Thursday, November 22, 2007

തസ്ലീമാ നാസ്രീന്‍ രാജസ്ഥാനില്‍


ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമാ നാസ്രീനിനെ പശ്ചിമ ബംഗാള്‍ പൊലീസ് രാജസ്ഥാനിലേക്ക് മാറ്റി.

തസ്ലീമാ രാജസ്ഥാനില്‍ എത്തിയതായി സംസ്ഥാന പൊലീസ് മേധാവി സ്ഥിരീകരിച്ചതായി ഐബിഎന്‍-സിഎന്‍എന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ മതമൌലികവാദികള്‍ കൊലവിളി നടത്തിയതിനെ തുടര്‍ന്നു 1994 ല്‍ രാജ്യം വിട്ട തസ്ലീമാ നാസ്രീന്‍ ഏതാനും കൊല്ലം യൂറോപ്പില്‍ കഴിഞ്ഞശേഷമാണ് ഇന്ത്യയിലെത്തി കൊല്‍ക്കത്തയില്‍ താമസമാക്കിയത്.

നന്ദിഗ്രാം അതിക്രമത്തില്‍ പ്രതിഷേധിക്കാന്‍ ഇന്നലെ കൊല്‍ക്കത്തയില്‍ ഓള്‍ ഇന്ത്യ മൈനോറിറ്റി ഫോറം സംഘടിപ്പിച്ച പ്രകടനങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയുണ്ടായി. മുസ്ലിം മൌലികവാദികള്‍ ഈ അവസരം ഉപയോഗിച്ചു തസ്ലീമയെ പുറത്താക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. തുടര്‍ന്നു സി. പി. എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസ് അക്രമം ഒഴിവാക്കാന്‍ തസ്ലീമ പോകണമെന്നു അഭിപ്രായപ്പെട്ടു.

തസ്ലീമ നാസ്രീനിന്‍റെ ഔദ്യോഗിക വെബ്സൈറ്റ്: http://taslimanasrin.com/

13 comments:

ബാബുരാജ് said...

തസ്ലിമയെ വായിച്ചിട്ടുള്ളവര്‍ക്ക്‌ അറിയാം, അവരീ കേള്‍ക്കുന്നപോലെ ഒരു മഹത്തായ സാഹിത്യകാരി ഒന്നുമല്ലെന്ന്. പിന്നെ ആവിഷ്കാര സ്വാതന്ത്ര്യവും, ഇസ്ലാം വിരുദ്ധതയും, മീഡിയ ഹൈപും ഒക്കെ ചേര്‍ന്ന് ഇവിടെത്തിച്ചു. ഇതൊന്നും തിരിച്ചറിയാതെ കിടന്ന് ആവേശം കൊള്ളാന്‍ കൊറെ കഴുതകളും. ഏല്ലാ അഴുക്കുകള്‍ക്കും വന്നടിയാനുള്ള സ്ഥലമാണല്ലോ ഇന്‍ഡ്യ.

ചന്ത്രക്കാറന്‍ : chandrakkaran said...

ബാബുരാജ്, തസ്ലീമ എഴുതിയതുവായിച്ചാല്‍ (അതിനാരു വായിക്കുന്നു? ഒരു പക്ഷേ പ്രൂഫ് റീഡര്‍ വായിക്കുന്നണ്ടാവണം!) ഓക്കാനം വരുമെന്നത് ശരിതന്നെ, എന്നുവച്ച് അവര്‍ക്ക് മനുഷ്യാവകാശങ്ങളില്ലാതഅവുന്നില്ലല്ലോ?

ഇസ്ലാം വിരുദ്ധത നന്നായി ചിലവാകുന്ന ചരക്കാണ്‌, ഇന്ത്യയിലെന്നല്ല മിക്കവാറും എല്ലായിടത്തും.

എന്നിട്ടും നമുക്ക് തസ്ലീമയെ ഒരു പരിധിവരെ പിന്തുണക്കേണ്ടതുണ്ട് - ആയിരം കുറ്റവാളികളെ ശിക്ഷിക്കാനായാലും ഒരു നിരപരാധി തടവറക്കുള്ളിലാകാന്‍ പാടില്ല.

ചാരുദത്തന്‍‌ said...

