Sunday, November 11, 2007

സി. പി. എമ്മും പാര്‍ലമെന്ടറി ജനാധിപത്യവും

മേധാ പട്ക്കറുടെ അറസ്റ്റ് സംബന്ധിച്ച എന്‍റെ കുറിപ്പിനോടുള്ള വേണാടന്‍റെ പ്രതികരണത്തില്‍ രണ്ടു സുപ്രധാന നിരീക്ഷണങ്ങളുണ്ട്. ഒന്ന്, സി. പി. എം. ജനാധിപത്യ പാര്‍ട്ടിയല്ല. രണ്ട്, പ്രതിഷേധം രേഖപ്പെടുതിയതുകൊണ്ട് പ്രയോജനമില്ല.

ഒരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന നിലയില്‍ സി. പി. എം. നമ്മുടെ ഭരണഘടന വിഭാവന ചെയ്യുന്ന പാര്‍ലമെന്ടറി സമ്പ്രദായത്തില്‍ വിശ്വാസമുള്ള പാര്‍ട്ടിയല്ല. ഇതു ബൂര്‍ഷ്വാ ജനാധിപത്യമാണെന്നും അത് ശരിയായ ജനാധിപത്യമല്ലെന്നും ആ പാര്‍ട്ടി വിശ്വസിക്കുന്നു. യഥാര്‍ത്ഥ ജനാധിപത്യം അക്രമാസക്തമായ വിപ്ലവത്തിലു‌ടെ രൂപപ്പെടുന്ന കമ്മ്യൂണിസ്റ്റ് സമൂഹത്തില്‍ മാത്രമെ ഉണ്ടാകൂ എന്നത് അതിന്‍റെ അടിസ്ഥാന പ്രമാണങ്ങളിലൊന്നാണ്.

കഴിഞ്ഞ 90 കൊല്ലക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പല രാജ്യങ്ങളിലും അധികാരത്തില്‍ വന്നിട്ടുണ്ട്. അതില്‍ ഒരിടത്തുപോലും ഈ ബൂര്‍ഷ്വാ ജനാധിപത്യത്തിനേക്കാള്‍ മെച്ചപ്പെട്ട ഒരു രാഷ്ട്രീയ സംവിധാനം ഉണ്ടായിരുന്നില്ല. എന്നാല്‍ ഉച്ചനീചത്വം കുറവുള്ള സമൂഹങ്ങള്‍ സൃഷ്ടിക്കുവാന്‍ ആ രാജ്യങ്ങള്‍ക്ക് കഴിഞ്ഞു.

പാളിച്ചകള്‍ നിറഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭവങ്ങള്‍ മുന്നിലുണ്ടായിട്ടും വിശ്വാസ പ്രമാണങ്ങളില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിവില്ലാതെ ഉഴറുന്നവയാണ് ഇന്ത്യയിലെ മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍. അമ്പത് കൊല്ലം മുമ്പ് ആദ്യമായി കേരളത്തില്‍ അധികാരത്തിലേറുംപോള്‍ ഇ. എം. എസ്. പറഞ്ഞത് ബൂര്‍ഷ്വാ വ്യവസ്ഥിതിയെ അകത്തുനിന്ന് തകര്‍ക്കുകയാണ് ലക്‌ഷ്യം എന്നാണു. ഇടതു സര്‍ക്കാരുകളുടെ ചില നടപടികളെ ഇതിന് തെളിവായി കാണാമെങ്കിലും വാസ്തവത്തില്‍ പാര്‍ലമെന്ടറി സംപ്രദായവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞ കക്ഷികളാണ് സി. പി. ഐ.യും സി. പി. എമ്മും. വിപ്ലവത്തിന്‍റെ പാതയിലേക്ക് തിരിച്ചുപോകാനുള്ള കഴിവ് അവയ്ക്കിന്നില്ല. കാരണം ഇന്നവര്‍ക്ക് നഷ്ടപ്പെടുവാന്‍ ഒരുപാടുണ്ട്.
അത് പരസ്യമായി അംഗീകരിക്കാന്‍ ആകുന്നില്ലെന്നു മാത്രം.

സി. പി. എം. പൊതുജനാഭിപ്രായത്തിനു വഴങ്ങി ചില തീരുമാനങ്ങള്‍ തിരുത്തിയത് ജനാധിപത്യ വ്യവസ്ഥ അതിനെ സ്വാധീനിക്കുന്നതിനു തെളിവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെപ്പോലെ കടുത്ത അച്ചടക്കം നിലനില്ക്കുന്ന ഒരു പാര്‍ട്ടിക്കുള്ളില്‍ ഔദ്യോഗിക നേതൃത്വത്തിന് എതിരഭിപ്രായം അടിച്ചമര്‍ത്താന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടി തെറ്റായ നടപടികള്‍ എടുക്കുമ്പോള്‍ പുറത്ത് ശക്തമായ പൊതുജനാഭിപ്രായം രൂപപ്പെടുത്തി ചെറുക്കേണ്ടതുണ്ട്.

