Saturday, December 22, 2007

കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി

എല്‍. ഡി. എഫ്. സര്‍ക്കാര്‍ അതിന്‍റെ അഞ്ചു വര്‍ഷ കാലാവധിയുടെ മൂന്നിലൊന്നു പിന്നിട്ടിരിക്കുന്നു. ഈ വിവരം അറിയിച്ചുകൊ ണ്ട് കേരള കൌമുദി അറിയപ്പെടുന്നവരും അല്ലാത്തവരും ആയ പലരോടും സര്‍ക്കാരിനെക്കുറിച്ചുള്ള അഭിപ്രായം ആരാഞ്ഞു.

ഇന്നലെയും ഇന്നുമായി പലരുടെയും അഭിപ്രായം പത്രം അച്ചടിച്ചിട്ടുണ്ട്. അതില്‍ ചിലത് ഇങ്ങനെ (ഓരോരുത്തരും പറഞ്ഞത് മുഴുവന്‍ ഇവിടെ ഉദ്ധരിക്കുന്നില്ല):

ഡി. ബാബു പോള്‍: ഈ സര്‍ക്കാരില്‍നിന്നു ഒന്നും പ്രതീക്ഷിക്കാത്തതിനാല്‍ ഒരു നിരാശയുമില്ല.

ഷാജി എന്‍. കരുണ്‍,: പുതിയൊരു ഗവര്‍മെന്റിന്‍റെ പോരായ്മകളും പരിമിതികളും ഉണ്ടായിട്ടുണ്ടാകാം. എന്നാല്‍ സമയം ഇനിയുമുണ്ട്.

എസ്. ജോസഫ് (മലയാളം അദ്ധ്യാപകന്‍, മഹാരാജാസ് കോളേജ്, എറണാകുളം): പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധിച്ചു.

"കേരളം ചോദിക്കുന്നു" എന്ന തലക്കെട്ടിലാണ് പത്രം അഭിപ്രായങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചിലരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും മറുപടി പറയുന്നുമുണ്ട്.

സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവര്‍ത്തനം നമുക്കും വിലയിരുത്താം. വായന ബ്ലോഗ് സന്ദര്‍ശകരുടെ അഭിപ്രായം ക്ഷണിക്കുന്നു. കേവലം Yes/No എന്നോ കൊള്ളാം/മോശം എന്നോ പറയാതെ കാര്യകാരണ സഹിതം അഭിപ്രായം രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു. സ്വന്തം ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തിയിട്ട് ഇവിടെ ലിങ്ക് കൊടുത്താലും മതി.

12 comments:

keralafarmer said...

കേരളത്തിലെ എല്ലാ മന്ത്രിമാരും മുഖ്യമന്ത്രി ചമയുകയും സഭയ്ക്ക് വെളിയില്‍ പരസ്പരം പഴിചാരുകയും ചെയ്യുന്നത് ഒരു നിത്യ സംഭവമായിരിക്കുന്നു. നിരാശരാകുന്ന ജനം അടുത്ത ഇലക്ഷനില്‍ ഇവരെ പരാജയപ്പെടുത്തി മറ്റവരെ ജയിപ്പിക്കും. ഫലം തഥൈവ തന്നെ.

ഫസല്‍ said...

'അരവണപ്പായസം കഠിനമെന്നയ്യപ്പോ'. ആരവണപ്പായസ വിവാദത്തില്‍, ശബരിമല റോഡുകളുടെ ശോചനീയാവസ്ഥയും മറ്റു സൌകര്യങ്ങളുടെ അപാകതയും മങ്ങിപ്പോയതു പോലെ ഓരോ വിവാദങ്ങള്‍ക്കു പിന്നിലും ഈ ഗവണ്‍മെന്‍റിന്‍റെ പരാജയങ്ങളുടെ പൊന്‍തൂവലുകള്‍ ഒളിഞ്ഞിരിപ്പുണ്ട്. പ്രാജയങ്ങളുടെ സുല്‍ത്താന്‍മാരുടെ(പോഴന്‍മാരുടെ) ഭരണം. തീര്‍ത്തും പരാജയം

കിരണ്‍ തോമസ് തോമ്പില്‍ said...

