായ വി.ഡി. സവർക്കറുടെ ചിത്രവും പാർലമെന്റ് മന്ദിരത്തിൽ തൂങ്ങുന്നതിനെ ചരിത്രത്തിന്റെ ഇരുണ്ട ഫലിതമായി കാണാം.    

മരണാനന്തരവും വളർന്നുകൊണ്ടിരിക്കുന്ന അപൂർവ വ്യക്തിത്വമാണ് ഗാന്ധിയുടേത്. നീണ്ട  ദക്ഷിണാഫ്രിക്കൻ ജീവിതകാലത്ത് അദ്ദേഹം ഇന്ത്യാക്കാർക്കുവേണ്ടി മാത്രമാണ് സമരം ചെയ്തത്. കറുത്തവരുടെ പ്രശ്നങ്ങളിൽ ഇടപെട്ടതേയില്ല. സുളു ഗോത്രവർഗ്ഗക്കാർ വെള്ളക്കാർക്കെതിരെ ആയുധമെടുത്തപ്പോൾ അദ്ദേഹം വെള്ളക്കാരെ സഹായിക്കാൻ ഇന്ത്യൻ ആംബുലൻസ് കോർ ഉണ്ടാക്കി. വൈദ്യസഹായത്തിന് സംവിധാനമില്ലാത്ത സുളു പോരാളികളെ സഹായിക്കാൻ വെള്ളക്കാർ അദ്ദേഹത്തെ ഉപദേശിച്ചു. സുളുകൾക്കിടയിൽ പ്രവർത്തിച്ചപ്പോൾ വെള്ളക്കാർ ഭരിക്കുന്നത് സൌഭാഗ്യമായി കരുതണമെന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്. പക്ഷെ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരനേതാവ് നെൽ‌സൺ മണ്ടേലയും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ നേതാവ് മാർട്ടിൻ ലൂഥർ കിങ്ങും ഗാന്ധിയെ ഗുരുവും മാർഗ്ഗദർശിയുമായി കണക്കാക്കി. ഗാന്ധിയുടെ കാലത്ത് പരിസ്ഥിതിപ്രശ്നം ഉദിച്ചിരുന്നില്ല. എന്നാൽ ഇന്ന് ലോകമെമ്പാടുമുള്ള പരിസ്ഥിതി പ്രവർത്തകർ ഏറെ ഉദ്ധരിക്കുന്നത് അദ്ദേഹത്തിന്റെ ഈ വാക്കുകളാണ്: “എല്ലാവരുടേയും ആവശ്യങ്ങൾക്കുള്ളത് ഇവിടെയുണ്ട്. ആരുടെയും അത്യാഗ്രഹത്തിനുള്ളതില്ല.” 

ഗാന്ധിയുടെ പല പരിപാടികളും ദോഷഫലമുളവാക്കുമെന്ന ഭയം എതിരാളികൾക്കു മാത്രമല്ല പ്രമുഖ അനുയായികൾക്കുമുണ്ടായിരുന്നു. സമാധാനപരമായ സമരമുറയായി അദ്ദേഹം വിഭാവനം ചെയ്ത സത്യഗ്രഹം നിയമവാഴ്ച തകർക്കുമെന്ന് ചിലർ വാദിച്ചു. മുസ്ലിങ്ങളെ സ്വാതന്ത്ര്യ പ്രസ്ഥാനത്തോട് അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം തുർക്കി സുൽത്താനെ ഖാലിഫായി നിലനിർത്തണമെന്ന ഒരു വിഭാഗം മുസ്ലിങ്ങളുടെ ആവശ്യത്തെ പിന്തുണച്ചതും അതിനായി സമരപരിപാടി സംഘടിപ്പിച്ചതും പരക്കെ വിമർശിക്കപ്പെട്ടു. വിവാദപരമായ ഈ നടപടികളെ സംബന്ധിച്ച ആശങ്കകൾ അസ്ഥാനത്തായിരുന്നൊ? ഇത്തരം ചോദ്യങ്ങൾ ഉയർത്താനും സത്യസന്ധമായ ഉത്തരങ്ങൾ കണ്ടെത്താനും അക്കാദമിക പണ്ഡിതന്മാർക്ക് വലിയ താല്പര്യമുള്ളതായി കാണുന്നില്ല. രാഷ്ട്രപിതാവിനെ വിമർശനങ്ങൾക്കതീതനാക്കി നിർത്താനുള്ള വ്യവസ്ഥയുടെ സംരക്ഷകരുടെ താല്പര്യമാണ് ഇവിടെ വ്യക്തമാകുന്നത്.

