Wednesday, September 19, 2012

ദിശാമാറ്റത്തെ കുറിച്ചുള്ള ചിന്തകൾ


ബി.ആർ.പി. ഭാസ്കർ

വ്യവസായവത്കരണം കൂടാതെ ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കു തുല്യമായ സാമൂഹ്യ പുരോഗതി നേടിയ പ്രദേശമാണ് കേരളം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ജനസംഖ്യാ കണക്ക് എടുക്കാൻ തുടങ്ങിയത് 1871ലാണ്. അവർ തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിന്നും ശേഖരിച്ചു സെൻസസ് റിപ്പോർട്ടുകളിൽ ചേർത്ത വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ പ്രദേശത്തിന് വിദ്യാഭ്യാസ രംഗത്ത് തുടക്കത്തിൽ തന്നെ നേരിയ മുൻ‌തൂക്കമുണ്ടായിരുന്നെന്ന് കാണാം. പിന്നീടുള്ള ഓരോ പത്തുവർഷവും മറ്റ് പ്രദേശങ്ങളെ കൂടുതൽ കൂടുതൽ പിന്നിലാക്കിക്കൊണ്ട് നാം മുന്നേറി. ആരോഗ്യരംഗത്തും നേട്ടങ്ങളുണ്ടായി. ഈ രണ്ട് മേഖലകളിലും ബൌദ്ധജൈന കാലത്ത് കേരളം വലിയ പുരോഗതി നേടിയിരുന്നു. ആ വ്യവസ്ഥ തകർന്നെങ്കിലും അതിന്റെ ഭാഗമായ വിദ്യാഭ്യാസ-ആരോഗ്യ സംവിധാനങ്ങൾ ദുർബലമായെങ്കിലും ചിലയിടങ്ങളിൽ തുടരുകയും ക്കുറച്ചുപേർക്കെങ്കിലും പുതിയ വ്യവസ്ഥ ഏർപ്പെടുത്തിയ വിലക്കുകളെ മറികടന്ന് പഠന-ചികിത്സാ സൌകര്യങ്ങൾ ലഭിക്കുകയും ചെയ്തു. പിന്നീട് രാജഭരണകൂടങ്ങളും ക്രൈസ്തവ സഭകളും രണ്ട് മേഖലകളിലും ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യനവീകരണ പ്രസ്ഥാനങ്ങൾ അവ പ്രയോജനപ്പെടുത്താൻ മുന്നോട്ടുവന്നു.

സാമൂഹ്യതലത്തിൽ മുന്നോട്ടു കുതിച്ച് നാം സമ്പന്ന രാജ്യങ്ങൾക്കൊപ്പം എത്തിയ കാലത്ത് നമ്മെ മുന്നോട്ടു നയിച്ചവരൊന്നും അതിനെ ‘വികസനം‘ എന്ന് വിളിച്ചില്ല. അവർ അതിനെ കണ്ടത് ‘പുരോഗതി’ ആയാണ്. ഇപ്പോൾ ഭരണകർത്താക്കൾ നമുക്ക് വാഗ്ദാനം ചെയ്യുന്നത് പുരോഗതി അല്ല, വികസനം ആണ്. ഈ രണ്ട് വാക്കുകളും രണ്ട് വ്യത്യസ്ത സങ്കല്പങ്ങളെ സൂചിപ്പിക്കുന്നു. ആദ്യ സങ്കല്പത്തിന്റെ അടിത്തറ ആശയങ്ങളാണ്. മറ്റേതിന്റേത് സമ്പത്തും. കേരളത്തിന്റെ വളർച്ച സംബന്ധിച്ച് പഠനങ്ങൾ നടത്തിയിട്ടുള്ള റിച്ചർഡ് ഫ്രാങ്കി 2003ൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ അമേരിക്കയുടെ പ്രതിശീർഷ മൊത്ത ആന്തരിക ഉത്പാദനം (ജിഡിപി) 34,260 ഡോളറും സമാനമായ സാമൂഹ്യപുരോഗതി നേടിയ കേരളത്തിന്റേത് വെറും 566 ഡോളറുമാണെന്ന് ചൂണ്ടിക്കാണിക്കുകയുണ്ടായി. ഇത് ഗൾഫ് പ്രവാസത്തിന്റെ ഫലമായി കേരളത്തിന്റെ സാമ്പത്തിക നിലവാരം അഭിവൃദ്ധി പ്രാപിച്ചശേഷമുള്ള കണക്കാണ്. ഗൾഫ് പ്രവാസം തുടങ്ങുന്നതിനു മുമ്പുതന്നെ കേരളം പാശ്ചാത്യരാജ്യങ്ങളുടേതിനു തുല്യമായ സാമൂഹ്യ പുരോഗതി നേടിയിരുന്നതായി ഐക്യരാഷ്ട്ര സഭ കണ്ടെത്തിയിരുന്നു. കേരളം പുരോഗതി നേടിയത് പണത്തിന്റെ ബലത്തിലല്ല സാമൂഹ്യ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മുന്നോട്ടു വെച്ച ആശയങ്ങളുടെ ബലത്തിലാണെന്ന് ഇത് തെളിയിക്കുന്നു.

