സ്വിറ്റ്സർലണ്ടിലെ ഒരു
ബാങ്കിൽ 2006ലെ ഒരു ദിവസം ഇന്ത്യാക്കാരുടെ പേരിലുള്ള അക്കൌണ്ടുകളിലുണ്ടായിരുന്ന പണം
സംബന്ധിച്ച വിവരങ്ങളാണ് അരവിന്ദ് കേജ്രിവാൾ വെള്ളിയാഴ്ച വെളിപ്പെടുത്തിയത്. ഫ്രാൻസിലെ
ഗവണ്മെന്റിന് ലഭിച്ച രേഖകളിൽ നിന്നാണ് പുറംലോകം ആ ബാങ്കിലെ രഹസ്യ അക്കൌണ്ടുകളെ കുറിച്ച്
അറിയുന്നത്. ഫ്രഞ്ചുകാർ വിവരം നമ്മുടെ സർക്കാരിന് നേരിട്ടു നൽകിയിരുന്നു. എന്നാൽ അതിന്റെ
അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവർക്കെതിരെ നിയമനടപടികൾ എടുക്കാൻ സർക്കാർ തയ്യാറായില്ല. പകരം
വെളിപ്പെട്ട തുകക്കുള്ള ആദായനികുതി വാങ്ങി കേസ് ഒതുക്കി.
ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ
കേജ്രിവാളിനു മുമ്പെ വിവരം പുറത്തു കൊണ്ടുവരാൻ ഇന്ത്യയിലെ മാധ്യമങ്ങൾക്ക് കഴിയുമായിരുന്നു.
ഫ്രഞ്ചു സർക്കാരിൽ നിന്ന് സ്വിസ് ബാങ്ക് അക്കൌണ്ട് സംബന്ധിച്ച വിവരം ലഭിച്ച രാജ്യങ്ങളുടെ
കൂട്ടത്തിൽ ഗ്രീസും ഉണ്ടായിരുന്നു. ഈയിടെ അവിടത്തെ ഒരു മാധ്യമം ലിസ്റ്റിലുള്ള ഗ്രീക്കുകാരുടെ
പേരുകൾ വെളിപ്പെടുത്തി. ഗ്രീക്ക് സർക്കാർ റിപ്പോർട്ട് എഴുതിയ ലേഖകനെതിരെ വ്യക്തികളുടെ
സ്വകാര്യതയിൽ കടന്നുകയറിയെന്ന് ആരോപിച്ച് കേസെടുത്തു. ദിവസങ്ങൾക്കുള്ളിൽ കോടതി കേസ്
തള്ളിക്കൊണ്ട് ഉത്തരവിട്ടു.
കേജ്രിവാൾ വെളിപ്പെടുത്തിയ
കാര്യങ്ങൾ ശരിയല്ലെന്ന് അംബാനി കുടുംബാംഗങ്ങളും മറ്റ് ചിലരും പ്രസ്താവിച്ചിട്ടുണ്ട്.
ഇപ്പോൾ ചോദിച്ചാൽ ഈ പറയുന്ന തരത്തിലുള്ള അക്കൌണ്ടുകൾ ഇല്ലെന്നാവും ബാങ്കിലെ അധികൃതരും
പറയുക. പണം പിൻവലിച്ച് അക്കൌണ്ടുകൾ അടയ്ക്കുവാൻ ആറു കൊല്ലത്തെ സമയം അവർക്ക് കിട്ടിയിരുന്നല്ലൊ.
അക്കൌണ്ടുള്ളവരുടെ ലിസ്റ്റിൽ
മുകേഷ് അംബാനിയുടെ പേരു ചേർത്തതിന് എച്ച്.എസ്.ബി.സി. ബാങ്ക് അദ്ദേഹത്തോടെ മാപ്പ് പറഞ്ഞതായി
അദ്ദേഹത്തിന്റെ വക്താവ് ഇക്കൊല്ലം ആദ്യം പറഞ്ഞിരുന്നു. ഇതിന്റെ അർത്ഥം അംബാനിക്ക് അവിടെ
അക്കൌണ്ട് ഉണ്ടായിരുന്നില്ല എന്നല്ല, അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താൻ ബാങ്കിന്
അവകാശം ഉണ്ടായിരുന്നില്ല എന്നു മാത്രമാണ്.