ബംഗ്ലാദേശിന്റെ മതാന്ധതയ്ക്കെതിരേ പ്രതികരിച്ച ഒരെഴുത്തുകാരിയാണു്‌ തസ്ലീമ. വിഭജനത്തിനു മുമ്പ് ഭാരതിയായിരുന്നവള്‍; ജനിച്ചതു വിഭജനത്തിനുശേഷമാണെങ്കില്‍ കൂടി. അഭയം തേടി വന്നവര്‍ക്കു്‌ ഇടം കൊടുത്ത പാരമ്പര്യമാണു്‌ നമ്മുടേതു്‌. അവരുടെ എഴുത്തിന്റെ 'ഡെന്‍സിറ്റി' നാം അളക്കേണ്ട. ഇടതുപക്ഷവിപ്ലവകാരികള്‍ തസ്ലീമയെ കാത്തുസൂക്ഷിക്കണമായിരുന്നു. അവരും മതതീവ്രവാദികള്‍ക്കു കീഴടങ്ങിയത് തികച്ചും അപലപനീയം തന്നെ!

B.R.P.Bhaskar said...

ബാബുരാജിന്‍റെ കഴുത പ്രയോഗം കണ്ടപ്പോള്‍ തമ്മിലടിക്കുന്ന വക്കീലന്മാരോട് 'ഞാന്‍ ഇവിടെ ഇരിക്കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് അനോന്യം കഴുതയെന്നു വിളിക്കുന്നത്' എന്ന് ചോദിച്ച ജഡ്ജിയെ ഓര്‍ത്തുപോയി. മനുഷ്യാവകാശങ്ങള്‍ നമുക്കു ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി നാം കൊടുക്കുന്ന ഒന്നല്ല. അത് എല്ലാ മനുഷ്യര്‍ക്കും ആരും എടുത്തു കൊടുക്കാതെ തന്നെ അവകാശപ്പെട്ടതാണ്.
തസ്ലീമ സ്ഥലം വിടണമെന്ന് പറഞ്ഞ ബിമന്‍ ബോസ് ആ പ്രസ്താവന പിന്‍വലിച്ചെന്നു കാണുന്നത് സ്വാഗതാര്‍ഹമാണ് --- പൊലീസ് ആളെ പുറത്താക്കിയ ശേഷമാണ് അത് ചെയ്തതെങ്കില്‍ കൂടി.

മുരളി മേനോന്‍ (Murali Menon) said...

തെറ്റുകള്‍ ചെയ്യുകയും അത് തിരുത്തുകയും ചെയ്യുക എന്നത് കാലങ്ങളായ് നടന്നുവരുന്ന കമ്മൂണിസ്റ്റ് രീതി. ഭൂമി പരന്നതല്ല, ഉരുണ്ടതാണെന്ന് മാര്‍പ്പാപ്പ തിരുത്തിയതുപോലെ.

ട്രാക്റ്റര്‍ വന്നപ്പോള്‍ മെക്കനൈസേഷനെതിരെ മലര്‍ന്ന് കിടന്ന് പ്രതിഷേധിച്ചവര്‍, എയര്‍പ്പോര്‍ട്ട് വന്നാല്‍ പ്ലെയിന്‍ നെഞ്ചത്തുകൂടെ പറപ്പിക്കാന്‍ വെല്ലുവിളിച്ചവര്‍, കമ്പ്യൂട്ടറൈസേഷനെതിരെ തൊണ്ട കീറിയവര്‍, പ്ലസ് ടുവിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചവര്‍, അങ്ങനെ എന്തൊക്കെയുണ്ട് ഇനിയും ഇടതുപക്ഷത്തെ വാഴ്ത്തുവാന്‍ (വടക്കന്‍ വീരഗാഥ സ്റ്റൈല്‍) എന്നീട്ടും ഇടതുപക്ഷം തളര്‍ന്നില്ല, നിങ്ങള്‍ ഇനിയും പുരോഗമനം പറയൂ,ഞങ്ങളെതിര്‍ക്കാം, പക്ഷെ ഞങ്ങള്‍ ഭരിക്കുമ്പോള്‍ നിങ്ങള്‍ മിണ്ടാതിരിക്കുക, ഇല്ലെങ്കില്‍ ജനം തിരിച്ചറിയും നിങ്ങളുടെ പിന്തിരിപ്പന്‍ ചിന്താഗതികള്‍... ഹ ഉദാത്തം...

