Sunday, September 23, 2012

വെടിയുണ്ടയല്ല പരിഹാരം

ബി.ആർ.പി. ഭാസ്കർ
മാധ്യമം

കൂടംകുളം ആണവനിലയത്തിനെതിരെ സമീപവാസികളായ ജനങ്ങൾ വർഷങ്ങളായി നടത്തിവരുന്ന സമരം നിർണ്ണായകഘട്ടത്തിലെത്തി നിൽക്കുകയാണ്. ഒരു രാഷ്ട്രീയ കക്ഷിയുടെയും പിന്തുണകൂടാതെ അവർ സമരത്തിനിറങ്ങിയത് ആണവനിലയം അവരുടെ ജീവനും ഉപജീവനമാർഗ്ഗങ്ങൾക്കും ഭീഷണിയാകുമെന്നതുകൊണ്ടാണ്. മത്സ്യബന്ധനം കൊണ്ട് ഉപജീവനം നടത്തുന്നവരാണ് അവരിലേറെയും. ആണവനിലയത്തിന്റെ പ്രവർത്തനഫലമായുണ്ടാകുന്ന ചെറിയ തോതിലുള്ള അണുവികരണത്തേക്കാൾ കൂടുതൽ അപകടകരമായി അവർ കാണുന്നത് അവിടെനിന്ന് കടലിലേക്കൊഴുകാൻ പോകുന്ന ചൂടുവെള്ളം മത്സ്യസമ്പത്ത് നശിപ്പിച്ച് ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നതാണ്. വിദേശ ഭരണകാലത്ത് രൂപപ്പെട്ട പൊലീസ്-പട്ടാള മുറകളല്ലാതെ മറ്റൊന്നും വശമില്ലാത്ത നമ്മുടെ സർക്കാർ എല്ലാ പ്രകോപനങ്ങളും അവഗണിച്ച് തീർത്തും സമാധാനപരമായി നടക്കുന്ന സഹനസമരത്തെ എങ്ങനെ നേരിടണമെന്നറിയാതെ കുഴങ്ങുകയാണ്. ഏഴായിരത്തോളം ഗ്രാമീണർക്കെതിരെ പൊലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിട്ടുണ്ട്. സ്വന്തം ജനങ്ങളുമായി സംസാരിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിയാത്തത് നമ്മുടെ ജനാധിപത്യ വ്യവസ്ഥയുടെ ദൌർബല്യമാണ്.  

ആണവശാസ്ത്രം ഉയർത്തിയ മധുരപ്രതീക്ഷകൾ ലോകമൊട്ടുക്ക് മങ്ങുകയാണ്. അമേരിക്കയിലെ ത്രീ മൈൽ ദ്വീപിലുണ്ടായ ചെറിയ അപകടവും സോവിയറ്റ് യൂണിയനിലെ ചെർണോബിലിലുണ്ടായ ഭീകരദുരന്തവും മനുഷ്യരാശിയുടെ ഭാവി  ആണവോർജ്ജത്തിലൂടെ ശോഭനമാക്കാമെന്ന മോഹം പാടെ തകർത്തു. ഈ അപകടങ്ങളെ തുടർന്ന് പുനരവലോകനം നടത്തിയ അമേരിക്കയും റഷ്യയും ഫ്രാൻസുമൊക്കെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലത്ത് ഒരു പുതിയ ആണവ നിലയവും സ്ഥാപിച്ചിട്ടില്ല എന്നാൽ അവരുടെ സമ്പദ് വ്യവസ്ഥകൾ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ആണവ വ്യവസായം ഉപേക്ഷിക്കാൻ അവർ തയ്യാറല്ല. ഇന്ത്യയെപ്പോലെ അതിവേഗ വളർച്ച ലക്ഷ്യമിടുന്ന രാജ്യങ്ങളുടെ സഹായത്തോടെ കാലഹരണപ്പെട്ട സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ആണവ വ്യവസായത്തെ നിലനിർത്താനാണ് അവരുടെ ശ്രമം. കഴിഞ്ഞ കൊല്ലം സുനാമി ഫുകുഷിമ ആണവനിലയം തകർത്തശേഷം ജപ്പാൻ മുപ്പതു കൊല്ലത്തിൽ ആണവോർജ്ജ ഉത്പാദനം പൂർണ്ണമായും നിർത്തലാക്കാൻ തീരുമാനിച്ചു. ഊർജ്ജാവശ്യങ്ങൾക്ക് പ്രധാനമായും ആണവാലയങ്ങളെ ആശ്രയിച്ച വികസിത രാജ്യങ്ങൾ ഒന്നൊന്നായി വിട്ടുപോകുമ്പോൾ ആറു പതിറ്റാണ്ടു കാലത്തെ പ്രയത്നത്തിനുശേഷവും മൂന്ന് ശതമാനത്തിനു താഴെ മാത്രം ആണവോർജ്ജ ഉത്പാദനമുള്ള നമ്മുടെ രാജ്യം 2050ഓടെ അത് 25 ശതമാനമാക്കി ഉയർത്താൻ പദ്ധതി ഇട്ടിരിക്കുന്നു!