ഗവണ്മെന്റ് പരാജയമാണ് എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ല. പക്ഷേ ഇത് എന്തുകൊണ്ട് എന്നതില്‍ പലര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകാം. എല്ലാവരും പറയുന്ന ഒന്ന് അച്ചുതാനന്ദന്‍ സര്‍ക്കാരിനെ ഒരുപാട് പ്രതീക്ഷയോടെയാണ് അയച്ചത് ഇവരില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചു അത് കിട്ടിയില്ല. അതുമാത്രമല്ല അച്ചുതാനന്ദനെ ഭരിക്കാന്‍ അനുവദിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നൊക്കെ.

എന്നാല്‍ യഥാര്‍ത്ഥ പ്രശ്നം അച്ചുതാനന്ദന്‍ തന്നെയാണ് പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തിനേയും എതിര്‍ക്കാമായിരുന്നു. തുടര്‍ന്ന് ഭരണം ഏറ്റപ്പോള്‍ പഴയ ഇനേജ് നിലനിര്‍ത്താന്‍ അദ്ദേഹം നടത്തുന്ന വിലകുറഞ്ഞ നാടകങ്ങളില്‍ മാധ്യമങ്ങള്‍ക്കൂടി കക്ഷി ചേര്‍ന്നതോടെ പ്രശ്നം പുതിയ തലത്തിലെത്തി. സ്വന്തം ധനമന്ത്രിയേ ശത്രുവിനേപ്പോലെ കാണുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ആസൂത്രണ ബോര്‍ഡും ധനവകുപ്പും രണ്ട് തട്ടിലാണ്. ഒറീസന്‍ അളവുകോലില്‍ കേരളത്തിലെക്കാണുന്ന പ്രഭാത് പടനായകും തീവ്ര ഇടതുപക്ഷക്കാരന്‍ എന്ന് നടിക്കുന്ന മുഖ്യമന്ത്രിയും ഒരു വശത്തും ധനകാര്യവിദഗദനും കേരളത്തിലെ തീവ്ര ഇടതുപക്ഷക്കാര്‍ എന്ന് നടിക്കുന്ന ഒരു പറ്റം ആള്‍ക്കാരുടെ വര്‍ഗ്ഗ ശത്രുവുമായ തോമസ് ഐസക്ക് മറുവശത്തും നിന്ന് നിഴല്‍ യുദ്ധം ചെയ്യുമ്പോള്‍ എന്താണ് സര്‍ക്കരിന്റെ സാമ്പത്തീക നയം എന്നറിയാതെ വാപൊളിച്ച് നില്‍ക്കാനെ നമുക്കു കഴിയൂ.
ADB ക്കെതിരെ സമരാഹ്വാനവുമായി ഡിഫിക്കാരും അച്ചുതാനന്ദനും നടന്നതും. പീന്നീട് ഇതേ ADB യില്‍ നിന്ന് തന്നെ ഐസക്ക് വായ്പ വാങ്ങുന്നതും കണ്ടപ്പോഴാണ് ജനം ശരിക്കും ഞെട്ടിയത്. എന്നാല്‍ വി.എസ്. ഞാനറിഞല്ല ഇതെന്ന് നടിച്ചു ക്ഷണികമായ ഓര്‍മ്മ ശക്തിയുള്ളവര്‍ ഇത് വി.എസിന്റെ ദുര്‍ബല പ്രതിരോധമായി വ്യാഖ്യാനിച്ചു. എന്നാല്‍ ഇതേ വി.എസ്. എല്‍.ഡി.എഫ് കണ്‍‌വീനര്‍ ആയിരിക്കെ ധനമന്ത്രി ശിവദാസമേനോനും മുഖ്യന്‍ നയനാരുമായിരുന്നു ഇതേ വായിപ്പക്ക് വേണ്ടി ആദ്യം ശ്രമിച്ചതെന്ന് ആരും ഓര്‍ത്തില്ല. അതുപോലെ യു.ഡി.എഫ് ഗവണ്മെന്റിന്റെ കാലത്ത് തന്നെ തങ്ങള്‍ ഭരിക്കുന്ന നഗരസഭകളോട് ഇതേ വായിപ്പ് വാങ്ങിച്ചുകൊള്ളാന്‍ വി.എസ്. ഉള്‍പ്പെടുന്ന സെക്രട്ടറിയേറ്റ് യോഗം അംഗികാരം നല്‍കി എന്നതും മാധ്യമങ്ങള്‍ ബോധപൂര്‍വ്വം മറന്നു. ഇവിടം തൊട്ട് വി.സും പാര്‍ട്ട്യും രണ്ടാണ് എന്ന തെറ്റിദ്ധാരണ പരന്നു. പിന്നെ എങനെ സ്വ്യം മാര്‍ക്കര്റ്റുണ്ടാക്കാം എന്ന ചിന്തയായി വി.എസിന്. അത് പി.ബിയില്‍ നിന്നും പിണറായിയും വിസും പുറത്ത് പോകുന്നത് വരെ തുടര്‍ന്നു. ഈ ടോ അന്റ് ജെറി കളികളാണ് ഈ ഭരണകാലത്ത് കൂടുതല്‍ നടന്ന്ത്. പി.ബിയില്‍ നിന്ന് പുറത്തായതോടെ അല്പം അടങിയ വി.എസും പിണറായിയും അടുത്ത സമ്മെളനത്തില്‍ എങ്ങനെ പാര്‍ട്ടി പിടിക്കാം എന്ന ചിന്തയിലായി. അതിന്റെ പ്രവര്‍ത്തനം കഴിയുമ്പോള്‍ മാര്‍ച്ചാകും. ചിലപ്പോള്‍ അതിന്ശേഷം എന്തെങ്കിലും നടന്നേക്കും എന്ന് പ്രതീക്ഷിക്കാം.

