Friday, March 20, 2009

പൊന്നാനിയിൽ തോമസ് ഐസക് കാണാത്ത പൊരുളുകൾ

പൊന്നാനിയിലെ തരംഗങ്ങള്‍ മലപ്പുറത്ത് ഒതുങ്ങാന്‍ പോകുന്നില്ലെന്നും കേരളത്തിലുടനീളം, പ്രത്യേകിച്ചും മലബാറില്‍, പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പുഫലങ്ങളെ സ്വാധീനിക്കുന്ന ഒരു സുപ്രധാന ഘടകമായിരിക്കുമെന്നും ടി. എം. തോമസ് ഐസക് മാതൃഭൂമി ഇന്ന് പ്രസിദ്ധീകരിച്ചിട്ടുള്ള ‘പൊന്നാനിയുടെ പൊരുള്‍’ എന്ന ലേഖനത്തില്‍ പറയുന്നു.

ഈ നിരീക്ഷണത്തോട് ഞാന്‍ യോജിക്കുന്നു. എന്നാല്‍ പൊന്നാനിയുടെ അനുരണനങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നത് അദ്ദേഹം കരുതുന്ന രീതിയിലാകുമെന്ന് ഞാന്‍ കരുതുന്നില്ല.

1960കളില്‍ അടവ് എന്ന നിലയില്‍ മുസ്ലിം ലീഗുമായുണ്ടാക്കിയ ബന്ധം പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കിയെന്ന് അദ്ദേഹം അവകാശപ്പെടുന്നു. പക്ഷെ അത് ദീര്‍ഘകാലം തുടര്‍ന്നപ്പോള്‍ പ്രശ്നങ്ങളുണ്ടായി. രണ്ട് പ്രശ്നങ്ങളാണ് അദ്ദേഹം എടുത്തുപറയുന്നത്. ഒന്ന്, അത് ലീഗിന്റെ സ്വാധീനം തിരു-കൊച്ചിയിലേക്ക് വ്യാപിപ്പിച്ചു. രണ്ട്, അത് മുസ്ലിങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന് തടസ്സമായി.

ലീഗിനെ മന്ത്രിസഭയിലേക്ക് ആനയിക്കുക വഴി അതിന് വളരാനും അതിന്റെ പ്രവര്‍ത്തനം മലബാറിനുപുറത്തേക്ക് നീട്ടാനുമുള്ള സാഹചര്യം പാര്‍ട്ടി ഒരുക്കി എന്ന് പറയുന്നതാവും കൂടുതല്‍ ശരി. പിന്നീട്, യു.ഡി.എഫിന്റെ ഭാഗമായി മാറിയപ്പോഴും ആ സാഹചര്യം തുടര്‍ന്നു. എന്നാല്‍ തിരു-കൊച്ചി പ്രദേശത്ത് ഇന്നും ലീഗിന് വേരോട്ടം ഇല്ലെന്നതാണ് വാസ്തവം. മുന്നണിയുടെ ഭാഗമായി കൊച്ചിയിലും തിരുവിതാംകൂറിലും മത്സരിക്കാനും ജയിക്കാനും അവസരം ലഭിച്ചെങ്കിലും എവീടെയും ഒരു ശക്തിയാകാന്‍ ലീഗിന് കഴിഞ്ഞിട്ടില്ല. യഥാര്‍ത്ഥ പ്രശ്നം ലീഗ് അധികാര രാഷ്ട്രീയത്തില്‍ ഇടം നേടിയതോടെ മുസ്ലിം യുവാക്കള്‍ അതിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുകയും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതനിരപേക്ഷകക്ഷികളുടെ വളര്‍ച്ച നിലയ്ക്കുകയും ചെയ്തു എന്നതാണ്. ഈ വസ്തുത തിരിച്ചറിഞ്ഞതുകൊണ്ടാണ് ലീഗ് ബന്ധത്തിന് തുടക്കമിട്ട ഇ.എം.എസ്. അത് തെറ്റായിരുന്നെന്ന് ഏറ്റുപറഞ്ഞതും പാര്‍ട്ടി ലീഗ് വിട്ടുവന്നവരുമായുള്ള ബന്ധം അവസാനിപ്പിച്ചതും.

