Tuesday, December 11, 2007

ഗാന്ധിജിയും മനുഷ്യാവകാശങ്ങളും


ഡിസംബര്‍ 10 മനുഷ്യാവകാശ ദിനമാണ്. ഗാന്ധി സ്മാരക നിധിയും ഗാന്ധി പീസ് ഫൌണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മനുഷ്യാവകാശ ദിന ചടങ്ങില്‍ സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായി.

ഗാന്ധിജിയുടെ സമരങ്ങളൊക്കെയും മനുഷ്യാവകാശ സമരങ്ങള്‍ ആയിരുന്നു. അടിസ്ഥാനപരമായി പൌരാവകാശങ്ങള്‍, രാഷ്ട്രീയാവകാശങ്ങള്‍ എന്ന രണ്ടു വിഭാഗങ്ങളില്‍ പെടുന്നവ.

ആഫ്രിക്കയില്‍വെച്ചു തീവണ്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടപ്പോള്‍ ഗാന്ധിജി പറഞ്ഞത് ഞാന്‍ ഒരു ബാരിസ്ടരാണ്, എന്‍റെ കയ്യില്‍ ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റ് ഉണ്ട് എന്നാണ്. ഒരു ഇന്ത്യാക്കാരനായത് കൊണ്ടാണ് തന്നോടു വിവേചനം കാട്ടിയതെന്നു തിരിച്ചറിഞ്ഞപ്പോള്‍ അദ്ദേഹം ഇന്ത്യാക്കാരെ സംഘടിപ്പിച്ചു അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതി.

അപ്പോഴും അദ്ദേഹം കറുത്ത വര്‍ഗ്ഗക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടില്ല. എന്നാല്‍ പില്‍ക്കാലത്ത് നെല്‍സണ്‍ മണ്ടെലയും അമേരിക്കയില്‍ മാര്‍ട്ടിന്‍ ലുതെര്‍ കിങ്ങും ഗാന്ധിയെ കറുത്ത വര്‍ഗ്ഗക്കാരുടെ സ്വാതന്ത്ര്യ സമരത്തിന്‌ പ്രചോദനം നല്കിയ വ്യക്തിയായി കണ്ടു.

ഗാന്ധി ജീവിച്ചിരുന്ന കാലത്ത് മനുഷ്യാവകാശങ്ങള്‍ എന്ന പദം പ്രയോഗത്തില്‍ ഉണ്ടായിരുന്നില്ല. അദ്ദേഹം 1948 ജനുവരിയില്‍ കൊല്ലപ്പെട്ടു. അക്കൊല്ലം ഡിസംബര്‍ മാസത്തിലാണ് യു. എന്‍. സാര്‍വ ലൌകിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിചത്. പക്ഷെ ഇന്നു ലോകമൊട്ടുക്ക് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഗാന്ധിജിയെ മാര്‍ഗ്ഗ ദര്ശിയായി കാണുന്നു. ഗാന്ധിജിയുടെ മരണാനന്തര വളര്‍ച്ചയ്ക്ക് തെളിവാണിത്.

1 comment:

ഭൂമിപുത്രി said...

ഈയടുത്തകാലത്തു ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ നമ്മുടെനാട്ടിലെ ഇളംതലമുറയിലേക്കെത്തിക്കാന്‍ ‘ലഗെരഹോ മുന്നാഭായ്’എന്ന സിനിമക്ക് കുറച്ചൊക്കെയായി എന്നതു കൌതുകം തോന്നിച്ച ഒരു കാര്യമാണ്‍.
പ്രൈമറിതലത്തിലെ സിലബസ്സില്‍ എന്തുകൊണ്ട്
കുഞ്ഞുങ്ങള്‍ക്കു ഗാന്ധിയന്‍ തത്വങ്ങള്‍ പരിചയപ്പെടുത്തിക്കൂട്?