സുരലോഗ് || suralog said...

പ്രതീക്ഷച്ചതിന്റെ പത്തുശതമാനം പോലും യാഥാര്‍ത്ഥ്യമാക്കാന്‍ ഈ ഗവര്‍മെന്റിനു് സാധിക്കുമെന്നു തോന്നുന്നില്ല. സീപീയെമ്മിന്റ വളഞ്ഞ മോന്തായം 'പെരുന്തച്യുതാനന്ദന്‍' നേരേയാക്കുമെന്നു് ഇനി വിചാരിക്കാനും വയ്യ.

ഇനി മുതല്‍ കേരളത്തില്‍ രണ്ടു യൂഡീഎഫ് ഉണ്ടായിരിക്കും!.സീപീയെം നയിക്കുന്നതും കോണ്‍ഗ്രസ് നയിക്കുന്നതും.അഴിമതി തടയുന്നതിലും സാമുഹ്യ/സാമ്പത്തിക/വിദ്യാഭ്യാസ/വികസന കാര്യങ്ങളില്‍ മെച്ചപ്പെട്ടതും യുക്തവും ആയ അജന്‍ഡയും മുന്‍ഗണനകളും നിര്‍ണ്ണയിക്കുന്നതിലും ഇവരെ വേര്‍തിരിച്ചിരുന്ന അതിര്‍വരമ്പുകള്‍ ഇന്നു് വളരെ നേര്‍ത്തുപോയിരിക്കുന്നു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഭരിക്കാന്‍ അറിയില്ല/കഴിയില്ല എന്ന് ചരിത്രം അസന്നിഗ്ദമായി തെളിയിച്ചിട്ടുണ്ട് . കാലഹരണപ്പെട്ട പ്രത്യയശസ്ത്രത്തിന്റെയും മുന്‍‌വിധികളുടെയും തടവുകാരാണവര്‍ . ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ അണിചേരാന്‍ കഴിയാത്ത കാലത്തോളം ഇത് തന്നെയായിരിക്കും ഫലം .