ദലിത് പ്രസ്ഥാനങ്ങൾ മാത്രമാണ് ഇതിന് ഒരപവാദമായുള്ളത്. അവർക്കിടയിൽ വ്യവസ്ഥയുമായി സമരസപ്പെട്ടിട്ടില്ലാത്തവർ ഉള്ളതുകൊണ്ടാണ് അവർക്ക് അതിനു കഴിയുന്നത്. ഭരണഘടന നിലവിൽ വന്ന് ആറു പതിറ്റാണ്ടിനുശേഷവും അത് വാഗ്ദാനം ചെയ്യുന്ന സമത്വവും സാഹോദര്യവും സാമൂഹികനീതിയും യാഥാർത്ഥ്യമായിട്ടില്ലെന്ന തിരിച്ചറിവാണ് അവരെ നയിക്കുന്നത്. ഭരണകൂടം നൽകിയ പട്ടികജാതി പട്ടവും ഗാന്ധി നൽകിയ ഹരിജന പദവിയും തിരസ്കരിച്ച് ശിഥിലീകരിക്കപ്പെട്ടവർ എന്നർത്ഥമുള്ള ദലിതർ എന്ന പേർ സ്വീകരിച്ചുകൊണ്ട് അവർ പുതിയ ആസ്തിത്വം സ്ഥാപിച്ചിരിക്കുന്നു. അവർ കാണുന്ന ഗാന്ധി വ്യവസ്ഥ പുനർനിർമ്മിച്ച ഗാന്ധിയിൽ നിന്ന് വ്യത്യസ്തനാണ്. വ്യവസ്ഥ കാണാൻ കൂട്ടാക്കാത്ത വസ്തുതകൾ അവർ കാണുന്നെന്ന് പറയുന്നതാവും കൂടുതൽ ശരി. ബാബാസാഹിബ് അംബേദ്കർ വട്ടമേശ സമ്മേളനത്തിൽ വാദിച്ചു ബ്രിട്ടീഷുകാരിൽ നിന്ന് ദലിതർക്കായി നേടിയ ആനുകൂല്യം ഉപേക്ഷിക്കാൻ ഉപവാസത്തിലൂടെ ഗാന്ധി സമ്മർദ്ദം ചെലുത്തിയത് അവരുടെ ചരിത്രവീക്ഷണത്തിൽ മാപ്പുനൽകാനാവാത്ത കുറ്റമാണ്.

