ബി.ആർ.പി.ഭാസ്കർ
ഒരു വ്യവസായി ഒരു ഭരണകക്ഷിയുമായുണ്ടാക്കിയ ഇടപാടാണ് വിളപ്പിൽശാലയിലെ
ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കിയത്. കരാർ ഇങ്ങനെ: വ്യവസായി ചവർ വളമാക്കാൻ ഫാക്ടറി
സ്ഥാപിക്കും. തിരുവനന്തപുരം കോർപ്പറേഷൻ നിശ്ചിത അളവ് ചവർ എത്തിക്കും. അതു സംസ്കരിച്ചുണ്ടാക്കുന്ന
വളം സർക്കാർ വാങ്ങും. വളമെന്ന് പറഞ്ഞു നൽകിയ വസ്തു ഉപയോഗയോഗ്യമല്ലെന്ന് കണ്ട് സർക്കാർ
നിരസിച്ചു. അതോടെ ഫാക്ടറി പ്രവർത്തനം അവതാളത്തിലായി. കോർപ്പറേഷൻ കൊണ്ടു തട്ടിയ മാലിന്യങ്ങൾ
കുന്നുകൂടി. നാടാകെ ദുർഗന്ധം പരന്നു. മഴ പെയ്തപ്പോൾ മാലിന്യങ്ങൾ ഒലിച്ചിറങ്ങി. ദ്രോഹിക്കപ്പെട്ടെന്ന്
തിരിച്ചറിഞ്ഞ ജനങ്ങൾ ഫാക്ടറിക്കെതിരെ സമരം തുടങ്ങി. ജനവികാരം മനസിലാക്കി പഞ്ചായത്ത്
ഫാക്ടറിക്ക് നൽകിയ ലൈസൻസ് റദ്ദാക്കി. വ്യവസായി അപ്രത്യക്ഷനായി. കോർപ്പറേഷൻ ഫാക്ടറി
നേരിട്ട് നടത്താൻ തയ്യാറായി. ആധുകിക സാങ്കേതിക വിദ്യ, പുതിയ യന്ത്രങ്ങൾ എന്നിങ്ങനെ
അത് നൽകിയ വാഗ്ദാനങ്ങളൊന്നും ജനങ്ങൾക്ക് സ്വീകാര്യമായില്ല. ഫാക്ടറി നീക്കാമെന്ന് സർക്കാർ
സമ്മതിച്ചു. കോർപ്പറേഷൻ കോടതിയെ സമീപിച്ചു. പുതിയ യന്ത്രങ്ങളും ചവറും ഫാക്ടറിയിലെത്തിക്കാൻ
പൊലീസ് സഹായം നൽകാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു. ജനങ്ങൾ ചവറും യന്ത്രങ്ങളും
വഹിച്ചുകൊണ്ടുള്ള ട്രക്കുകൾ പ്രവേശിക്കാൻ അനുവദിച്ചില്ല. സ്ത്രീകളും കുട്ടികളും അടക്കം
തെരുവിലിറങ്ങി കോടതിവിധി നടപ്പാക്കുന്നത് തടഞ്ഞു.
പൊലീസിനെക്കൊണ്ടാവില്ലെങ്കിൽ കേന്ദ്ര
സേനയെ വിളിക്കുമെന്ന കോടതി പറഞ്ഞിട്ടും ജനങ്ങൾ സമീപനം മാറ്റിയില്ല. കോടതിക്കും ജനങ്ങൾക്കുമിടയിൽ
സ്തംഭിച്ചു നിൽക്കുകയാണ് സർക്കാർ ഇപ്പോൾ. പൊലീസ് സമര നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തുന്നതുപോലുള്ള
കലാപരിപാടികൾ നടത്തുന്നുണ്ട്. തങ്ങളുടെ സഹായം കൂടാതെ നടക്കുന്ന സമരം പൊളിക്കാൻ രാഷ്ട്രീയകക്ഷികൾ
തരികിട പണികൾ ചെയ്യുന്നുമുണ്ട്. ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനും
സമരനേതാക്കളെ ഭീകരവാദികളായി ചിത്രീകരിക്കാനുമുള്ള കുത്സിതശ്രമങ്ങളും നടക്കുന്നു.
കോടതി ഉത്തരവ് ന്യായീകരിക്കാവുന്ന ഒന്നല്ല. ബന്ധപ്പെട്ടവർ വസ്തുതകൾ
പൂർണ്ണമായും സത്യസന്ധമായും അവതരിപ്പിച്ചിരുന്നെങ്കിൽ കോടതി അങ്ങനെയൊരു ഉരത്തരവ് നൽകുമായിരുന്നില്ല.