വി.എസ്. അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ സമരകോലാഹലങ്ങള്‍ നടത്തിയത് അവരുടെ മാത്രം രീതികളും നീതിശാസ്ത്രങ്ങളും മുന്‍‌നിര്‍ത്തിയാണ് . അല്ലാതെ സമരങ്ങള്‍ക്കാധാരമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടണം എന്ന ഉദ്ധേശ്യത്തിലായിരുന്നില്ല . അത് കൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹത്തിന് ഒന്നും ചെയ്യാനില്ല . ഒരു ജനാധിപത്യ സംവിധാനത്തില്‍ , ആ സംവിധാനത്തോട് കൂറോ സമ്മതമോ ഇല്ലാത ഒരു പാര്‍ട്ടിക്ക് ഭരണം കിട്ടിയാല്‍ അവര്‍ എന്ത് ചെയ്യാനാണ് . എന്താണ് അവരില്‍ നിന്ന് പ്രതീക്ഷിക്കാനാവുക ? ഇപ്പോഴത്തെ ഭരണപരാജയങ്ങള്‍ക്ക് ഗ്രൂപ്പ് വഴക്ക് എന്ന കാരണം കാട്ടി വി.എസ്സിന് രക്ഷപ്പെടാം . എന്നാല്‍ ഇതിന് മുന്‍‌പിലത്തെ നായനാര്‍ ഭരണം വിജയമായിരുന്നോ ? 30 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണം കൊണ്ട് ബംഗാള്‍ പുരോഗതി കൈവരിച്ചോ ? ഭരണവും സമരവും എന്ന വിചിത്രവും ആഭാസകരവുമായ ഒരു സമ്പ്രദായത്തിന്റെ ഉപജ്ഞാതാക്കളില്‍ നിന്നും കൂടുതല്‍ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ശരിയായിരിക്കുകയില്ല .

..::വഴിപോക്കന്‍[Vazhipokkan] said...
This comment has been removed by the author.
..::വഴിപോക്കന്‍[Vazhipokkan] said...

എന്നാല്‍ ഇനി യു.ഡി.എഫ് തന്നെ ശരണം ..അല്ലെ?
എല്ലാം അതുകൊണ്ട് ശരിയാകട്ടെ..
:)

വഴി പോക്കന്‍.. said...

ഇനിമുതല്‍ ഭരിക്കാനറിയാവുന്ന യു ഡി എഫിനെ സ്ഥിരമായി അങ്ങു ഭരണം ഏല്‍പ്പിക്കാം, അതാകുമ്പോള്‍ എല്ലാം ശരിയാകും, സമൂഹത്തിലെ എല്ലാ തട്ടിലും തേനും പാലും ഒഴുകും. അങ്ങനെയങ്ങനെ മലയാളികളുടെ ജീവിതം സുന്ദരസുരഭിലമാകും. കേരളനാട് മാവേലി നാടാകും. അഴിമതി മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കഴിയില്ല. അവരാകുമ്പോല്‍ ഗ്രൂപ്പെന്നു കേട്ടാല്‍ തന്നെ അലര്‍ജിയുള്ള ആള്‍കാരായതിനാല്‍ ഭരണം അങ്ങു കാര്യക്ഷമമായി നടക്കും. ബസുകള്‍ കൃത്യസമയത്തോടും,സര്‍ക്കാരുദ്യോഗസ്ത്ഥര്‍ കൃത്യസമയത്ത് ഓഫീസില്‍ ഹാജരാകും. റോഡെല്ലാം മലേഷ്യയിലെ മാതിരിയാകും. വീട്ടുസാധനങളെല്ലാം വിലകുറയും. സ്വാശ്രയകോളെജില്‍ പാവപ്പെട്ടവനെ ഫീസ് വാങ്ങാതെ വിദ്യാഭാസം നല്‍കിക്കും. സര്‍ക്കാരാശുപത്രിയില്‍ രോഗികളുടെ പുഷ്കല കാലമായിരിക്കുമ്മ്. കഴിഞ്ഞ ഇലക്ഷനില്‍ മലയാളിക്കു തെറ്റുപറ്റിയതിനാല്‍ ഇനിയെങ്കിലും അതു പറ്റാതെ നോക്കണം.!!!!

