Saturday, February 9, 2008

വല്ലാര്‍പാടം കുടിയൊഴിപ്പിക്കല്‍

കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥവൃന്ദം വമ്പിച്ച സന്നാഹത്തോടെ ചെന്നു കൊച്ചിയില് ഏതാനും കുടോംബങ്ങളെ കുടിയൊഴിപ്പിക്കുകയുണ്ടായി. വല്ലാര്പാടം പദ്ധതി വരുമ്പോഴേക്കും ആവശ്യമായ നാല് വരി പാതക്കുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായിരുന്നത്രേ ഈ നടപടി. ചെന്നൈയില് എനിക്ക് കാണാന് കഴിഞ്ഞ പതങ്ങളില് ഇക്കാര്യം കണ്ടില്ല. കെ.അജിതയില് നിന്നാണ് ഞാന് ഇതേക്കുറിച്ച് അറിഞ്ഞത്. ഒരു ചെറിയ പ്രതിഷേധക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നു അജിത അറിയിച്ചു. ആ പ്രതിഷേധത്തില് പങ്കു ചേരാന് തയ്യാറാണെന്ന് ഞാന് പറഞ്ഞു.

അടുത്ത ദിവസം കിരണ് തോമസ് തോമ്പില് ഈ വിഷയത്തെക്കുറിച്ച് മരീച്ചന് എഴുതിയ "വിവാദങ്ങളില് രമിക്കുന്ന അറുവഷളന് ഭരണം" എന്ന ബ്ലോഗ് പോസ്റ്റ് എന്റെ ശ്രദ്ധയില് പെടുത്തി.

ഇപ്പോള് ഈ കാര്യം ഇവിടെ എഴുതാന് കാരണം കിരണ് തോമസ് തോമ്പില് അയച്ച ഒരു സന്ദേശം ആണ്. അത് താഴെ കൊടുക്കുന്നു.

ബി.അര്.പി.
എന്റ ചില സംശയങ്ങള് ഈ അവസരത്തില് പങ്കുവയ്ക്കട്ടേ.1) എന്തുകൊണ്ട് ഈ വിഷയത്തിന് മാധ്യമ ശ്രദ്ധ ലഭിക്കുന്നില്ല. മാധ്യമങ്ങള് മറ്റ് വിവാദ വിഷയങ്ങള് കൈകാര്യം ചെയ്യുന്ന രീതിയില് ഈ വിഷയം കൈകാര്യം ചെയ്താല് കേരളത്തില് ഇതിനെതിരെ ഒരു പൊതു വികാരം ഉണ്ടാകില്ലേ. വെടിയുണ്ട വിവാദത്തിനും പൂമൂടല് വിവാദത്തിനും ലഭിക്കുന്ന പ്രാധാന്യം എന്തുകൊണ്ട് ഇതിനില്ലാതെ പോകുന്നു. 2) എന്താണ് ഈ വിഷയത്തില് വി.എസിന്റെ നിലപാട്. സമരക്കാര്ക്ക് നേതൃത്വം നല്കുന്ന സി.അര്. നീലകണ്ഠനും സാറാ ജോസഫിനും താങ്കള്ക്കുമൊക്കെ ഈ വിഷയം വി.എസിനേ ധരിപ്പിക്കാന് കഴിയാതെ പോകുന്നത് എന്തുകൊണ്ട്. കാരണം വി.എസിന് വേണ്ടി അദ്ദേഹത്തിന്റെ നിലപാടുകള്ക്ക് ചാനലുകള് തോറും കയറി ഇറങ്ങുന്നവര്ക്ക് ഇതില് വി.എസ്. നിലപാട് പറയണം എന്ന് ഉറക്കെപ്പറയാന് എന്താണ് ബുദ്ധിമുട്ട്. പണ്ട് അദ്ദേഹം പ്രതിപക്ഷ നേതാവായിരിക്കുമ്പോള് ഈ സമരങ്ങളില് അദ്ദേഹം പങ്കാളി ആയിരുന്നല്ലോ. എന്നാല് സ്മാര്ട്ട് സിറ്റിക്ക് വേന്റിയുള്ള് കുടി ഒഴിപ്പിക്കലായാലും വല്ലാര്പ്പാടമായലും അദ്ദേഹം ഇപ്പോള് മൌനം പാലിക്കുന്നു. എന്നാല് അദ്ദേഹത്തിന്റെ മൌനത്തെ എന്തെ ആരും ചോദ്യം ചെയ്യാത്തത്. അദ്ദേഹത്തിന്റെ ഇമേജിനെ ഇത് ബാധിക്കും എന്ന് തോന്നിയാല് അദ്ദേഹം ഇടപെടില്ലെ. എന്തുകൊണ്ട് അത് സംഭവിക്കുന്നില്ല. 3) തീവ്ര കമ്യുണിസ്റ്റുകള് എന്ന് അവകാശപ്പെടുന്ന ജനശക്തിക്കാരു പോലും ഇതില് മൌനം പാലിക്കുകയാണോ. പിണറായി പക്ഷത്ത് നിന്ന് ഒരു ഇരയെ ലഭിച്ചാല് മാത്രമേ തീവ്ര ഇടത് പക്ഷക്കാര്ക്ക് ഇത് വിഷമാകുകയുള്ളോ?

