ബിആർപി ഭാസ്കർ
നിയമസഭാമന്ദിരങ്ങളെ ആലങ്കാരികമായി ജനാധിപത്യത്തിന്റെ ശ്രീകോവിലുകൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കേരള നിയമസഭയിൽ അരങ്ങേറിയ രംഗങ്ങൾ അത് ആരാധനാലയമാണോ അറവുശാലയാണോ എന്ന് ചോദിക്കാൻ പ്രേരിപ്പിക്കുന്നവയാണ്. ജനാധിപത്യം കേവല ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നല്ല. ഭരണകൂടം ബഹുജനതാൽ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമ്പോൾ മാത്രമാണ് ജനാധിപത്യം നിലനിൽക്കുന്നുവെന്ന് പറയാനാകുന്നത്.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ സ്റ്റാഫിൽപ്പെട്ട ചിലരെ ഒരു തട്ടിപ്പു പരമ്പര നടത്തിയവരെ സഹായിച്ചതിന്റെ പേരിൽ പൊലീസ് പിടികൂടിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമാണ് പൊലീസ് ഒരു മുഖ്യമന്ത്രിയുടെ സഹായികളെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്വയം തെരഞ്ഞെടുത്തു നിയമിച്ചവരെന്ന നിലയിൽ അവരുടെ പ്രവൃത്തികളുടെ ധാർമ്മിക ഉത്തരവാദിത്വം അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ അവരെ ബലികഴിച്ചുകൊണ്ട് സ്വന്തം സ്ഥാനം സംരക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ മാസത്തിൽ പൂട്ടിക്കിടക്കുന്ന 400ൽപരം ബാറുകൾ തുറക്കുന്നതിനായി ധനകാര്യ മന്ത്രി കെ എം മാണി അഞ്ചു കോടി രൂപ കോഴ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ നൽകപ്പെട്ടെന്നും വാർത്ത പരന്നു. വാർത്തയുടെ സ്രോതസ് രാഷ്ട്രീയ എതിരാളികളായിരുന്നില്ല, കോഴ കൊടുക്കാൻ അംഗങ്ങളിൽ നിന്ന് പിരിവെടുത്ത ബാർ ഓണേഴ്സ് അസോസിയേഷന്റെ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് ആയിരുന്നു. ഉടൻ തന്നെ ഒരന്വേഷണവും കൂടാതെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ‘ആരോപണം പൂർണമായും അടിസ്ഥാനരഹിതമാണെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. അതുകൊണ്ട് അന്വേഷണത്തിന്റെ ആവശ്യമില്ല,’ എന്നാണ് അദ്ദേഹം പറഞ്ഞത്. മാണിയുടെ ജീവിതം തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിനെതിരായ ആരോപണം ആരും വിശ്വസിക്കില്ല എന്നും കൂടി അദ്ദേഹം പറഞ്ഞുവെച്ചു.
ശബ്ദരേഖയുടെ രൂപത്തിലും മറ്റും തെളിവുകൾ വന്നപ്പോൾ സർക്കാരിന് ആരോപണം വിജിലൻസ് അന്വേഷണത്തിനു വിടേണ്ടി വന്നു. മാണിയെപ്പോലെ ശക്തനായ ഒരു മന്ത്രിക്കെതിരായ ആരോപണം ഫലപ്രദമായി അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന വകുപ്പിന് കഴിയുമോ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു. ഇത്തരം സാഹചര്യങ്ങളിൽ ജനാധിപത്യമര്യാദ ആവശ്യപ്പെടുന്നത് മന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്നാണ്. അത് അന്വേഷണം സത്യസന്ധവും നീതിപൂർവകവുമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സഹായിക്കും. പക്ഷെ മാണി രാജി വെച്ചില്ല. മാണിയോട് രാജിവയ്ക്കാൻ ഉമ്മൻ ചാണ്ടി പറഞ്ഞുമില്ല.
പ്രാഥമിക അന്വേഷണത്തിന്റെ വെളിച്ചത്തിൽ വിജിലൻസ് വകുപ്പ് ഡിസംബർ 11ന് മാണിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിക്കാനും വകുപ്പ് തീരുമാനിച്ചു. ആ ഘട്ടത്തിൽ മാണിക്ക് നേരത്തെ എടുത്ത തീരുമാനം തിരുത്തി രാജി വയ്ക്കാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. അദ്ദേഹം അത് സ്വയമേവ ചെയ്യില്ലെന്ന് ബോധ്യമായപ്പോൾ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാമായിരുന്നു. അദ്ദേഹം അതു ചെയ്തില്ല. നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ സഭയിലെ നില യുഡിഎഫ് 72, എൽഡിഎഫ് 68 എന്നിങ്ങനെയായിരുന്നു. ഭരണപക്ഷത്തിന് പിന്നീട് അംഗബലം അൽപം കൂട്ടാനായി. പക്ഷെ മുഖ്യമന്ത്രിക്ക് ഇപ്പോഴും മാണിയെ പേടിക്കണം. കാരണം ഒമ്പത് എംഎൽഎമാരുള്ള കേരളാ കോൺഗ്രസിന്റെ നേതാവാണ് അദ്ദേഹം. മുഖ്യമന്ത്രിയുടെ കസേര വലിച്ചു താഴെയിടാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.