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

വഴിപോക്കന്‍ യു.ഡി.എഫില്‍ ചേര്‍ന്നോ ? ഞാന്‍ ഏതായാലും, ഏകകക്ഷിഭരണം അത് ആരുടേതായാലും സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഭരണത്തില്‍ വരണം എന്ന അഭിപ്രായക്കാരനാണ് . നടക്കുമോ എന്ന് ചോദിക്കരുത് . അതാണ് എന്റെ അഭിപ്രായം . എല്ലാ പാര്‍ട്ടികള്‍ക്കും അങ്ങിനെയൊരു അഭിപ്രായം വേണമല്ലോ . അല്ലെങ്കില്‍ ഓരോ പാര്‍ട്ടിയുടേയും പരിപാടി മാറ്റണമല്ലോ , മുന്നണികള്‍ക്ക് വേണ്ടിയാണ് ഈ പാര്‍ട്ടി നിലകൊള്ളുന്നത് എന്ന് !

കിരണ്‍ തോമസ് തോമ്പില്‍ said...

സുകുമാരേട്ടന്‍ പറഞ്ഞത് വളരെ ശരി നിക്ഷിപത താല്പര്യക്കാരായ ഘടക കക്ഷി നേതാക്കന്മാരുടെ സമ്മര്‍ദ്ദങ്ങള്‍ വരെ ഒരു മുന്നണിയേ പ്രതിസന്ധിയിലാക്കും. നമുക്ക് അര്‍.എസ്.പി യുടെ ഉദാഹരണം തന്നെയെടുക്കാം പ്രേമചന്ദ്രനേ മന്ത്രിയായി കിട്ടാന്‍ സി.പി.എം ചന്ദ്രചൂഡനെ തോല്‍പ്പിച്ചു പ്രേമചന്ദ്രനും സി.പി.എം മുആയി ഒരു പരശ്നവുമില്ല എന്നാല്‍ ആശിച്ച് മോഹിച്ച് കാത്തിരുന്ന ഒരു മന്ത്രിസ്ഥാനം കിട്ടാതെ പോയതിനാല്‍ ചന്ദ്രചൂഡന്‍ മുന്നണിയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഈയിടെ മനോരമയിലെ നേരേ ചൊവ്വെയില്‍ ചന്ദ്രചൂഡന്‍ പറഞ്ഞത് അദ്ദേഹത്തെ വി.എസ്. പക്ഷക്കാര്‍ തോല്‍പ്പിച്ചു എന്നാണ് കാരണം അദ്ദേഹം പിണറായുമായി കൂടുതല്‍ സഹകരിച്ചിരുന്നതിനല്‍ അദ്ദേഹം പിണറായി പക്ഷക്കാരണ് എന്ന് ഒരുകൂട്ടര്‍ തെറ്റിദ്ധരിച്ച് പോയത്ര.
ഇങ്ങനെ നാടിന് നേട്ടമില്ലാത്ത സ്വന്തം താല്പര്യങ്ങള്‍ക്ക് മാത്രം നിലകൊള്ളുന്നവരാണ് മിക്ക ഘടക കക്ഷികളും. എന്തിന് സി.പി.ഐ പോലും ഒരു പരിധിവരെ അങ്ങനെ ആയി. എന്തിനും ഒടക്കു വയ്ക്കുക എന്നതാണ് ഇപ്പോഴത്തെ ഒരു ശൈലി. സി.പി.ഐ മന്ത്രിമാരടങ്ങുന്ന ക്യാബിനറ്റ് ഒരു തീരുമാനം എടുത്താല്‍ അതിനെതിരേയും സ്വന്തം യുവജന സംഘടനകളെ തെരുവില്‍ ഇറക്കി കലാപം നടത്തുന്ന ഭൂലോക ഇരട്ടത്താപ്പാണ് ഇന്ന് സി.പി.ഐ നടത്തുന്നത്. പിന്നെ സ്വന്തം പാര്‍ട്ടിയുടെ തീര്‍മുനാങ്ങളെ അവരെ മാധ്യമങ്ങളുടെ മുന്നില്‍ ഞാന്‍ അറിഞ്ഞില്ലാ എന്ന് നടിക്കുന്ന ഒരു മുഖ്യനും കേന്ദ്രത്തില്‍ എതിര്‍ക്കുന്ന പലതും സ്വന്തം സംസ്ഥാനങ്ങളില്‍ നടത്തുന്ന മുഖ്യപാര്‍ട്ടിയും കൂടിയാകുമ്പോള്‍ ഭരണം എന്നത് ഒരു പൊറാട്ട് നാടകമാകുന്നു.