ഇപ്പോൾ ഇന്ത്യയിൽ 20 ആണവാലയങ്ങളുണ്ട്. ആദ്യ റിയാക്ടർ സ്വാഭാവിക ജീവിതകാലം പിന്നിട്ടതിനാൽ അടച്ചുപൂട്ടേണ്ട കാലമായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പഞ്ചവത്സര പദ്ധതിയിൽ 20 പുതിയ ആണവാലയങ്ങൾക്ക് തുടക്കം കുറിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. പന്ത്രണ്ടു കൊല്ലം മുമ്പ് 50 ശതമാനം ഊർജ്ജത്തിന് ആണവാലയങ്ങളെ ആശ്രയിച്ചിരുന്ന ജർമ്മനിയാകട്ടെ അത് പൂർണ്ണമായും ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി സൂര്യതാപവും കാറ്റും ഉപയോഗിച്ചുള്ള ഊർജ്ജോത്പാദനം ആറ് ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്തിക്കഴിഞ്ഞു. ഈ സ്രോതസുകളിൽ നിന്നുള്ള ഊർജ്ജം 2020ൽ 35 ശതമാനവും, 2030ൽ 50 ശതമാനവും 2040ൽ 65 ശതമാനവും 2050ൽ 80 ശതമാനവുമായി ഉയർത്താൻ ആ രാജ്യം 2000ൽ പാസാക്കിയ റിന്യൂവബിൾ എനർജി സോഴ്സസ് ആക്റ്റിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. യൂറോപ്പിലെ ഒരു വികസിത രാജ്യം ഈവിധം മുന്നേറുമ്പോൾ ലോകത്ത് ഏറ്റവുമധികം സൂര്യപ്രകാശം ലഭിക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ആണവ സാങ്കേതികവിദ്യയിൽ കടിച്ചുതൂങ്ങുന്നത് അതിന് സൈനിക ഉപയോഗം കൂടി ഉള്ളതു കൊണ്ടാണ്. 

ഇന്ത്യയുടെ ആണവശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹോമി ജെ. ഭാഭയുടെ  ആശയങ്ങളിൽ ആവേശംകൊണ്ട തലമുറയിൽ പെട്ട ഒരാളാണ് ഞാൻ. അണുശക്തി സമാധാനപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ 1955ൽ ജനീവയിൽ വിളിച്ചുചേർത്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് ചെയ്ത പ്രസംഗത്തിൽ അദ്ദേഹം ആണവോർജ്ജം ഉപയോഗിച്ചുള്ള അതിവേഗ വളർച്ചയിലൂടെ പാവപ്പെട്ട ജനങ്ങളുടെ ഉന്നമനം സാധ്യമാക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രഖ്യാപിച്ചു. അണുബോംബ് നിരോധിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇന്ത്യ ആരംഭിച്ച ആണവപദ്ധതിയിൽ സ്വന്തം അണുബോംബ് എന്ന ആശയവും ഉൾപ്പെട്ടിരുന്നതായി പിന്നീട് വെളിപ്പെട്ടു.. കേംബ്രിഡ്ജ് സർവകലാശാലയിലെ പഠനകാലത്ത് ലോകത്തെ മുൻ‌നിര ആണവ ശാസ്ത്രജ്ഞന്മാർക്കൊപ്പം പ്രവർത്തിക്കാൻ ഭാഭക്ക് അവസരം ലഭിച്ചിരുന്നു.  അമേരിക്ക 1945ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിട്ടശേഷം ഈ പുതിയ ആയുധം ഒരു പുതിയ കാലത്തിന്റെ പിറവിയെ കുറിക്കുന്നതാണെന്ന് മനസിലാക്കിയ അദ്ദേഹം  സ്വാതന്ത്ര്യത്തിന്റെ പടിക്കലെത്തി നിൽക്കുന്ന നമ്മുടെ രാജ്യവും എത്രയും വേഗം ആണവരംഗത്ത് പ്രവേശിക്കണമെന്ന് ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി ടാറ്റ ഒരു പഠന കേന്ദ്രം സ്ഥാപിച്ചു. ആധുനിക സാങ്കേതികവിദ്യ സ്വീകരിക്കാൻ തയ്യാറായിരുന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ ആണവോർജ്ജ പരിപാടികളിൽ തല്പരനാക്കാൻ അദ്ദേഹത്തിന് പ്രയാസമുണ്ടായില്ല.