എസ്ടാബ്ലിഷ്മെന്റിന്റെ ചില പൊതു താല്പര്യങ്ങളുണ്ട്. അവയുടെ കാര്യത്തില് മാദ്ധ്യമങ്ങള് ഒന്നിക്കുന്നു. വല്ലാര്പാടം കുടിയൊഴിപ്പിക്കല് മാധ്യമങ്ങള് പൂഴ്ത്തിയത് ഈ പദ്ധതി എസ്ടാബ്ലിഷ്മെന്ട്ട് സ്വന്തം പദ്ധതിയായി ഏറ്റെടുത്തത് കൊണ്ടാവണം. അതില് വിമര്ശനാത്മകമായ നിലപാട് സ്വീകരിച്ചാല് വിരുദ്ധരായി മുദ്ര കുത്തപ്പെടും എന്ന ഭയം അവര്ക്കുണ്ടാവാം.

ഞങ്ങള്ക്കു കാര്യങ്ങള്‍ വി. എസിനെ ധരിപ്പിക്കാന്‍ കഴിയാതതെന്തു എന്ന് കിരണ്‍ ചോദിക്കുന്നു. എന്റെ കാര്യമേ എനിക്ക് പറയാനാകൂ. ഞാന് സാധാരണഗതിയില്‍ ഈ വക കാര്യങ്ങളില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നത് ലേഖനങ്ങള്‍, പ്രസ്താവനകള്‍, പ്രസംഗങ്ങള്‍ എന്നിവയിലൂടെയാണ്. നേരിട്ടു ഭരണാധികാരികളുമായി ബന്ധ പ്പെടുന്നത് അപൂര്‍വമായി മാത്രം. അത് ഏതെങ്കിലും സംഘടനയോ മറ്റോ നിവേദനം നടത്താന്‍ തീരുമാനിക്കുകയും അതില്‍ ചേരാന്‍ ക്ഷണിക്കുകയും ചെയ്യുമ്പോള്‍.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസ്. ചെയ്യാന്‍ ആഗ്രഹിച്ചതൊക്കെ ചെയ്യാന്‍ എസ്ടാബ്ലിഷ്മെന്ട്ട് മുഖ്യ മന്ത്രിയായ വി. എസിനെ അനുവദിക്കില്ലെന്നു ഇതിനകം വ്യക്ത മായിട്ടുണ്ടല്ലോ.

12 comments:

റോബി said...

മാരീചന്റെ പോസ്റ്റ് വായിച്ചിരുന്നു. അതില്‍ വി.എസിനെ രാഷ്ട്രീയ അധമന്‍ എന്നൊക്കെ വിശേഷിപ്പിച്ചത് കണ്ടപ്പോള്‍ ഒരു സാധാരണ കൂലിയെഴുത്താണെന്നു കരുതി ഒന്നും പറഞ്ഞില്ല. ഒരു വിഷയത്തെ വസ്തുനിഷ്ഠമായി സമീപിക്കുമ്പോള്‍ അത്തരം ഭാഷ ഒഴിവാക്കുന്നതല്ലേ നല്ലത്..പക്ഷെ ഈ സംഭവത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടായിരുന്നു.

കേരളത്തിലുള്ള ബ്ലോഗര്‍മാരില്‍ ചിലര്‍ക്കെങ്കിലും സമയമനുവദിക്കുമെങ്കില്‍ സംഭവസ്ഥലം വരെ പോകുകയോ പ്രതിഷേധമറിയിക്കുകയോ ചെയ്യാന്‍ സാധിക്കുമോ..?
എം.കെ ഹരികുമാര്‍ വിവാദത്തില്‍ ചെയ്തതു പോലെ ബ്ലോഗര്‍മാരുടെ പ്രതിഷേധം കമന്റുകളായി സര്‍ക്കാരിനെയും പത്രക്കാരെയും അറിയിക്കാന്‍ സാധിക്കുമോ..?ചുരുങ്ങിയ പക്ഷം ഒരു ഓണ്‍ലൈന്‍ പെറ്റീഷന്‍..? ഇതൊന്നുമല്ലാതെ ഒരു പ്രതിഷേധപ്രകടനമുണ്ടെങ്കില്‍ കൂടെ റോഡിലിറങ്ങാനും വയ്യാത്ത അവസ്ഥയണിന്നെനിക്ക്. പ്രതിഷേധിക്കൂന്നവ്വരുടെ കൂടെ എന്റെ ശന്ബ്ദവും അറിയിക്കുന്നു...

ഭൂമിപുത്രി said...

സര്‍,ഞാനും ഇപ്പോഴാണിതറിയുന്നതു.
കുടിയൊഴിപ്പിയ്ക്കപ്പെട്ടവര്‍ എങ്ങോട്ടുപോയി,ബദല്‍ സംവിധാനമെന്തെങ്ങിലുംതയാറാക്കിയിട്ടായിരുന്നോ
അവരെയിറക്കിവിട്ടതു?

കിരണ്‍ തോമസ് തോമ്പില്‍ said...

പ്രിയ റോബി ഞാന്‍ ഇന്ന് സമരപ്പന്തലില്‍ ചെല്ലുകയും അവരോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത്. സംഭവം നടന്ന് 4 ദിവസമായിട്ടും അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല എന്ന ദു:ഖ സത്യം തിരിച്ചറിഞ്ഞു. 55000 രൂപ സെന്റിനെന്ന സെറ്റില്‍മെന്റ് വ്യവസ്ഥയാണ് അവരുടെ മുന്നില്‍ ഇപ്പോഴും ഉള്ളത്. അതുമായി അവര്‍ സ്ഥലം മേടിക്കാനിറങ്ങിയാല്‍ ഏര്‍ണ്ണാകുളം ജില്ലയി അവര്‍ക്ക് ഒരു സെന്റ് സ്ഥലം ലഭിക്കുന്ന കാര്യം സംശയമാണ്.നിയമപരമായി അവര്‍ക്ക് ലഭിക്കാനുള്ളത് തരുന്നു എന്ന് രീതിയിലാണ് കരയങ്ങളുടെ കിടപ്പ്. രാഷ്ട്രീയ നേതൃത്വം ഏതാണ്ട് പൂര്‍ണ്ണമായും ഈ വിഷയം തള്ളിക്കളഞ്ഞിരിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. സി.അര്‍. നീലകണ്ഠനേപ്പോലെ ഉള്ളവര്‍ ഇവിടെ സജീവന്മായി രംഗത്തുണ്ട് എന്നതാണ്‍` ഏക ആശ്വാസം. പക്ഷെ അവസാനം എന്തായിത്തീരും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. പിന്നെ മരീചന്‍ കൂലി എഴുത്തുകാരനെന്ന തോന്നല്‍ എങ്ങനെ ഉന്റായി എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു

ബി.അര്‍.പി. എന്റ പേഴ്സണല്‍ മെയിലിന് ഇങ്ങനെ പൊതു മറുപടി നല്‍കും എന്ന് വിചാരിച്ചില്ല.മുഖ്യംന്ത്രിയേ ഈ വിഷയത്തില്‍ ഇടപെടിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ എന്തെങ്കിലും ഒരു മെച്ചം ഈ പാവങ്ങള്‍ക്ക് ലഭ്ച്ചേനേ. വ്യാജ സി.ഡി. റെയ്‌ഡില്‍ റിഷിരാജ് സിങിന്റെ പുനര്‍ നിയമനത്തില്‍ക്കാണിച്ച ശുഷക്കാന്തിയെങ്കിലും വി.എസിന് കാണിക്കാമായിരുന്നു.