വ്യവസായി അടച്ചിട്ട ഫാക്ടറി എങ്ങനെ കോർപ്പറേഷന്റെ കൈകളിൽ എത്തി, പഞ്ചായത്ത് ലൈസൻസ്
റദ്ദ് ചെയ്ത ഫാക്ടറി കോർപ്പറേഷന് എങ്ങനെ നടത്താനാകും, സർക്കാർ മാറ്റാൻ തീരുമാനിച്ച
ഫാക്ടറി നിലനിർത്താൻ കോർപ്പറേഷന് എന്ത് അധികാരമാണുള്ളത് തുടങ്ങിയ നിരവധി ചോദ്യങ്ങൾ
ആ ഉത്തരവ് ഉയർത്തുന്നുണ്ട്.
അടിസ്ഥാനപരമായി വിളപ്പിൽശാലയിലേത് നിയമപ്രശ്നമല്ല. സർക്കാരും നഗരസഭയും
പഞ്ചായത്തും ചർച്ച ചെയ്ത് പരിഹരിക്കേണ്ട ജനകീയ പ്രശ്നമാണത്. കൂടുതൽ ജനങ്ങളുള്ള നഗരത്തിന്റെ
താല്പര്യങ്ങൾക്ക് ഗ്രാമത്തിന്റെ താല്പര്യങ്ങളേക്കാൾ പ്രാധാന്യം കല്പിക്കണമെന്ന സാമാന്യയുക്തിക്ക്
ഇവിടെ പ്രസക്തിയില്ല. കാരണം ഇന്ന് കേരളം, പ്രത്യേകിച്ച് തീരപ്രദേശം, ഒരു നഗരത്തുടർച്ചയാണ്.
ഭരണപരമായ സൌകര്യം മുൻനിർത്തി മാത്രമാണ് പ്രദേശത്തെ നഗരം, ഗ്രാമം
എന്നിങ്ങനെ വിഭജിക്കുന്നത്. വീട്ടിലെ മാലിന്യങ്ങൾ വീട്ടുവളപ്പിനുള്ളിൽ സംസ്കരിക്കുന്ന
പരമ്പരാഗത രീതി സ്ഥലപരിമിതി മൂലം പലയിടങ്ങളിലും അസാദ്ധ്യമാണ്. പട്ടിക്കും പൂച്ചക്കും
വേണ്ടാത്തതും ചീയാത്തതുമായ വസ്തുക്കൾ മാലിന്യനിർമ്മാർജ്ജനം ശ്രമകരമാക്കുന്നു. നഗരമാലിന്യങ്ങൾ
നഗരാതിർത്തിക്കു പുറത്തു തള്ളുന്ന പരമ്പരാഗത രീതിയും കേരളത്തിലെ തീരദേശമേഖലയിൽ അസാദ്ധ്യമായിരിക്കുന്നു.
കാരണം നഗരങ്ങൾക്കു പുറത്ത് ജനവാസം കുറഞ്ഞ പ്രദേശങ്ങളില്ലാതായിരിക്കുന്നു. ഈ സാഹചര്യങ്ങൾ
ഉരുത്തിരിഞ്ഞുവന്ന ഘട്ടത്തിൽ മാറ്റങ്ങളുടെ സ്വഭാവം മനസിലാക്കി പ്രവർത്തിക്കാൻ സർക്കാരിനും
പ്രാദേശിക സ്വയംഭരണസ്ഥാപനങ്ങൾക്കും കഴിയാഞ്ഞതുകൊണ്ടാണ് മാലിന്യപ്രശ്നം രൂക്ഷമായത്.
ഇന്ന് ഒരു പ്രാദേശിക സ്വയംഭരണസ്ഥാപനത്തിനും മാലിന്യപ്രശ്നത്തിന് സ്വന്ത നിലയിൽ പരിഹാരം
കാണാനാവില്ല. പ്രശ്നം പഠിച്ച് പുതിയ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പരിഹാരമാർഗ്ഗങ്ങൾ
കണ്ടെത്തേണ്ടിയിരിക്കുന്നു. ശാസ്ത്രീയമായ പഠനം നടത്തിയാൽ പ്രാദേശിക-മേഖലാ അടിസ്ഥാനങ്ങളിലുള്ള
ഒരു സംവിധാനമാണ് വേണ്ടതെന്ന് വ്യക്തമാകും. ഇക്കാര്യത്തിൽ സർക്കാരാണ് മുൻകൈ എടുക്കേണ്ടത്.
കോടതിയുടെയും സർക്കാരിന്റെയും മുന്നിൽ വിളപ്പിൽശാല ഒരു ചോദ്യം ഉയർത്തുന്നുണ്ട്.
