Thursday, October 16, 2008

ഒരു കരാറും ഇന്ത്യയുടെ ഭാവിയും

അന്‍‌വാറുല്‍ ഇസ്ലാം ചാരിറ്റബിള്‍ സൊസൈറ്റി പ്രസിദ്ധീകരിക്കുന്ന ‘വോയ്സ് ഓഫ് അന്‍‌വാര്‍ശേരി‘യുടെ വാര്‍ഷികപ്പതിപ്പില്‍ ‘ഒരു കരാറും ഇന്ത്യയുടെ ഭാവിയും’ എന്ന വിഷയത്തില്‍ ഒരു ചര്‍ച്ചയുണ്ട്. ഹുസ്സൈന്‍ രണ്ടത്താണി, ഒ. അബ്ദുറഹ്മാന്‍, സി.ആര്‍. നീലകണ്ഠന്‍ നംമ്പൂതിരി, എ.പി. അബ്ദുള്‍ വഹാബ്, സുമേഷ് ശ്രീമംഗലം എന്നിവരോടൊപ്പം എന്നോടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു:

ഇന്ത്യയെന്നല്ല എല്ലാ രാജ്യങ്ങളും ആണവോര്‍ജ്ജം പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. കാരണം സമാധാനപരമായ ആവശ്യങ്ങള്‍ക്കായുള്ള അതിന്റെ ഉപയോഗവും പ്രശ്നങ്ങള്‍ സൃഷ്ടിക്കും. സോവിയറ്റ് യൂണിയനിലെ ചെര്‍ണോബിലിലും അമേരിക്കയുടെ ത്രീ മൈല്‍ ദ്വീപിലും നടന്ന അപകടങ്ങള്‍ ഇതിനു തെളിവാണ്. ഉപയോഗിച്ച ഇന്ധനവും അപകടകാരിയാണ്. അത് നിക്ഷേപിക്കാന്‍ ഭദ്രമായ സ്ഥലം കണ്ടെത്താന്‍ ഒരു രാജ്യത്തിനും ഇനിയും കഴിഞ്ഞിട്ടില്ല.

ഇന്ത്യ ആണവോര്‍ജ്ജം ഉത്പാദിക്കാന്‍ തുടങ്ങിയിട്ട് പല പതിറ്റാണ്ടുകളായി. ഇപ്പോള്‍ സൈനികാവശ്യങ്ങള്‍ക്കും അത് ഉപയോഗിച്ചുവരുന്നു. ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കോണ്ടുകൊണ്ടുവേണം ആണവ കരാറിന്റെ കാര്യത്തില്‍ നിലപാട് എടുക്കേണ്ടത്. ആണവ പരീക്ഷണം നടത്തിയതിനെത്തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍നിന്ന് നമുക്ക് ഇന്ധനം കിട്ടാതായി. തന്മൂലം ആണവോര്‍ജ്ജ ഉത്പാദനം ഗന്യമായി കുറഞ്ഞിട്ടുണ്ട്. അമേരിക്കയുമായുള്ള കരാര്‍ ഇന്ധ്നം ലഭ്യമാക്കും. ആ നിലയ്ക്ക് പുതിയ ആണവ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ പോലും ഇത്തരത്തിളുള്ള കരാര്‍ രാജ്യ താല്പര്യത്തിന് അനുസൃതമാണ്.

ഇടതുപക്ഷത്തിന്റെ എതിര്‍പ്പിന്റെ അടിസ്ഥാനം കരാറിലെ മറുകക്ഷി അമേരിക്ക ആണെന്നതാണ്. ഈ കരാര്‍ രാജ്യത്തിന്റെ പരമാധികാരം ഇല്ലാതാക്കുമെന്നാണ് അവര്‍ പറയുന്നത്. അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിക്കുന്നുണ്ടാവാം. സ്വാതന്ത്ര്യത്തിന്റെ ആദ്യനാളുകളില്‍ നമുക്ക് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം കിട്ടിയിട്ടില്ലെന്നും നമ്മുടെ ഭരണാധികാരികള്‍ ആംഗ്ലോ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ചെരുപ്പു നക്കികളാണെന്നും പറഞ്ഞപ്പോഴും അവര്‍ ആത്മാര്‍ത്ഥമായി അങ്ങനെ വിശ്വസിച്ചിരുന്നുവെന്ന് ഞാന്‍ കരുതുന്നു. ആ വിശ്വാസം തെറ്റായിരുന്നെന്ന് ഇന്ന് നമുക്കറിയാം. അമേരിക്കയുടെയൊ മറ്റേതെങ്കിലും രാജ്യത്തിന്റെയൊ ദാസന്മാരാകാന്‍ തയ്യാറുള്ളവര്‍ രാജ്യത്ത് തീര്‍ച്ചയായും ഉണ്ട്. അവരെ അധികാരത്തിലേറ്റാതിരിക്കാനുള്ള വിവേകം നമുക്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. നാം അധികാരത്തിലേറ്റുന്നവര്‍ രാജ്യ താല്പര്യം അടിയറ വെച്ചാല്‍ അവരെ പുറത്താകാനുള്ള കഴിവും നമുക്കുണ്ട്.

