ബി.ആർ.പി.. ഭാസ്കർ ജനയുഗം കേരളം നേരിടുന്ന മാവോയിസ്റ്റ് ഭീഷണി സംബന്ധിച്ച് സത്യസന്ധമായ വിലയിരുത്തൽ ആവശ്യമാണ്. ഒരു കൊല്ലത്തിലധികമായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും പല വിവരങ്ങളും പുറത്തു വിട്ടിട്ടുണ്ട്. അവ പ്രധാനമായും ഇരു സർക്കാരുകളുടെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ റിപ്പോർട്ടുകൾ അടിസ്ഥാനമാക്കിയുള്ളവയാണ്. വിവരങ്ങൾ ശേഖരിച്ച് വിശകലനം നടത്തുകയാണ് ഒരു രഹസ്യാന്വേഷണ ഏജൻസി ചെയ്യുന്നത്, അഥവാ ചെയ്യേണ്ടത്. കേസ് അന്വേഷിക്കുന്ന പൊലീസിനെപ്പോലെ തെളിവുകൾ ശേഖരിച്ച് ഒരു കോടതിയെ ബോധ്യപ്പെടുത്തേണ്ട ആവശ്യം അതിനില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയ മേലാളന്മാരുടെ താൽപര്യത്തിനു യോജിച്ച തരത്തിലുള്ള റിപ്പോർട്ടുകൾ നൽകുന്ന രീതി വ്യാപകമാണ്. അതിനാൽ നല്ല ഭരണാധികാരികൾ കരുതലോടെയാണ് അത്തരം റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കുന്നത്.
കഴിഞ്ഞ കൊല്ലം വയനാട് ജില്ലയിലെ തിരുനെല്ലിയിലൊരു റിസോർട്ടും ഇന്തോജാപ്പനീസ് സംയുക്ത സംരംഭമായ നിറ്റാ ജെലാറ്റിന്റെ തൃശൂരിലെ ഓഫീസും ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് സംഭവങ്ങളിലും മാവോയിസ്റ്റുകൾ ഉൾപ്പെട്ടിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആശ്ചര്യവും ആശങ്കയും പ്രകടിപ്പിച്ചു. തുടർന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗം പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ ആദിവാസി ഭൂമിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള റിസോർട്ടുകൾ മാവോയിസ്റ്റുകൾ ആക്രമിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടു ചെയ്തു. ഇത്തരം റിപ്പോർട്ടുകൾ ലഭിക്കുമ്പോൾ ഉത്തരവാദിത്വബോധമുള്ള ഒരു ജനാധിപത്യ ഭരണകൂടം ചെയ്യേണ്ടത് മാവോയിസ്റ്റുവേട്ടയ്ക്ക് ഉത്തരവിടുകയല്ല, റിസോർട്ടുടമകൾ ആദിവാസി ഭൂമി കയ്യേറിയിട്ടുണ്ടെങ്കിൽ ഭൂമി ആദിവാസികൾക്ക് തിരിച്ചുപിടിച്ചു നൽകുകയാണ്.
മാവോയിസ്റ്റ് ഭീഷണി നേരിടുന്നതിനായി ആദിവാസി മേഖലയിൽ ചില നടപടികൾ സർക്കാർ സ്വീകരിക്കാനുദ്ദേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. അതിന്റെ ഭാഗമായി ആദിവാസി യുവാക്കൾക്ക് ആയുധപരിശീലനം നൽകുമെന്നും പറഞ്ഞു കേൾക്കുകയുണ്ടായി. ഛത്തീസ്ഗഡിൽ ഇത്തരത്തിലുള്ള നടപടി എടുത്തതിന്റെ ദുരനുഭവം നമ്മുടെ മുന്നിലുണ്ട്. ഗണ്യമായ ആദിവാസി സാന്നിധ്യമുള്ള സംസ്ഥാനങ്ങളിൽ പലതരം അവശതകൾ അനുഭവിക്കുന്ന ആ ജനവിഭാഗങ്ങൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ മാവോയിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആ നിലയ്ക്ക് മറ്റിടങ്ങളിലും അവർ സമാനമായ സമീപനം സ്വീകരിക്കുന്നത് മനസിലാക്കാവുന്നതേയുള്ളൂ. എന്നാൽ കേരളത്തിലെ അവസ്ഥ തികച്ചു വ്യത്യസ്തമാണ്.