അത് തികച്ചും സമാധാനപരമായി നടക്കുന്ന സമരത്തെ രക്തച്ചൊരിച്ചിലിലൂടെ അടിച്ചമർത്തണോ എന്നതാണ്. ( ഇൻഡ്യാ ടുഡേ)
4 comments:
ഈ വിഷയത്തില്‍ ശക്തമായ ഒരു അഭിപ്രായം ഞാന്‍ രേഖപെടുതിയിട്ടുണ്ട് : ജീവിക്കാന്‍ വേണ്ടിയുള്ള സമരങ്ങള്‍
ജീവിക്കാനുള്ള അവകാശത്തിനുമേലുള്ള കടന്നുകയറ്റം,,,,,,,
htt://rajeshpuliyanethu.blogspot.com
സാമാന്യബുദ്ധിയിൽ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്തതാണ് കോടതിയുടെ ഈ നിലപാട്. ഒരു പഞ്ചായത്തിൽ തിരുവനന്തപുരം നഗരസഭ അതിന്റെ മാലിന്യങ്ങൾ സംസ്കരിക്കാൻ ഒരു ഫാൿടറി തുടങ്ങുന്നു. അവിടെ സംസ്കരിക്കാവുന്നതിലും അധികം മാലിന്യങ്ങൾ എത്തിച്ചതിനാൽ അത് അവിടെ കെട്ടിക്കിടന്ന് ആ പഞ്ചായത്തിലെ വായുവും ജലവും മലിനമാക്കുന്നു. ആ ഗ്രാമവാസികൾക്ക് അസ്ഖങ്ങളും അവരുടെ സ്വസ്ഥമായ ജീവിതം തന്നെയും തകിടം മറിക്കുന്നു. അതിനെത്തുടർന്ന് ആ ഗ്രാമപഞ്ചായത്ത് പ്രസ്തുതഫാൿടരിയ്ക്ക് നൽകിയ പ്രവർത്താനാനുമതി പിൻവലിക്കുന്നു. ഇതിനെതിരെ തിരുവനന്തപുരം നഗരസഭ കോടതിയിൽ പോകുന്നു.
ഇതുവരെ കാര്യങ്ങൾ മനസ്സിലാക്കാം. കോടതിയിൽ നീതിയാണ് നടപ്പാകേണ്ടതെങ്കിൽ മലീകരണത്തിന്രെ പേരിൽ ഫാൿടറി ഉടമകൾക്കെതിരെ കേസെടുക്കുകയാണ് വേണ്ടത്. ഇവിടെ കോടതി പറയുന്നത് എന്ത് ബലപ്രയോഗം നടത്തിയായാലും ഫാൿടറി അവിടേത്തന്നെ തുടർന്നും പ്രവർത്തിക്കണം എന്നാണ്.
ഈ ഘട്ടത്തിൽ ഓർമ്മവരുന്നത് വർഷങ്ങൾക്ക് മുൻപ് എറണാകുളം മഹാനഗരത്തിലെ മാലിന്യം ബ്രഹ്മപുരത്ത് നിക്ഷേപിക്കുന്നതിനെതിരെ അവിടെ ജനങ്ങൾ സംഘടിച്ചപ്പോൾ ആഴ്ചകളോളം എറണാകുളം നഗരത്തിലെ മാലിന്യനീക്കം തടസ്സപ്പെട്ടു. ഒടുവിൽ നഗരസഭ ഹൈക്കോടതിയിൽ നിന്നും കുറച്ചു നീങ്ങിയുള്ള ജി സിഡി എ യുടെ പറമ്പിൽ താൽകാലീകമായി മാലിന്യങ്ങൾ സംഭരിക്കാൻ തീരുമാനിച്ചു. അങ്ങനെ സംഭരിക്കപ്പെട്ട മാലിന്യത്തിന്റെ ദുർഗന്ധം ഹൈക്കോടതിയുടെ പ്രവർത്തനത്തെ തന്നെ ബാധിച്ചപ്പോൾ അത് അവിടെ നിന്നും നീക്കം ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടും ദുർഗന്ധം മൂലം ഒരുദിവസം ഉച്ചയോടെ കോടതി പ്രവർത്തനവും നിറുത്തിവെച്ചു.
ഒന്നോർത്തുനോക്കൂ കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി ഈ ദുർഗന്ധം അനുഭവിക്കുന്ന വിളപ്പിൽശാല നിവാസികളുടെ ദുരവസ്ഥ. തങ്ങൾക്കുണ്ടായ അനുഭവം ഓർമ്മയുണ്ടെങ്കിൽ ഹൈക്കോടതി ഇങ്ങനെ ഉത്തരവിടുമോ? സ്മരണവേണം തേവരേ സ്മരണ.
ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം എന്ന ഈ സൈറ്റ്
സന്ദര്‍ശിക്കണം
Post a Comment