
വിഖ്യാത ചിത്രകാരന്‍ എം.എഫ്. ഹുസൈന്റെ ചരമം റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെല്ലാം കേരള സര്‍ക്കാര്‍ അദ്ദേഹത്തെ രാജാ രവിവര്‍മ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത കാര്യം പറഞ്ഞിരുന്നു. എന്നാല്‍, ആ സമ്മാനം സ്വീകരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. അതിന്റെ കാരണം തമസ്‌കരിക്കപ്പെട്ടു.
എല്‍.ഡി.എഫ് സര്‍ക്കാറില്‍ സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി 2007 മേയിലാണ് വിവന്‍ സുന്ദരം എന്ന പ്രശസ്ത ചിത്രകാരന്‍ ചെയര്‍മാനായുള്ള സമിതി ഹുസൈനെ കേരളത്തിന്റെ മഹാനായ കലാകാരന്റെ പേരിലുള്ള പുരസ്‌കാരത്തിനായി തെരഞ്ഞെടുത്ത വിവരം പ്രഖ്യാപിച്ചത്. ഒന്നേകാല്‍ ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന സമ്മാനം ഹുസൈന്റെ ജന്മദിനമായ സെപ്റ്റംബര്‍ 17ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ നല്‍കുമെന്ന് ബേബി പറഞ്ഞു. പക്ഷേ, അതുണ്ടായില്ല.
സുന്ദരം ഹുസൈനെ ഫോണ്‍ ചെയ്ത് പുരസ്‌കാര വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷവും നന്ദിയും പ്രകടിപ്പിച്ചതോടൊപ്പം അത് സ്വീകരിക്കാന്‍ കേരളത്തില്‍ വരാനാകുമോയെന്ന് ചോദിക്കുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ അതിഥിയായി വരാമെന്ന് ബേബി അറിയിച്ചു.
ചടങ്ങിന് ഏതാനും ദിവസം മുമ്പ് ഹുസൈന് പുരസ്‌കാരം നല്‍കുന്നതിനെ ചോദ്യം ചെയ്യുന്ന ഒരു പൊതുതാല്‍പര്യ ഹരജി കേരള ഹൈകോടതിയിലെത്തി. കോടതി അത് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവും പുറപ്പെടുവിച്ചു. ദേവതകളുടെ അശ്ലീല ചിത്രങ്ങള്‍ വരച്ച് ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയ ഹുസൈന് പുരസ്‌കാരം നല്‍കുന്നത് അശ്ലീല കലക്ക് പ്രോത്സാഹനമാകുമെന്നായിരുന്നു ഹരജിക്കാരുടെ വാദം. ചീഫ് ജസ്റ്റിസ് എച്ച്.എന്‍. ദത്തുവും കെ.ടി. ശങ്കരനും അടങ്ങുന്ന ബെഞ്ച് സ്‌റ്റേ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ത്തന്നെ സര്‍ക്കാറിന് അതില്‍ മാറ്റം വരുത്താന്‍ കോടതിയെ സമീപിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍, സവര്‍ണപ്രീണന പാതയിലായിരുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് ചെയ്തില്ല.
ഭാരതമാതാവിന്റെയും ഹിന്ദുദേവതകളുടെയും ഏതാനും ചിത്രങ്ങളുടെ പേരില്‍ വര്‍ഗീയവാദികള്‍ ഹുസൈനെ രാജ്യവ്യാപകമായി വേട്ടയാടുകയായിരുന്നു അന്ന്. അദ്ദേഹം 1970കളിലായിരുന്നു ആ ചിത്രങ്ങള്‍ വരച്ചത്. അന്ന് അവക്കെതിരെ ആരും ശബ്ദമുയര്‍ത്തിയിരുന്നില്ല. വിയോജിപ്പുള്ളവര്‍ ഉണ്ടായിരുന്നിരിക്കാം. അവര്‍ അവയെ സര്‍ഗാത്മകതയുടെ വികലപ്രകടനമായി കണ്ടിരിക്കാം. പക്ഷേ, അവരാരും ഹുസൈന്റെ തലക്കുവേണ്ടി മുറവിളി കൂട്ടിയില്ല. ഹിന്ദു വര്‍ഗീയത വര്‍ധിത വീര്യം പ്രാപിച്ച 1991കളില്‍ സ്ഥിതിഗതികള്‍ മാറി. വിചാര മീമാംസ എന്ന പേരില്‍ ഇറങ്ങിയിരുന്ന ഒരു ഹിന്ദി മാസിക 'ഹുസൈന്‍: ചിത്രകാരനോ അറവുകാരനോ' എന്ന തലക്കെട്ടിനു കീഴില്‍ 1996ല്‍ ആ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകള്‍ അക്രമം അഴിച്ചുവിട്ടു. അവര്‍ അദ്ദേഹത്തിന്റെ വീട് ആക്രമിക്കുകയും ചിത്രപ്രദര്‍ശനങ്ങള്‍ തടയുകയും ചിത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ചിത്രങ്ങള്‍ അശ്ലീലമാണെന്നും അവ വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തുന്നുവെന്നും ആരോപിച്ച് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ അദ്ദേഹത്തിനെതിരെ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. അദ്ദേഹത്തിന്റെ അപേക്ഷപ്രകാരം അത്തരത്തിലുള്ള എട്ടു കേസുകള്‍ ദല്‍ഹി കോടതിയിലേക്ക് മാറ്റപ്പെട്ടു. ഇത്തരം കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടിക്ക് കേന്ദ്ര സര്‍ക്കാറിന്റെയോ സംസ്ഥാന സര്‍ക്കാറിന്റെയോ അനുവാദം വേണമെന്നും അനുമതിയുടെ അഭാവത്തില്‍ അവ നിലനില്‍ക്കുകയില്ലെന്നും ചൂണ്ടിക്കാട്ടി ദല്‍ഹി ഹൈകോടതി ജഡ്ജി ജെ.ഡി. കപൂര്‍ എല്ലാം തള്ളി.
അതിനുശേഷം ഹിന്ദുത്വവാദികള്‍ ഹുസൈന്‍വിരുദ്ധ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കി. സൈബര്‍ മേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഹിന്ദു ജനജാഗ്രതാ സമിതി 'ഹിന്ദു ദേവന്മാരുടെയും ദേവികളുടെയും നഗ്‌നചിത്രങ്ങള്‍ വരച്ച' ഹുസൈനെതിരെ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും നിയമനടപടികളെടുക്കാനും രാജ്യത്തിനകത്തും പുറത്തുമുള്ള ഹിന്ദുക്കളോട് ആഹ്വാനംചെയ്തു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലായി 1250 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. മജിസ്‌ട്രേറ്റു കോടതികളില്‍നിന്ന് നിരന്തരം നോട്ടീസുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ ഹുസൈന് ജീവിതകാലം മുഴുവന്‍ കോടതികള്‍ കയറിയിറങ്ങി കഴിയേണ്ടിവരുമെന്ന അവസ്ഥയായി. ഈ സാഹചര്യത്തില്‍ അദ്ദേഹം 2006ല്‍ വീടും നാടും വിടാന്‍ നിര്‍ബന്ധിതനായി.
ലണ്ടനിലായിരുന്ന സചിന്‍ ടെണ്ടുല്‍കര്‍ അവിടെ ഹുസൈനെ സന്ദര്‍ശിച്ചതായ വാര്‍ത്ത വന്നയുടന്‍ മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രതാ സമിതി ക്രിക്കറ്റ് താരത്തിന് കത്തെഴുതുകയും മറ്റുള്ളവരോട് കത്തുകളയക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. രവിവര്‍മ പുരസ്‌കാര വാര്‍ത്ത വന്നപ്പോള്‍ സമിതി അതിനെതിരെയും പ്രചാരണം ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായിരുന്നു കേരള ഹൈകോടതിയില്‍ കൊച്ചിയിലെ മുന്‍ രാജകുടുംബത്തില്‍പെടുന്ന രവിവര്‍മയും ശബരിമല തന്ത്രിയുടെ മകളുടെ മകനായ രാഹുല്‍ ഈശ്വറും നല്‍കിയ ഹരജി.
തിരുവിതാംകൂറിലെ മുന്‍ രാജകുടുംബത്തിന്റെ തലവനായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയെ മുന്നില്‍ നിര്‍ത്തി ഹിന്ദു പാര്‍ലമെന്റ് എന്ന പേരില്‍ ഒരു പുനരുത്ഥാന പ്രസ്ഥാനത്തിന് നേതൃത്വം കൊടുക്കുന്ന ഊര്‍ജസ്വലനായ യുവാവാണ് രാഹുല്‍. കോടതിയെ സമീപിക്കുന്നതിനുമുമ്പ് തുടങ്ങിയ ബ്ലോഗില്‍ രാഹുല്‍ ഹിന്ദുത്വവാദികളെ അലോസരപ്പെടുത്തിയ ഹുസൈന്‍ ചിത്രങ്ങള്‍ നല്‍കിക്കൊണ്ട് ഇങ്ങനെ എഴുതുകയുണ്ടായി: 'കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഈ ചിത്രങ്ങളെക്കുറിച്ച് അസ്വസ്ഥനായിരുന്നു. ഈ ചിത്രങ്ങള്‍ എന്നെ അതീവ ദുഃഖിതനും വിഷാദാത്മകനും ആക്കിയിരുന്നു.' കോടതിയെ സമീപിക്കുന്ന സമയത്തെ രാഹുല്‍ ഈശ്വറിന്റെ മാനസികാവസ്ഥ ഈ വാക്കുകള്‍ വ്യക്തമാക്കുന്നു. ഹുസൈന്റെ ചരമവാര്‍ത്ത വന്നശേഷം ട്വിറ്ററില്‍ രാഹുല്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ കടുത്ത ചിന്താകുഴപ്പത്തിന് തെളിവാണ്. 'നഗ്‌നഭാരതമാതാവിനെതിരെ പ്രതിഷേധിക്കുക' എന്ന പേരില്‍ ബ്ലോഗ് തുടങ്ങിയ രാഹുല്‍ ഇപ്പോള്‍ പറയുന്നു: 'പ്രശ്‌നം നഗ്‌നതയല്ല. നഗ്‌നചിത്രങ്ങള്‍ കാരണമാണ് ഞങ്ങള്‍ ഹുസൈനെ എതിര്‍ക്കുന്നതെന്നത് കൗശലകരമായ പ്രചാരണമാണ്.'ഹുസൈന്‍ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് ബ്ലോഗില്‍ എഴുതുകയും വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ സ്‌പര്‍ധ വളര്‍ത്തുന്നെന്ന് കോടതിയില്‍ പരാതിപ്പെടുകയും ചെയ്ത രാഹുല്‍ ഇപ്പോള്‍ പറയുന്നു: 'ഹുസൈന്‍ ഒരു ഹിന്ദു-മുസ്‌ലിം പ്രശ്‌നമല്ല.' കോടതിയില്‍ ഹരജി നല്‍കിയശേഷം മുസ്‌ലിംലീഗിനെ സമീപിച്ചിരുന്നതായും അവര്‍ തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തതായും രാഹുല്‍ അവകാശപ്പെടുന്നു.
എല്‍.ഡി.എഫ് സര്‍ക്കാറിന് ഹിന്ദുത്വ ചേരിയെ കോടതിയില്‍ നേരിടാനുള്ള ധൈര്യമുണ്ടായിരുന്നെങ്കില്‍ അനുകൂല വിധി ലഭിക്കുമായിരുന്നെന്ന് കരുതാന്‍ ന്യായമുണ്ട്. രാജ്യത്തെ വിവിധഭാഗങ്ങളിലുള്ള കോടതികള്‍ തനിക്കെതിരെ പുറപ്പെടുവിച്ചിട്ടുള്ള അറസ്റ്റ് വാറന്റുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹുസൈന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പിന്നെയും പല കേസുകളും ദല്‍ഹിയിലേക്ക് മാറ്റിയിരുന്നു. ദല്‍ഹി ഹൈകോടതി ജഡ്ജി സഞ്ജയ് കിഷൻ കൗൾ 2008 മേയ് എട്ടിന് ഒരു സുപ്രധാനവിധിയിലൂടെ എല്ലാ വാറന്റുകളും റദ്ദാക്കുകയും കേസുകള്‍ തള്ളുകയും ചെയ്തു.
ലോകോത്തര ചിത്രകാരന്‍ പാബ്ലോ പിക്കാസോയുടെ ഈ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടാണ് ജ. കൗൾ ശ്രദ്ധേയമായ വിധി തുടങ്ങിയത്: 'കല ഒരിക്കലും വിശുദ്ധമല്ല. അജ്ഞരായ നിഷ്‌കളങ്കര്‍ക്ക് അത് നിഷേധിക്കപ്പെടണം; വേണ്ടത്ര തയാറെടുപ്പില്ലാത്തവരെ അതുമായി ബന്ധപ്പെടാന്‍ ഒരിക്കലും അനുവദിക്കരുത്. അതെ, കല ആപല്‍ക്കരമാണ്. വിശുദ്ധമാണെങ്കില്‍ അത് കലയല്ല.' വിധി പ്രസ്താവിക്കുമ്പോള്‍ ഹുസൈന്‍ ഖത്തര്‍ പൗരത്വം സ്വീകരിച്ച് രാജ്യത്തിനു പുറത്ത് അഭയാര്‍ഥിയായി കഴിയുകയായിരുന്നു. ആ വസ്തുത ഓര്‍ത്തുകൊണ്ട് ജ. കൗൾ ഇങ്ങനെ ഉപസംഹരിച്ചു: 'തൊണ്ണൂറാം വയസ്സില്‍ ചിത്രകാരന് കാന്‍വാസില്‍ വരച്ചുകൊണ്ട് വീട്ടിലിരിക്കാന്‍ അര്‍ഹതയുണ്ട്.'
ഏതാനും മാസങ്ങള്‍ക്കുശേഷം വിഷയം സുപ്രീം കോടതിയുടെ മുന്നിലുമെത്തി. ഹുസൈനെതിരെ അശ്ലീല ചിത്രങ്ങള്‍ വരച്ചതിന് ക്രിമിനല്‍ നടപടികള്‍ ആവശ്യപ്പെട്ടുള്ള ഹരജികള്‍ തള്ളിക്കൊണ്ട് അങ്ങനെയുള്ള നിരവധി ചിത്രങ്ങളും ശില്‍പങ്ങളുമുണ്ടെന്നും അവയില്‍ ചിലത് ക്ഷേത്രങ്ങളിലാണെന്നും ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് നിരീക്ഷിച്ചു. ഹുസൈന്‍ തന്റെ പ്രായവും പ്രശസ്തിയും ഉപയോഗിച്ച് ശിക്ഷയില്‍ നിന്നൊഴിവാകാന്‍ ശ്രമിക്കുകയാണെന്ന ഹരജിക്കാരുടെ വാദം കോടതിക്ക് ബോധ്യപ്പെട്ടില്ല.
ഹുസൈനെതിരായി രാജ്യവ്യാപകമായി നടന്ന നീക്കങ്ങള്‍ക്കു പിന്നിലുണ്ടായിരുന്ന ഹിന്ദുത്വശക്തികള്‍ മരണശേഷം അദ്ദേഹത്തിനെതിരായ നിലപാട് മയപ്പെടുത്തി. ആര്‍.എസ്.എസും ബി.ജെ.പി.യും ശിവസേനയും അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയില്‍ കൊണ്ടുവന്നു ഖബറടക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി. ഇന്ത്യാ ഗവണ്‍മെന്റും അങ്ങനെ താല്‍പര്യപ്പെട്ടെങ്കിലും മരിക്കുന്നിടത്തു തന്നെയാകണം അന്ത്യവിശ്രമമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം മാനിച്ച് കുടുംബാംഗങ്ങള്‍ ഇംഗ്ലണ്ടില്‍ ഖബറടക്കുകയായിരുന്നു.
ഹുസൈന് രവിവര്‍മ പുരസ്‌കാരം നല്‍കിക്കൊണ്ടുള്ള കേരള സര്‍ക്കാര്‍ പ്രഖ്യാപനം ഇപ്പോഴും നിലനില്‍ക്കുകയാണ്. ഏറ്റുവാങ്ങാന്‍ അദ്ദേഹത്തിന് വരാനാകില്ലെങ്കിലും സമ്മാനദാനം നടത്താനുള്ള സര്‍ക്കാറിന്റെ ചുമതല ഇല്ലാതാകുന്നില്ല. ഹൈകോടതി നല്‍കിയ തടയുത്തരവ് നിലനില്‍ക്കുന്നെങ്കില്‍ സര്‍ക്കാര്‍ ധൈര്യപൂര്‍വം അത് നീക്കാന്‍ ആവശ്യപ്പെടണം. അതിനുശേഷം ഹുസൈന്റെ കുടുംബാംഗങ്ങളെ ക്ഷണിച്ചുവരുത്തി പുരസ്‌കാരം കൈമാറണം. രാജാ രവിവര്‍മയോടും എം.എഫ്. ഹുസൈനോടും കേരളം അങ്ങനെ ആദരവ് പ്രകടിപ്പിക്കണം. (മാധ്യമം, ജൂൺ 24, 2011)
No comments:
Post a Comment