ഒരു ചെറിയ ഇടവേളയ്ക്കുശേഷം സി.പി.എം. മുസ്ലിം വര്‍ഗീയ കക്ഷികളുമായി വീണ്ടും ബന്ധം സ്ഥാപിച്ചു തുടങ്ങി. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗ് വിരുദ്ധ മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ പാര്‍ട്ടിക്ക് ലഭിച്ചു. ലീഗിനോടുള്ള അവരുടെ എതിര്‍പ്പിന്റെ അടിസ്ഥാനം അത് മൃദുസമീപനം സ്വീകരിക്കുന്നുവെന്നതാണ്.

സി.പി.എം ഇത്തരത്തിലുള്ള രാഷ്ട്രീയ നിലപാടുകളെ കാണുന്നത് താല്‍ക്കാലിക നേട്ടങ്ങള്‍ക്കായുള്ള അടവായാണ്. മുസ്ലിം സംഘടനകള്‍ സി.പി.എമ്മിനോട് കൂട്ടുകൂടുന്നതും അടവായാണെന്ന് അത് മനസ്സിലാക്കുന്നില്ല. സി.പി.എമ്മും ലീഗും നടത്തിയ പരസ്പര അടവ് പ്രയോഗം കൊണ്ട് ലീഗിന് സി.പി. എമ്മിനേക്കാള്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ കൂടുതല്‍ തീവ്രസ്വഭാവമുള്ള സംഘടനകളുമായി പാര്‍ട്ടി നടത്തുന്ന കൂട്ടുകച്ചവടവും പാര്‍ട്ടിയേക്കാള്‍ ലാഭം നല്‍കുന്നത് അവര്‍ക്കാകും.
പൊന്നാനിയിലെ അനുരണനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തിനു പുറത്ത് ചെലുത്താന്‍ പോകുന്ന സ്വാധീനം വരെയെ തോമസ് ഐസക്കിന് കാണാന്‍ കഴിയുന്നുള്ളു. തെരഞ്ഞെടുപ്പ് കഴിഞ്ഞും അവയുടെ സ്വാധീനം നിലനില്‍ക്കും. ലീഗിനെ തോല്‍പ്പിക്കാന്‍ പാര്‍ട്ടി നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കുമ്പോള്‍ ജയിക്കുന്നത് കമ്മ്യൂണിസവും മതനിരപേക്ഷതയുമാവില്ല, മതമൌലികവാദവും തീവ്രവാദവുമാകും.

6 comments:

Unknown said...

നുണ പറയുന്നതിന്റെ രാഷ്ട്രീയം എന്ന ലേഖനം കൂടി വായിക്കുമല്ലോ.

Unknown said...

The fight begins and waiting for the result.

Unknown said...

മുസ്ലീം വോട്ട് ബാങ്ക് മൊത്തമായോ ചില്ലറയായോ ഇടത് മുന്നണി അക്കൌണ്ടില്‍ വരവ് വെച്ച് ഇടത് മുന്നണിയെ വിപുലീകരിക്കണം എന്ന ആവശ്യം സി.പി.എമ്മില്‍ ആദ്യമുയര്‍ത്തിയത് എം.വി.രാഘവന്‍ ആയിരുന്നു.കാരണങ്ങള്‍ എന്തായാലും അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടു. വര്‍ഗ്ഗീയപ്പാര്‍ട്ടികളുമായി യാതൊരു ബാന്ധവവും പാര്‍ട്ടിയ്ക്ക് പാടില്ല എന്ന ചിന്താഗതിയ്ക്കായിരുന്നു അന്ന് സി.പി.എമ്മില്‍ മുന്‍‌തൂക്കം.

