Wednesday, November 14, 2007

നാം നിസ്സഹായരല്ല

പണ്ടെവിടെയൊ വായിച്ച വരികളാണ്: What we lack is will, not strength. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല. നെഹ്രു ആരുടെയോ ഓട്ടോഗ്രാഫ്‌ ബുക്കില്‍ എഴുതിയ വാക്കുകളാണെന്നാണ് ഓര്‍മ്മ. രാജ്യത്തിന്‍റെ സ്വാതന്ത്ര്യപു‌ര്‍വകാല സ്ഥിതി മനസ്സില്‍ വെച്ചുകൊണ്ട് എഴുതിയതാവണം. സ്വാതന്ത്യത്തിനു ശേഷവും അവ പ്രസക്തമാണെന്ന് എനിക്ക് തോന്നി. പലരുടെയും ഓട്ടോഗ്രാഫ്‌ ബുക്കുകളില്‍ ഞാനും അവ കോറിയിട്ടു. ഇപ്പോള്‍ ഇവിടെ അവ വീണ്ടും കുറിക്കുന്നത് നന്ദിഗ്രാം സംഭവങ്ങളോട് പ്രതികരിച്ച ചില സുഹൃത്തുക്കള്‍ TINA (there is no alternative) മനോഭാവം പ്രകടിപ്പിച്ചുകാണുന്നതുകൊണ്ടാണ്. വ്യക്തികളെന്ന നിലയില്‍ നാമോരോരുത്തരും നിസ്സഹായരാകാം. എന്നാല്‍ സമൂഹമെന്ന നിലയില്‍ നാം നിസ്സഹായരല്ല. നമുക്ക് ഇല്ലാത്തത് ഇച്ഛാശക്തിയാണ്, ശക്തിയല്ല.

4 comments:

അനംഗാരി said...

മഹാ‍ത്മ ഗാന്ധി ദണ്ഡിയാത്രക്കൊടുവില്‍ ഉപ്പ് പരലുകള്‍ വാരിപിടിച്ച് പറഞ്ഞു:ഇത് വെറും ഒരു പിടി ഉപ്പ് പരലുകളല്ല;ഇന്‍ഡ്യയുടെ ആത്മാഭിമാനമാണ്”.
ഇന്നത്തെ രാഷ്ട്രീയക്കാരന് അവനവന്റെ നിലനില്‍പ്പാണ് പ്രശ്നം.അവന് ഇച്ഛാശക്തിയില്ല.പ്രതികരണശേഷിയില്ല.സാധാരണ ജനവും താങ്കള്‍ പറഞ്ഞപോലെ ടിനയുടെ അടിമകളാണ്.

ഓ:ടോ:

ഈ ഇച്ഛാശക്തിയുള്ള ഒരു മനുഷ്യന്‍ ജീവിച്ചിരുന്നു.സര്‍ദാര്‍ വല്ലഭായി പട്ടേല്‍.നെഹ്‌റു അദ്ദേഹത്തോട് എന്താണ് ചെയ്തത്?സാക്ഷാല്‍ മഹാത്മാ ഗാന്ധി അദ്ദേഹത്തോട് എന്താണ് ചെയ്തത്?
പറയൂ ഭാസ്കരന്‍ മാഷെ.
സര്‍ദാര്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു കഥ?

ഭൂമിപുത്രി said...

ഞാനും കൂടിയുള്‍പ്പെടുന്ന നിശ്ശബ്ദഭൂരിപക്ഷം നിശ്ശബ്ദമായി ഇരിക്കുന്നീടത്തോളം കാലം ഇങ്ങിനെയൊക്കെയേ പ്രതീക്ഷിക്കേണ്ടു.
മുന്‍പ് അയോദ്ധ്യാപ്രശ്നത്തിന്റെ കാലത്തു ഈ silent majorityയെ ഒരുമിപ്പിക്കാനാ‍യി Indian Express ഒരു ഫോറം ഒക്കെ ഉണ്ടാക്കിയിരുന്നു.പിന്നെ എന്തുപറ്റിയെന്നറീയില്ല

B.R.P.Bhaskar said...

എങ്കിലുകളും പക്ഷേകളും ഉയര്‍ത്തി നടക്കാതെപോയതൊക്കെ നടക്കുമായിരുന്നെന്നു വേണമെങ്കില്‍ നമുക്കു സമാധാനിക്കാം. ആരാധകര്‍ സര്‍ദാര്‍ പട്ടേല്‍ ഇന്ത്യയുടെ ബിസ്മാര്‍ക്ക് ആണെന്നാണ്‌ പറയുന്നത്. ബിസ്മാര്‍ക്ക് 1862 മുതല്‍ 1890 വരെ അധികാരത്തിലിരുന്നു ആധുനിക ജര്‍മ്മനി ഉണ്ടാക്കി. അവിടെ 1933ല്‍ ഹിറ്റ്ലര്‍ അധികാരത്തില്‍ വന്നു. അപ്പോള്‍ ഒരു പട്ടേല്‍ വിരോധിക്ക് സര്‍ദാര്‍ പ്രധാന മന്ത്രി ആയിരുന്നെങ്കില്‍ ഇവിടെയും നാല്പത് കൊല്ലത്തില്‍ ഒരു ഹിറ്റ്ലര്‍ ഉണ്ടായേനെ എന്ന് വേണമെങ്കില്‍ വാദിക്കാം. അതൊക്കെ ഊഹാപോഹങ്ങള്‍ മാത്രം. കഴിഞ്ഞ കാലത്തെ എങ്ങനെ മാറ്റിയെടുക്കാം എന്നാലോചിച്ച് സമയം കളയാതെ നമുക്ക് പുതിയ കാലത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നാലോചിക്കുന്നതല്ലേ നല്ലത്?

ദീപു said...

ഇതിനെ കുറിച്ചൊരു ചര്‍ച്ച നമ്മള്‍ കൂട്ടുകാര്‍ക്കിടയില്‍ ഉണ്ടായിരുന്നു.ജനാധിപത്യത്തെ ഉദ്ധരിക്കേണ്ട ചുമതല രാഷ്ട്രിയകാര്ക്ക് മാത്രമാണ് എന്ന് ഒട്ടുമിക്ക മലയാളികള്‍ വിചാരിച്ചു വച്ചിരിക്കുന്നു എന്ന് തോന്നുന്നു.
ഈ ദുഷിച്ച വ്യവസ്ഥിതി മാറ്റാന്‍ ഒരു പൌരന് ഒന്നും തന്നെ ചെയ്യാന്‍ കഴിയില്ലേ ?
ഇക്കാര്യത്തില്‍ അറിവുള്ളവര്‍ പറഞ്ഞു തരിക.