ആദിവാസികൾ ഇവിടെ തീരെ ചെറിയ ഒരു വിഭാഗമാണ്. മറ്റിടങ്ങളിലെന്നപോലെ ഇവിടെയും അവർ പലതരം അവശതകൾ അനുഭവിക്കുന്നുണ്ടെങ്കിലും പ്രശ്നം ഏറ്റെടുത്ത് പരിഹാരം കാണുന്നതിനു ശ്രമിക്കാൻ അവർക്കിടയിൽ നിന്നു തന്നെ ഉയർന്നു വന്നിട്ടുള്ള നേതൃത്വവുമുണ്ട്. ആദിവാസി മേഖലയിൽ സമാധാനം നിലനിൽക്കുന്നുവെന്നുറപ്പാക്കാൻ ആയുധങ്ങൾ ആവശ്യമില്ല. ആദിവാസി ഗോത്രമഹാസഭാ നേതാവ് സി കെ ജാനുവുമായി സർക്കാർ ഒപ്പിട്ട ഉടമ്പടിയിലെ വ്യവസ്ഥകൾ ആത്മാർത്ഥതയോടെ നടപ്പാക്കിയാൽ മതി.
മാവോയിസ്റ്റ് എന്നു കേൾക്കുമ്പോൾ എടുത്തു ചാടി നടപടിയെടുക്കുന്ന പ്രവണത ഇപ്പോൾ കാണാനുണ്ട്. സ്വിറ്റ്സർലൻഡിൽ നിന്നു വന്ന വിനോദസഞ്ചാരിയായ ജോനാഥൻ ബോഡ് എന്ന യുവാവിനെ സിനോജ് എന്ന മാവോയിസ്റ്റ് പ്രവർത്തകനെ അനുസ്മരിക്കാൻ തൃശൂരിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്തു കേസെടുത്തിരുന്നു. അയാൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ കോടതി എഫ്ഐആർ റദ്ദു ചെയ്തു. പൊലീസ് നേതൃത്വം അവധാനതയോടെ പ്രവർത്തിച്ചിരുന്നെങ്കിൽ ആ അറസ്റ്റ് ഒഴിവാക്കാമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വക്കേറ്റ് തുഷാർ നിർമൽ സാരഥി, സോഷ്യൽ ആക്ടിവിസ്റ്റ് ജെയ്സൺ സി കൂപ്പർ എന്നിവരെ അറസ്റ്റു ചെയ്തു യുഎപിഎ ചുമത്തിയതും ഒഴിവാക്കേണ്ടതായിരുന്നു.
സിപിഐ മാവോയിസ്റ്റ് വിധ്വംസനപ്രവർത്തനത്തിന്റെ പേരിൽ നിരോധിക്കപ്പെട്ടിട്ടുള്ള പാർട്ടിയാണ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള വിധ്വംസനപ്രവർത്തനങ്ങളുടെ പേരിൽ ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നിരോധിക്കപ്പെട്ടിട്ടുള്ളവയാണ് നമ്മുടെ മിക്ക മുഖ്യാധാരാ രാഷ്ട്രീയകക്ഷികളും. അക്രമ പ്രവർത്തനങ്ങൾ തടയുവാനും അവയിലേർപ്പെടുന്നവർക്കെതിരെ ഉചിതമായ നടപടികൾ എടുക്കുവാനുമുള്ള ചുമതല സർക്കാരിനുണ്ട്. വ്യവസ്ഥാപിതമാർഗ്ഗങ്ങളിലേക്ക് അവരെ കൊണ്ടുവരാനുള്ള പാത തുറന്നിട്ടുകൊണ്ടാണ് ഒരു ജനാധിപത്യ ഭരണകൂടം ആ ചുമതല നിറവേറ്റേണ്ടത്. പൊലീസ് സമീപനവും രാഷ്ട്രീയ സമീപനവും തമ്മിലുള്ള വ്യത്യാസം അവിടെ പ്രസക്തമാകുന്നു.
രൂപേഷ് ഷൈന ദമ്പതികളുൾപ്പെടെ ഏതാനും പേർ പിടിയിലായതോടെ കേരളത്തിലെ മാവോയിസ്റ്റ് പ്രസ്ഥാനം ദുർബലമായെന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ വിലയിരുത്തിയിട്ടുണ്ട്. അവരുടെ അറസ്റ്റ് നടന്നത് പൊലീസ് പറയുന്നതുപോലെ തമിഴ്നാട്ടിലാണോ അതോ രൂപേഷ് പറയുന്നതുപോലെ ആന്ധ്രയിലാണോ എന്ന വിഷയത്തിലേക്ക് ഇവിടെ കടക്കേണ്ടതില്ല. ഇവരെ കൂടാതെ നീണ്ടകാല തീവ്ര ഇടതുപക്ഷ പാരമ്പര്യമുള്ള മുരളി കണ്ണമ്പള്ളിയും പിടിയിലായിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റു ചെയ്തത് മഹാരാഷ്ട്ര പൊലീസാണ്. പൂനെയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു തുറുങ്കിലടച്ചത്. സംസ്ഥാനത്തിനു പുറത്തു കഴിയുന്ന മലയാളികളുടെ ക്ഷേമത്തിൽ പ്രത്യേക താൽപര്യമെടുക്കുന്ന സർക്കാർ കസ്റ്റഡിയിലായ മുരളിക്ക് ചികിത്സ ഉറപ്പാക്കാൻ ഒന്നും ചെയ്തില്ല. മാവോയിസ്റ്റായാൽ മലയാളി എന്ന പരിഗണന ഇല്ലാതാകുമൊ?