വര്‍ഷങ്ങള്‍ കുറെ കടന്നുപോയപ്പോള്‍ മുസ്ലീം ലീഗിനെ ഇടത് മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ പിണറായി ഉത്സാഹിച്ചതും അച്യുതാനന്ദന്റെ കടുത്ത എതിര്‍പ്പ് മൂലം അത് നടക്കാതെ പോയതും ചരിത്രം. ഐ.എന്‍.എല്‍ എന്ന പാര്‍ട്ടിയെ ഇടയ്ക്ക് മുന്നണിയില്‍ ചേര്‍ത്തിരുന്നുവെങ്കിലും ആ പാര്‍ട്ടിയ്ക് അത്ര ശക്തിയാര്‍ജ്ജിക്കാന്‍ കഴിയാതെ പോയത് കൊണ്ട് ആ പാര്‍ട്ടിയെക്കൊണ്ട് സി.പി.എമ്മിന് പ്രതീക്ഷിച്ച ഗുണം കിട്ടിയില്ല. ഇപ്പോള്‍ അച്യുതാനന്ദന്‍ തീര്‍ത്തും നിരായുധനായത്കൊണ്ട് ഇടത് മുന്നണിയിലേക്കുള്ള പി.ഡി.പി.യുടെ പ്രവേശനം എളുപ്പമായി. ജാതി-മത-വര്‍ഗ്ഗീയശക്തികളുടെ രാഷ്ട്രീയസ്വാധീനം തെരഞ്ഞെടുപ്പുകളില്‍ നിന്ന് ഇനി ഒഴിച്ചു നിര്‍ത്താന്‍ കഴിയാത്ത ഘടകമാകുകയാണ്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രസക്തി തന്നെ കാലാന്തരേണ ക്ഷയിച്ചു പോകുന്ന അവസ്ഥയായിരിക്കും ഫലം!

ജിവി/JiVi said...

"യഥാര്‍ത്ഥ പ്രശ്നം ലീഗ് അധികാര രാഷ്ട്രീയത്തില്‍ ഇടം നേടിയതോടെ മുസ്ലിം യുവാക്കള്‍ അതിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുകയും മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതനിരപേക്ഷകക്ഷികളുടെ വളര്‍ച്ച നിലയ്ക്കുകയും ചെയ്തു എന്നതാണ്"

ഇത് ബി ആര്‍ പി യുടെ നിരീക്ഷണമാണോ? അതോ ഇ എം എസ് പറഞ്ഞതാണോ? അതോ ഇ എം എസ് പറഞ്ഞതിന്റെ ബി ആര്‍ പി വ്യാഖ്യാനമോ? ഒറിജിനല്‍ ഏതെന്ന് പറയുകയെങ്കിലും ചെയ്യാമായിരുന്നു.

ഇനി ഇ എം എസ് അന്ന് എന്തുതന്നെ പറഞ്ഞിട്ടുണ്ടെങ്കിലും ഇന്ന് കാണുന്ന യാഥാര്‍ത്ഥ്യം ഇതാണ്. അധികാര രാഷ്ട്രീയത്തില്‍ ലീഗ് ഇടം കണ്ടതോടെ അതിന്റെ നേതാക്കാള്‍ മുസ്ലീം ജനസാമാന്യത്തെ മറക്കുകയും മുസ്ലീം ചെറുപ്പക്കാര്‍ മറ്റു സംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്തു. ആ സംഘടനകള്‍ തീവ്ര മതനിലപാടുകളുള്ളവര്‍ ആയിരുന്നു എന്നത് വാസ്തവം. വോട്ട് ബാങ്ക് നിലനിര്‍ത്താന്‍ അവരുമായി അടവുനയവും പരസ്യമായ സഹകരണവും തുടര്‍ന്നുപോയത് ലീഗ് തന്നെയാണ്. മദനി തീവ്രനിലപാടുകളുമായി നടന്നിരുന്ന കാലത്ത് അങ്ങേരുമായും ഇപ്പോള്‍ എന്‍ ഡി എഫുമായും ലീഗ് കളിച്ച/കളിക്കുന്ന കളി കാണാത്തവരല്ല നമ്മള്‍. മത തീവ്രവാദമല്ല, ഇടതുപക്ഷരാഷ്ട്രീയത്തോടൊപ്പം നില്‍ക്കലാണ് സാമ്രാജ്യത്തത്തിനും മുതലാളിത്തസാമ്പത്തിക നയങ്ങള്‍ക്കെതിരെ ചെറുത്തുനില്‍ക്കാനുള്ള മാര്‍ഗ്ഗം എന്ന് ലീഗ്/ എന്‍ ഡി എഫ് ഇതര മുസ്ലീം സംഘടനകള്‍ തിരിച്ചറിയുന്നുണ്ട്. അത് മനസ്സിലാക്കി അവരെ സഹകരിപ്പിക്കുന്നില്ലെങ്കില്‍ അതായിരിക്കും ഇടതുപക്ഷം ചെയ്യുന്ന തെറ്റ്.