കോഴ ആരോപണം ഉയർന്നപ്പോൾ യുഡിഎഫ് ഒറ്റക്കെട്ടായി മാണിയെ പിന്തുണച്ചു. മന്ത്രിസഭയെ രക്ഷിക്കാൻ അതാവശ്യമായിരുന്നു. പക്ഷെ മാണിയുടെ കരങ്ങൾ ശുദ്ധമാണെന്ന വിശ്വാസം എല്ലാ മുന്നണി നേതാക്കൾക്കുമില്ലെന്ന് കാലക്രമത്തിൽ വ്യക്തമായി. മാണി രാജി വയ്ക്കേണ്ടതായിരുന്നു എന്ന് ചില കോൺഗ്രസ് നേതാക്കളും കേരളാ കോൺഗ്രസ് നേതാക്കളും പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഉമ്മൻ ചാണ്ടി തുടക്കത്തിൽ സ്വീകരിച്ച, മാണിക്കെതിരായ ആരോപണം ആരും വിശ്വസിക്കില്ലെന്ന നിലപാടിന് ഇനിയും സാധുതയില്ല.
മാണി രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നീതിയുക്തമായിരുന്നു. അതുണ്ടാകാഞ്ഞതിനാൽ അദ്ദേഹം ബജറ്റ് അവതരിപ്പിക്കുന്നത് തടയുമെന്ന് അവർ പ്രഖ്യാപിച്ചു. മാണി അതിനെ ഒരു അഭിമാനപ്രശ്നമായി കണ്ടു. അത് ജനാധിപത്യമര്യാദക്ക് നിരക്കുന്നതല്ലെന്ന് തിരിച്ചറിഞ്ഞ് ഉചിതമായ ബദൽ സംവിധാനമൊരുക്കാനുള്ള ചുമതല മുഖ്യമന്ത്രിക്കുണ്ടായിരുന്നു. പ്രത്യേകിച്ചും നികുതി ഇളവുകൾ നൽകുന്നതിനും മാണി കോഴ വാങ്ങിയിട്ടുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ച സാഹചര്യത്തിൽ ജനാധിപത്യമര്യാദയേക്കാൾ പ്രാധാന്യം സ്വന്തം കസേരക്കു നൽകിയതുകൊണ്ട് അദ്ദേഹത്തിനു അതിനു കഴിഞ്ഞില്ല. വിജിലൻസ് വകുപ്പു തനിക്കെതിരെ കുറ്റപത്രം സമർപ്പിച്ചാലും രാജി വെക്കില്ലെന്നാണ് മാണി ഇപ്പോൾ പറയുന്നത്. മുഖ്യമന്ത്രിയുടെ ഗതികേട് അങ്ങേയറ്റം മുതലെടുക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് ഇത് വ്യക്തമാക്കുന്നു.
നിയമസഭയിൽ അരങ്ങേറിയ വൃത്തികെട്ട രംഗങ്ങൾക്കുള്ള പ്രാഥമിക ഉത്തരവാദിത്വം അഴിമതി ആരോപണം നേരിടുന്ന മന്ത്രി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്ന നിലപാട് എടുത്ത ഭരണപക്ഷത്തിനാണ്. അതേസമയം പ്രതിപക്ഷം ധാർമ്മിക മേൽക്കൈ നേടാനുള്ള അവസരം കളഞ്ഞുകുളിച്ചെന്ന് പറയാതിരിക്കാൻ വയ്യ. സഭാതലത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമെങ്കിൽ അച്ചടക്കനടപടികൾ സ്വീകരിക്കാനുള്ള അവകാശം നിയമസഭയ്ക്കുണ്ട്. എന്നാൽ നിയമസഭാ സെക്രട്ടേറിയറ്റ് പൊലീസിനു പരാതി നൽകിയശേഷം പൊലീസ് അന്വേഷണം പൂർത്തിയാകുന്നതിനു മുമ്പ് ഏതാനും അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടിയെടുത്തതിനെ ന്യായീകരിക്കാനാവില്ല. ഇപ്പോൾ പൊലീസ് സെക്രട്ടേറിയറ്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷാംഗങ്ങളുടെയും വനിതാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭരണപക്ഷാംഗങ്ങളുടെയും ചെയ്തികൾ പരിശോധിക്കുകയാണ്. നിയമലംഘനങ്ങൾ നടന്നോ എന്ന് മാത്രമാണ് പൊലീസ് പരിശോധിക്കുക. പക്ഷെ നിയമത്തിനപ്പുറമുള്ള പല വിഷയങ്ങളും ഉയർന്നു വന്നിട്ടുണ്ട്.
ഒരു ചർച്ചയും കൂടാതെ വോട്ട് ഓൺ അക്കൗണ്ട് പാസാക്കിയത് ഒരു ചീത്ത കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്ന നിലപാട് പ്രതിപക്ഷം പുന:പരിശോധിക്കണം. കാരണം ബജറ്റ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെങ്കിൽ വോട്ട് ഓൺ അക്ക്ണ്ട് പാസാക്കിയിട്ടുമില്ല. അതായത് മർച്ച് 31നുശേഷം ഒരാവശ്യത്തിനും പണം ചെലവാക്കാനുള്ള അവകാശം സർക്കാരിനില്ല. ഭരണപ്രതിപക്ഷ അംഗങ്ങൾ അടങ്ങുന്ന ഒരു സമിതി രൂപീകരിച്ച് ജനാധിപത്യമര്യാദകളുടെ വെളിച്ചത്തിൽ വിഷയം സൂക്ഷ്മമായി പരിശോധിച്ച് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണു വേണ്ടത്. ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും വിശ്വാസമുള്ള നിയമജ്ഞന്മാരുടെയും അനുഭവസമ്പന്നരായ പാർലമെന്റേറിയന്മാരുടെയും സഹായവും തേടാവുന്നതാണ്. -നയുഗം, മാർച് 25, 2015

No comments:
Post a Comment