ആകെ നമ്മളൊക്കെ ആശ്വസിക്കുന്നത്, വൈകിയായാലും ഈ പാര്‍ട്ടി വിവേകം കാണിക്കുന്നുണ്ടല്ലോ എന്നത് മാത്രമാണ്. അങ്ങനെയും ആശ്വസിക്കാന്‍ പഠിച്ചിരിക്കുന്നു നാം അല്ലേ?

ഭൂമിപുത്രി said...

സാഹിത്യഗുണം വലുതായിട്ട് അവകാശപ്പെടാ‍നില്ലെങ്കിലും ‘ലജ്ജ’ചില ലോകസത്യങ്ങള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
അവരുടെ മറ്റുകൃതികളും,ബംഗ്ലാദേശിലെ അരക്ഷിത സ്ത്രിജീവിതങ്ങളെ മറയില്ലാതെ പുറത്തു കൊണ്ടുവരുന്നുണ്ടെന്നു അറീയുന്നു.
ആ അസാമാന്യധൈര്യം-അതാണു അഭിനന്ദിപ്പിക്കപ്പെടേണ്ടതു.
അഭയം തേടിവന്ന അവരെ നമ്മളൊരിക്കലും കയ്യൊഴിയരുതു.

അമ്പിളി ശിവന്‍ said...

‘ഇസ്ലാം വിരുദ്ധത നല്ല വില്‍പ്പനച്ചരക്കായിരിക്കാം. പക്ഷെ മതവാദവും ശരീയത് നിയമങ്ങളും നിലവിലിരിക്കുന്ന ഒരു സമൂഹത്തില്‍ അവയിലെ അനീതിയെക്കുറിച്ച് സംസാരിക്കാന്‍ നാലാള്‍ കൂടുന്ന ബ്ലോഗില്‍ അട്ടഹസിക്കുന്ന സ്വാതന്ത്ര്യം പോരെന്നാണ് സുഹൃത്തെ എനിക്കു തോന്നുന്നത്. അതു വില്‍പ്പനച്ചര്‍ക്കാക്കാന്‍ ആസൂത്രണം ചെയ്ത് പദ്ധതിയിട്ടാണ് അവര്‍ ‘ലജ്ജ’ എഴുതിയതെന്നും ഞാന്‍ വിശ്വസിക്കുന്നില്ല.

അതുകൊണ്ട് അവര്‍ക്ക് നഷ്ടമായത് സ്വന്തം ജീവിതം, സ്വാതന്ത്ര്യം, മൌലികാവകാശങ്ങള്‍, ഇപ്പോള്‍ ഇക്കാണുന്നതു വരെ. ‘അഴുക്കും‘ നല്ലതും വേര്‍തിരിച്ച് അറിയണമെങ്കില്‍ നല്ലതിനെക്കുറിച്ചും ഉത്തമബോദ്ധ്യം വേണം എന്നറിയുക. അവരുടെ കൃതികളുടെ മഹത്വത്തെക്കുറിച്ച് ആരും ഊറ്റം കൊള്ളുന്നില്ല. പക്ഷെ അവരുടെ പ്രതികരണശേഷിയിലും ധൈര്യത്തിലും ഞാന്‍ അഭിമാനിക്കുന്നു.

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

തസ്ലീമയെ കൊല്‍ക്കത്തയില്‍ നിന്ന് പുറത്താക്കിയത് മതമൌലികവാദികള്‍ക്ക് കീഴടങ്ങലായിപ്പോയി. അത് രണ്ട് ഭാഗത്തും വര്‍ഗ്ഗീയത വളര്‍ത്താനേ സഹായിക്കൂ . മതേതരം പറയുന്നവര്‍ ഇങ്ങിനെ ചെയ്തത് വോട്ട് ബാങ്കിനപ്പുറം മതേതരത്വം എന്താണെന്ന് അറിയാത്തത് കൊണ്ടാണ് . തസ്ലീമ സ്ഥലം വിടണമെന്ന് പറഞ്ഞ ബിമന്‍ ബോസ് ആ പ്രസ്താവന പിന്‍വലിച്ചെങ്കിലും , അങ്ങിനെ പറയാന്‍ പ്രേരിപ്പിച്ച ഘടകം വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് തിരിച്ചറിയേണ്ടതുണ്ട് . ഇത്തരം പ്രീണനം കൊണ്ടാണ് കപടമതേതരത്വം എന്ന പദം പ്രചാരത്തില്‍ വന്നത് . അവരുടെ സാഹിത്യകൃതികളുടെ നിരൂപണം ഈ സംഭവവുമായി ബന്ധപ്പെടുത്തുന്നത് അപ്രസക്തമാണ് . തസ്ലീമയെ സംരക്ഷിക്കാനുള്ള ധാര്‍മ്മികമായ ബാധ്യത ഭാരതത്തിനുണ്ട് . അവര്‍ ആവശ്യപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഭാരത പൌരത്വം നല്‍കാന്‍ ഭാരത സര്‍ക്കാര്‍ തയ്യാറാകണം .

