Friday, November 7, 2008

പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത പൊലീസ് നടപടി

കണ്ണൂര്‍ പൊലീസ് ഒരു വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് തേജസ് പത്രത്തിന്റെ ഒരു ലേഖകനു നോട്ടീസ് നല്‍കിയിരിക്കുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിനു നിരക്കാത്ത നടപടിയാണ്.

തേജസിന്റെ ഒരു ലേഖകന്‍ പൊലീസ് നല്‍കിയ നോട്ടീസിനെക്കുറിച്ച് ഇന്നലെ എന്നെ അറിയിക്കുകയും എന്റെ പ്രതികരണം ആരായുകയും ചെയ്തു. ഇന്നത്തെ പത്രത്തില്‍ എന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് ചുവടെ ഉദ്ധരിക്കുന്നു:

വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്തേണ്ഡതില്ല: ബി.ആര്‍.പി.ഭാസ്കര്‍


തിരുവനന്തപുരം: ഒരു പത്രപ്രവര്‍ത്തകന്‍ തന്റെ വാര്‍ത്തയുടെ ഉറവിടം വെളിപ്പെടുത്താന്‍ പാടില്ലെന്ന് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി.ആര്‍.പി.ഭാസ്കര്‍ പറഞ്ഞു. അതിനെ നിഷേധിക്കുന്നതരത്തിലുള്ള നടപടിയുണ്ടായാല്‍ അത് പത്രസ്വാതന്ത്ര്യത്തിനു ഹാനികരമാണ്. ഇത് പത്രപ്രവര്‍ത്തകരുടെ സംഘടന ഏറ്റെടുക്കേണ്ട പ്രശ്നമാണ്. അന്വേഷണങ്ങള്‍ക്കാവശ്യമായ വിവരം ശേഖരിക്കാനുള്ള അവകാശം പൊലീസിനുണ്ട്. അതേപോലെ പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ മുരുകെപ്പിടിക്കാനുള്ള അവകാശം പത്രപ്രവര്‍ത്തകനുമുണ്ട്.

3 comments:

Inji Pennu said...

ഉം. ഫാസിസം നല്ലവണ്ണം നടപ്പാക്കട്ടെ. പോലീസുകാരു മീറ്റിങ്ങ് കൂടുന്നതും സിപി‌എം കേന്ദ്രങ്ങളിൽ അല്ലേ?

എം.എസ്.പ്രകാശ് said...

ശരിയായിരിക്കാം. പക്ഷേ തേജസ്സിന്റെ പത്രപ്രവര്‍ത്ത്തനവും എന്‍.ഡി.എഫ്ഫിന്റെ ‘സാമൂഹ്യ‘പ്രവര്‍ത്തനവും ശരിയായ ദിശയിലാണോ എന്നുകൂടി ചിന്തിക്കേണ്ടേ?

BHASKAR said...

എം.എസ്.പ്രകാശിന്: ഭരണഘടനയും നിയമങ്ങളും നല്‍കുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങള്ളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്‍്. അത് നമുക്ക് ഇഷ്ടമുള്ളവര്‍ക്കു മാത്രം നല്‍കാനുള്ള ആനുകൂല്യമല്ല. വ്യക്തിയുടെയൊ സംഘടനയുടെയൊ പ്രവര്‍ത്തനം ‘ശരിയായ‘ ദിശയിലാണൊ എന്ന് നിശ്ചയിക്കാനും ശരിയായ ദിശയിലല്ലെങ്കില്‍ നടപടിയെടുക്കാനും വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളുണ്ട്. അവയുടെ പരിധിക്കുള്ളില്‍നിന്നുകൊണ്ടാണ് അധികൃതര്‍ നടപടിയെടുക്കേണ്ടത്. നിയമം പത്രപ്രവര്‍ത്തകര്‍ക്ക് മറ്റ് പൌരന്മാര്‍ക്കില്ലാത്ത ഒരു അവകാശവും നല്‍കുന്നില്ല. പത്രപ്രവര്‍ത്തകര്‍ വാര്‍ത്തയുടെ ഉറവിടം രഹസ്യമായി സൂക്ഷിക്കാന്‍ തയ്യാറല്ലെങ്കില്‍ വിവരം ലഭിക്കാന്‍ പ്രയാസമാകും. അതുകൊണ്ടാണ് അവര്‍ ഉറവിടം വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നത്.