Sunday, December 16, 2007

റീയാലിറ്റി ഷോയെക്കുറിച്ച് ചര്‍ച്ച

റീയാലിറ്റി ഷോയെക്കുറിച്ച് ഇന്നലെ കേരളവാച്ച് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഒരു ചര്‍ച്ച നടന്നു.

മോഡറേറ്റര്‍ എന്ന നിലയില്‍ ഞാന്‍ ആദ്യമേ ഒരു സംശയം ഉന്നയിച്ചു. നാം നിത്യവും രാത്രി ചാനലുകളില്‍ കാണുന്നതാണോ കേരള യാഥാര്‍ത്ഥ്യം? ടെലിവിഷന്‍ ഒരു പുതിയ മാധ്യമമാണ്. പുതിയ സാങ്കേതിക വിദ്യകള്‍ ഇന്നു ലഭ്യമാണ്. പുതിയ തലമുറ ഇതൊക്കെ ഉപയോഗിക്കും. പഴയ തലമുറക്ക് അത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നു വരും. പുതിയ തലമുറയ്ക്ക് പുതിയ രീതികള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. റീയാലിറ്റി ഷോകള്‍ പുതിയ തലമുറയ്ക്ക്‌ അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്കുന്നെന്ന വസ്തുത അംഗീകരിക്കണം. അതേസമയം പുതിയത് സ്വീകരിക്കുമ്പോള്‍ അത് നമ്മെ എങ്ങോട്ടാണ് നയിക്കുന്നതെന്ന് ചിന്തിക്കണം.

പത്രപ്രവര്‍ത്തകയായ ആര്‍. പാര്‍വതീദേവി വിഷയം അവതരിപ്പിച്ചുകൊണ്ടു പറഞ്ഞു: വാര്‍ത്ത പോലും ഉല്പന്നമാകുന്ന കാലമാണിത്. വിനോദ ചാനലുകളുടെ റീയാലിറ്റി ഷോകള്‍ പണം ഉണ്ടാക്കാനുള്ള പരിപാടികള്‍ മാത്രമാണ്. എഡിറ്റ് ചെയ്തു കാണിക്കുന്ന പരിപാടി എങ്ങനെ റീയാലിറ്റി ആകും? പരിപാടി റെക്കോഡ് ചെയ്ത ശേഷവും എസ്.എം.എസ്. അയക്കാന്‍ ആളുകളോട് ആവശ്യപ്പെടുന്നതില്‍ കബളിപ്പിക്കല്‍ ഉണ്ട്. സീരിയലുകളുടെ അതിപ്രസരം ഉണ്ടായപ്പോള്‍ ആളുകള്‍ക്ക് താത്പര്യം കുറഞ്ഞതുപോലെ റീയാലിറ്റി ഷോകളുടെ അതിപ്രസരംമൂലം അതിലുള്ള താല്പര്യവും പെട്ടെന്ന് കുറയുമെന്നും കാലക്രമത്തില്‍ കൂടുതല്‍ കലാമൂല്യമുള്ള പരിപാടികളുണ്ടാകുമെന്ന് പ്രത്യാശിക്കാമെന്നും പാര് വതീദേവി പറഞ്ഞു.

തോറ്റ മത്സരാര്തികള്‍ കരഞ്ഞുകൊണ്ടു പോകുന്ന രംഗങ്ങള്‍ അരോചകമാണെന്നു ടി. എന്‍. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഒരു മാധ്യമത്തിലും സമൂഹത്തിലെ യാഥാര്‍ത്യങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്നു അമൃത ടിവി ചീഫ് പ്രൊട്യുസര്‍ അജിത്‌ എം. ഗോപിനാഥ് പറഞ്ഞു. സീരിയല്‍ ഫിക്ഷന്‍ ആണ്. അതിലെ കഥാപാത്രത്തിന്റെ ഭാവി നിര്‍ണയിക്കാന്‍ പ്രേക്ഷകന് കഴിയില്ല. അത് മറ്റാരോ നിശ്ചയിച്ചിരിക്കുന്നു. ഇവിടെ ഓരോരുത്തരുടെയും ഭാവി പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം. അത് അതിനെ റീയാലിറ്റി ആക്കുന്നു. ഷോയില്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും തമ്മില്‍ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നു. അത് റീയാലിറ്റി ആകുന്നു. തോറ്റവര്‍ കരഞ്ഞുകൊണ്ടു പോകുന്നതും റീയാലിറ്റി ആണ്. ചിലപ്പോള്‍ നല്ല കലാകാരന്മാരും പുറത്താകുന്നു. അതും റീയാലിറ്റി തന്നെ. അമൃത പരിപാടി ഓരോ ആഴ്ചയിലും റെക്കോഡ് ചെയ്യുകയാണെന്നും റെക്കോഡ് ചെയ്യുന്നതിന്റെ മുന്‍പിലത്തെ ദിവസം വരെയുള്ള എസ്. എം. എസ്. എടുക്കാറുണ്ടെന്നും അജിത്‌ പറഞ്ഞു. വനിതാരത്നം പരിപാടിയുടെ ഫൈനല്‍ ലൈവ് ആയിരുന്നു. അതില്‍ തല്‍സമയ എസ്. എം. എസ്. സ്വീകരിച്ചിരുന്നു.

എഷ്യാനെറ്റ് വൈസ് പ്രസിഡന്റ് ആര്‍. ശ്രീകണ്ഠന്‍ നായര്‍ ചര്‍ച്ചയ്ക്ക് വരാമെന്ന് പറഞ്ഞിരുന്നെന്കിലും വന്നില്ല.

ചര്‍ച്ചയില്‍ പന്കെടുത്ത പലരും എസ്.എം.എസ്. കൊണ്ടു പണം ഉണ്ടാകുന്ന മൊബൈല് കമ്പനികളും ചാനലുകളും ചേര്ന്നു പ്രേക്ഷകരെ കൊള്ള അടിക്കുകയാണെ ന്നു ചൂണ്ടിക്കാണിച്ചു.

16 comments:

ഏ.ആര്‍. നജീം said...

ചാനലുകാരേയും മൊബൈല്‍ കമ്പനികളേയും സ്‌പോണ്‍‌സര്‍ മാരേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല സര്‍, അവര്‍ ആരെയും വഞ്ചിക്കുന്നു എന്നും എനിക്കഭിപ്രായമില്ല. കാരണം അവരാരും ബലമായി നമ്മളോട് sms ചെയ്യാന്‍ ആവശ്യപ്പെടുനില്ല. sms അയക്കുന്നവരില്‍ നിന്നും നറുക്കെടുത്ത് ഫ്ലാറ്റോ വീടോ കൊടുക്കാമെന്ന് എതെങ്കിലും ചാനലോ സ്‌പോണ്‍‌സര്‍‌മാരോ പറഞ്ഞിട്ട് കൊടുക്കാതായാല്‍ അതാണ് വഞ്ചന. പിന്നെ അവാരാരും ഒരിക്കലും പറയുന്നില്ലല്ലോ. ഇതൊരു ലൈവ് പരിപാടി ആണെന്ന് ?.

ഒന്നോര്‍‌ത്താല്‍ രാത്രി വീട്ടില്‍ പ്രാര്‍ത്ഥനയും ദൈവനാമ ജപവുമായിരിക്കേണ്ട നേരത്ത് അവിഹിത ഗര്‍ഭം, കുടുമ്പബന്ധങ്ങള്‍ ഒക്കെ കാട്ടി കരയിപ്പിക്കുന്ന കണ്ണീര്‍‌സീരിയലിനെക്കാള്‍ എത്രയോ ഭേദമാണ് ഈ കളര്‍‌ഫുള്‍ റിയാലിറ്റി ഷോകള്‍. റിയാലിറ്റി ഷോ എന്നതിന് "ലൈവ്" എന്നര്‍ത്ഥമുണ്ടോ..?

പിന്നെ അവര്‍ നടത്തുന്ന തട്ടിപ്പുകള്‍ ഉണ്ട് ഇല്ലെന്നല്ല. എലിമിനേഷന്‍ ഒക്കെ റിക്കോര്‍‌ഡ് ചെയ്ത് കഴിഞ്ഞും ആ മത്സരാര്‍‌ത്ഥിക്കു വേണ്ടി sms ചോദിക്കുന്നത്. ഇത്തരം പരിപാടികള്‍ നമ്മള്‍ ചാനലിലെ മറ്റു പരിപാടി പോലെ കണ്ട് വിട്ടാല്‍ പോരെ ?. ഇത്ര പ്രാധാന്യം കൊടുക്കേണ്ടതുണ്ടോ?

ഈ പറയുന്ന എല്ലാ റിയാലിറ്റി ഷോകള്‍ മുന്‍ വര്‍ഷങ്ങളിലും നടന്നിരുന്നെങ്കിലും ഇത്രയും പ്രാധാന്യം കിട്ടിയത് ഇത്തരം ചര്‍ച്ചകളും ബ്ലോഗ്, ചില മെയില്‍ ഗ്രപ്പുകളിലൂടെയൊമൊക്കെയുള്ള ചര്‍ച്ചകളാണെന്ന് തോന്നുന്നു.

B.R.P.Bhaskar said...

ഏ.ആര്‍. നജീം പറയുന്നതില്‍ കാര്യമുണ്ട്. പക്ഷെ ഒന്നുകൂടി ഓര്‍ക്കണം. വഞ്ചിക്കപ്പെടാന്‍ തയ്യാറുള്ള ആളുകള്‍ ഉള്ളതുകൊണ്ടാണ് ഏതൊരു വഞ്ചനയും സാധ്യമാകുന്നത്. ഒരാള്‍ നിന്നുകൊടുത്തു എന്നതുകൊണ്ട് അയാളോട് കാട്ടിയത് വഞ്ചനയല്ലാതാകുന്നില്ല.
റീയാലിറ്റി ഷോയെക്കുറിച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത് 2001ല്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു എന്നാണ്. നല്ല യുവ പോപ്പ് ഗായകനെ കണ്ടെത്താനായിരുന്നു ഐ ടി വി ചാനലിന്റെ ശ്രമം. അടുത്ത കൊല്ലം അത് American Idol എന്ന പേരില്‍ യു. എസ്. എ. യില്‍ അരങ്ങേറി. അന്ന് മുതല്‍ അവിടെ ഇതൊരു വാര്‍ഷിക പരിപാടിയാണ്. കഴിഞ്ഞ കൊല്ലം നൂറു കോടി ജനങ്ങള്‍ പരിപാടി ടിവിയില്‍ കണ്ടത്രെ. ഇക്കൊല്ലത്തെ പരിപാടിക്ക് അമേരിക്കയിലെ ഏഴ് നഗരങ്ങളില്‍ നടന്ന ആഡിഷനില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്തു. ഇന്ത്യയില്‍ സോണി ചാനല്‍ 2005ല്‍ Indian Idol തുടങ്ങി. കഴിഞ്ഞ കൊല്ലം ഏഷ്യാനെറ്റ് അത് മലയാളത്തില്‍ കൊണ്ടുവന്നു. ഇപ്പോള്‍ റീയാലിറ്റി യുടെ ഒരു അതിപ്രസരം അനുഭവപ്പെടുന്നു. അതുകൊണ്ട് അത് ചര്‍ച്ചാവിഷയമാകുന്നു.

അപ്പു said...

നജീം പറഞ്ഞതുപോലെ, അവിഹിതബന്ധങ്ങളും കര്‍ച്ചിലുമായി തുടരുന്ന മെഗാപരംബരകളേക്കാള്‍ എന്തുകൊണ്ടും മെച്ചമാണ് ഈ റിയാലിറ്റി ഷോകള്‍.

വെള്ളെഴുത്ത് said...

ഇവിടെ ഓരോരുത്തരുടെയും ഭാവി പ്രേക്ഷകര്‍ക്ക്‌ തീരുമാനിക്കാം. അത് അതിനെ റീയാലിറ്റി ആക്കുന്നു. ഷോയില്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും തമ്മില്‍ ഒരു വൈകാരിക ബന്ധം ഉണ്ടാകുന്നു. അത് റീയാലിറ്റി ആകുന്നു. തോറ്റവര്‍ കരഞ്ഞുകൊണ്ടു പോകുന്നതും റീയാലിറ്റി ആണ്. ചിലപ്പോള്‍ നല്ല കലാകാരന്മാരും പുറത്താകുന്നു. അതും റീയാലിറ്റി തന്നെ.
അങ്ങനെയാണെങ്കില്‍ ഇതൊരു പുതിയ തരം റിയാലിറ്റിയാണ്. അതിനെ അഭിമുഖീകരിച്ചേപറ്റൂ..യാഥാര്‍ത്ഥ്യം എന്താണെന്ന് ഇടയ്ക്കിടയ്ക്ക് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നത് നല്ല കാര്യമല്ലേ..റിയാലിറ്റി ഷോകളെ പരമപുച്ഛത്തോടെയാണ് കണ്ടിരുന്നത്..(ഇനിയും കാണാന്‍ താത്പര്യമില്ല.. എങ്കിലും..)ഇപ്പോള്‍ ഇതിവിടെ വായിച്ചതിനുശേഷം അഭിപ്രായം മാറ്റുന്നു.

കൃഷ്‌ | krish said...

ബി.ആര്‍.പി.ഭാസ്കര്‍ജി പറഞ്ഞത് ശരിയാണ്. ഇപ്പോള്‍ റിയാലിറ്റി ഷോകളുടെ ഒരു അതിപ്രസരംതന്നെയാണ്. ചാനലുകാര്‍ മത്സരാര്‍ത്ഥികള്‍ മുഖേന വോട്ട് തെണ്ടുകയല്ലേ ചെയ്യുന്നത്. സോണി ടി.വിയും സ്റ്റാര്‍ ടി.വി.യും ചെയ്തത് പല നഗരങ്ങളിലും എസ്സെമ്മെസ്സിനുവേണ്ടി ലൈവ് കാമ്പൈന്‍/റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു. ഇതിനു പുറമെ പല സംഘടനകളും രംഗത്ത് വന്നു. സാമ്പത്തികമായി ഇതിന്‍റെ ഗുണം ചാനലുകാര്‍ക്ക് മാത്രം.
( ഇതും നോക്കൂ

അലി said...

മത്സരമോ കഴിവുള്ള ആളൊ അല്ല ഇവിടെ ലക്‍ഷ്യം.
എസ്സെമ്മെസ് ആണ് താരം. ഇവിടെ (സൌദി അറേബ്യ)നിന്നും നാട്ടിലേക്ക് ഒരു sms നു നാല്‍പ്പത്തഞ്ചു ഹലല (ഏകദേശം അഞ്ചുരൂപ)മതി. എന്നാല്‍ റിയാലിറ്റിഷോകളിലേക്ക് sms അയക്കുമ്പോള്‍ അഞ്ചു റിയാല്‍ (അമ്പതു രൂപ) ആകുന്നു. ഈ പത്തിരട്ടിയുടെ വ്യത്യാസം എന്തുകൊണ്ട്?
ഇതിന്റെ ലാഭത്തിലൊരംശം കൊണ്ടല്ലേ സമ്മാനം കൊടുക്കുന്നത്! sms ഒഴിവാക്കി ഫോണില്‍ വിളിച്ചു പറഞ്ഞാല്‍ മതിയായിരുന്നെങ്കില്‍ വിളിച്ച് നാട്ടുവിശേഷങ്ങളും പറഞ്ഞ് വോട്ടും കൊടുത്താലും ഇതിന്റെ പകുതിയേ ആകുകയുള്ളൂ!

ഭൂമിപുത്രി said...

ഈ വിവരണത്തിന്‍ നന്ദി.ചര്‍ച്ചകള്‍ നടക്കുന്നത് എന്തുകൊണ്ടും നല്ലതുതന്നെ.മലയാളഭാഷ പുറംതള്ളപ്പെടുന്ന റിയാലിറ്റി(?)യെപ്പറ്റി ആരും ഒന്നും പറഞ്ഞില്ലെ സര്‍?

anvari said...

അനേകം ബ്ലോഗുകളിലും, മേയിലുകളിലും നിറഞ്ഞുനിന്ന കണക്കുകളും മാറും മലയാളം ചാനലുകളിലെ റിയാലിടി ഷോ കളുടെ ഉള്ളുകള്ളികള്‍ വെളിച്ചത്തു കൊണ്ടു വന്നിട്ടുണ്ട്. എസ്.എം.എസ് അയയ്ക്കാന്‍ ആവശ്യപ്പെടുന്നതും അയക്കുന്നതും തെറ്റെല്ലെന്കിലും, ഉപയോഗശൂന്യമായ എസ്.എം.എസ്. അപേക്ഷകള്‍ വഞ്ചനയല്ലേ? അടുത്തിടെ അമൃത ടി.വി. തങ്ങളുടെ എസ്.എം.എസ് വരുമാനം കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നു എന്ന പരസ്യം ചെയ്യുന്നത് നല്ല കാര്യം തന്നെ. എല്ലാ ടി.വി.ചാനലുകള്‍ക്കും വെബ് സൈറ്റ് നിലവിലുണ്ട്, എന്ത് കൊണ്ടു വോട്ട് ചെയ്യാന്‍ അവിടെ അവസരം ഒരുക്കുന്നില്ല? എസ്.എം.എസ്. വരുമാനം കുറയുമെന്ന് ഭയന്നോ?

സീന said...

കരച്ചിലിന്‍റ്റെ രിയാലിറ്റി(വിശ്വാസ്യത)യും ചര്‍ച്ച ചെയ്യപ്പെടേണ്ടതായിരുന്നു.
ഒരുവനെ മനുഷ്യനാക്കുന്ന ഏറ്റവും ചുരുങ്ങിയ ചില ഘടകങ്ങളില്‍ പരമ പ്രധാനമാണ് ഇമോഷനല്‍ ബാലന്‍സ്.പല റിയാലിറ്റി ഷോകളുടെയും ഇടവേളകളില്‍ പരസ്യങ്ങള്‍ക്കൊപ്പം തന്നെ അവയോടു കിടപിടിക്കത്തക്ക രീതിയില്‍, മത്സരാര്ത്ഥി‍കള്‍ക്കു വ്യക്തിത്വ വികസന പരിശീലനം നല്‍കുന്നതായി കാണിക്കുന്നുണ്ട്.എന്നിട്ടും പുറത്താകുന്നവര്‍ കരഞ്ഞു വിളിച്ച് വെള്ളപ്പൊക്കമുണ്ടാക്കിത്തന്നെയാണു പോകുന്നത്.എന്താണിതിനര്‍ഥം?
ഇതാണോ വ്യക്തിത്വ വികസനം?
നാടകീയമായ രംഗങ്ങള്‍ സ്രിഷ്ടിച്ചു കൊണ്ടുള്ള ഔട് ആക്കല്‍ പരിപാടി,കൂടെയുള്ള ബാക് ഗ്രൌണ്ട് മ്യൂസിക്....പിന്നെ ഡേഞ്ജര്‍ - സേഫ് സോണുകള്‍.....


ഇതിനെല്ലാം പുറമെ -----യേശുദാസും എസ്.ജാനകിയും ആടിക്കൊണ്ട് പാടിയാലുള്ള സ്ഥിതി ---ചിന്ത്യം..........

സുരലോഗ് || suralog said...

'റിയാലിറ്റി ഷോ' എന്നു് ഈ പരിപാടിയെ വിളിച്ചുകൂടാ.'എസമസ്യ' എന്ന പേരാണു് യുക്തം.!

അദൃശ്യന്‍ said...

നിങ്ങളുടെ പോക്കറ്റില്‍ ഇരിക്കുന്ന പണം എങ്ങിനെ ഞങ്ങളുടെ പോക്കറ്റില്‍ എത്തിക്കാം എന്നതു തന്നെയാണ്‌ മറ്റു ബിസിനസുകാരെപ്പോലെ ചാനലുകാരുടെയും ചിന്ത. എന്നാല്‍ അതിനിടയിലും കഴിവുള്ള കുറേപ്പേര്ക്ക് അവസരം ലഭിക്കുന്നു എന്നത് ഒരു നല്ല കാര്യമല്ലേ..?

അനാഗതശ്മശ്രു said...

ഇതും നോക്കൂ

അമ്പിളി ശിവന്‍ said...

ഇത്ര വലിയ തട്ടിപ്പുനടന്നിട്ടും ഫലപ്രദമായ പ്രതികരണവും ബോധവല്‍ക്കരണവും ഒന്നും ഒരു സംഘടനയില്‍ നിന്നും ഉണ്ടായില്ല. അറിഞ്ഞുകൊണ്ടു പറ്റിക്കാന്‍ നിന്നുകൊടുക്കുന്നവര്‍ പോട്ടെ.. പാവപ്പെട്ട വീട്ടില്‍ നിന്നു വന്ന കുട്ടിയല്ലേ. ജയിച്ച് സമ്മാനം നേടിക്കോട്ടെ എന്നു കരുതി മെസേജ് അയക്കുന്ന ചിലരെങ്കിലും ഉണ്ട്.


ഒരു മിസ് കോള്‍ അടിക്കാനുള്ള കാശ് മൊബൈലില്‍ അവശേഷിപ്പിച്ചതും ഇത്തരത്തില്‍ പാഴാക്കുന്ന സാധുക്കള്‍ക്കു വേണ്ടിയെങ്കിലും ഇതിനെയൊന്നും ന്യായീകരിക്കരുത്. കഴിയുന്നത്ര ആള്‍ക്കാരോട് ഈ തട്ടിപ്പു വിശദീകരിക്കാന്‍ ഒരോരുത്തരും ശ്രമിക്കണം.

B.R.P.Bhaskar said...

ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ജോലി വാഗ്ദാനം ചെയ്തു കളിപ്പിക്കപ്പെട്ടവരുടെ ഒരു നീണ്ട നിര കേരളത്തിലുണ്ട്. നാല്‍പതില്പരം കൊല്ലം മുമ്പ് ഡല്‍ഹിയില്‍ അത്തരമൊരു കബളിപ്പിക്കല്‍ നടന്നപ്പോള്‍ ഞങ്ങള്‍ മലയാള പത്രങ്ങളുടെ അവിടത്തെ പ്രതിനിധികളുടെ സഹായത്തോടെ ആ സംഭവം കേരളക്കരയിലാകെ വിളംബരം ചെയ്തു. പക്ഷെ കബളിപ്പിക്കല്‍ പിന്നെയും തുടര്‍ന്നു. ചിലര്‍ റീയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത് വലിയ ഫ്ലാറ്റ് അല്ലെങ്കില്‍ കാര്‍ കിട്ടുമെന്ന പ്രതീക്ഷയിലാകാം. കിട്ടിയാല്‍ മല, പോയാല്‍ ഒരു നൂല് എന്ന മനോഭാവത്തോടെ സമീപിക്കുന്നവരുമുണ്ടാകാം. അങ്ങനെയുള്ളവരെ പിന്തിരിപ്പിക്കാന്‍ എളുപ്പമല്ല. അതുകൊണ്ടു ഏതാനും ചെറുപ്പക്കാര്‍ക്ക് ഉയര്‍ന്നു വരാനുള്ള അവസരം സൃഷ്ടിക്കുന്നതോടൊപ്പം ധാരാളം പേരെ ഈ പരിപാടികള്‍ കളിപ്പിച്ചുകൊണ്ടുമിരിക്കും.

പുഴ.കോം said...
This comment has been removed by the author.
പുഴ.കോം said...

ഐഡിയ സ്റ്റാര്‍ സിംഗറിന്റെ ചില അണിയറ രഹസ്യങ്ങള്‍ പുഴയിലെ ഈ ചര്‍ച്ചയില്‍ കമന്റുകളായി വരുന്നത് ശ്രദ്ധിക്കുക:
ഇതാണ്‍ ലിങ്ക്