Thursday, November 8, 2007

ദീപാവലി ഓര്‍മ്മകള്‍

ദീപാവലി ആശംസകള്‍ അറിയിച്ച എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

ചെന്നൈ മുതല്‍ ശ്രീനഗര്‍ വരെ ഞാന്‍ പണിയെടുത്ത സ്ഥലങ്ങളിലൊക്കെ എന്‍റെ ഭാര്യ ഈ ദിവസം ദീപങ്ങള്‍ തെളിയിച്ച് ആഘോഷിച്ചിരുന്നു.

ഇത് ഒരു മത വിഭാഗത്തിന്‍റെ ആഘോഷമായി തീര്‍ന്നിട്ടുണ്ടെങ്കിലും അതിനു മതവുമായുള്ള ബന്ധം സംശയാസ്പദമാണ്. ചില ഹിന്ദുക്കള്‍ക്ക് ഇത് ശ്രീരാമന്‍ വനവാസം കഴിഞ്ഞു അയോദ്ധ്യയില്‍ തിരിച്ചെത്തിയതിന്‍റെ‍ ആഘോഷമാണ്. മറ്റു ചിലര്‍ക്ക് ശ്രീകൃഷ്ണന്‍ നരകാസുരനെ കൊന്നതിന്‍റെത്. ചിലയിടങ്ങളില്‍ വിഷ്ണു ബലിയെ നരകത്തിലയച്ച ദിവസമാണിത്. മതവുമായി ഈ ആഘോഷത്തിനുള്ള ബന്ധം ദുര്‍ബലമാണെന്നല്ലേ ഇതില്‍ നിന്നു മനസ്സിലാക്കേണ്ടത്?

മതങ്ങള്‍ രു‌പം കൊള്ളുന്നതിനു മുമ്പെ നിലവിലിരുന്ന ആഘോഷങ്ങളെ മതങ്ങള്‍ അവയുടെ ഭാഗമാക്കി. യേശു ക്രിസ്തുവിന്‍റെ കാലത്തിനു മുമ്പെ നിലനിന്ന ഉത്സവമാണ് ക്രിസ്മസ് ആയി മാറിയതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു.

ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്തോനേഷ്യയില്‍ പോയപ്പോള്‍ അവിടത്തെ രാമായണം കളി കാണാന്‍ അവസരമുണ്ടായി. കളിക്കാരെല്ലാം മുസ്ലിംകളാണ്. അവരെ സംബന്ധിച്ചിടത്തോളം രാമായണം അവരുടെ പൂര്‍വികരുടെ മതത്തിന്‍റെ ഭാഗമല്ല, അവരുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടു രാമനും ഇസ്ലാമും തമ്മില്‍ അവിടെ ശത്രുതയില്ല. ഇത്തരത്തിലുള്ള സാംസ്കാരിക വളര്‍ച്ച ഒരു കാലത്ത് നമുക്കും നേടാനാകുമെന്നു പ്രതീക്ഷിക്കാം, അല്ലേ?

ദീപാവലി എനിക്ക് അല്പം പ്രയാസം ഉണ്ടാക്കുന്ന ദിവസമാണ്. അമ്പത് കൊല്ലം മുമ്പ് ഒരു ദീപാവലി നാളില്‍ ഞാന്‍ ആപ്പീസില് നിന്നു ഹോസ്ടലില്‍ തിരിച്ചെത്തി ( അന്ന് കുടുംബ ജീവിതം ആരംഭിച്ചിരുന്നില്ല) ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ രണ്ടു സ്നേഹിതന്മാര്‍ സിനിമക്കു പോകാന്‍ വിളിച്ചു. ഞാന്‍ പോയില്ല. സിനിമ കഴിഞ്ഞു വന്നപ്പോള്‍ അവര്‍ എന്‍റെ മുറിക്കകത്തും പുറത്തും കുറെ പടക്കങ്ങള്‍ കത്തിച്ചു വെച്ചിട്ട് പോയി. പടക്കങ്ങള്‍ പൊട്ടിയപ്പോള്‍ ഉണര്‍ന്ന ഞാന്‍ രണ്ടു പേരുടേയും മുറികളില്‍ പോയി ചീത്ത വിളിച്ചു. ഒരാള്‍ അതുകേട്ട് മിണ്ടാതെ കിടന്നു. മറ്റേയാള്‍ വളരെയേറെ അടുപ്പമുള്ള ആളായിരുന്നു. അയാള്‍ ഞാന്‍ ചീത്ത പറയാന്‍ തുടങ്ങിയപ്പോഴേ ചിരിക്കാന്‍ തുടങ്ങി. പിന്നെ എനിക്ക് ചീത്തപറയാന്‍ കഴിഞ്ഞില്ല. ആദ്യത്തെയാള്‍ പിന്നെ ഒരിക്കലും എന്നോട് സംസാരിച്ചില്ല. വീണ്ടും കൂട്ടുകു‌ടാന്‍ ഞാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. അത് അസുഖകരമായ ഒരോര്‍മയായി ഇപ്പോഴും മനസ്സില്‍ കിടക്കുന്നു.

1 comment:

മുരളി മേനോന്‍ (Murali Menon) said...

“ഈ കടലും, മറുകടലും, ഭൂമിയും വാനവും കടന്ന്
ഈരേഴു പതിന്നാലു ലോകങ്ങള്‍ കാണാന്‍ ഇവിടുന്ന് പോണവരേ
അവിടെ മതങ്ങളുണ്ടോ, അവിടെ മനുഷ്യരുണ്ടോ...
ഇവിടെ മനുഷ്യര്‍ സ്നേഹിച്ചിരുന്നതായ് ഇതിഹാസങ്ങള്‍ നുണ പറഞ്ഞൂ
ഈശ്വരനെ കണ്ടു, ഇബിലീസിനെ കണ്ടു, മനുഷ്യനെ മാത്രം കണ്ടില്ല....”
എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് വയലാര്‍ എഴുതിയ വരികളാണെങ്കിലും, അന്നത്തേക്കാള്‍ ഇന്ന് പ്രസക്തമായിരിക്കുന്നു വരികള്‍.

മനുഷ്യ നന്മക്കുവേണ്ടി മഹദ് വ്യക്തികള്‍ നല്‍കിയ സംഭാവനകളായി നമുക്ക് സൃഷ്ടികളേയും, ആചാരങ്ങളേയും വ്യാഖ്യാനിക്കാം. അതൊക്കെ മതത്തോട് ഒട്ടിച്ചേര്‍ത്ത് മനുഷ്യനെ വെട്ടിമുറിച്ചവരെ നമുക്ക് മറക്കാം....
ലോകാ സമസ്താ സുഖിനോ ഭവന്തു!!!