ഇപ്പോൾ അക്കൌണ്ടുകൾ നിലവിലില്ലെന്നതുകൊണ്ട്
അവ തുടങ്ങിയവർ കുറ്റവാളികളല്ലാതാകുന്നില്ല. അവർക്കെതിരെ കേസെടുക്കാനുള്ള സർക്കാരിന്റെ
ചുമതല ഇല്ലാതാകുന്നുമില്ല. പക്ഷെ സർക്കാർ നടപടിയെടുക്കുമെന്ന വിശ്വാസം എനിക്കില്ല.
“നിങ്ങൾ എത്രതന്നെ ഉയരത്തിലാകട്ടെ അതിനും മുകളിലാണ് നിയമം” എന്നൊരു ചൊല്ല് നിയമവാഴ്ച
ആദരിക്കുന്ന രാജ്യങ്ങളിലുണ്ട്. അത്തരത്തിലുള്ള നിയമവാഴ്ചാ സങ്കല്പം നിലനിൽക്കുന്ന രാജ്യമല്ല
ഇന്നത്തെ ഇന്ത്യ. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ സന്തോഷ് മാധവൻ എന്ന സംന്യാസി
അറസ്റ്റിലായ സമയത്ത് പറഞ്ഞു: “അല്പം കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്നെ പിടിക്കാനാകുമായിരിരുന്നില്ല.”
ആൾദൈവപദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സന്തോഷ് മാധവൻ നിയമത്തിന്റെ
പിടിയിലായത്. അല്പംകൂടി സമയം കിട്ടിയിരുന്നെങ്കിൽ തനിക്ക് ആ പദവി ഉറപ്പാവുകയും താൻ
നിയമത്തിന്റെ കൈകൾ എത്താത്ത ഉയരത്തിലാവുകയും ചെയ്യുമായിരുന്നെന്നാണ് സന്തോഷ് മാധവൻ സൂചിപ്പിച്ചത്.
രാഷ്രീയ-സാമ്പത്തിക-സാമൂഹ്യതലങ് ങളിലെ
അത്യുന്നതർ നിയമത്തിന്റെ കൈകൾ എത്താത്ത ഉയത്തിൽ വിരാജിക്കുകയാണ്. അവരെ നേരിടാനുള്ള
കഴിവ് ഇന്ത്യയുടെ നിയമവ്യവസ്ഥ ഇനിയും ആർജ്ജിക്കേണ്ടിയിരിക്കുന്നു. ബാങ്ക്
അധികൃതർ നിയമവിരുദ്ധമായ പ്രവൃത്തികൾ നടത്തിയെന്ന ആരോപണം അന്വേഷിക്കാൻ
പോലും നമ്മുടെ സർക്കാർ ധൈര്യപ്പെടില്ല. കാരണം അത്തരത്തിലുള്ള അന്വേഷണം
മറ്റുള്ളവരുടെ നിയമവിരുദ്ധ പ്രവർത്തനവും പുറത്തുകൊണ്ടുവരും.
1 comment:
ഉള്ളടക്കത്തിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കുന്ന ലേഖനങ്ങള്‍ .........അഭിനന്ദനങ്ങള്‍ ..ഈ ബ്ലോഗിന്റെ വായനക്കാരോടോരുവാക്ക്
നിങ്ങള്‍ ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ്,മൊബൈല്‍ സാങ്കേതിക മേഖലകളില്‍ താല്‍പ്പര്യമുള്ളയാളാണോ എങ്കില്‍ തീര്‍ച്ചയായും
ഇലക്ട്രോണിക്സ് കേരളം ഈ സൈറ്റ്
സന്ദര്‍ശിക്കണം
Post a Comment