ഭാഭ അവതരിപ്പിച്ച ആണവ പരിപാടി അമേരിക്കയുടേതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആദ്യഘട്ടത്തിൽ, അമേരിക്കയെപ്പോലെ, ഇന്ത്യ യുറേനിയം ഉപയോഗിച്ചു ആണവോർജ്ജം ഉത്പാദിപ്പിക്കണമെന്നും എന്നാൽ രാജ്യത്ത് യുറേനിയത്തേക്കാൾ തോറിയം ഉള്ളതുകൊണ്ട് പിന്നീട് അതിലേക്ക് മാറണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ തോറിയം ഉപയോഗിച്ചു പ്രവർത്തിക്കാനുള്ള സാങ്കേതികവിദ്യക്കായുള്ള ഇന്ത്യയുടെ ശ്രമം ഇനിയും പൂർണ്ണവിജയം കണ്ടിട്ടില്ല. ഭാഭയുടെ കണക്കുകൂട്ടൽ അമ്പെ പാളിയത് ചെലവിന്റെ കാര്യത്തിലാണ്. ആണവോർജ്ജം മറ്റ് ഊർജ്ജങ്ങളേക്കാൾ ചെലവു കുറഞ്ഞതാകുമെന്ന് അദ്ദേഹം കരുതി. എന്നാൽ ഇന്ത്യയിലൊ മറ്റേതെങ്കിലും രാജ്യത്തൊ ഇപ്പോഴും ആണവോർജ്ജം ഏറ്റവും ചെലവ് കുറഞ്ഞതല്ല. അതേസമയം ഇന്ത്യയുടെ ആണവ പരിപാടികളെ പിന്നോട്ടുതള്ളിയത് ഭാഭയുടെ അനുമാനങ്ങളിലുണ്ടായ പിഴവുകളല്ല, ബോംബ് പരീക്ഷണങ്ങൾ നടത്തിയതിനെ തുടർന്ന് വിദേശരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധമാണ്. പല അവശ്യ സാമഗ്രികൾക്കും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതുകൊണ്ട് നമുക്ക് ആണവാലയങ്ങളുടെ പ്രവർത്തനം ചുരുക്കേണ്ടിവന്നു. കഴിഞ്ഞ യു.പി.എ. സർക്കാർ അമേരിക്കയുമായി സൈനികേതര ആണവ സഹകരണ കരാർ ഒപ്പിട്ടശേഷവും സ്ഥാപിതശേഷിയുടെ പകുതി മാത്രമെ നമുക്ക് ഇപ്പോഴും പ്രയോജനപ്പെടുത്താനാകുന്നുള്ളു. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനങ്ങൾ എടുക്കുന്നതാണ് ശാസ്ത്രത്തിന്റെ രീതി. ആ നിലയ്ക്ക് ദൂരക്കാഴ്ചയോടെ പ്രവർത്തിച്ച ഭാഭ ഇന്ന് ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹം നേരത്തെ അവതരിപ്പിച്ച  ആശയങ്ങൾ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരുത്തിക്കുറിക്കുമായിരുന്നെന്ന് ഞാൻ വിശ്വസിക്കുന്നു.