രാഷ്ട്രപിതാവെന്ന പദവി ഗാന്ധിജിയെ വിമർശനാതീതനാക്കുന്നില്ല. തങ്ങൾ ഇടപെട്ട് വിമർശനം തടഞ്ഞില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർന്നുപോകുമെന്ന ചിന്ത വ്യവസ്ഥയുടെ സംരക്ഷകർക്കുണ്ട്. ദലിതപക്ഷത്തു നിന്ന് ഗാന്ധിയെ വിലയിരുത്തുന്ന പരാമർശങ്ങൾ ഒഴിവാക്കിയാലെ “പാപ്പിലിയൊ ബുദ്ധ” എന്ന സിനിമക്ക് പ്രദർശനാനുമതി നൽകാനാകൂ എന്ന സെൻസർ ബോർഡിന്റെ നിലപാടിൽ അത് പ്രതിഫലിക്കുന്നു. നാഥുറാം ഗോദ്സെ ഗാന്ധി വധക്കേസ് വിചാരണക്കിടയിൽ കോടതിയിൽ ചെയ്ത പ്രസ്താവം “ഞാൻ എന്തിന് ഗാന്ധിയെ കൊന്നു” എന്ന തലക്കെട്ടിൽ പുസ്തകരൂപത്തിൽ ഈ രാജ്യത്ത് വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. അതും ആ കേസിൽ ശിക്ഷിക്കപ്പെട്ട അയാളുടെ സഹോദരൻ ഗോപാൽ ഗോദ്സെയുടെ ജല്പനങ്ങളും ഇന്റർനെറ്റിലും ലഭ്യമാണ്. ഗാന്ധിഘാതകന്മാരുടെ അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്ന വ്യവസ്ഥയെ ദലിത് വിമർശനം എന്തുകൊണ്ടാണ് അസ്വസ്ഥമാക്കുന്നത്? സാമൂഹികബഹിഷ്കരണം ഇപ്പോഴും വ്യവസ്ഥയുടെ സ്വാഭാവമാണെന്ന് മനസിലാക്കുമ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കും.

2 comments:

വെള്ളരി പ്രാവ് said...

സുളു വംശജരുടെ ഇടയില്‍ ഗാന്ധിജി ക്ക് ഉണ്ടായിരുന്ന സ്വാധീനം വെള്ളക്കാരോട് പൊരുതി തോല്‍ക്കുന്നത് ആയുധം കൊണ്ടല്ല സഹന സമരം കൊണ്ടായിരിക്കണം എന്നതായിരുന്നു,ടോളറന്‍സ് & നോണ്‍ വയലന്‍സ് പഠിപ്പിച്ചു എന്നത് തന്നെ ആണ് കറുത്ത വര്‍ഗ്ഗക്കാര്‍ക്കും അവരുടെ ചരിത്രങ്ങളില്‍ രേഖപെടുത്തിയിരിക്കുന്നത് -കടപ്പാട് -:തൊണ്ണൂറുകളില്‍ വായിച്ച "ഡാര്‍ക്ക്‌ ഡെയ്സ് ഓഫ് മൈ യൂത്ത് "-ആര്‍ട്ടിക്കിള്‍ ബൈ നെല്‍സണ്‍ മണ്ടേല,വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ ) എന്തോ എനിക്ക് ഇതൊരു പുതിയ അറിവാണ് കേട്ടോ...:( കോണ്‍ഗ്രസ്‌കാര്‍ ഗാന്ധി പേര് ഉയര്‍ത്തി പിടിക്കുന്നത്‌ കൊണ്ട് ഏറ്റവും കൂടുതല്‍ കല്ലേറ് കിട്ടുന്നത് പാവം നമ്മുടെ ഗാന്ധി അപ്പൂപ്പന് തന്നെ....)ബാബു ജി വിശദമായി ആ വിഷയങ്ങള്‍ പ്രതിപാദിച്ച് ഇംഗ്ലീഷില്‍ പുസ്തകം ഇറക്കിയാല്‍ ഒരുപക്ഷെ ആഗോളതലത്തില്‍ ഗാന്ധിയുടെ മുഖം തന്നെ മാറിപോകുമോ എന്ന് ഞാന്‍ സത്യമായും ഭയപെടുന്നു.:(

ഞാന്‍ പുണ്യവാളന്‍ said...

അടുത്തകാലത്തായി കുറെ ആരോപണങ്ങള്‍ ഞാനും കേട്ടൂ ഒന്നും തള്ളാനും കൊള്ളാനും വയ്യ ഒന്നും അറിയിലല്ലോ എതാ ശരി എന്ന് ...സ്നേഹാശംസകളോടെ @ PUNYAVAALAN