റോബി said...

കിരണ്‍,
സമരപ്പന്തല്‍ വരെ പോയതില്‍ സഹബ്ലോഗര്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്നു.

മാരീചന്റെ എഴുത്തിലെ കടുത്ത ഭാഷയാണ് എന്നെ പിന്തിരിപ്പിച്ചത്...

കുഴൂര്‍ വില്‍‌സണ്‍ said...

കാമുകനില്‍ നിന്ന് ഭര്‍ത്താവിലേക്കുള്ള ദൂരം വി.എസ്.മനസ്സിലാക്കിക്കാണണം.

കാലപ്പനികത ?

ഉത്തരവാദിത്വം ?

കിരണ്‍ തോമസ് തോമ്പില്‍ said...

റോബീ,
സമരപ്പന്തലില്‍ ചെന്നപ്പോള്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യംകൂടി പറയട്ടേ. അവരാരും ഇറങ്ങിപ്പോകില്ല ഇത് ഞങ്ങളുടെ പൂര്‍വ്വികരുടെ സ്ഥലമാണ് എന്ന വാദമൊന്നും ഉയര്‍ത്തുന്നില്ല എന്നത് എന്നെ അല്‍ഭുംതപ്പെടുത്തു. അവര്‍ക്ക് കേവലം യുക്തിഭദ്രമയാ പുനരധിവാസം മാത്രം മതി എന്നാണ് പറയുന്നത്. അവരാരും വികസനത്തിന് എതിരല്ല. പിന്നെ കൊച്ചിയിലുള്ള മിക്കവര്‍ക്കും ഇതേ അഭിപ്രായമാണ്. സ്മാര്‍ട്ട് സിറ്റി പ്രദേശത്ത് തുഛമായ പണം നല്‍കി ഇറക്കിവിട്ടവരും പറഞ്ഞത് ഇതേ കാര്യമാണ് ഞ്ങ്ങള്‍ വികസനത്തീതിരല്ല. ഒഴിഞ്ഞു തരാം.

മാധ്യമങ്ങള്‍ ഈ വിഷയം വിവാദമാക്കാത്തതാകാം വി.എസിനെ ഇതില്‍ ഇടപെടാന്‍ പ്രേരിപ്പിക്കാത്തത്. മാധ്യമ വിമര്‍ശനം വരുമ്പോഴേ വി.എസ്. പ്രതിഛായയേപ്പറ്റി വ്യാകുലപ്പെടുകയുള്ളൂ. സ്മാര്‍ട്ട് സിറ്റി കുടിയിറക്കലിലും വി.എസിന്റ മനോഭാവം വ്യത്യസ്ഥമായിരുന്നില്ല. ആദ്യഘട്ടങ്ങളില്‍ പരമാവധി വില 29000 രൂപക്ക് ഇറങ്ങിപ്പോകേണ്ടി വരും എന്ന അവസ്ഥയില്‍ അവരു എത്തിയിരുന്നു.

മാരീചന്‍‍ said...

ഈയുളളവന്റെ പേര് സൂചിപ്പിക്കപ്പെട്ടതു കൊണ്ടു മാത്രം ഒരു വിശദീകരണം.

ബിആര്‍പി പറയുന്നതു പോലെ ഈ വിഷയത്തില്‍ മാരീചന്‍ എഴുതിയ ലേഖനം വിവാദങ്ങളില്‍ രമിക്കുന്ന അറുവഷളന്‍ ഭരണം അല്ല. അത് തെമ്മാടി ഭരണം കമ്മ്യൂണിസത്തിന്റെ ചെലവിലോ എന്നതാണ്. അതിന്റെ ഭാഷ രൂക്ഷമായതിനാല്‍ കിട്ടിയ കൂലിയെഴുത്തുകാരന്‍ എന്ന ബിരുദം അഭിമാനത്തോടെ സ്വീകരിക്കുന്നു. കൂടുതല്‍ കൂലി ഓഫര്‍ ചെയ്ത്, മറിച്ചെഴുതിക്കാന്‍ ബിരുദദാനിയ്ക്ക് വേണമെങ്കില്‍ ഒന്നു ശ്രമിച്ചു നോക്കാവുന്നതുമാണ്.

