Sunday, November 16, 2008

സ്ത്രീസമത്വം എത്ര അകലെ

വേള്‍ഡ് ഇക്കണോമിക് ഫോറം പ്രസിദ്ധീകരിക്കുന്ന ‘ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്ട്ട്‘ അനുസരിച്ച്, ഇക്കൊല്ലം പഠനവിധേയമായ 130 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 113 ആണ്.

നോര്‍‌വേ, ഫിന്‍‌ലന്‍ഡ്, സ്വീഡന്, ഐസ്‌ലന്‍ഡ് എനീ നോര്‍ഡിക് രാജ്യങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. സ്ത്രീകളുടെയും പുരുഷന്മാരുടെയും പദവികള്‍ തമ്മിലുള്ള വിടവ് ഏറ്റവും കുറവ് ഈ രാജ്യങ്ങളിലാണ്.

സ്ത്രീപുരുഷ സമത്വത്തില്‍ ഏറ്റവും മുന്പില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യം ഫിലിപ്പീന്‍സ് ആണ്. ആഗോളതലത്തില്‍ അത് ആറാം സ്ഥാനത്ത് നില്‍ക്കുന്നു. ആദ്യ 20 സ്ഥാനങ്ങളില്‍ മറ്റൊരു ഏഷ്യന്‍ രാജ്യം കൂടിയേയുള്ളു. അത് പന്ത്രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ശ്രീലങ്കയാണ്. രണ്ടു രാജ്യങ്ങളും ഈ സ്ഥാനങ്ങള്‍ മൂന്ന് കൊല്ലമായി തുടര്‍ച്ചയായി നിലനിര്‍ത്തിവരികയാണ്`.

ചൈനയുടെ സ്ഥാനം 57 ആണ്. മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളായ ബംഗ്ലാദേശും (90) മാല്‍ഡീവ്സും (91) ഇന്ത്യയുടെ മുന്നിലാണ്. നേപാളും (120) പാകിസ്ഥാനും (127) ഇന്ത്യക്ക് പിന്നിലും. കഴിഞ്ഞ രണ്ടു കൊല്ലക്കാലത്ത് ഇന്ത്യയില്‍ സ്ത്രീപദവി മെച്ചപ്പെട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടിലെ പരാമര്‍ശം ആശ്വാസപ്രദമാണ്.

ഓരോ രാജ്യവും വിഭവങ്ങളും അവസരങ്ങളും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമിടയില് എങ്ങനെ വിഭജിക്കുന്നുവെന്നതിനെ ആസ്പദമാക്കി തയ്യാറാക്കുന്ന സൂചികയുടെ അടിസ്ഥാനത്തിലാണ്`അതിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാണെങ്കിലും കേരളം വികസിത പാശ്ചാത്യരാജ്യങ്ങളോടൊപ്പമാണ് നില്‍ക്കുന്നതെന്ന് നമുക്കറിയാം. എന്നാല്‍ സ്ത്രീപദവിയുടെ കാര്യത്തില്‍ അതാണ് അവസ്ഥയെന്ന് തോന്നുന്നില്ല.

ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ട് സംബന്ധിച്ച് കൂടുതലായി അറിയാന്‍ താല്പര്യമുള്ളവര്‍ വേള്‍ഡ് എക്കണോമിക് ഫോറം വെബ്സൈറ്റ് കാണുക.

4 comments:

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

സ്ത്രീ സമത്വം എന്നത് ഇന്നും ഒരു മരീചിക മാത്രമാണ്. സ്ഥാനത്തും അസ്ഥാനത്തും എടുത്തുച്ഛരിക്കാന്‍ പാകത്തിനുണ്ടാക്കിയ ഒരു പദമായി അത് തരം താഴ്ന്നു പോയിരിക്കുന്നു.
സ്ത്രീ പുരുഷ സമത്വത്തില്‍ ഏറ്റവും മുമ്പില്‍‍ നില്‍ക്കുന്ന രാജ്യമാണെന്നു പറയൂന്ന ഫിലിപ്പിന്‍സിലെ സ്ത്രീകളെ പ്പറ്റിയുള്ള അഭിപ്രായമാകട്ടെ വളരെ മോശവും.

കിഷോർ‍:Kishor said...

നല്ല പോസ്റ്റ്. ഇന്ത്യക്ക് ഇനിയും മുന്നേറാനുണ്ട്.

സ്ത്രീ-ശാക്തീകരണത്തിലൂടെ പുരുഷനും മെച്ചമുണ്ടാകുന്നു എന്ന് പല പുരുഷന്മാരും മനസ്സിലാക്കുന്നില്ല.

Unknown said...

യഥാര്‍ത്ഥ സ്ത്രീസമത്വം അടുക്കളകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. സ്ത്രീകള്‍ക്ക് മാത്രമായി നീക്കിവെക്കപ്പെട്ട ജോലികള്‍ എന്നൊന്നില്ല എന്ന് പുരുഷന്മാര്‍ അംഗീകരിക്കുമ്പോഴാണ് ആ സമത്വം സഫലമാവുക. ഇനി കുട്ടികളെയെങ്കിലും ഈ ഒരു ബോധം നല്‍കി വളര്‍ത്താന്‍ രക്ഷിതാക്കള്‍ തയ്യാറാവുമെങ്കില്‍ വിദൂരഭാവിയിലെങ്കിലും സ്ത്രീസമത്വം പ്രതീക്ഷിക്കാം.

poor-me/പാവം-ഞാന്‍ said...

Equality - Can we measure gender equality with same yard stick. It varies from countries to countries.The definition also varies from place to places. experience tells that the first hindrance in the way of equality in a woman's path is no one but another WOMAN only!