Unknown said...

മുസ്ലീം ലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു? ലിങ്ക്

kaalidaasan said...

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു മുസ്ലിം സം ഘടനയും കൂടെയില്ലാതെ തന്നെ മുസ്ലിങ്ങളെ ഇടതുപക്ഷത്തോടടുപ്പിക്കാന്‍ സാധിച്ചിരുന്നു. മദനി പ്രതിനിധാനം ചെയ്യുന്ന മുസ്ലിങ്ങളുടെ ഒരു പരിഛേദമാണ്, അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും. താടി നീട്ടിയും കഷ്ടിച്ചു കണ്ണു മാത്രം കാണത്തക്ക രീതിയില്‍ വസ്ത്രം ധരിക്കുകയും ചെയ്യുന്ന അവരൊക്കെ പ്രാകൃത മുസ്ലിങ്ങളെയാണു പ്രതിനിധാനം ചെയ്യുന്നത്. എത്ര മതേതരത്തം പ്രസംഗിച്ചാലും എത്ര മതേതരത്തം പ്രസം ഗിച്ചാലും മദനിയേപ്പോലുള്ളവര്‍ ജീവിക്കുന്നത് ആറാം നൂറ്റാണ്ടിലാണിന്നും . ഇവരിലൂടെ തന്നെ വേണം മുസ്ലിങ്ങളിലേക്ക് ചെല്ലാന്‍ എന്നു പറയുമ്പോള്‍, ഏതു തരം മുസ്ലിങ്ങളിലേക്ക് എന്ന ചോദ്യം വരുന്നു. എം വി രാഘവന്‍ പണ്ട് ചങ്ങാത്തം കൂടണം എന്നു പറഞ്ഞ മുസ്ലിം ലീഗ് ഇതിലും എത്രയോ ഭേദമാണ്.

മദനി പ്രതിനിധാനം ചെയ്യുന്ന മുസ്ലിങ്ങള്‍ ഇടതുപക്ഷത്തോടടുക്കുമ്പോള്‍ മിതവാദികളായ മുസ്ലിങ്ങള്‍ അകലാന്‍ അതിടയാക്കും. മദനി പ്രതിനിധീകരിക്കുന്ന മുസ്ലിങ്ങളോടെതിര്‍പ്പുള്ള ഹിന്ദുകളും ഇടതുപക്ഷത്തുനിന്ന് അകലാന്‍ അതിടയാക്കും. 65 ലെ അടവുനയവും 67 ലെ തുറന്ന കൂട്ടുകെട്ടും മുസ്ലിം ലീഗിനെ വളര്‍ത്തിയതുപോലെ മദനിയുടെ പി ഡി പിയേയും വളര്‍ത്താന്‍ സഹായിക്കലാകും സി പി എമ്മിന്റെ ദുര്യോഗം. പിന്നെയും വളര്‍ ത്താന്‍ അന്നും ഉണ്ടാകും മറ്റൊരു സംഘടന. ഇന്നത്തെ എന്‍ ഡി എഫ്, കഴിഞ്ഞനാളിലെ പി ഡിപിയാണ്. അവരെയും മമോദീസമുക്കി നമുക്ക് വളര്‍ത്താം . പാര്‍ട്ടി മലപ്പുറത്തു വളര്‍ന്നില്ലെങ്കിലെന്താ? രണ്ടോ മൂന്നൊ എം പി മാരും എം എല്‍ എമാരുമാണല്ലോ പ്രധാനം