ആശയങ്ങളുടെ അഭാവത്തിൽ പണത്തിന്റെ ബലത്തിൽ ‘വികസനം‘ നടത്താനുള്ള ശ്രമമാണ് കൊച്ചിയിൽ നടന്ന  എമർജിങ് കേരളയിൽ കണ്ടത്. അവിടെ സർക്കാർ അവതരിപ്പിച്ച പല പദ്ധതികളും ഒറ്റനോട്ടത്തിൽ ‘ആധുനിക’മെന്ന് തോന്നുമെങ്കിലും കേരളത്തിന്റെ ആവശ്യങ്ങൾ വിലയിരുത്തി ആവിഷ്കരിച്ചിട്ടുള്ളവയല്ല. മെട്രൊ റെയിൽ, മോണോ റെയിൽ, ഹൈസ്പീഡ് റയിൽ കൊറിഡോർ, വിമാന കമ്പനി, വിമാനത്താവളം എന്നൊക്കെ കേൾക്കുമ്പോൾ ‘നമ്മുടെ നാടും പുരോഗമിക്കുന്നു’ എന്ന ചിന്തയിൽ മദ്ധ്യവർഗ്ഗ മനസുകൾ തീർച്ചയായും  ആഹ്ലാദിക്കും. ആധുനിക ഗതാഗത സൌകര്യങ്ങൾ നമുക്ക് ആവശ്യമാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം കൊച്ചി നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു മേൽ‌പാലം പോലും കെട്ടാതിരുന്നവർക്ക് പെട്ടെന്ന് മെട്രൊയിലും കൊറിഡോറിലും ഒക്കെ താല്പര്യമുണ്ടാകുമ്പോൾ അതിന്റ് പിന്നിൽ ചില കണക്കുകൂട്ടലുകൾ ഉണ്ടാകുമെന്ന കാര്യത്തിലും സംശയം വേണ്ട. പണവുമായി വരുന്നവർക്ക് വലിയതോതിൽ ഭൂമി കൈമാറാനുള്ളതാണെന്ന് പല പദ്ധതികളുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. ഭൂമിയിൽനിന്ന് വ്യവസായം കൃഷിയേക്കാൾ ആദായം നൽകുമെന്നും അതുകൊണ്ട് കേരളം നെൽപാടങ്ങളിൽ വ്യവസായങ്ങൾ സ്ഥാപിക്കണമെന്നും ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ പറഞ്ഞു. സംസ്ഥാന ആസൂത്രണ ബോർഡ് ഉപാദ്ധ്യക്ഷൻ ഏറാൻ മൂളുകയും ചെയ്തു. ആസൂത്രണ പ്രക്രിയക്കു നേതൃത്വം  നൽകുന്നവർ കേരളത്തിന്റെ സവിശേഷമായ പാരിസ്ഥിതിക വ്യവസ്ഥയെ കുറിച്ച് എത്രമാത്രം അജ്ഞരാണെന്ന് അവരുടെ പ്രസ്താവങ്ങൾ വ്യക്തമാക്കുന്നു.

കേരളത്തിൽ മാറ്റങ്ങളുണ്ടാകുന്നുണ്ട്. അവ ശരിയായ ദിശയിലല്ലെന്നതാണ് പ്രശ്നം. ഇതിന്റെ പ്രധാന കാരണം സർക്കാരിന്റെ മുന്നിൽ വരുന്ന പദ്ധതികൾ വിശാല സമൂഹ താല്പര്യങ്ങൾ കണക്കിലെടുത്തുകൊണ്ട് ആസൂത്രണം ചെയ്യപ്പെടുന്നവയല്ല, സ്വാധീനശക്തിയുള്ള വ്യക്തികളുടെയൊ വിഭാഗങ്ങളുടെയൊ താല്പര്യങ്ങൾക്ക് അനുസൃതമായവയാണെന്നതാണ്. ഇത്തരത്തിലുള്ള ചിലത് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ഏതിർപ്പുണ്ടായതിന്റെ ഫലമായി വൈകിപ്പിക്കാനൊ ഉപേക്ഷിക്കാനൊ സർക്കാരുകൾ നിർബന്ധിതമായിട്ടുണ്ട്. ആ എതിർപ്പുകൾക്ക് സംഘടിതരൂപം നൽകിയത് പ്രധാനമായും കക്ഷിരാഷ്ട്രീയത്തിനു പുറത്തു രൂപപ്പെട്ട കൂട്ടായ്മകളാണ്. അവയുടെ വരവ് ദുർബലമായ കേരളത്തിലെ പൊതുസമൂഹ രംഗത്ത് പുതിയ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവയുടെ പ്രവർത്തനങ്ങളെ പൊതുവിൽ സംശയദൃഷ്ടിയോടെയാണ് നോക്കുന്നത്. അവ രാഷ്ട്രീയ കക്ഷികളെ നോക്കുന്നതും ഏറെക്കുറെ സംശയദൃഷ്ടിയോടെ തന്നെ. ഇത് ആശാസ്യമായ അവസ്ഥയല്ല. ഇരുവിഭാഗങ്ങളും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉണ്ടായാൽ മാറ്റങ്ങൾ ശരിയായ ദിശയിലാണെന്ന് ഉറപ്പാക്കാൻ കഴിയും.

മിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും കേരള സാഹചര്യങ്ങൾ ഒരു ദിശാമാറ്റം ആവശ്യപ്പെടുന്നെന്ന് മനസിലാക്കുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ ഏതു തരത്തിലുള്ള മാറ്റമാണ് വേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ദിശാമാറ്റത്തിന് തുടക്കം കുറിക്കാൻ അവർക്കാകുന്നില്ല. ഇവിടെ പൊതുസമൂഹ പ്രസ്ഥാനങ്ങൾക്ക് അവരെ സഹായിക്കാനാകും. നടപടികൾ തെറ്റാണെന്ന് ചൂണ്ടിക്കാട്ടുകയും പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച് അവയ്ക്ക് തടയിടുകയും ചെയ്യുന്നവർക്ക് ഒരടി മുന്നോട്ടുപോയി ശരിയായ ദിശ ചൂണ്ടിക്കാണിക്കാനുമാകും. ഒരുപക്ഷെ ഭരണത്തിലിരിക്കുന്ന കക്ഷികളേക്കാൾ പ്രതിപക്ഷത്തിരിക്കുന്നവർക്കാണ് ഇക്കാര്യത്തിൽ ക്രിയാത്മകമായ നേതൃത്വം നൽകാൻ കഴിയുന്നത്. ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ അധികാരമാറ്റം നടക്കുന്ന കേരളത്തിൽ മുന്നണികൾ പ്രതിപക്ഷകാലഘട്ടം വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കാനുള്ള പദ്ധതികൾ ചർച്ചകളിലൂടെ രൂപപ്പെടുത്താൻ ഉപയോഗിക്കണം.

ഭൂമി ദുർലഭമാകയാൽ അതിന്റെ വിനിയോഗം സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങൾ നടത്തി വിശദമായ പദ്ധതി തയ്യാറാക്കാൻ ഈ സമയം വിനിയോഗിക്കാവുന്നതാണ്. ഭൂദൌർലഭ്യം അനുഭവിക്കുന്ന ജപ്പാന്റെ മാതൃക പിന്തുടർന്ന് കൃഷി, വ്യവസായം എന്നിവയ്ക്ക് പ്രത്യേകം മേഖലകൾ നിശ്ചയിക്കുന്നത് ഭൂമാഫിയകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ സഹായിക്കും. നിർഭാഗ്യവശാൽ നമുക്ക് ലഭിച്ച വ്യവസായങ്ങളിലേറെയും കടുത്ത മലിനീകരണം ഉണ്ടാക്കുന്നവയാണ്. ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അനുയോജ്യമായ വ്യവസായങ്ങൾ തിരിച്ചറിയുകയും അനുയോജ്യമല്ലാത്തവ ഒഴിവാക്കുകയും ചെയ്യണം. നമ്മുടെ നാട് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സാഹചര്യത്തിൽ പരിസ്ഥിതി സംരക്ഷണം മുന്നേക്കാൾ പ്രാധാന്യം അർഹിക്കുന്നു. കാടും പുഷയും കായലും നശിച്ചാൽ വിനോദസഞ്ചാരം നിലനിർത്താനാകില്ല. ഈ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ പാർട്ടികൾ തയ്യാറായാൽ അവരുമായി സഹകരിക്കാൻ പൊതുസമൂഹ പ്രസ്ഥാനങ്ങൾ തീർച്ചയായും തയ്യാറാകും. (ജനയുഗം, സെപ്തംബർ 19, 2012)


2 comments:

ഞാന്‍ പുണ്യവാളന്‍ said...

താങ്കളുടെ അഭിപ്രായങ്ങളോട് പൂര്‍ണ്ണമായും യോജിക്കുന്നു

വെള്ളരി പ്രാവ് said...

Good :)