ഇതെഴുതുന്ന സമയത്തും കേരള പൊലീസിന് സംസ്ഥാനത്തിനു പുറത്തു അറസ്റ്റിലായവരെ കസ്റ്റഡിയിൽ കിട്ടിയിട്ടില്ല. പക്ഷെ മാവോയിസ്റ്റ് ഭീഷണി പെരുപ്പിച്ചു കാട്ടുന്ന കഥകൾ മെനയുന്നതിന് അത് തടസമായിട്ടില്ല. അറസ്റ്റു ചെയ്യപ്പെട്ടവരിൽ നിന്ന് കിട്ടിയ വിവരങ്ങളല്ല, രഹസ്യാന്വേഷണവിഭാഗത്തിന്റെ നിഗമനങ്ങളാണ് അവയുടെ അടിസ്ഥാനം എന്നു തോന്നുന്നു.അവയെ ആസ്പദമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ വേരറുക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ വാക്കുകൾ വായിച്ചപ്പോൾ പഴയ മദ്രാസ് സംസ്ഥാനത്ത് 1952ൽ കമ്മ്യൂണിസ്റ്റ് പിന്തുണയുള്ള ഒരു സർക്കാർ രൂപീകരിക്കുന്നതു തടയാനായി മുഖ്യമന്ത്രിപദം ഏറ്റെടുത്ത മുൻ ഗവർണർ ജനറൽ സി രാജഗോപാലാചാരി നടത്തിയ പ്രഖ്യാപനം ഞാൻ ഓർത്തു. ‘കമ്മ്യൂണിസ്റ്റുകാരാണ് ഒന്നാം നമ്പർ ശത്രു,’ അദ്ദേഹം പറഞ്ഞു. പക്ഷെ അദ്ദേഹം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകൾ മുഖവിലയ്ക്കെടുത്തിരുന്നില്ലെന്ന് അനുഭവത്തിൽ നിന്ന് എനിക്ക് പറയാനാകും.
ഒരു മനുഷ്യാവകാശ പ്രശ്നത്തിൽ ഞാൻ ഇടപെട്ടപ്പോൾ അന്ന് ഹിന്ദു പത്രത്തിൽ ജോലി ചെയ്തിരുന്ന എന്റെ രാഷ്ട്രീയ പശ്ചാത്തലം അറിയിക്കണമെന്നാവശ്യപ്പെട്ടു മദ്രാസ് പൊലീസ് തിരു-കൊച്ചി പൊലീസിനെഴുതി. ഞാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പണം വാങ്ങി രസീത് ഒപ്പിട്ട് നൽകിയിട്ടുണ്ടെന്നായിരുന്നു തിരുവനന്തപുരത്തു നിന്നുള്ള മറുപടി. ഫയൽ മുന്നിലെത്തിയപ്പോൾ രാജഗോപാലാചാരി അതിൽ എഴുതി: ‘ഞാൻ ഇത് വിശ്വസിക്കുന്നില്ല.’രാജഗോപാലാചാരിയുടെ മകൻ സി ആർ കൃഷ്ണസ്വാമി ഹിന്ദുവിൽ എന്റെ മേലാവായിരുന്നു. അദ്ദേഹത്തിൽ നിന്നാണു ഞാൻ ഈ വിവരം അറിഞ്ഞത്. ഞാൻ പണം വാങ്ങി രസീത് നൽകി എന്ന റിപ്പോർട്ടിലെ ഭാഗം ശരിയായിരുന്നു. പക്ഷെ പണം പിരിച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടിക്കു വേണ്ടിയായിരുന്നില്ല, വിദ്യാർത്ഥി ഫെഡറേഷനുവേണ്ടിയായിരുന്നു. - ജനയുഗം, മേയ് 20, 2015.

No comments:
Post a Comment