Wednesday, February 11, 2015

ഡൽഹിയിൽ നിന്നുള്ള നല്ല വാർത്ത

ബി.ആർ.പി. ഭാസ്കർ
ജനയുഗം

ഒരു കൊല്ലമായി ഡൽഹിയിൽ നിന്നുള്ള വാർത്തകൾ ജനാധിപത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം നല്ലവയായിരുന്നില്ല. കേന്ദ്രത്തിൽ അധികാരം നേടിയശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപി വലിയ മുന്നേറ്റം നടത്തുകയും മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരിൽ പോലും അധികാരത്തിൽ പങ്കാളിയാകാൻ കഴിയുന്ന തരത്തിൽ വളരുകയും ചെയ്തു. അതോടെ നരേന്ദ്രമോഡി അജയ്യനാണെന്ന ധാരണ പരന്നു. ഹിന്ദുത്വവാദികൾ ഇന്ത്യ ഹിന്ദുത്വരാഷ്ട്രമാണെന്ന്‌ പരസ്യമായി പ്രഖ്യാപിക്കാൻ ധൈര്യപ്പെട്ടു. ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ സമത്വം, മതനിരപേക്ഷത തുടങ്ങിയവയെ അവർ പ്രത്യക്ഷത്തിൽ തന്നെ നിരാകരിക്കാനും തുടങ്ങി. കഴിഞ്ഞ ദിവസം ആർഎസ്‌എസ്‌ തലവൻ മോഹൻ ഭഗവത്‌ ‘ഒരു മതം, ഒരു ദൈവം, ഒരു ഭാഷ’ എന്ന അത്യന്തം അപകടകരമായ ഫാസിസ്റ്റ്‌ മുദ്രാവാക്യം മുന്നോട്ടുവെച്ചു. ദേശീയ പ്രാദേശിക തലങ്ങളിൽ പ്രവർത്തിക്കുന്ന കക്ഷികൾക്ക്‌ രാജ്യത്തെയും സമൂഹത്തെയും പിന്നോട്ടു വലിക്കുന്ന ശക്തികളെ ഫലപ്രദമായി ചെറുക്കാൻ കഴിയാത്തത്‌ ജനങ്ങളെ കടുത്ത നിരാശയിലാക്കിയ ഘട്ടത്തിൽ ഡൽഹിയിൽ നിന്നും ഇതാ ഒരു നല്ല വാർത്ത വന്നിരിക്കുന്നു. അവിടത്തെ ജനങ്ങൾ കോൺഗ്രസിനോടൊപ്പം ബിജെപിയെയും തൂത്തെറിഞ്ഞുകൊണ്ട്‌ ആം ആദ്മി പാർട്ടിയെ (ആപ്‌) മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിച്ചിരിക്കുന്നു.

ഡൽഹിയിൽ 2013ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ 15 കൊല്ലത്തെ ഭരണത്തിനു തിരശീല വീണു. അഴിമതി ആരോപണങ്ങളാണ്‌ പൊതുവെ മെച്ചപ്പെട്ട ഭരണം കാഴ്ചവെച്ച കോൺഗ്രസിന്റെ ദയനീയ പരാജയത്തിന്‌ കാരണമായത്‌. മൂന്നു തവണ മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്തിന്‌ സ്വന്തം മണ്ഡലമായ ന്യൂഡൽഹി നിലനിർത്താൻ പോലുമായില്ല. ഏറെക്കാലമായി കോൺഗ്രസും ബിജെപിയും നേരിട്ടു മത്സരിച്ചിരുന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു ഡൽഹി. ആ നിലയ്ക്ക്‌ കോൺഗ്രസ്‌ തോൽക്കുമ്പോൾ അധികാരത്തിലേറാൻ കഴിയേണ്ട ബിജെപിക്ക്‌ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം മൂലം അതിനു കഴിയാതെപോയി. ഇന്ത്യൻ റവന്യൂ സർവീസ്‌ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ്‌ കെജ്‌രിവാൾ അണ്ണാ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിയായിരുന്നു. അധികാരം നേടിയാൽ മാത്രമെ അഴിമതിക്കെതിരെ ഫലപ്രദമായ നടപടികൾ എടുക്കാനാവൂ എന്ന ചിന്തയാണ്‌ അദ്ദേഹത്തെ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു തെരഞ്ഞെടുപ്പു രംഗത്ത്‌ പ്രവേശിക്കാൻ പ്രേരിപ്പിച്ചത്‌. ബിജെപി 33.07 ശതമാനം വോട്ടും 31 സീറ്റും നേടി 70 അംഗ നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായപ്പോൾ ആപ്‌ 29.49 ശതമാനം വോട്ടും 28 സീറ്റുമായി തൊട്ടുപിന്നിലായിരുന്നു.