മൂലമ്പളളിയിലെ പ്രശ്നം ഗുരുതരമാകുന്നതിന് കിരണ്‍ ചൂണ്ടിക്കാണിച്ചതു പോലെ കാരണങ്ങള്‍ പലതാണ്. വി എസ് അച്യുതാനന്ദന്‍ എന്ന ആദര്‍ശത്തിന്റെ കണ്‍കണ്ട ദൈവം ഭരിക്കുന്ന നാട്ടില്‍ വികസനപ്രവര്‍ത്തനത്തിന്റെ പേരില്‍ ജനം ക്രൂരമായി കുടിയൊഴിപ്പിക്കപ്പെടുന്നു. അരുത് എന്ന് പറയാന്‍ ആരുമില്ല.

ചാനലുകളില്‍ ഈ വിഷയം ചര്‍ച്ചയല്ല. മാധ്യമം ഒഴികെയുളള മുഖ്യധാരാ പത്രങ്ങള്‍ക്ക് ഇത് രണ്ടു കോളം സെന്റീമീറ്റര്‍ വാര്‍ത്ത. മുഖപ്രസംഗമില്ല. കണ്ണീരില്ല, കരച്ചിലില്ല.

ബിആര്‍പിയുടെ ഈ പോസ്റ്റിന്റെ ആദ്യഖണ്ഡിക അവസാനിക്കുന്നത്, ദാ, ഇങ്ങനെയാണ്. കെ.അജിതയില് നിന്നാണ് ഞാന് ഇതേക്കുറിച്ച് അറിഞ്ഞത്. ഒരു ചെറിയ പ്രതിഷേധക്കുറിപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നു അജിത അറിയിച്ചു. ആ പ്രതിഷേധത്തില് പങ്കു ചേരാന് തയ്യാറാണെന്ന് ഞാന് പറഞ്ഞു.

ഒരു ചെറിയ പ്രതിഷേധക്കുറിപ്പില്‍ ഒപ്പിടുന്നതില്‍ ഒതുങ്ങുന്നു ആസ്ഥാന പ്രതികരണവീരന്മാരുടെ വീര്യം.

കോണ്‍ഗ്രസിനോ ബിജെപിയ്ക്കോ ഇതൊരു വിഷയമല്ല. നന്ദിഗ്രാമിലെ ഇരകളെ കേരളത്തില്‍ കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ തിരുവനന്തപുരം പ്രസ് ക്ലബിലെ അധ്യക്ഷ വേദിയിലിരുന്ന ആളിനെ ഓര്‍മ്മയില്ലേ.

നന്ദിഗ്രാമിലെ ഇരകള്‍ക്കായി പിരിവെടുത്ത രമേശ് ചെന്നിത്തലയ്ക്കോ ഉമ്മന്‍ചാണ്ടിയ്ക്കോ എന്തിന് പത്രസമ്മേളനമല്ലാതെ മറ്റൊരു പണിയുമില്ലാത്ത എം എം ഹസനു പോലും മൂലമ്പളളിയിലെ കുടിയൊഴിപ്പിക്കല്‍ ഒരു വിഷയമേയല്ല.

വല്ലാര്‍പാടം നാലുവരിപ്പാത വികസനത്തിന് ആദ്യം ഉദ്ദേശിച്ചിരുന്നത് ടാറ്റയുടെ സ്ഥലമായിരുന്നത്രേ! എം പിമാരായ തീവ്ര സഖാവ് ചന്ദ്രന്‍പിളളയും സ്വതന്ത്ര സഖാവ് ഡോ സെബാസ്റ്റ്യന്‍ പോളും വേണ്ട വിധത്തില്‍ ഇടപെട്ടപ്പോള്‍ റോഡിന്റെ ഭൂപടം മാറി. പാവങ്ങളുടെ നെഞ്ചിന്‍കൂടു പൊളിച്ചുമതിയെന്ന് തീരുമാനമായി. അങ്ങനെ തന്നെ മതിയെന്ന് കോണ്‍ഗ്രസുകാരും ബിജെപിക്കാരും ഏറ്റുപാടി. അങ്ങനെയാണ് വരാനിരിക്കുന്ന വികസനമാമാങ്കത്തിന് നേര്‍ച്ചക്കോഴികളായി സ്വയം ബലിക്കല്ലിലേയ്ക്ക് നടന്നു പോകാനുളള യോഗം മൂലമ്പളളിയിലെ പത്തുപന്ത്രണ്ട് കുടുംബങ്ങള്‍ക്ക് കിട്ടിയത്.

എച്ച്എംടി ഭൂമി രണ്ടു വര്‍ഷം മുമ്പ് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയ്ക്ക് വിറ്റതില്‍ കൊടിയ അഴിമതിയാണെന്ന് പറകൊട്ടി പാടുന്നവരാണ് ഭരിക്കുന്നത്. കണക്ക് അതാണെങ്കില്‍ ഇന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് എത്ര രൂപ ഈ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും.

സ്ഥലം സന്ദര്‍ശിച്ച കിരണ്‍ പറയുന്നു, മാന്യമായ നഷ്ടപരിഹാരം കിട്ടിയാല്‍ അവര്‍ ഒഴിഞ്ഞു കൊടുക്കാന്‍ തയ്യാറാണെന്ന്. അതിനു വേണ്ടി അവര്‍ ആരെയൊക്കെ നേരില്‍ കണ്ടു ഇതുവരെ? മുഖ്യമന്ത്രിയെയും പൊളിറ്റിക്കല്‍ സെക്രട്ടറി കെ എന്‍ ബാലഗോപാലിനെയും നേരില്‍ കണ്ട് എത്രയോ മുമ്പേ അവര്‍ സങ്കടം പറഞ്ഞു. ആരു കേള്‍ക്കാന്‍?

ഇപ്പോള്‍ വേറൊരു വക്കീല്‍ വെളിച്ചപ്പെട്ടു പറയുന്നു, മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത തക്കം നോക്കി മനപ്പൂര്‍വം പൊളിച്ചതാണെന്ന്. ഹൊ. പൊളിപ്പിച്ചത് കിരണ്‍ തോമസ് എന്ന ബ്ലോഗര്‍ കൂടി ഇടപെട്ടിട്ടാണെന്ന് വിധിയുണ്ടാകാത്തത് ഭാഗ്യം.

വാര്‍ത്ത വേറെയുമുണ്ട്. നഷ്ടപരിഹാരം 13നകം നല്‍കണമെന്ന തലക്കെട്ടില്‍ ഫെബ്രുവരി ഒമ്പതിലെ മാധ്യമം റിപ്പോര്‍ട്ടിലെ ഒരു ചെറിയ പരാമര്‍ശം കാണുക. വാര്‍ത്തയുടെ മൂന്നാം ഖണ്ഡിക തുടങ്ങുന്നതിങ്ങനെ.

നഷ്ടപരിഹാരത്തുക തീരുമാനിക്കുകയും തുക കോടതിയില്‍കെട്ടിവെക്കുകയും ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും യഥാര്‍ത്ഥത്തില്‍ തുക കെട്ടിവെച്ചിട്ടില്ലെന്ന് ഗവ. പ്ലീഡര്‍ കോടതിയില്‍ സമ്മതിച്ചു.

നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവെച്ചെന്ന് ഊറ്റം കൊളളുക. കോടതി കടുപ്പിച്ചു ചോദിച്ചപ്പോള്‍ ഇല്ലെന്ന് സമ്മതിക്കുക. കേരളത്തിലാണ് ഇതൊക്കെ നടക്കുന്നത്.

ഇതൊന്നും വാര്‍ത്തയല്ല. ഇതിനൊന്നും എതിരെ പ്രതിഷേധമില്ല. മനുഷ്യത്വത്തിന്റെ ആഗോള വക്താക്കളാകട്ടെ, അജിത തയ്യാറാക്കുന്ന ചെറിയ പ്രതിഷേധക്കുറിപ്പില്‍ കുഞ്ഞൊപ്പു ചാര്‍ത്തി കൈകഴുകാനിരിക്കുന്നവരും.

കളി മാറിയേനെ. സിപിഎമ്മിന്റെ എറണാകുളം ജില്ലാ കമ്മിറ്റി പിണറായി ഗ്രൂപ്പായിരുന്നെങ്കില്‍. ഓതിരവും കടകവും മറുകടകവും വെട്ടി പരുന്തിനെപ്പോലെ ചീറി പല പ്രതികരണത്തൊഴിലാളികളും ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളില്‍ നിരന്നിരുന്നേനെ. തിരുവനന്തപുരം മുതല്‍ കാസര്‍കോഡുവരെ സിപിഎമ്മിന്റെ മാഫിയാ നേതൃത്വത്തിന്റെ ഇരകളെ പൊതു ദര്‍ശനത്തിന് വെച്ച് മേനി നടിച്ചേനെ. കഷ്ടം.

കിരണിനോട് ഒരു ചെറിയ ഉപദേശമുണ്ട്. സ്വന്തം പേരും പടവും പത്രത്തില്‍ എത്ര കോളം സെന്റീമീറ്റര്‍ പതിയുമെന്ന് അളന്നു തൂക്കി പ്രതികരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന ആസ്ഥാനവ്യാപാരികളുടെ അടുത്ത് ദയവായി പോകാതിരിക്കുക. സഹജീവികളോട് കാരുണ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കാന്‍ മറ്റു വഴികള്‍ തേടുക. ദയവായി മാരീചന്റെ പ്രതികരണങ്ങള്‍ ഇതുപോലുളള വേഷങ്ങള്‍ക്ക് മെയിലായി അയച്ചു കൊടുക്കരുത്. പ്ലീസ്.

റോബി said...

മാരീചന്‌,
കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. അങ്ങനെയൊരു പരാമര്‍ശം നടത്തിയതില്‍ ക്ഷമാപണം...

നമുക്കിനിയെന്തു ചെയ്യാനാകും?

കിരണ്‍ തോമസ് തോമ്പില്‍ said...

റോബീ,
പ്രശ്നം വളരെ സങ്കീര്‍ണ്ണമാകുകയാണ് ഈ മാസം അവസാനിക്കുന്നതിന് മുന്‍പ് ഇന്യും പുതിയ കുടി ഒഴിപ്പിക്കല്‍ നടക്കും എന്നാണ് അറിയാന്‍ കഴിയുന്നത് ചേരനെല്ലൂര്‍ ഭാഗത്തായിരിക്കും അടുത്ത കുടി ഒഴിപ്പിക്കല്‍ നടക്കുക. പിന്നീട് അത് വടുതല ഭാഗത്തെക്ക് എത്തും അപ്പോഴേക്കും സ്ഥിതിഗതികള്‍ നിയന്ത്രാണാധിതമാകുമാകാതെ നോക്കാന്‍ സര്‍ക്കാരിന് കഴിയും എന്ന് പ്രത്യാശിക്കാം.

നിയമപരമായി ഒരു പ്രതിരോധം നേടുക എന്നത് മാത്രമാണ് ഇവരുടെ മുന്‍പില്‍ ഉള്ള ഒരു പോംവഴി എന്നാണ് എനിക്ക് തോന്നുന്നത്. നന്ദിഗ്രാം സംഭവത്തിന് ശേഷമുണ്ടായ് സാഹചര്യങ്ങള്‍ കോടതികളെ ഈ വിഷയത്തില്‍ ശക്ത്മായ നിലപാട് എടുക്കാന്‍ പ്രരിപ്പിച്ചിട്റ്റുണ്ട്. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ ഹൈക്കോടതിയില്‍ നിന്ന് ഇവര്‍ക്ക് അനുകൂലമായ ഒരു പരിഗണന ലഭിച്ചിട്ടില്ല. ഉയര്‍ന്ന കോടതികളെ അഭയം പ്രാപിപ്പിച്ച് ഒരു സമ്മര്‍ദ തന്ത്രന്ത്തിലൂടെ പുനരധിവാസം പാക്കേജ് നേടുക എന്നതാകും ഇതില്‍ ഏറ്റവും അഭികാമ്യമായ കാര്യം. അതിനുള്ള ചിലവിന്റെ ഒരു പങ്ക് നമുക്ക് നല്‍കാന്‍ കഴിഞ്ഞാല്‍ അതും ഇവര്‍ക്ക് ഒരു സഹായമാകും എന്ന് ഞാന്‍ കരുതുന്നു.

റോബി said...

കിരണ്‍,
തിരിച്ചു വരാന്‍ വൈകി. ഒരു രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു സാധ്യതയില്ലേ...സുപ്രീം കോടതിയില്‍ ഇത്തരം വിഷയങ്ങള്‍ നേരിട്ടു സമര്‍പ്പിക്കാമോ?
മേധയോ ആനന്ദോ അരുന്ധതിയോ പോലെ ആരെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നോ?
സി.ആര്‍ നീലകണ്ഠനോടൊന്ന് ഇക്കാര്യം സംസാരിക്കാമോ...സാമ്പത്തികമായി എന്നെക്കൊണ്ടാവുന്ന ചെറിയ സഹായം ചെയ്യാന്‍ സന്തോഷമേയുള്ളൂ.

കിരണ്‍ തോമസ് തോമ്പില്‍ said...

റോബീ

കാര്യങ്ങള്‍ക്ക് പുരോഗതിയുണ്ട്. റവന്യൂമന്ത്രി വായ തുറന്നു. പ്രശ്നം തീരാനുള്ള സാധ്യതയുണ്ട്. ഈ വാര്‍ത്ത കാണുക.

സാമ്പത്തീക സഹായം നല്‍കാനുള്ള താങ്കളുടെ മനസ്സിനെ ഞാന്‍ അഭിനന്ദിക്കുന്നു. ബി.അര്‍.പിക്ക് അതിന് നമ്മേ സഹായിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു. ഇതേ സമ്പത്തിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ ബി.അര്‍.പി പറയുമെന്നും കരുതുന്നു

B.R.P.Bhaskar said...

വല്ലാര്‍പാടം ഒഴിപ്പിക്കല്‍ പ്രശ്നത്തില്‍ ഇവിടെ അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
കിരണ്‍ തോമസ് തോമ്പില്‍ അയച്ച പേഴ്സണല്‍ മെയിലില്‍ നിന്നാണല്ലോ ചര്‍ച്ച തുടങ്ങിയത്. പേഴ്സണല്‍ മെയില്‍ പരസ്യമാക്കിയത് ശരിയാണോ എന്ന പ്രശ്നം ഉയര്‍ന്നുവന്നിട്ടുണ്ട്. അത് പരസ്യപ്പെടുതുന്നതിനു മുമ്പ് ഞാന്‍ കിരണിന്റെ അനുവാദം തേടേണ്ടതായിരുന്നു. അത് ചെയ്യാന്‍ കഴിയാഞ്ഞതിനു രണ്ടു കാരണങ്ങളുണ്ട്. നല്ല തിരക്കായിരുന്നു. കിരണിന് മെയില്‍ അയച്ചു മറുപടിക്ക് കാത്തിരുന്നാല്‍ അന്ന് പോസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. വിഷയം പൊതുസ്വഭാവമുള്ളതും അടിയന്തിരപ്രാധാന്യമുള്ളതും ആയതുകൊണ്ടും കിരണ്‍ ഉന്നയിച്ച ചോദ്യങ്ങങ്ങള്‍ 'പേര്‍സണല്‍' അല്ലാത്തതുകൊണ്ടും അനുവാദം തേടാതെ അതിന്റെ ഉള്ളടക്കം വെളിപ്പെടുത്തുന്നതില്‍ അനീതിയില്ലെന്ന് ഞാന്‍ കരുതി. കിരണ്‍ അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈവക കാര്യങ്ങളില്‍ 'പേഴ്സണല്‍ എലിമെന്‍റ്' ഇല്ലെന്നുകൂടി വ്യക്തമാക്കട്ടെ.