Tuesday, November 6, 2007

ജ്വലിച്ചു നില്കുന്ന ആണ്‍ താരങ്ങളും അസ്തമിക്കുന്ന പെണ്‍ താരങ്ങളും

പണ്ടത്തേക്കാള്‍ വേഗത്തില്‍ ലോകത്ത് മാറ്റങ്ങള്‍ നടക്കുന്നതായി ആല്‍വിന്‍ ടോഫ്ലര്‍ Future Shock എന്ന പുസ്തകതിലെഴുതിയത് 1970 ലാണ്. അതിനുശേഷം ഒരുപക്ഷെ മാറ്റം കു‌ടുതല്‍ വേഗത്തിലായി. മുമ്പ് കലാകാരന്മാര്‍ വളരെക്കാലം പിടിച്ചു നിന്നപ്പോള്‍ പുതിയ കാലത്ത് താരങ്ങള്‍ വേഗം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നതായി ടോഫ്ലര്‍ ചൂണ്ടിക്കാണിച്ചു. അത് അമേരിക്കയിലെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍. ഇവിടെ അര നുറ്റാണ്ടും കാല്‍ നുറ്റാണ്ടും സ്ഥാനം നിലനിര്‍ത്താന്‍ കഴിഞ്ഞ രാഷ്ട്രീയ നേതാക്കളുണ്ട്, സിനിമാതാരങ്ങളുണ്ട്. അപ്പോള്‍ കേരളം ടോഫ്ലറുറെ തിയറിക്ക് അപവാദമാണോ? അപവാദമാണെങ്കില്‍ എന്തുകൊണ്ടാണ് നടന്മാര്‍ക്ക് മാത്രം നിലനില്‍ക്കാനാകുന്നത്? നടിമാരെല്ലാം വേഗം സ്ഥലം വിടുന്നു. എന്‍റെ മനസ്സില്‍ ഉദിച്ച ചില ചോദ്യങ്ങളാണ്. ആരുടെയെങ്കിലും പക്കല്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളുണ്ടെങ്കില്‍‍ അറിയാന്‍ താല്പര്യമുണ്ട്.

9 comments:

Roby said...

ഇത്‌ ആപേക്ഷികമായ ഒരു കാര്യമല്ലേ...
കാല്‍ നൂറ്റാണ്ടിലധികമായി സ്ഥാനം നിലനിര്‍ത്തുന്ന താരങ്ങള്‍ ഇന്നും അമേരിക്കയിലുണ്ട്‌. Robert De Niro, Al Pacino, Harison Ford പിന്നെ സംവിധായകരായ Martin scorsese, Terrence malick, Costa Gavras, Godard തുടങ്ങിയവര്‍.
Isabelle Adjani, Charlotte Rampling തുടങ്ങിയ നടിമാര്‍ 40-ഓളം വര്‍ഷങ്ങളായി തങ്ങളുടെ അനിഷേധ്യമായ സ്ഥാനം നിലനിര്‍ത്തുന്നു.
നമ്മുടെ നാട്ടില്‍ അഭിനയം പെണ്‍കുട്ടികള്‍ക്ക്‌ ഒരു പ്രൊഫഷന്‍ അല്ല...അതുകൊണ്ടു തന്നെ നടിമാര്‍ പ്രൊഫഷണലുകളല്ല. സൗന്ദര്യമാണ്‌ കഴിവിനെക്കാളും വലിയ criteria.(കാരണം അവരുടെ റോള്‍ ഒരു ഉപകരണ സമാനമാണ്‌...കാണികള്‍ക്കും നടിമാര്‍ commodity മാത്രമാണ്‌) അതുകൊണ്ട്‌ ആവുന്ന കാലത്ത്‌ നാലു കാശുണ്ടാക്കി അമേരിക്കയിലെ ഡോക്ടറെയോ അല്ലെങ്കില്‍ നാട്ടിലെ സിനിമാനടനേയോ കെട്ടി വീട്ടിലൊതുങ്ങാനാണ്‌ എല്ലാ നടിമാരും ശ്രമിക്കുക.
സൗന്ദര്യം ബാധ്യതയല്ലാത്ത അമ്മനടിമാരും പ്രൊഫഷണല്‍ നടിയായ ശോഭനയും പാട്ടുകാരി ചിത്രയും പതിറ്റാണ്ടുകളായി രംഗത്തില്ലേ..
പ്രശ്നം നടിമാരുടേതു മാത്രമല്ല...സമൂഹത്തിന്റേതു കൂടിയാണ്‌.

namath said...

കുറെയൊക്കെ ശരീരപ്രകൃതിയുടെയും പ്രശ്നമാണിത്. ഹാഫ് സെഞ്ചുറി അടിച്ച സിനിമാതാരങ്ങള്‍ കുമാരന്മാരായി തുടരുന്നു. വീഞ്ഞു പോലെ വര്‍ഷങ്ങള്‍ കൊണ്ട് അവര്‍ക്കു പതം വരുന്നു. അതില്‍ അവരുടെ അദ്ധ്വാനവും പ്ലാനിങ്ങും അനുഭവവും ഇടകലര്‍ന്നിരിക്കുന്നു. സ്ത്രീകളുടെ വെള്ളിത്തിരയിലെ സാന്നിദ്ധ്യം ബെഡബിലിറ്റിയും ലൈംഗിക ആകര്‍ഷണവും ആവശ്യപ്പെടുന്നു. ഒരു വര്‍ഷം അല്ലെങ്കില്‍ രണ്ട്, അതുമല്ലെങ്കില്‍ വിവാഹം കഴിയുമ്പോള്‍ അവരുടെ മൂല്യമിടിയുന്നു. അപവാദങ്ങളുണ്ട്. ഹിന്ദി സിനിമാ താരം രേഖ. മലയാളത്തില്‍ ലിസി.

രാഷ്ട്രീയത്തില്‍ പെരുന്തച്ചന്‍ കോംപ്ലക്സ് എന്നു വിശേഷിപ്പിക്കാവുന്ന പൊതുപ്രവണത രണ്ടാം നിരയെ അല്ലെങ്കില്‍ മൂന്നാം നിരയെ വളരാനനുവദിക്കുന്നില്ല. അല്ലെങ്കില്‍ സബ്സ്റ്റന്‍സ് കുറവായ വിധേയരെ മാത്രം വളര്‍ത്തുന്നു. അതു കൊണ്ടാണ് മലയാളിയുടെ രാഷ്ട്രീയ യൌവ്വനം ഇപ്പോഴും വി.എം സുധീരനു പുറത്തേക്കു വളരാത്തത്. ഇത് കുറെയൊക്കെ സിനിമയിലും ബാധകമാണ്.

ഭൂമിപുത്രി said...

ഞാനും ആലോചിച്ചിട്ടുള്ള വിഷയമാണിതു.
മലയാളത്തിന്റെ കാര്യം മാത്രമെടുക്കട്ടെ-
പഴയ ശാരദയും ഷീലയും ജയഭാരതിയുമൊക്കെ എത്രയോകാലം മലയാളത്തില്‍ നിറഞ്ഞുനിന്നിരുന്നു.
അന്നു അഭിനയമറിയുന്ന നടികളെ ആവശ്യമുണ്ടായിരുന്നു-അതാവശ്യപ്പെടുന്ന സ്ത്രീകഥാപാത്രങ്ങളുണ്ടയിരുന്നു.
ഒപ്പത്തിനൊപ്പം നില്‍ക്കുന്ന നായികമാരുടെ കൂടെനിന്നഭിനയിക്കാന്‍ മാത്രം ആത്മവിശ്വാസമുള്ള നായകനടന്മാരുണ്ടായിരുന്നു.
ഇന്നതൊക്കെ മാറിമറിഞ്ഞില്ലെ?
വെറും അലങ്കാരമാകുക,നായക്ന്റെ ഈഗോയെ
തൃപ്തിപ്പെടുത്തുക എന്നതില്‍ക്കവിഞ്ഞു വലീയ ധറ്മ്മമൊന്നും നിറവഹിക്കാനില്ല നായികക്കു-അതിനാവശ്യം ചെറുപ്പവും സൌന്ദര്യവും മാത്രം.
മറ്റൊന്നുകൂടിയുണ്ട്-താന്‍ ജോലിയെടുത്താലെ കുടുമ്പം
പുലരുള്ളു എന്ന് ബാദ്ധ്യത ഭാഗ്യവശാലില്ലാത്തവരാണു
പലനായികമാരും.അവര്‍ക്കെപ്പോള്‍വേണമെങ്കിലും അഭിനയം നിറ്ത്താം.
വിവാഹം കഴിഞ്ഞ നായികമാറ് രംഗംവിടുന്നതെന്തുകൊണ്ട് എന്ന ചോദ്യത്തിനുത്തരം
മറ്റൊരു ചറ്ച്ചക്കുള്ള വകയാണു.

ഭൂമിപുത്രി said...
This comment has been removed by the author.
ഭൂമിപുത്രി said...

ചില കാഴ്ച്ചപാടുകള്‍ കുറച്ചുകൂടി വിശദമായി ഇവിടെയുണ്ട്-
http://www.chintha.com/node/548

മറ്റൊന്നുകൂടി,താങ്കളുടെ ‘മലയാളത്തിന്റെ ഭാവി’എന്ന പോസ്റ്റില്‍ ഞാന്‍ ഒരു കമന്റ് ഇട്ടിരുന്നു-അതിനെക്കുറിച്ചുള്ള അഭിപ്രായം കാണാത്തതുകൊണ്ട്,ഒരു പക്ഷെ കണ്ടുകാണില്ലേയെന്നു സംശയം.

എന്റെ ഇന്നത്തെ പോസ്റ്റിങ്ങിനു പ്രചോദനമായതും അതു തന്നെ.സമയം പോലെ ഒന്നു വായിച്ചു അഭിപ്രായമറിയിച്ചെങ്കില്‍ സന്തോഷമായിരുന്നു

BHASKAR said...

പ്രതികരണങ്ങള്‍ക്ക് നന്ദി. സാമാന്യവല്‍ക്കരണങ്ങളില്‍ പ്രശ്നങ്ങളുണ്ട്. റോബിയും നമതു വാഴ്വും കാലവും ഇവിടെ നിന്നും അമേരിക്കയില്‍ നിന്നും അപവാദങ്ങള്‍
ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിവാഹം കഴിച്ച നടിമാര്‍ പിന്‍ വാങ്ങുകയാണോ പിന്‍ വലിക്കപ്പെടുകയാണോ?
ഇത് ചര്‍ച്ച ചെയ്യണമെന്ന അഭിപ്രായം സ്വീകാര്യമാണ്.

ഭൂമിപുത്രി said...

നമ്മുടേ സമൂഹം,വ്യവസ്ഥിതി ഒക്കെ സ്ത്രിയെ എങ്ങിനെ,എവിടെ കാണാ‍നാണു ഇഷ്ട്ടപ്പെടുന്നതു?
ഹോളിവുഡ് നടിമാറ്‍ക്കു പഴകിയവീഞ്ഞിന്റെ അനുഭവസമ്പന്നത സാദ്ധ്യമാകുന്നത് അടിസ്ഥാനപരമായ ഈ ഒരു വ്യത്യാസം കൊണ്ടല്ലെ?
കെ.ആറ്.വിജയ,ലക്ഷ്മി,ഷറ്മ്മിളാടാഗോറ് ഒക്കെ ഭാര്യയായിക്കഴിഞ്ഞും സിനിമയില്‍ തിളങ്ങിയിരുന്നു.
പക്ഷെ,ഇന്നു ഈ വറ്ത്തമാനകാലത്ത് അതത്രയെളുപ്പം സാദ്ധ്യമാണോ?
സ്ത്രിമുന്നേറ്റങ്ങള്‍ തൊഴില്‍മേഖലയിലും മറ്റും വലീയതോതില്‍ നടക്കുമ്മ്പോള്‍,സമൂഹമനസ്സു അതിനോട് കലഹിച്ചു നില്‍ക്കുന്നതുകൊണ്ടാണോ
ദൃശ്യമാദ്ധ്യമങ്ങളിലെ സ്ത്രികള്‍ക്കി ഗതിവരുന്നതു?

namath said...

ലക്ഷണയുക്തരായ പ്രൌഢസ്ത്രീരസികരുടെ എണ്ണം കേരളത്തില്‍ തുലോം കുറവായതുകൊണ്ട് അല്‍പ്പം തടിവെക്കുകുയും വികസിക്കുകയും ചെയ്യുമ്പോള്‍ നടിക്ക് വിപണനമൂല്യം നഷ്ടപ്പെടുകയും നടി പിന്‍വലിക്കപ്പെടുകയും ചെയ്യപ്പെടുന്നു. പുതുരക്തത്തിന്‍റെ ആധിക്യത്തില്‍ ചിലര്‍ അസ്തമിക്കുന്നു. മറ്റു ചിലര്‍ ഗ്രൂപ്പുകള്‍, ക്ലിക്കുകള്‍, അനുരഞ്ജനത്തിന്‍റെ (!!) അഭാവം ഇവ കാരണവും അപ്രത്യക്ഷമാകുന്നു. മലയാള സിനിമയില്‍ നടി എന്നത് ക്രയവിക്രയ ശേഷിയുള്ള കമ്മോഡിറ്റി (സദയം ക്ഷമിക്കുക. തത്തുല്യ മലയാളപദത്തിനു ദ്വയാര്‍ത്ഥം വരുമെങ്കിലും അതാണ് സത്യം)മാത്രമാണ്. സ്ത്രീപ്രധാനമായ സിനിമകളില്ലാത്തപ്പോള്‍ പ്രത്യേകിച്ചും. സിനിമാ ഭാഷയില്‍ രണ്ടു ഗ്ലാമര്‍ സീനുകള്‍, കഥയിലെ വിടവ് നികത്താനുള്ള ഫില്ലറുകള്‍, ഗാനം, നായകനെ അമാനുഷികനാക്കാനുള്ള ഡയലോഗുകള്‍, കുറച്ച് കണ്ണുനീര്‍ എന്നിവയാണ് സ്ത്രീകഥാപാത്രം മലയാള സിനിമയില്‍ നിര്‍വഹിക്കുന്നത്.

BHASKAR said...

ഭൂമിപുത്രിക്കു: കേരള‌ത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീസാന്നിദ്ധ്യം കൂടിയിട്ടുണ്ട്. എന്നാല്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്ഥാനം ഉയറ്ന്നിട്ടില്ല. ഇത് ആപ്പീസിലും വീട്ടിലുമായി ജീവിതം ഒതുങ്ങുന്നഥുകൊണ്ടാവണം. 1940കളില്‍ പൊതുജീവിതത്തില്‍ സ്ത്രീകള്‍ ഒരുപക്ഷെ ഇന്നത്തേക്കാള്‍ സജീവമായിരുന്നു. മ‌രുമക്കത്തായം നിലനിന്ന സമൂഹങ്ങള്‍ അതുപേക്ഷിച്ച് മക്കത്തായം സ്വീകരിച്ചതിന്തെ ഫലമായി പുരുഷാധിപത്യം ശക്തിപ്പെട്ടു. മരുമക്കത്തായകാലത്തും പുരുഷാധിപത്യമുണ്ടായിരുന്നു. പക്ഷെ കുടുംബ‌ സ്വത്തിന്മേലുള്ള അവകാശം സ്ത്രീക്കു പ്രത്യേക പദവി നല്കി. മക്കത്തായം ഇല്ലാതായതോടെ പുരുഷന്തെ അധികാരം കൂടുകയും സ്ത്രീയുടെ അവകാശം കുറയുകയും ചെയ്തു.