നമ്മുടെ ശാസ്ത്രജ്ഞന്മാർ ആണവോർജ്ജത്തിൽ ഇപ്പോഴും വിശ്വാസമർപ്പിക്കുന്നതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ദൂരക്കാഴ്ചയുടെ കുറവാണ്. മറ്റേത് എല്ലാ വിഭാഗങ്ങൾക്കും താന്താങ്ങൾ പരിശീലിച്ച സാങ്കേതികവിദ്യയിലുള്ള സ്വാഭാവികമായ സ്ഥാപിത താല്പര്യമാണ്. ആണവ നിലയത്തിന്റെ സുരക്ഷയെ കുറിച്ച് കൂടംകുളത്തെ ജനങ്ങളിലുള്ള ആശങ്കയകറ്റാൻ സർക്കാർ ശാസ്ത്രജ്ഞനായി അവതരിപ്പിച്ചത് മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൾ കലാമിനെയാണ്. സർക്കാർ കൂടംകുളം ആണവനിലയത്തിന് അനുകൂലമായി നടത്തുന്ന പ്രചരണത്തിലെ ഒരു പ്രധാന അംശം അത് സുരക്ഷിതമാണെന്ന കലാമിന്റെ സാക്ഷ്യപ്പെടുത്തലാണ്. മദ്ധ്യവർഗ്ഗത്തിനിടയിൽ വലിയ സ്വീകാര്യതയുള്ള അദ്ദേഹത്തിന്റെ അഭിപ്രായം ആ വിഭാഗത്തിൽപെടുന്ന ധാരളം പേർ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. കൂടംകുളത്തുള്ളത് റഷ്യയിൽ നിർമ്മിച്ച യന്ത്രങ്ങളാണ്. അതുണ്ടാക്കിയ സ്ഥാപനമൊ റഷ്യയിലെ ഗവണ്മെന്റൊ നൽകാൻ തയ്യാറല്ലാത്ത സാക്ഷ്യപത്രമാണ് കലാം നൽകുന്നത്. അദ്ദേഹമാകട്ടെ ശാസ്തജ്ഞനല്ല, സാങ്കേതികവിദഗ്ദ്ധനാണ്. അദ്ദേഹത്തിന്റെ വൈദഗ്ദ്ധ്യം മിസൈൽ സാങ്കേതികവിദ്യയിലാണ്. ലോകം ആണവോർജ്ജം വിടുകയാണെന്ന വസ്തുത അറിയാത്തയാളല്ല കലാം. അദ്ദേഹത്തിന്റെ ആണവപ്രേമത്തിനു പിന്നിലുള്ളത് അദ്ദേഹം ഗുണഭോക്താവായ വ്യവസ്ഥയോടുള്ള കൂറാണ്. കൂടംകുളം നിലയത്തിനായി റഷ്യ നൽകുന്ന യന്ത്രങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് കൂടുതൽ പഠനം ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുള്ള ആണവോർജ്ജ നിയന്ത്രണ ബോർഡ് മുൻഅദ്ധ്യക്ഷൻ എ. ഗോപാലകൃഷ്ണൻ കലാമിന്റെ സർട്ടിഫിക്കറ്റിനോട് പ്രതികരിച്ചതിങ്ങനെയാണ്: “ഞാൻ അക്കാദമിക യോഗ്യതയും അമേരിക്കയിലും ഇന്ത്യയിലും ആണവ റിയാക്ടർ സിസ്റ്റത്തിന്റെ പ്രവർത്തനം, ഡിസൈൻ, സുരക്ഷാ അപഗ്രഥനം എന്നീ മേഖലകളിൽ 53 കൊല്ലത്തെ അനുഭവവുമുള്ള ആണവ ഇഞ്ചിനീയറാണെങ്കിലും, ഡോ. എ.പി.ജെ. അബ്ദുൾ കലാമിൽ നിന്ന് വ്യത്യസ്തമായി, ഈ റിയാക്ടറുകളുടെ പരമവും അപേക്ഷികവുമായ സുരക്ഷയെപ്പറ്റി തീർപ്പു കല്പിക്കാൻ എനിക്ക് മടിയുണ്ട്.”   