ചന്ത്രക്കാറന്‍ : chandrakkaran said...

സാഹസികതയും ധീരതയും തമ്മില്‍ മോരും മുതിരയും തമ്മിലുള്ള ബന്ധമേയുള്ളൂ അമ്പിളിശിവന്‍.ആപാരമായ ഉള്‍ക്കാഴ്ച്ചയുള്ളവര്‍ക്കേ രാഷ്ട്രീയമായി ധീരരാകാന്‍ കഴിയൂ, സാഹസികനാകാന്‍ തെങ്ങില്‍‌ക്കയറി കൈവിട്ടാല്‍ മതി.

വില്പ്പന എന്നതിന്‌ ഒരു സാംസ്കാരികാര്‍ത്ഥം കൂടിയുണ്ടെന്നു തോന്നുന്നു. ലജ്ജ എന്ന ഒരു ചെറിയ പുസ്തകം വിറ്റു കാശുണ്ടാക്കാനാണ്‌ തസ്ലീമ ഇക്കാണുന്ന പുകിലെല്ലാമുണ്ടാക്കിയതെന്നു ഞാന്‍ പറഞ്ഞില്ല, ഇനി അധവാ പറഞ്ഞതങ്ങനെ വായിക്കാമെങ്കില്‍‌ത്തന്നെ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല.

പ്രത്യേകിച്ച് ഒരു ഐഡിയോളജിക്കല്‍ സ്റ്റാന്‍ഡുമില്ലാത്ത ഒരു ഫയര്‍‌ബ്രാന്‍ഡ് ഐറ്റം മാത്രമാണ്‌ എന്നെ സംബന്ധിച്ചിടത്തോളം തസ്ലീമ. അത്തരം ഈയാം‌പാറ്റകള്‍ എസ്.എഫ്.ഐ.യുടെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ പോലീസിന്റെ തല്ലുകൊണ്ട് നെറ്റിപൊട്ടി ("തലപൊളിഞ്ഞ്" എന്ന് സഖാക്കളുടെ ഭാഷ!) സഹപ്രവര്‍ത്തകരുടെ തോളില്‍‌ത്താങ്ങി ആശുപത്രിയില്‍ കൊണ്ടുപോകുന്ന ഫോട്ടോക്ക് മോഡല്‍ചെയ്യാന്‍ കൊള്ളാം, അല്ലാതെ അവരെടുത്തുകൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്ന വിഷയങ്ങളുടെ ഘനം താങ്ങാന്‍ ഇപ്പോള്‍ കൈയ്യിലുള്ള ചപ്പടാച്ചിയൊന്നും പോരാ. പ്രതിരോധത്തിന്റെ പ്രാധിനിത്യാധികാരം അവര്‍ക്കോ അല്ലെങ്കില്‍ അവരെപ്പോലെയുള്ളവര്‍ക്കോ നല്‍കുന്നത് അതിനെ ദുര്‍ബലപ്പെടുത്താനേ ഉതകൂ.

തസ്ലീമ ഇഫക്ടീവല്ലെന്നേ ഇപ്പോഴും പറയുന്നുള്ളൂ, അവര്‍ തെറ്റാണെന്നു‌പറയാന്‍ ഞാനാളല്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ ശ്രീ.ബി.ആര്‍.ബി. ഭാസ്കര്‍ പറഞ്ഞപോലെ ആരും ദയാപൂര്‍‌വ്വം അനുവദിച്ചുനല്‍കേണ്ടതല്ല. അവ നിഷേധിക്കപ്പെട്ട ഒരു മനുഷ്യജീവിയുടെ കൂടെനില്‍ക്കേണ്ട ബാധ്യത പരിഷ്കൃതസമൂകത്തിലെ അംഗങ്ങളെന്നനിലയില്‍ നമുക്കുണ്ട് - അത് തസ്ലീമയായാലും പോക്കറ്റടിക്കാരനെന്നാരോപിക്കപ്പെട്ട് മിക്കവാറും നഗ്നനാക്കപ്പെട്ട് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റവശനായി‌നില്‍ക്കുന്ന മുഖമില്ലാത്ത മനുഷ്യനായാലും.

അമ്പിളി ശിവന്‍ said...

തെങ്ങില്‍ കയറി കൈവിടുന്നതാണ് സാഹസികതെയെന്ന് ചന്ത്രക്കാറനോട് ആരുപറഞ്ഞു. അപാരമായി ഉള്‍ക്കാഴ്ചയുള്ളവരാണ് ആദിമകാലം മുതല്‍ ധീരരായി പരിഗണിക്കപ്പെട്ടത് എന്നതും പുതിയ അറിവ്.

അവരെന്തുപുകിലുണ്ടാക്കി സാര്‍. ആവിഷാര സ്വാതന്ത്ര്യം, സ്വാതന്ത്ര്യം എന്ന് നാഴിക്കു നാല്‍പ്പതുവട്ടം അലമുറയിടുന്ന നമ്മളൊക്കെ ഒരാളുടെ എഴുത്തിലെ ഐഡിയൊളജിക്കല്‍ സ്റ്റാന്‍ഡിനെക്കുറിച്ചൊക്കെ സംസാരിക്കുന്നത് അര്‍ത്ഥരഹിതമാണ്. ഈ so called 'ideological stand' ഇല്ലാത്തവര്‍ക്കും ജീവിക്കണ്ടെ.

സ്വന്തമായി എഴുതാനും നാലാളെ വായിപ്പിക്കാനും ബ്ലോഗ് ഉണ്ടാക്കുന്ന ആള്‍ക്കാരൊക്കെ ഈ ideological stand ഉള്ളവരാണോ. (സ്വയം ചോദിക്കാം) ഇന്നത്തെ തസ്ലീമ ആകുന്നതിനു മുന്‍പ് ഒരു സാധാരണ സ്ത്രീയായി നില്‍ക്കെയാണ് അവര്‍ ലജ്ജ എഴുതിയത്. അതും ബംഗ്ലാദേശില്‍. കൃതിയുടെ മൂല്യം കളയൂ..

അവിടെ എന്താണ് നടക്കുന്നതെന്ന് പറയാന്‍ അവര്‍ക്കു കഴിഞ്ഞില്ലേ. അതിന് 'ideological stand ന്‍റെ ആവശ്യമില്ലല്ലോ. എസ്എഫ്ഐ.യുടെ കളക്റ്ററേറ്റ് മാര്‍ച്ചില്‍ പോലീസിന്‍റെ തല്ലുകൊണ്ട് തലപൊളിയുന്നവര്‍ പുറത്തിറക്കാന്‍ കോടിയേരിയും സന്ദര്‍ശിക്കാനും ‘ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വിവരമറിയുമെന്ന്‘ ഭീഷണി മുഴക്കാന്‍ പിണറായിയും ഉണ്ടെന്ന് ഉത്തമബോദ്ധ്യത്തിലല്ലേ അതു ചെയ്യുന്നത്. അതുകൊണ്ട് ആ താരതമ്യം ശരിയല്ല.

ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്ന് എം‌എല്‍‌എമാരാണല്ലൊ ഹൈദരാബാദില്‍ അവരെ ആക്രമിച്ചത്. അവരുടെ ലജ്ജ ഈ മൂന്ന് വിവരദോഷികളും വായിച്ചിട്ടുണ്ടാവുക പോലുമില്ല. അവര്‍ കൈകാര്യം ചെയ്ത വിഷയത്റ്റിന്‍റെ ഘനം ഈ ലോകമറിഞ്ഞല്ലോ ആ ചപ്പടാച്ചിയിലൂടെ തന്നെ. അതൊരു പ്രതിരോധം തന്നെയാണ്.

അതിന് വലിയ ഐഡിയോളജിക്കല്‍ സ്റ്റാന്‍ഡ് ഒന്നും വേണമെന്നില്ല. വില്‍പ്പനക്ക് എന്താണ് സാംസ്കാരിക അര്‍ത്ഥവും രാഷ്ട്രീയവുമൊക്കെ. പടിഞ്ഞാറേക്കു നോക്കി ഊറ്റം കൊള്ളാതെ ഏഷ്യയിലെ ബംഗ്ലാദേശ് എന്ന ചെറുരാജ്യത്തിലെ ഒരു സാധാരണ സ്ത്രീയായി അവരെ കണ്ടുനൊക്കൂ..

ചന്ത്രക്കാറന്‍ : chandrakkaran said...

അമ്പിളിശിവന്‍, ഞാനെഴുതിയ പുറങ്ങളൊന്നുമല്ല താങ്കള്‍ വായിക്കുന്നത് - കുറ്റപ്പെടുത്തുകയല്ല, എന്റെ വിനിമയശേഷിയുടെ അപര്യാപ്തതകൊണ്ടായിരിക്കാം. താങ്കളെഴുതിയത് എഴുതിയത് താങ്കള്‍‌ത്തന്നെ ഒന്നുകൂടി വായിച്ചുനോക്കൂ, വിരോധമില്ലെങ്കില്‍ ഞാനെഴുതിയതും. എന്നിട്ടും എഴുതിയത് യുക്തിഭദ്രമാണെന്നു‌തോന്നുന്നുണ്ടെങ്കില്‍ പറയൂ, വിശദമായി ഞാനെഴുതാം ഓരോ വാചകത്തിലും താങ്കള്‍ നടത്തുന്ന അതിവായന.

ഒറ്റ കാര്യം പറഞ്ഞോട്ടെ - ഫണ്ടമെന്റലിസ്റ്റുകള്‍ വിവരദോഷികളാണെന്നോ ബുദ്ധിശൂന്യരാണെന്നോ തോന്നുന്നത് ശുദ്ധമായ വിവരക്കേടുകൊണ്ടാണ്‌. അതേ ലോജിക്കുവച്ച് ചെകുത്താന്‍ മണ്ടനാണെന്നും പറയാം!

nalan::നളന്‍ said...

അപ്പോള്‍ ഇപ്പോഴത്തെ ജനാധിപത്യവാദികളുടെ അഭിപ്രായപ്രകാരം ‘ചവറെഴുതുന്ന്’ അല്ലെങ്കില്‍ രണ്ടാം കിട സാഹിത്യകാരന്മാരുടെ തലയ്ക്കു വിലയിടുന്നതും, അവരെ ആക്രമിക്കുന്നതും, തുരത്തിയോടിക്കുന്നതുമൊക്കെ വളരെ മാതൃകാപരമായ പ്രവര്‍ത്തികളാണെന്നു്..

എനിക്കിഷ്ടമില്ലാത്തവരുടെ ഒരു ലിസ്റ്റ് ഉണ്ട്, ഓരോന്നിനെയായി ഇനി ധൈര്യമായി തട്ടാം :)

വിശാഖ് ശങ്കര്‍ said...

തസ്ലീമയുടെ എഴുത്തിനെ വിശകലനം ചെയ്യേണ്ട വേദിയോ സമയമോ ഇതല്ല എന്നു തോന്നുന്നു.ഇവിടെ സാഹിത്യമല്ല മനുഷ്യാവകാശങ്ങളാണ് പ്രശ്നം.അവര്‍ ഒരു മികച്ച സാഹിത്യകാരി അല്ലായിരുന്നു എന്നത് ഈ വിധം അവര്‍ വേട്ടയാടപ്പെടുന്നതിനെ സാധൂകരിക്കുമോ?
ഇസ്ലാം വിരുദ്ധത എന്നല്ല മതം മൊത്തത്തില്‍ ഇന്ന് നന്നായി ചിലവാകുന്ന ഒരു ചരക്കാണ്.എന്നുവച്ച് അതിനെ അതര്‍ഹിക്കുന്ന ഗഹനതയോടെ കൈകാര്യം ചെയ്യാനുള്ള സര്‍ഗ്ഗശേഷിയില്ലാത്തവര്‍ തങ്ങള്‍ക്കുണ്ടാവുന്ന അനുഭവങ്ങളോട് പരസ്യമായി പ്രതികരിക്കരുത് എന്ന് പറയാനാവില്ലല്ലൊ.