ഇവിടെയാണ് യു.ഡി.എഫ്. കാര്‍ സത്യസന്ധരായി കാണപ്പെടുന്നത്.അവര് ഒരിക്കലൌം ഭരണത്തോടൊപ്പം സമരം നടത്തില്ല.കേന്ദ്രത്തിലും സംസ്ഥാനത്തിലും അവര്‍ക്ക് ഒരേ നിലപാടുകളാണ്. പറയാനുള്ളത്ത് അവര്‍ വളച്ചുകെട്ടില്ലാതെ പറയുന്നു. ലോകബാങ്ക് വായ്പ ആയലും എ.ദി.ബി ആയലും സ്വക്ര്യവല്‍ക്കരണമായും എല്ലത്തിലും അവര്‍ സത്യസന്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നു. മറ്റവരാകട്ടെ എല്ലാം ഞങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രം മതി എന്ന് വാശിപിടിക്കുനു

വഴി പോക്കന്‍.. said...

സുകുമാരേട്ടാ ഞാന്‍ ഒരു മുന്നണിയിലും ചേര്‍ന്നില്ല, ചേരാനൊട്ടു താല്പര്യവുമില്ല, രാഷ്ട്രിയക്കാരുടെ പൊറാട്ടു നാടകങ്ങളില്‍ താല്പര്യവുമില്ല, പക്ഷെ ചിലപ്പോള്‍ ഇവിടെ കാണുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ പ്രതികരിച്ഛു പോകും, കഴിഞ്ഞ കുറെ കാലങ്ങളായി താങ്കളുള്‍പ്പെടുന്ന ഒരു കൂട്ടം ആള്‍ക്കാര്‍ ഈ സര്‍ക്കാരിന്റെ ഏതു പ്രവര്‍ത്തിയെയും അടിമുടി വിമര്‍ശിക്കുക എന്നുള്ള ഒരു ദൌത്യവുമായി നില്‍ക്കുകയാണല്ലൊ. യു ഡി എഫിന്റെ നാവായ താങ്കള്‍ക് താങ്കളുടെ രാഷ്ട്രിയ വിശ്വാസമുണ്ടായിരിക്കും, പക്ഷെ പറയുമ്പോള്‍ സത്യസന്ധമായി കാര്യങ്ങള്‍ പറയണമല്ലൊ. ഘടകകക്ഷികള്‍ മാത്രമാണൊ ഇവിറ്റെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതോ ഇടതുമുന്നണിയില്‍ ഇപ്പോള്‍ കാണുന്നത് ആദ്യമായി ഒരു മുന്നണിയില്‍ ഉണ്ടാകുന്ന കാര്യമാണൊ? കഴിഞ്ഞ യു ഡി ഏഫ് ഭരണകാലത്തു എല്ലാം ഭംഗിയായി ആണൊ നടന്നിരുന്നത്. പെണവാണിഭവും അഴിമതിയും തൊഴുത്തില്‍കുത്തുമൊന്നുമില്ലാത്ത ഒരു ഭരണമായിരുന്നു കഴിഞ്ഞ തവണ നടന്നിരുന്നതു. അതുകോണ്ടാണല്ലൊ 140ല്‍ 99 സീറ്റും കൊടുത്ത് ജനം ഇടതുപക്ഷത്തെ അധികാരത്തില്‍ എത്തിച്ചത്. ഒരു ഭരണവും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാറില്ല എന്ന കാര്യം മറന്നിട്ടാണൊ ഇങ്ങനെയൊക്കെ പറയുന്നത്.
എന്താ‍യാലും ഈ ജീര്‍ണ്ണിച്ച രാഷ്ടീയ ചര്‍ച്ചയില്‍ എനിക്കു താല്പര്യമില്ല.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പല ബ്ലോഗുകളിലും കിരണ്‍ കമന്റ് എഴുതുമ്പോള്‍ പരമാവധി നിഷ്പക്ഷത പാലിക്കാറുണ്ട് എന്നത് ശ്രദ്ധേയമാണ് . ഇവിടെയും കിരണിന്റെ അഭിപ്രായം നിഷ്പക്ഷവും വസ്തുതകള്‍ക്ക് നിരക്കുന്നതുമാണെന്നതില്‍ സന്തോഷം തോന്നുന്നു . പക്ഷെ വഴിപോക്കന്‍ "എന്താ‍യാലും ഈ ജീര്‍ണ്ണിച്ച രാഷ്ടീയ ചര്‍ച്ചയില്‍ എനിക്കു താല്പര്യമില്ല" എന്ന് പറഞ്ഞ് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് ദൌര്‍ഭാഗ്യകരമാണ് . എന്ത് കൊണ്ട് രാഷ്ട്രീയം ജീര്‍ണ്ണിക്കുന്നു എന്ന് നമ്മള്‍ പരിശോധിക്കേണ്ടേ ? വഴിപോക്കനെ പോലെയുള്ള ചിന്തിക്കാന്‍ കഴിവുള്ളവര്‍ മാറി നിന്നാല്‍ രാഷ്ട്രീയം കൂടുതല്‍ ജീര്‍ണ്ണിക്കുകയല്ലേ ചെയ്യുക . നമ്മള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രാഷ്ട്രീയം നമ്മുടെ ദൈനംദിനജീവിതത്തെ പോലും ബാധിക്കുന്നു . രാഷ്ട്രീയവുമായി നമ്മുടെ ജീവിതം അഭേദ്യമാംവണ്ണം കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം . ഞാന്‍ ഉദ്ധേശിക്കുന്നത് കക്ഷിരാഷ്ട്രീയമല്ല . രാഷ്ട്രീയമെന്നാല്‍ കക്ഷിരാഷ്ട്രീയമാണെന്ന് എല്ലാവരും ധരിച്ചു പോയ പോലെ തോന്നുന്നു. നാം ഉണ്ടില്ലെങ്കിലും ഉറങ്ങിയില്ലെങ്കിലും ഓരോ ദിവസവും നമ്മള്‍ സര്‍ക്കാറിന് നികുതി കൊടുത്തു കൊണ്ടേയിരിക്കുന്നു . അങ്ങിനെ നികുതി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ചില സേവനങ്ങള്‍ നമുക്ക് പൌരന്മാര്‍ക്ക് ചെയ്യേണ്ടതുണ്ട് . നമ്മളാണ് സര്‍ക്കാറിനെ അവിടെ പ്രതിഷ്ടിച്ചിട്ടുള്ളത് . സര്‍ക്കാറിനെ വഴി നടത്തേണ്ടത് നമ്മള്‍ പൌരന്മാരാണ് . ചുരുക്കത്തില്‍ നമ്മളും കൂടിച്ചേര്‍ന്നതാണ് സര്‍ക്കാര്‍ . നമ്മള്‍ സര്‍ക്കാറിന് പുറത്തല്ല . സര്‍ക്കാര്‍ എന്നാല്‍ പാര്‍ട്ടിയല്ല , സര്‍ക്കാര്‍ ഒരിക്കലും മാറുന്നില്ല അത് ഒരു തുടര്‍ച്ചയാണ് . സര്‍ക്കാര്‍ നമ്മള്‍ നല്‍കുന്ന നികുതിപ്പണം കൊണ്ട് നാം നിശ്ചയിക്കുന്ന ചുമതലകള്‍ നിറവേറ്റുകയാണ് വേണ്ടത് . ഇതൊക്കെയാണ് രാഷ്ട്രീയം . അല്ലാതെ ഒരു പാര്‍ട്ടിയില്‍ വിശ്വസിച്ച് ആ പാര്‍ട്ടിയുടെ നേതാവിന് അധികാരം ഏല്‍പ്പിച്ചു കൊടുത്ത് ആത്മനിര്‍വൃതിയടഞ്ഞ് അനങ്ങാതിരിക്കലല്ല . രാഷ്ട്രീയം ജീര്‍ണ്ണിക്കാനുള്ള അടിസ്ഥാന കാരണം ഇതാണ്. ജനങ്ങള്‍ തങ്ങള്‍ വിശ്വസിക്കുന്ന നേതാക്കളെ വാഴിക്കാന്‍ മാത്രം രാഷ്ട്രീയം കൈകാര്യം ചെയ്യുന്നു . നേതാക്കള്‍ എന്ത് കൊണ്ട് ഉണ്ടാകുന്നു , എങ്ങിനെ ഉണ്ടാകുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട് . ബുദ്ധിശക്തി ഉപയോഗിക്കുന്നവരും , സ്വതന്ത്രമായി ചിന്തിക്കുന്നവരും കക്ഷിരാഷ്ട്രീയത്തിനതീതമായി രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ രാഷ്ട്രീയം ജീര്‍ണ്ണതയില്‍ നിന്ന് മുക്തമാകും . നമ്മള്‍ കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് മാറി സ്വതന്ത്രമായി ചിന്തിക്കാനും , പൌരബോധത്തോടെ നാടിന്റെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാനും തുടങ്ങിയാല്‍ നാടിന് നല്ല ഭാവിയുണ്ടാകും . നാട്ടില്‍ ധാരാളം സാമൂഹ്യപ്രവര്‍ത്തകന്മാര്‍ പല മേഖലകളില്‍ ഇന്ന് ആവശ്യമുണ്ട് . അങ്ങിനെ വരുമ്പോള്‍ നിലവിലുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വയം തിരുത്താനും നന്നാകാനും തയ്യാറാകും . നേതാക്കളെക്കുറിച്ചുള്ള നമ്മുടെ ഫ്യൂഡല്‍ സങ്കല്‍പ്പം മാറേണ്ടതുണ്ട് . പണ്ടത്തെ ജന്മിമാരെപ്പോലെയാണ് ഇന്ന് നേതാക്കള്‍ സ്വയം കരുതുന്നതും അണികള്‍ അവരെ കാണുന്നതും . കണ്ണൂരില്‍ ചിലയിടങ്ങളില്‍ നേതാക്കന്മാരെ സര്‍ എന്നാണത്രെ പാര്‍ട്ടിപ്രവര്‍ത്തകര്‍ വിളിക്കുന്നത് .

ഇങ്ങിനെ ഇവിടെ വന്ന് ഇത്രയും നീണ്ട കമന്റ് എഴുതിയതിന് മിസ്റ്റര്‍ ബി.ആര്‍ .പി. എന്നോട് ക്ഷമിക്കുമാറാകട്ടെ !