Tuesday, October 7, 2008

സമരവും ജനതയും – പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍

ആലപ്പുഴയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഓറ മാസികയുടെ ഒക്ടോബര്‍ ലക്കത്തിന്റെ കവര്‍ സ്റ്റോറി ‘സമരവും ജനതയും: പുന്നപ്ര വയലാറിന്റെ വെളിച്ചത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചര്‍ച്ചയാണ്. ആ ചര്‍ച്ചയുടെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള എന്റെ ലേഖനം ചുവടെ ചേര്‍ക്കുന്നു. കെ.എന്‍.ഗണേഷ്, സി.ആര്‍. നീലകണ്ഠന്‍, സി.വിജയന്‍ കലവൂര്‍, എം.ടി.ചന്ദ്രസേന്‍, രാമചന്ദ്രന്‍ കപ്പക്കട എന്നിവരാണ് ചര്‍ചയില്‍ പങ്കെടുക്കുന്ന മറ്റാളുകള്‍.


സമരങ്ങള്‍ മുന്നോട്ട് നീങ്ങാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. തോറ്റ ചരിത്രമില്ലെന്ന പ്രഖ്യാപനം സമരവീര്യം നിലനിര്‍ത്താന്‍ ആശ്രയിക്കുന്ന ഒരു തന്ത്രം മാത്രമാണ്. ഒരു ജനതയും സദാ നേര്‍വരയിലൂടെന്നപോലെ മുന്നേറുന്നില്ല. മുന്നോട്ടുള്ള യാത്രയില്‍ പ്രതിബന്ധങ്ങള്‍ നേരിടുമ്പോള്‍ ചിലപ്പോള്‍ ദിശ മാറി പോകേണ്ടി വരും. പിന്‍‌വാങ്ങേണ്ടതായും വന്നേക്കാം. സാഹചര്യങ്ങള്‍ അനുകൂലമായി മാറുമ്പോള്‍ വീണ്ടും മുന്നോട്ട് നീങ്ങാന്‍ കഴിയും.

പുന്നപ്ര-വയലാര്‍ കേരള ജനതയുടെ ആദ്യ സമരമല്ല, അവസാനത്തേതുമല്ല. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന സമരമെന്ന നിലയ്ക്ക് ആ പാര്‍ട്ടിയില്‍നിന്ന് പൊട്ടിമുളച്ച കക്ഷികള്‍ അതിനെ ഐതിഹാസികമായ ഒന്നായി ചിത്രീകരിക്കുന്നത് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ അത് നിര്‍ണ്ണായകമായ പങ്ക് വഹിക്കുകയുണ്ടായി. എന്നാല്‍ ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്ന കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ആ സമരവും ഒരു പതിറ്റാണ്ടിനുശേഷം അധികാരത്തിലേറിയ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടങ്ങിവെച്ച ഭൂപരിഷ്കരണവും നിര്‍ണ്ണായകമായെന്ന കമ്മ്യൂണിസ്റ്റ് അവകാശവാദം നിലനില്‍ക്കുന്നതല്ല.