പ്രധാനമായും കോൺഗ്രസിന്റെ ചെലവിലാണ്‌ ആപ്‌ ആദ്യ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്‌. കോൺഗ്രസിന്റെ വോട്ട്‌ വിഹിതത്തിൽ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്‌. ബിജെപിയുടെ നഷ്ടം മൂന്ന്‌ ശതമാനം മാത്രമായിരുന്നു. ബിജെപി അധികാരത്തിൽ വരുന്നത്‌ തടയാൻ കോൺഗ്രസ്‌ നൽകിയ പിന്തുണയോടെ കെജ്‌രിവാൾ മുഖ്യമന്ത്രിയായി. അതിനുശേഷംസർക്കാരാഫീസുകളിൽ അഴിമതി കുറഞ്ഞതായി ജനങ്ങൾക്ക്‌ അനുഭവപ്പെട്ടു. ചില വലിയ കമ്പനികളുമായി കെജ്‌രിവാൾ കൊമ്പു കോർത്തു. ഒടുവിൽ ആ രീതിയിൽ ഏറെനാൾ മുന്നോട്ടു പോകാൻ കഴിയില്ലെന്ന്‌ മനസിലായതുകൊണ്ട്‌ അദ്ദേഹം രാജിവെച്ചു. ആപിൽ പിളർപ്പുണ്ടാക്കി അധികാരത്തിലെത്താൻ വേണ്ട ഭൂരിപക്ഷം നേടാൻ ബിജെപി ശ്രമിച്ചെങ്കിലും അത്‌ ഫലിച്ചില്ല. ഡൽഹി ആര്‌ ഭരിക്കണമെന്ന്‌ തീരുമാനിക്കാൻ അങ്ങനെ ജനങ്ങൾക്ക്‌ വീണ്ടും അവസരം ലഭിച്ചു.

ഇത്തവണ അരവിന്ദ്‌ കെജ്‌രിവാളിന്‌ വലിയ പ്രതിബന്ധങ്ങൾ നേരിടേണ്ടിവന്നു. കഴിഞ്ഞ ഒരു കൊല്ലക്കാലത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ ശിൽപികളായ മോഡിയും പാർട്ടി അധ്യക്ഷൻ അമിത്‌ ഷായും എന്തു വില കൊടുത്തും തലസ്ഥാന നഗരി കൈപ്പിടിയിൽ ഒതുക്കാനായി ആളും അർത്ഥവും സംഘടിപ്പിച്ചു. മോഡി തെരഞ്ഞെടുപ്പു പ്രസംഗങ്ങളിൽ അധികാരം ഇട്ടിട്ടോടിയ അരാജകത്വവാദിയായ കെജ്‌രിവാൾ നക്സലൈറ്റുകളോടൊപ്പം കൂടുകയാണ്‌ വേണ്ടതെന്നു പരിഹസിച്ചു. പക്ഷെ ഡൽഹിയിലെ ജനങ്ങൾ ജാതിമത പരിഗണന കൂടാതെ ആപിനെ പിന്തുണച്ചു. ആപിന്റെ വോട്ടു വിഹിതം 24ൽ നിന്ന്‌ 54 ശതമാനമായി ഉയർന്നു. അതോടെ നിയമസഭയിലെ അംഗബലം 67 ആയി. ഇതിനു മുമ്പ്‌ ഒരു പാർട്ടിക്കും ഇത്ര വലിയ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ബിജെപിയുടെ വോട്ടുവിഹിതം 33ൽ നിന്ന്‌ 32 ശതമാനമായി കുറഞ്ഞു. അതിന്റെ ഫലമായി സീറ്റുകളുടെ എണ്ണം മൂന്നായി ചുരുങ്ങി. അംഗബലം പത്തു ശതമാനത്തിനു താഴെയാകയാൽ നിയമസഭയിൽ പ്രതിപക്ഷനേതൃപദവി അവകാശപ്പെടാൻ പോലും അതിനു കഴിയില്ല. കോൺഗ്രസിന്റെ വോട്ട്‌ ശതമാനം ഒമ്പതായി ചുരുങ്ങി. ഒന്നര കൊല്ലം മുമ്പു വരെ സംസ്ഥാനം ഭരിച്ച കക്ഷിക്ക്‌ അതോടെ നിയമസഭയിൽ പ്രാതിനിധ്യം പോലുമില്ലാതായി.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഡൽഹിയിലെ ഏഴ്‌ സീറ്റും തൂത്തുവാരിയിരുന്നു. സംസ്ഥാനത്തെ 70 നിയമസഭാമണ്ഡലങ്ങളിൽ 60ലും അന്ന്‌ ഒന്നാം സ്ഥാനത്തായിരുന്ന ആ കക്ഷിക്ക്‌ ഇപ്പോൾ മൂന്നിടത്തേ ജയിക്കാനായിട്ടുള്ളു. അന്ന്‌ പത്തിടത്തു മാത്രം ഭൂരിപക്ഷ പിന്തുണയുണ്ടായിരുന്ന ആപ്‌ 67 സീറ്റ്‌ നേടിയിരിക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനെയും നിയമസഭാ തെരഞ്ഞെടുപ്പിനെയും വേർതിരിച്ചു കാണാനുള്ള കഴിവ്‌ വോട്ടർമാർക്കുണ്ടെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. രാഷ്ട്രീയ കക്ഷികൾക്ക്‌ മറ്റൊരു പാഠവും ഇതിൽ നിന്ന്‌ പഠിക്കാനാകും. അത്‌ രാഷ്ട്രീയ അഴിമതിയിൽ മനംമടുത്ത ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ്‌. ആ ലക്ഷ്യത്തോടെ കോൺഗ്രസിന്‌ കേന്ദ്രഭരണം നിഷേധിക്കാൻ തീരുമാനിച്ച ജനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചു. കാരണം ഒരു ദേശീയ ബദലാകാനുള്ള കഴിവുള്ള കക്ഷിയായി അവർ അതിനെ കണ്ടു. സംസ്ഥാനതലത്തിൽ ബദലാകാനുള്ള കഴിവ്‌ തങ്ങൾക്കുണ്ടെന്ന്‌ ആപ്‌ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തെളിയിച്ചിരുന്നു. ആ സാഹചര്യത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൈയൊഴിഞ്ഞുകൊണ്ട്‌ ജനങ്ങൾ ആപിനെ വലിയ തോതിൽ പിന്തുണച്ചു.

ഡൽഹി അടുത്ത കാലത്ത്‌ വളരെയേറെ കൂറുമാറ്റങ്ങൾക്ക്‌ സാക്ഷ്യം വഹിക്കുകയുണ്ടായി. കേന്ദ്രം ഭരിക്കുന്ന കക്ഷിയെന്ന നിലയിൽ ആപ്‌ ഉൾപ്പെടെയുള്ള കക്ഷികളിൽ നിന്ന്‌ പലരെയും ആകർഷിക്കാൻ ബിജെപിക്കു കഴിഞ്ഞു. കെജ്‌രിവാളിന്‌ ഏതൊരു ബിജെപി നേതാവിനേക്കാളും ജനപ്രീതിയുണ്ടെന്ന്‌ മനസിലാക്കിയ മോഡി ജനലോക്പാലിനായുള്ള അണ്ണാ ഹസാരെയുടെ സമരത്തിൽ അദ്ദേഹത്തോടൊപ്പം പങ്കെടുത്ത മുൻ ഐപിഎസ്‌ ഉദ്യോഗസ്ഥ കിരൺ ബേദിയെ പാർട്ടിയിലേക്ക്‌ കൊണ്ടൂവരികയും മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. കിരൺ ബേദിയുൾപ്പെടെയുള്ള എല്ലാ അവസരവാദികളെയും പുറന്തള്ളിക്കൊണ്ട്‌ ഡൽഹിയിലെ വോട്ടർമാർ രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ചു.

മോഡി അധികാരത്തിൽ വന്നശേഷം സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന ഘർവാപസിയും സദാചാര പൊലീസ്‌ കളിയുംപോലുള്ള പേക്കൂത്തുകൾക്കെതിരായ ശക്തമായ വിധിയെഴുത്തുകൂടിയാണ്‌ ഡൽഹി തെരഞ്ഞെടുപ്പു ഫലം. ജാതിമതവിഭാഗങ്ങളുടെ അപ്രീതി ഭയന്ന്‌ ഹിന്ദു വർഗീയതക്കെതിരെ ഉറച്ച നിലപാട്‌ എടുക്കാൻ മടിക്കുന്ന മതനിരപേക്ഷ കക്ഷികൾക്ക്‌ ഈ ജനവിധി ധൈര്യം പകരേണ്ടതാണ്‌.

No comments: