Saturday, June 25, 2011

തെസ്‌നി ബാനുവിന് പിന്തുണ

ഐടി ജീവനക്കാരിയായ തെസ്‌നി ബാനു കാക്കനാട്ട് വെച്ച് ആക്രമിക്കപ്പെട്ട സംഭവത്തെക്കുറിച്ച് ഫിഫ്ത് എസ്റ്റേറ്റ് കഴിഞ്ഞ ദിവസം ഒരു പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. നിരവധി സുഹൃത്തുക്കൾ നേരിട്ടും ഇന്റർനെറ്റിലൂടെയും അതിലെ ഗുരുതരമായ പിഴവുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. വിമർശനങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഫിഫ്ത് എസ്റ്റേറ്റ് ഇന്ന് ആ പ്രസ്താവന നിരുപാധികം പിൻ‌വലിക്കുകയും വിവരം വെബ്സൈറ്റിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഫിഫ്ത് എസ്റ്റേറ്റ് കൺ‌വീനറെന്ന നിലയിൽ അതെടുത്ത തെറ്റായ നിലപാടിൽ പങ്കാളിയായത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകമായ അനുഭവമാണ്. പ്രസ്താവന ഔപചാരികമായി പി‌ൻവലിച്ചതോടെ ഇക്കാര്യത്തിലുള്ള ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവായതായി ഞാൻ കരുതുന്നില്ല.

കാക്കനാട് സംഭവം അവതരിപ്പിക്കുന്നതിലും അപഗ്രഥിക്കുന്നതിലും ഫിഫ്ത് എസ്റ്റേറ്റിന് ഗുരുതരമായ വീഴ്ചയുണ്ടായ സാഹചര്യത്തിലേക്ക് ഇവിടെ കടക്കുന്നില്ല. എങ്കിലും ഒരു കാര്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. നമ്മുടെ ജനാധിപത്യ വ്യവസ്ഥക്ക് സംഭവിക്കുന്ന അപചയങ്ങൾക്ക് തടയിടുക, അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മാർഗ്ഗദർശനം നൽകുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ട വേദിയെന്ന നിലയിൽ പ്രശ്നത്തിൽ ഇടപെടാനുള്ള ഫിഫ്ത് എസ്റ്റേറ്റിന്റെ തീരുമാനം തെറ്റായിരുന്നില്ല. എന്നാൽ വേദിക്കുള്ളിൽ ചർച്ച ചെയ്യാതെ അതിന്റെ പേരിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത് തെറ്റായിപ്പോയി.

വസ്തുതകൾ പഠിക്കുന്നതിലും അപഗ്രഥിക്കുന്നതിലും തെറ്റുപറ്റിയെന്ന് സമ്മതിക്കാതെ വയ്യ.‘അപഥസഞ്ചാരിണിയെന്ന് തെറ്റിദ്ധരിക്കപ്പെട്ട‘ തെസ്‌നിയും ‘നാട്ടുകാരും‘ തമ്മിലുള്ള ഒരു പ്രശ്നമായി സംഭവത്തെ അവതരിപ്പിച്ചതും ഐ.ജിക്ക് തെസ്‌നി പരാതിപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ട് പോകാൻ തുടങ്ങിയെന്ന വിലയിരുത്തലും ഉദാഹരണങ്ങൾ. പ്രതികൾക്കായി ലുക്കൌട്ട് നോട്ടിസ് പുറപ്പെടുവിക്കുന്നത് അപരാധമാണെന്ന തരത്തിലുള്ള പരാമർശം ഒഴിവാക്കേണ്ടതായിരുന്നു.

പ്രശ്നപരിഹാരത്തിന് ഫിഫ്ത് എസ്റ്റേറ്റിന്റേതായി മുന്നോട്ടു വെച്ച നിർദ്ദേശങ്ങളിലും അപാകതകളുണ്ട്. സമാധാനം നിലനിർത്തുന്നതിന് നടപടികൾ കൈക്കൊള്ളാനുള്ള ചുമതല അധികൃതർക്കുണ്ട്. എന്നാൽ കാക്കനാട് സംഭവം വെളിപ്പെടുത്തുന്ന സാമൂഹ്യപ്രശ്നം ഔദ്യോഗിക ഇടപെടലിലൂടെ ഒത്തുതീർപ്പാക്കേണ്ട ഒന്നല്ല. സമൂഹത്തെ പിന്നോട്ടു വലിക്കുന്ന ശക്തികളുമായി സമവായമുണ്ടാക്കുകയെന്നത് നല്ല ആശയമല്ല. അവർ എത്ര തന്നെ ശക്തരായാലും അവരെ നേരിടുക തന്നെ വേണം. അതിനുള്ള ആർജ്ജവം കാട്ടിയ വ്യക്തിയെന്ന നിലയിൽ തെസ്‌നി ബാനുവിന് പൂർണ്ണ പിന്തുണ നൽകാനുള്ള ചുമതല എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.

11 comments:

Anonymous said...

സർ,ഫിഫ്ത് എസ്റ്റേറ്റിന്റേതായി വന്ന പ്രസ്താവനക്ക് താഴെ ഒപ്പിട്ടവരുടെ പേരുകൾ കണ്ടെപ്പോൾ ഞെട്ടി.ഇപ്പോൾ കൊടുത്ത നിലപാട് സ്വാഗതാർഹം.ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ തലപര്യമുണ്ട്.വിശ്വാസമല്ലേ..എല്ലാം.

Anonymous said...

വളരെ നാന്നായി.അത്ഭുതം തോന്നി ആ പ്രസ്താവന. കാരണം താങ്കളേയും (B R P )കെ വേണുവിനേയും പോലുള്ളവര്‍ക്ക് അങ്ങനെ ഒരു പ്രസ്താവന എങ്ങിനെ ഇറക്കാനാവുമെന്ന്.തെറ്റു തിരുത്തിയെങ്കിലും ആ ത്ബുതം മായുന്നില്ല

നിസ്സഹായന്‍ said...

doolnews.com-ല്‍ വന്ന തസ്നിബാനുവിനെക്കുറിച്ചുള്ള ഇത് സ്ത്രീകള്‍ക്കുനേരെയുള്ള ആക്രമണം: തെസ്‌നി ബാനു എന്ന പോസ്റ്റില്‍ ഇട്ട കമന്റ് ഇവിടെയും പോസ്റ്റു ചെയ്യുന്നു.

"തസ്നി ബാനു സംഭവം നടന്ന്, തൊട്ടടുത്ത ദിവസം തന്നെ മുഖ്യമന്ത്രി കേസ് ഗൌരവമായി കൈകാര്യം ചെയ്യാന്‍ നിര്‍ദ്ദേശം കൊടുക്കുകയും നടപടികളെടുക്കാന്‍ അലംഭാവം കാണിച്ച എസ്.ഐയെ സസ്പെന്റു ചെയ്യിക്കുകയും ചെയ്തു. നാട്ടുകാരായ പ്രതികള്‍ കുടുങ്ങുമെന്നു വന്നപ്പോളാണ് രക്ഷപെടാന്‍ പുതിയ വ്യാഖ്യാനങ്ങളും ആസൂത്രിത സമര പരിപാടികളുമമായി നാട്ടുകാര്‍ രംഗത്തിറങ്ങുന്നത്. ഒരു ജനക്കൂട്ടത്തെ, പ്രത്യേകിച്ച് വോട്ടു ബാങ്കാകുമ്പോള്‍, സംരക്ഷിക്കേണ്ടതും തൃപ്തിപ്പെടുത്തേണ്ടതും രാഷ്ട്രീയക്കാരുടെ ആവശ്യമാണ്. അതിനാല്‍ ഇനി കേസില്‍ വെള്ളം ചേര്‍ക്കാനോ, വാദിയെ പ്രതിയാക്കാനോ, കേസ് തേച്ചുമാച്ചു കളയാനോ ശ്രമിക്കുമെന്നതില്‍ അത്ഭുതമില്ല.

തസ്നിബാനു തനിക്കു നേരിട്ട ദുരനുഭവം ആര്‍ജ്ജവത്തോടെ വിവരിച്ചിട്ടുള്ളതില്‍ സാമാന്യയുക്തിയ്ക്കു നിരക്കാത്തതായി യാതൊന്നുമില്ല. സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ പരിശോധിക്കേണ്ടതാണ്.

1) പൊതു ഇടത്തില്‍ വെച്ച് അസഭ്യകരമായ പ്രവൃത്തി തസ്നിയും സുഹൃത്തും ചെയ്തിരുന്നുവെങ്കില്‍ ദൃക്സാക്ഷികളും നാട്ടുകാരും വളഞ്ഞപ്പോള്‍ രക്ഷപെടാനേ നോക്കുമായിരുന്നുള്ളു, അല്ലാതെ പോലീസ് വന്നു പരിഹാരമുണ്ടാക്കിയിട്ടേ പോകൂ എ​ന്ന നിലപാട് എടുക്കുമായിരുന്നില്ല. ഇത് സാധാരണ തെറ്റു ചെയ്യുന്നവരുടെ സ്വാഭാവിക പെരുമാറ്റമാണ്.

Prakash said...

വളരെ നന്ന്നായി

കെ.പി റഷീദ് said...

തസ്നി ബാനുവിനെ തല്ലിയാല്‍ എത്രയുണ്ട് ന്യായം (ഫിഫ്ത് എസ്റ്റേറ്റ് ആരുടെ തോന്നലാണ്)

http://verutheorila.blogspot.com/2011/06/blog-post_24.html

Prasanna Raghavan said...

ഫിഫ്ത്ത് എസ്റ്റേറ്റിലെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിയുന്നില്ല. ഇംഗ്ലീഷും മലയാളവും. അതുകോണ്ട് ഇവിടെ പരാമര്‍ശിക്കുന്ന പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞില്ല. ഇതു മുന്‍പ് ഞാന്‍ ഫിഫ്ത എസ്റ്റേറ്റില്‍ ഒരു ക്മന്റ് ആയി ഈ പരാതി ഇട്ടിരുന്നു. ഒരു പ്രതികരണവും ഉണ്ടായില്ല.

ഒരു കാര്യം കൂടി പറഞ്ഞാല്‍ സധാരണ ഇതു പ്പോലെയുള്ള ഒരു സംരഭത്തിന്റെ വെബ്സൈറ്റില്‍ ‘about us' എന്നൊരു ഭാഗം കാണുന്നതാണ്. എന്റെ കണ്ണില്‍ പെടാഞ്ഞതാണോ എന്നറിഞ്ഞുകൂടാ, അങ്ങനെയൊന്നു ഞാന്‍ കണ്ടില്ല.

പ്രതികരണം പ്രതീക്ഷിക്കുന്നു മാഷേ

K.P.Sukumaran said...

ഫിഫ്ത് എസ്റ്റേറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങളും വായിച്ച് ഞെട്ടിപ്പോയിരുന്നു. അത്രയും ബാലിശമായിരുന്നു അവ എന്നതായിരുന്നു കാരണം. ഏതായാലും ആ പ്രസ്താവന പിന്‍‌വലിച്ചത് നന്നായി.

മാനസികവൈകൃതമുള്ളവരാണ് നമ്മുടെ നാട്ടില്‍ സദാചാരപോലീസിന്റെ റോളില്‍ അഴിഞ്ഞാടാറുള്ളത് എന്നതാണ് വസ്തുത. ആവശ്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ നട്ടുച്ചയ്ക്ക് പോലും പെണ്‍‌കുട്ടികള്‍ക്ക് വഴി നടക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാവും. ഒരു സാംസ്ക്കാരിക വിപ്ലവമാണ് നാട്ടില്‍ ഉണ്ടാവേണ്ടത്. (മാവോ മോഡല്‍ അല്ല) ഫിഫ്ത് എസ്റ്റേറ്റിന് ഈ ദൌത്യം ഏറ്റെടുക്കാന്‍ പറ്റുമോ?

Brtish Malayali said...

ആദ്യം തല്ലിയത് തെസ്നിയെന്നു പോലീസ്; സദാചാര പോലീസിനെ സംരക്ഷിക്കാന്‍ വ്യാജ പ്രചരണം
http://www.marunadanmalayalee.com/innerpage.aspx?id=48653&menu=33&top=29&con=False

നിസ്സഹായന്‍ said...

എന്റെ കമന്റിന്റെ ബാക്കി ഭാഗങ്ങള്‍ സ്പാമിലായി. അതു റിലീസു ചെയ്യുക.

ശ്രീജിത് കൊണ്ടോട്ടി. said...

പ്രസ്താവന നിരുപാധികം പിന്‍വലിച്ചത് നന്നായി.. തെസ്നി ബാനുവിനു പിന്തുണ അറിയിക്കുന്നു..

K.P.Sukumaran said...

ബര്‍ളി തോമസിന്റെ സദാചാരതീവ്രവാദം എന്ന ലേഖനം വളരെ പ്രസക്തമാണെന്ന് തോന്നുന്നു..

http://berlytharangal.com/?p=7232