പത്തൊമ്പതാം നൂറ്റാണ്ട് മുതല്‍ വിവിധ സാമൂഹിക വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങളാണു കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയെ തകര്‍ത്തത്. ഇതില്‍ ആദ്യത്തേത് ചാന്നാര്‍ ലഹളയെന്ന പേരില്‍ അറിയപ്പെടുന്ന, മാറ് മറയ്ക്കാന്‍ഊള്ള അവകാശത്തിനുവേണ്ടിയുള്ള സമരമാണ്‍. ക്രിസ്തുമതം സ്വീകരിച്ചവര്‍ക്ക് മാത്രമായി ആനുകൂല്യം നല്‍കി പ്രശ്നം ബ്രിട്ടീഷ് അധികാരികളെ തൃപ്തിപ്പെടുത്താനാണു രാജഭരണകൂടം ശ്രമിച്ചത്. ബ്രിട്ടീഷ് റസിഡന്റ് ജാതിമതഭേദം കൂടാതെ എല്ലാ പ്രജകളെയും താന്‍ ഒരുപോലെ കാണുന്നെന്ന വിക്ടോറിയാ രാജ്ഞിയുടെ പ്രഖ്യാപനം ഉയര്‍ത്തിക്കാട്ടിയപ്പോള്‍ സര്‍ക്കാര്‍ ആ ശ്രമം ഉപേക്ഷിക്കുകയും അസമത്വത്തില്‍ അധിഷ്ഠിതമായ പഴയ ആചാരങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിക്കാന്‍ തയ്യാറാവുകയും ചെയ്തു. തലസ്ഥാന നഗരിയിലൂടെ വില്ലുവണ്ടിയില്‍ യാത്ര ചെയ്തുകൊണ്ട് അയ്യങ്കാളി സഞ്ചാരസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഒരു കൊല്ലം പാടത്ത് പണിയ്ക്കിറങ്ങാതെ അദ്ദേഹത്തിന്റെ അനുയായികള്‍ വിദ്യാഭ്യാസം നേടാനുള്ള അവകാശത്തിനായി പൊരുതി. വ്യത്യസ്ത ആവശ്യങ്ങള്‍ ഉന്നയിച്ച് വിവിധ വിഭാഗങ്ങള്‍ നടത്തിയ പോരാട്ടങ്ങള്‍ സാമൂഹിക തലത്തില്‍ വൈക്കം സത്യഗ്രഹത്തിലും രാഷ്ട്രീയ തലത്തില്‍ നിവര്‍ത്തന പ്രക്ഷോഭണത്തിലും ഒന്നിച്ചു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സ്വാധീനത്തില്‍ വന്നവര്‍ സാമ്പത്തിക രംഗത്ത് സജീവമായിരുന്നു. ഇന്ന് പരമ്പരാഗത വ്യവസായങ്ങള്‍ എന്ന് വിവക്ഷിക്കപ്പെടുന്നവയില്‍ പലതും അവര്‍ കെട്ടിപ്പടുത്തവയാണ്. ആദ്യ തൊഴിലാളി സംഘടന ഉണ്ടാക്കിയതും അവരാണ്. മാപ്പിള ലഹള എന്ന പേരില്‍ അറിയപ്പെടുന്ന സമരത്തെയും ഈ പോരാട്ട പരമ്പരയുടെ ഭാഗമായി കാണണം. അതിനെ ജന്മി-കുടിയാന്‍ പ്രശ്നവും ഹിന്ദു-മുസ്ലിം ചേരിതിരിവുമൊക്കെയായി ചിത്രീകരിക്കുന്നവര്‍ അത് ഒരു ജനതയുടെ വിമോചന സമരം കൂടിയായിരുന്നെന്ന വസ്തുത, ബോധപൂര്‍വമൊ അല്ലാതെയൊ, തമസ്കരിക്കുകയാണു ചെയ്യുന്നത്. ഇതെല്ലാം നടക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജന്മമെടുത്തിട്ടുപോലുമുണ്ടായിരുന്നില്ലെന്നത് വിസ്മരിച്ചുകൂടാ.

പുന്നപ്ര-വയലാര്‍ സമരത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേരത്തെ തുടങ്ങിയ വിമോചന പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടൂപോയെന്ന് പറയാവുന്നതാണ്. അത് ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്ത പരിപാടിയായിരുന്നില്ല. ആ കാലഘട്ടത്തില്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് ആഭിമുഖ്യത്തില്‍ നടന്ന അക്രമസമരങ്ങള്‍ പരിശോധിക്കുമ്പോള്‍ വിപ്ലവത്തെക്കുറിച്ച് പാര്‍ട്ടി നേതൃത്വം തികച്ചും ബാലിശമായ ആശയങ്ങളാണു വെച്ചുപുലര്‍ത്തിയിരുന്നതെന്ന് കാണാം. വയലാര്‍-പുന്നപ്ര സമരം പരാജയമായിരുന്നെങ്കിലും ജനങ്ങള്‍ക്ക് നേതൃത്വത്തിന്റെ ആത്മാര്‍ത്ഥതയിലുള്ള വിശ്വാസവും സമരഭടന്മാരുടെ ത്യാഗമനോഭാവത്തോടുള്ള ആദരവും അതിനു അസാമാന്യമായ പ്രേരകശക്തി പ്രദാനം ചെയ്തു. ഇതേകാരണത്താലാണ് പില്‍ക്കാലത്ത് നക്സലൈറ്റ് ആഭിമുഖ്യത്തില്‍ നടന്ന പോരാട്ടങ്ങളും നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിച്ചിട്ടുള്ളത്.

ഓറ (Organ for Radical Action)പത്രാധിപസമിതി:
മാനേജിങ് എഡിറ്റര്‍: ഫാ. അലോഷ്യസ് ഫെര്‍ണാന്റസ്
ചീഫ് എഡിറ്റര്‍: എന്‍.ജി.ശാസ്ത്രി
ജനറല്‍ എഡിറ്റര്‍: സി.പി.സുധാകരന്‍

ഒറ്റപ്രതി വില 10 രൂപ. വാര്‍ഷിക വരിസംഖ്യ 100 രൂപ

മേല്‍‌വിലാസം: ഓറ മാസിക, പറവൂര്‍, പുന്നപ്ര നോര്‍ത്ത്, ആലപ്പുഴ 688 014
e-mail: oraeditors@gmail.com

No comments: