Sunday, December 30, 2007

പീപ്പിള്‍സ്‌ മാര്‍ച്ച് പത്രാധിപര്‍ ആശുപത്രിയില്‍

ഏഴ് വര്‍ഷമായി People's March എന്ന പേരില്‍ ഒരു മാസികയും വെബ് സൈറ്റും നടത്തിയിരുന്ന പി. ഗോവിന്ദന്‍കുട്ടിയെ ഡിസംബര്‍ 16നു പൊലീസ് അറസ്റ്റ് ചെയ്തു.

ആന്ധ്ര പ്രദേശത്ത് നിന്നുള്ള മാവോയിസ്റ്റ്‌ നേതാവ് മല്ലരാജ റെഡ്ഡിയെ ആ സംസ്ഥാനത്തുനിന്നു വന്ന ഒരു പൊലീസ് സംഘം ഈയിടെ ആലുവയില്‍ നിന്നു അറസ്റ്റ് ചെയ്തിരുന്നു. അതിനെത്തുടര്‍ന്നു എറണാകുളം പൊലീസ് കമ്മിഷണര്‍ നല്കിയ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് ഗോവിന്ദന്‍ കുട്ടിയുടെ താമസസ്ഥലം പരിശോധിക്കുകയും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും മറ്റും എടുത്തുകൊണ്ട് പോവുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

രാജ്യമൊട്ടുക്കുള്ള മാവോയിസ്റ്റ്‌ പ്രസ്ഥാനങ്ങളുടെയും മറ്റു തീവ്ര ഇടതുപക്ഷ സംഘടനകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകളും ലേഖനങ്ങളും പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക പതിവായി പ്രസിദ്ധീകരിച്ചിരുന്നു. അതിന്‍റെ പ്രവര്‍ത്തനം തടയാനാണ് പൊലീസ് ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്തതെന്ന് കരുതേണ്ടിയിരിക്കുന്നു.

ആലുവ മജിസ്ട്രെട്ടു കോടതി ഗോവിന്ദന്‍ കുട്ടിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു. തുടര്‍ന്നു അദ്ദേഹം നിരാഹാരവ്രതം ആരംഭിച്ചു. ആരോഗ്യനില വഷളായതിനാല്‍ പൊലീസ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് നീക്കിയതായി പീപ്പിള്‍'സ മാര്‍ച്ച് വെബ് സൈറ്റ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.
അറുപതുകാരനായ ഗോവിന്ദന്‍ കുട്ടി ഒരു കേന്ദ്ര സ്ഥാപനത്തില്‍ എഞ്ചിനീയര്‍ ആയിരുന്നു. ഏതാനും കൊല്ലം മുമ്പ് അദ്ദേഹം ജോലി ഉപേക്ഷിച്ച് പീപ്പിള്‍സ്‌ മാര്‍ച്ച് മാസിക ആരംഭിക്കുകയായിരുന്നു.

3 comments:

അഞ്ചല്‍ക്കാരന്‍ said...

മുഖ്യധാരാ‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍ നിന്നും അകലുമ്പോള്‍ തീവ്ര സ്വഭാവമുള്ള പ്രസ്ഥാനങ്ങള്‍ക്ക് ജനങ്ങളിലേക്കിറങ്ങി വരാനുള്ള വളക്കൂറുണ്ടാകും. ഏതെങ്കിലും ആനുകാലികങ്ങള്‍ ഉപരോധിച്ചു കൊണ്ടു ആ പ്രകൃയയെ തടയാന്‍ കഴിയുമെന്ന് ഇക്കാലത്തും സര്‍ക്കാറുകളും നിയമപാലകരും കരുതുന്നത് ശുദ്ധ ഭോഷ്കാണെന്ന് ഇവരൊക്കെ ഇന്നിയെന്ന് തിരിച്ചറിയും?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പണ്ട് നായനാര്‍ ഭരണകാലത്ത് ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ നിയമപ്രകാരം ജനകീയ- കലാസാംസ്കാരിക വേദി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതും നാട്ടുഗദ്ദിക എന്ന നാടകം നിരോധിച്ചതും ഓര്‍മ്മ വരുന്നു . ബാക്കി അഞ്ചല്‍ക്കാരന്‍ പറഞ്ഞത് പോലെ തന്നെ !

B.R.P.Bhaskar said...

അഞ്ചല്‍ക്കാരന്‍, തീവ്രവാദി പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ പരാജയം സൂചിപ്പിക്കുന്നെന്ന താങ്കളുടെ നിരീക്ഷണത്തോട് പൂര്‍ണമായും യോജിക്കുന്നു.
ജാതി മത കക്ഷികളുടെ വളര്‍ച്ചയുടെ കാരണവും മറ്റൊന്നല്ല.
കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, നായനാരുടെ കാലത്ത് മറ്റൊന്ന് കൂടി നടന്നു.
അമേരിക്കയില്‍ നിന്നു കറുത്ത വര്‍ഗ്ഗക്കാരുടെ ഒരു സംഘം കലാകാരന്‍മാര്‍ ദലിത് പാന്തര്‍ സംഘടനയുടെ ക്ഷണം സ്വീകരിച്ചു തിരുവനന്തപുരത്ത് വന്നു. അവരുടെ കലാപരിപാടിക്കായി സെനറ്റ് ഹാള്‍ ബുക്ക് ചെയ്തിരുന്നു. പോലീസ് അവരെ ഹോട്ടല്‍ മുറിയില്‍ നിന്ന പുറത്തിറങ്ങാന്‍ അനുവദിച്ചില്ല.