കൂടംകുളം സമരത്തെ താറടിക്കാനായി അവിടത്തെ പാവപ്പെട്ട ജനങ്ങൾക്ക് പിന്നിൽ വിദേശ പണവും സ്വാധീനവുമാണെന്ന സർക്കാരിന്റെ ആരോപണം ദുരുപദിഷ്ടമാണ്. അപകടം നിറഞ്ഞ ആണവോർജ്ജം ലോകം വർജ്ജിക്കണമെന്ന് വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന സർക്കാ‍രിതര സംഘടനകൾ തീർച്ചയായുമുണ്ട്. എന്നാൽ അവരേക്കൾ എത്രയോ കൂടുതൽ ശക്തിയുള്ളവരാണ്  ആണവ വ്യവസായ ദല്ലാളന്മാർ.  അമേരിക്കയുമായുള്ള ആണവ കരാറിന്റെ സമയത്ത്  അവർ സജീവമായിരുന്നതായി ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞിട്ടുണ്ട്. ആ സമയത്ത് വിവിധ കേന്ദ്രങ്ങളിൽ സ്വാധീനം വാങ്ങാൻ ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നും ധാരാളം പണം ചെലവാക്കപ്പെട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തുന്നു. അദ്ദേഹം തുടരുന്നു: “വിദേശഹസ്തവും വിദേശപണവും പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ആണവോർജ്ജ ഗ്രൂപ്പിനെയും സഹായിക്കുന്നിടത്തോളം അതിനെ കുറിച്ച് സംസാരമില്ല.”    

കൂടംകുളം സമരം ഇന്ന് ഒരു പറ്റം പാവപ്പെട്ടവരുടെ അതിജീവനത്തിനുള്ള സമരം മാത്രമല്ല. സ്വയം‌രക്ഷ മുൻ‌നിർത്തി അവിടത്തെ ജനങ്ങൾ ആരംഭിച്ച സമരം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും അവരുടെ ഭാവി തലമുറകളുടെയും സുരക്ഷ ഉറപ്പാക്കാനുള്ള സമരമായി മാറിക്കഴിഞ്ഞു. ഇപ്പോൾ അത് വെടിയുണ്ട കൊണ്ട് പരിഹാരം കാണാവുള്ള ഒരു പ്രശ്നമല്ല. ആണവശാസ്ത്രം ഉയർത്തിയ പ്രതീക്ഷകൾ തകർന്ന സാഹചര്യത്തിൽ ഊർജ്ജോത്പാദനം മാത്രമാണ് ലക്ഷ്യമെങ്കിൽ സർക്കാർ പൂർണ്ണമായും സൌരോർജ്ജത്തിലേക്ക് തിരിയുകയാണ് വേണ്ടത്. അടുത്ത അഞ്ചു കൊല്ലത്തിൽ ആണവോർജ്ജ മേഖലയിൽ 85,000 കോടി രൂപ ചെലവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ പണം സൌരോർജ്ജ മേഖലയിൽ നിക്ഷേപിച്ചാൽ മനുഷ്യജീവന് അപകടം വരുത്താതെ കൂടുതൽ ഊർജ്ജം ഉത്പാദിപ്പിക്കാനാകും. ജർമ്മനി 2000 മുതൽ 2010 വരെയുള്ള കാലഘട്ടത്തിൽ പാരമ്പര്യേതര ഊർജ്ജ മേഖലയിൽ ചെലവഴിച്ചത് 2,600 കോടി യൂറോ (ഏകദേശം 1,82,000 കോടി രൂപ) ആണ്. വൻകിട പരമ്പരാഗത പദ്ധതികൾക്കു പകരം ചെറുതും ഇടത്തരത്തിലുള്ളതുമായ പാരമ്പര്യേതര ഊർജ്ജോത്പാദന പദ്ധതികൾ ആസൂത്രണം ചെയ്താൽ തൊഴിൽ‌സാധ്യത വർദ്ധിപ്പിക്കാനും കഴിയും. യഥാർത്ഥപ്രശ്നം വൻശക്തി പദവി തേടുന്ന നമ്മുടെ ഭരണവർഗ്ഗം അത് നേടാൻ ആണവായുധങ്ങൾ കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്നു എന്നതാണ്. (വാരാദ്യ മാധ്യമം, സെപ്തംബർ 23, 2012)

2 comments:

Manikandan O V said...

എത്ര ആലോചിച്ചിട്ടും മനസ്സലാകാത്തത് ആറ്റോമിക് എനർജി റെഗുലേറ്ററി ബോർഡ് (AERB) പോലുള്ള ഏജൻസികൾ നൽകിയ 17 സുരക്ഷാക്രമീകരണ നിർദ്ദേശങ്ങൾ പോലും മാനിക്കാതെ എന്തിനാണ് ഇത്ര തിരക്കുപിടിച്ച് വിനാശകരമായ ഇത്തരം പദ്ധതികളുമായി സർക്കാർ മുൻപോട്ട് പോകുന്നത്.

വെള്ളരി പ്രാവ് said...

Good..:)