അമേരിക്ക ഇറാക്കിലും അഫ്ഗാനിസ്ഥാനിലും നടത്തിയ ഇടപെടലുകളുടെയും പലസ്തീന്‍ പ്രശ്നത്തില്‍ എല്ലാക്കാലത്തും എടുത്തിട്ടുള്ള നിലപാടുകളുടെയും അടിസ്ഥാനത്തില്‍ ആ രാജ്യവുമായുള്ള കരാര്‍ മുസ്ലിം താല്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന ധാരണ വ്യാപകമായി നിലനില്‍ക്കുന്നുണ്ട്. ഇസ്ലാമിനെ ഈ വിഷയത്തിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ ചില വസ്തുതകള്‍ ബോധപൂര്‍വം തമസ്കരിക്കുകയാണ്. ഒന്നാമതായി ഓര്‍ക്കാനുള്ളത് ഈ വിഷയങ്ങളില്‍ അമേരിക്കയുടെ നിലപാടിനെ എതിര്‍ക്കുന്നത് മുസ്ലിംകള്‍ മാത്രമല്ലെന്നതാണ്. രണ്ടാമതായി ഓര്‍ക്കാനുള്ളത് ഇറാക്കിലെയും അഫ്ഗാനിസ്ഥാനിലെയും അതിക്രമങ്ങള്‍ സാധ്യമാക്കുന്നതിന് അമേരിക്കയെ സഹായിക്കുന്നവരില്‍ മുസ്ലിം രാഷ്ട്രങ്ങളും ഉണ്ടെന്നതാണ്. അമേരിക്കയുടെ പ്രാദേശിക സൈനിക ആസ്ഥാനം ധാരാളം മലയാളികള്‍ പണിയെടുക്കുന്ന ഒരു ഗള്‍ഫ് രാജ്യത്തിലാണ്. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ നിലനിര്‍ത്തുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളുടെ നിക്ഷേപത്തിനു വലിയ പങ്കുണ്ട്. ഏതായാലും ബുഷിനെ കുറിച്ച് ഖത്തറിലെ ഷേക്കിനില്ലാത്ത ആകാംക്ഷ പാണക്കാട് തങ്ങള്‍ക്കുണ്ടാകേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അമേരിക്കയ്ക്ക് ഗുണം ചെയ്യുന്ന വകുപ്പുകള്‍ ആണവ കരാറിലുണ്ടെന്നതില്‍ സംശയമില്ല. അതുപോലെതന്നെ ഇന്ത്യക്ക് ഗുണം ചെയ്യന്നവയുമുണ്ട്. നമുക്ക് ദോഷകരമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് ഇവിടെയുള്ള വിമര്‍ശകര്‍ പറയുന്നതുപോലെ അമേരിക്കയുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകള്‍ അതിലുണ്ടെന്ന് അവിടെയുള്ള വിമര്‍ശകര്‍ പറയുന്നുണ്ട്. രണ്ടൂ കൂട്ടരുടെ വാദങ്ങളിലും സത്യത്തിന്റെ അംശങ്ങളുണ്ട്.

ആണവോര്‍ജ്ജവത്തില്‍ അര്‍പ്പിച്ചിരുന്ന പ്രതീക്ഷ അമിതവും അനാവശ്യവും ആണെന്ന് ഇന്ന് ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ ആണവോര്‍ജ്ജ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനുള്ള പദ്ധതി ഇന്ത്യ ഉപേക്ഷിക്കണം. നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിന് സഹായിക്കുമെന്നതുകൊണ്ട് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ട് പോകുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. കരാറിന്റെ ഫലമായി സര്‍ക്കാര്‍ സ്വതന്ത്ര നയങ്ങള്‍ ഉപേക്ഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ ചെലുത്തണം.

3 comments:

സിമി said...

good article.

you should check out france also.

ജിവി/JiVi said...

ആണവകരാറിനെ എതിര്‍ത്തും അനുകൂലിച്ചുമുള്ള നിരവധിയായ ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. രാഷ്ട്രീയ ചായ്‌വുകളില്ലാത്ത കാര്യമാത്രപ്രസക്തമായ ഒന്ന് ഇതു മാത്രം.

സിമി എഴുതിയതുപോലെ ആണവോര്‍ജ്ജത്തിന്റെ പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ച് പറയുമ്പോള്‍ ഫ്രാന്‍സിന്റെ കാര്യം എടുത്തെഴുതേണ്ടിയിരുന്നു. അവിടെ ഒരു പ്രധാനനദി മത്സ്യബന്ധനം പോലും നടത്താനാവാതെ കിടക്കുന്നു, ആണവമാലിന്യം കാരണം എന്ന് അടുത്തിടെ വായിച്ചു. അതേക്കുറിച്ച് കൂടുതല്‍ സമഗ്രവും ആധികാരികവുമായ അറിവുകള്‍ തേടിയെടുക്കാന്‍ താങ്കള്‍ക്ക് പ്രയാസമുണ്ടാവില്ലല്ലോ.

ഞാന്‍ said...

FRENCH NUCLEAR LEAK
Critics Worry as Authorities Ban Water Use


INTERVIEW-Too many French nuclear workers contaminated

ആണവോര്‍ജ്ജം എന്ന അത്യന്തം അപകരകരവും ചെലവേറിയതുമായ ഒരു സാങ്കേതികവിദ്യ ഉപയോഗിച്ചു വേണമോ ഇന്ത്യക്ക് വൈദ്യുതി നിര്‍മ്മിക്കുവാന്‍? ഭോപ്പാലും ചെര്‍ണൊബില്ലും, ത്രീ മൈല്‍ ഐലന്റും ഒക്കെ മറന്നു പോയോ രാഷ്ട്രീയക്കാര്‍ (എങ്ങനെ മറക്കതിരിക്കും, സ്വന്തം ജനങ്ങളെ കൂടി മറന്നില്ലേ). ഇന്ത്യ ഊര്‍ജ്ജ സ്വയംപര്യാപ്തതയാണ് ലക്ഷ്യമിടേണ്ടത്. എന്തിനാണൊരു NSG ആശ്രിതത്വം?