6 comments:

അമ്പിളി ശിവന്‍ said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ മനോഭാവത്തിലെ ഏറ്റവും വലിയ പ്രശ്നം കപടമെന്ന് സമൂഹത്തിന് ഉത്തമബോദ്ധ്യമുള്ള കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞ് സത്യമാക്കാനുളള മനോഭാവമാണ്. അത് ഇങ്ങ് കേരളത്തിലെ കുട്ടിനേതാക്കന്മാരിലും അങ്ങ് ഉയരത്തില്‍ നില്‍ക്കുന്നവരിലും ഒരുപോലെയാണ്.

ഭൂമിപുത്രി said...

‘പൊതുജനാഭിപ്രായം’എന്നു പറയുമ്പോള്‍,
അമിതമായി രാഷ്ട്രിവരിക്കല്‍പ്പെട്ട കേരളസാഹചര്യത്തില്‍,പുറമേ നിന്നുള്ള എന്തഭിപ്രായവും രണ്ടേരണ്ടു നിറത്തിലല്ലേ വരു അല്ലെങ്കില്‍ കാണപ്പെടു-ഒന്നുകില്‍ കമ്മ്യൂണീസ്റ്റ് അനുഭാവം,അല്ലെങ്കില്‍ കമ്മ്യൂണീസ്റ്റ് വിരുദ്ധം!

പാറ്ട്ടിക്കുള്ളിലുള്ളവറ്ക്കു മിണ്ടാനും വയ്യ!

ഒരു corrective force എവിടെനിന്നു വരാനാണ്‍?

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ വിശ്വാസമില്ലാതിരിക്കുകയും എന്നാല്‍ പാര്‍ലമെന്ററി സമ്പ്രദായത്തിന്റെ എല്ലാ സൌകര്യങ്ങളും അനുഭവിച്ചുകൊണ്ടും അത് മറ്റുള്ളവര്‍ക്ക് നിക്ഷേധിച്ചുകൊണ്ടുമുള്ള ഒരു പ്രവര്‍ത്തനശൈലിയാണ് കേരളത്തില്‍ സി.പി.ഐ (എം)അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് . ബംഗാളില്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയും കാണാന്‍ കഴിയും . കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അവര്‍ വിഭാവനം ചെയ്യുന്ന രീതിയില്‍ ഒരു വിപ്ലവമോ സോഷ്യലിസ്റ്റ് ഭരണക്രമമോ ഇന്ത്യയില്‍ സാധ്യമല്ലെന്ന് അവര്‍ക്കും നന്നായി അറിയാം . എന്നാല്‍ ഇപ്പോഴത്തെ ഈ ഒരു സംവിധാനത്തില്‍ അവര്‍ സുരക്ഷിതരായത് കൊണ്ട് മാറിചിന്തിക്കേണ്ടി വരുന്നില്ല . അവരെ ജനാധിപത്യത്തിന്റെ മുഖ്യധാരയില്‍ കൊണ്ട് വരുന്നതിന് അവര്‍ വിമര്‍ശിക്കപ്പെടുകയും അവരുടെ ജനധിപത്യ വിരുദ്ധമായ പ്രവര്‍ത്തനശൈലികള്‍ ചോദ്യം ചെയ്യപ്പെടുകയും വേണം . ദൌര്‍ഭാഗ്യവശാല്‍ സാംസ്ക്കാരിക നായകര്‍ എന്ന പദവി കല്‍പ്പിച്ചു കിട്ടിയവര്‍ എല്ലാം സ്വന്തം സുരക്ഷിതത്വം കണക്കിലെടുത്ത് കൊണ്ട് മറ്റെല്ലാവറ്റിനെയും വിമര്‍ശിക്കുകയും സി.പി.എമ്മിന്റെ ചെയ്തികള്‍ക്കെതിരെ കണ്ണടക്കുകയും ചെയ്യുന്നതാണ് കണ്ടുവരുന്നത് . സി.പി.എമ്മിന്റെ രണ്ടുംകെട്ട ഈ നയമാണ് കേരളത്തിന്റെ യഥാര്‍ത്ഥ പ്രശ്നം . ഒന്നുകില്‍ അവര്‍ ഒരു വിപ്ലവപ്പാര്‍ട്ടിയായി പ്രവര്‍ത്തിക്കണം . അല്ലെങ്കില്‍ ഒരു ജനാധിപത്യപ്പാര്‍ട്ടിയാകണം . ശക്തമായ പൊതുജനാഭിപ്രായം സമാഹരിച്ചാലേ അവര്‍ അതിന് തയ്യാറാവൂ . അവര്‍ പറയുന്ന ചപ്പടാച്ചികള്‍ ജനം വിശ്വസിക്കുന്നുണ്ടെന്നാണ് അവര്‍ കരുതുന്നത് .

B.R.P.Bhaskar said...

അമ്പിളി ശിവന്, ഭൂമിപുത്രിക്ക്, കെ. പി. സുകുമാരന്‍ അഞ്ചരക്കണ്ടിക്ക്: സി. പി. എമ്മില്‍ നമ്മുടെ നാട്ടിലെ ഒരു വലിയ വിഭാഗം ജനങ്ങള്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുത‌ന്നെ അതിന്‍റെ പ്രവര്‍ത്തനം നന്നാകേണ്ടതുണ്ട്. പാര്‍ട്ടി നന്നായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പു വരുത്താനുള്ള ചുമതല അംഗങ്ങള്‍ക്കുണ്ട്. പുറത്തുനിന്ന് നാം പറയുന്നത് അവര്‍ ശ്രദ്ധിക്കുമെന്ന് കരുതാം.

anvari said...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, നയങ്ങളെയും തത്വങ്ങളും നടപ്പാക്കുക എന്നതിലുപരി, അതാത് കാലങ്ങളില്‍ പാര്‍ട്ടിയില്‍ ഉണ്ടാവുന്ന മാറ്‍റങ്ങള്‍, പാളിച്ചകള്‍ എന്നിവയെ ന്യായീകരിക്കുന്ന കൂട്ടം എന്നായിരുക്കുന്നു. പാര്‍ട്ടിയില്‍ നില്‍ക്കുംപോള്‍ ബുദ്ധിജീവികളെന്നും സാംസ്കാരികനായകരെന്നും നാം വിളിക്കുന്നവര്‍, പാര്‍ട്ടിയെന്തു ചെയ്താലും ന്യായീകരിക്കാനും, വിമര്‍ശകരെ നശിപ്പിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്താനും ശ്രമിക്കുന്നു. വിജയന്‍ മാഷ്, പാര്‍ട്ടിയിലായിരുന്നപ്പോള്‍, കണ്ണൂരിലെ ബി.ജെ.പി നേതാവിനെ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കൊന്നതിനെ നിസ്സാരവല്‍കരിക്കാന്‍ മറ്‍റൊരു ന്യായം കണ്ടെത്തിയല്ലോ. എന്നാല്‍ പിന്നീട് അദ്ദേഹം അതിനെപ്പറ്‍റി എന്തെങ്കിലും പറഞ്ഞോ എന്നെനിക്കറിയില്ല. വിജയന്‍ മാഷ് അന്തരിച്ചപ്പോള്‍, പാര്‍ട്ടിയും അനുഭാവികളും ശ്രമിച്ചതും അത് തന്നെയാണ്. പാര്‍ട്ടിക്ക് വേണ്ടാത്തവരെ, പ്രവര്‍ത്തകര്‍ക്ക് മുന്‍പിലെങ്കിലും ഇകഴ്ത്തണം. ഏത് കാലത്തും, ശത്രുക്കളുടെ അകത്ത് തമ്മില്‍ തല്ല് ഉണ്ടാക്കി വിജയിക്കുന്നവര്‍ സ്വയം തല്ലി നശിക്കുംപോള്‍ പഠിക്കും

Padmakumar said...

മേധയെ പറ്റിയുള്ള കുറിപ്പിന്റെ കമന്റുകളും, ഈ പുതിയ കുറിപ്പും വായിച്ചു.

സി.പി.എം എത്ര പെട്ടെന്നാണ്‌ വാരിക്കുന്തങ്ങളേന്തിയ സമരം മറന്നു പോയത്‌. സി.പി.എം ഇപ്പൊള്‍ (ജനാധിപത്യത്തിലൂടെ) പട്ടാളത്തെ നയിക്കുന്നു. അപ്പുറത്തു ജനങ്ങളും.(അവര്‍ കുറെ ജാതിക്കാരുണ്ടെന്നു പറയുന്നു, ഈഴവനും, പുലയനും, തട്ടാനും, ആശാരിയുമെല്ലാം. അവര്‍ പട്ടാളത്തിന്റെയും ഭരിക്കുന്നവരുടെയും ശത്രുക്കളുമാണത്രെ!!).

എന്തായാലും പുന്നപ്രയാണോ നന്ദിഗ്രാം, നന്ദിഗ്രാമാണോ പുന്നപ്ര എന്നൊരു വിഭ്രമം.

ഒന്നുറപ്പാണ്‌. പട്ടാളം ഭരിക്കുന്നവരുടെ സേനയും എല്ലാ വാരിക്കുന്തക്കാരേയും തട്ടി ഭരണവാഴ്ച പുനസ്ഥാപിക്കും.

സിപിയും ഇന്ദിരയും മോധിയും ബുദ്ധദേവും ജയിക്കട്ടെ.

(അദ്ദേഹത്തിന്‌ ബുദ്ധദേവന്‍ എന്ന പേര്‌ നന്നായിരിക്കുന്നു)