Wednesday, November 21, 2007

ആനുകാലികങ്ങളില്‍ നിറയുന്ന ഒരു വിവാദം

"ആദിവാസികള്‍ക്കും ദരിദ്രര്‍ക്കും പൊതുവിദ്യാഭ്യാസം നിഷേധിക്കപ്പെടുമ്പോഴും പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വിദേശത്ത് കോടികള്‍ ചെലവിട്ടു പഠിക്കുന്നു. ഈ വാര്‍ത്ത വിഴുങ്ങാന്‍ പാകത്തില്‍ നിശബ്ദമായി വിദ്യാര്‍ഥി-യുവജന സംഘടനകളെയും പാര്‍ട്ടിയെയും നേതാക്കള്‍ മാറ്റിയിരിക്കുകയാണ്. " സാറാ ജോസഫ് കോഴിക്കോട്ട് ഒരു പ്രാസംഗത്തില്‍ ഇങ്ങനെ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനോട് ടി. പത്മനാഭന്‍ ഇങ്ങനെ പ്രതികരിച്ചു: "പിണറായി വിജയനെക്കുറിച്ച് പറയുന്ന ആരോപണങ്ങള്‍ക്ക് എന്തടിസ്ഥാനമാണുള്ളത്? മകന്‍ ഇംഗ്ലണ്ടില്‍ പോയി പഠിക്കുന്നു, മകള്‍ അമൃത ഇന്‍സ്റ്റിട്യൂട്ടില്‍ പഠിക്കുന്നു എന്നൊക്കെയാണ് കുറ്റമായി പറയുന്നത്. ഇതൊക്കെ പറയുന്നവര്‍ക്ക് അതിനുള്ള യോഗ്യത എന്താണ്? എസ്. എഫ്. ഐ. ഇതിനെതിരെയാണ് സമരം ചെയ്യേണ്ടതെന്നാണ് വാദം. ഹ കഷ്ടം!"

കലാകൌമുദി ഒരു ലക്കത്തില്‍ ( 2007 നവംബര്‍ 11 ) ഇത് ചര്‍ച്ചാവിഷയമാക്കി. സക്കറിയ എഴുതി: "പഠിക്കാന്‍ മിടുക്കരാണ് നമ്മുടെ കുട്ടികള്‍. അവര്‍ ഇഷ്ടമുള്ളിടത്ത് പോയി പഠിക്കട്ടെ. " കെ. ഇ. എന്‍. കുഞ്ഞഹമ്മദ് എഴുതി: "രാഷ്ട്രീയ നേതാവ് ജീവിത സൌകര്യമൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നത് നമ്മുടെ ഫ്യൂഡല്‍ കാഴ്ചപ്പാടാണ്. " പി. കെ. പോക്കര്‍: " വിദേശത്തു പോയി പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ ചികില്‍സിക്കുന്നതിനോ എതിരായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു തീരുമാനവും എടുത്തിട്ടില്ല."

മറ്റു ചില പ്രസിദ്ധീകരണങ്ങള്‍ പ്രശ്നം ഏറ്റുപിടിച്ചിരിക്കുന്നു. സി. പി. എമ്മിലെ ഉള്‍പാര്‍ട്ടി പോരില്‍ പിണറായിക്കെതിരെ വി. എസ്. അച്യുതാനന്ദനോടൊപ്പം നില്‍ക്കുന്ന ജനശക്തി (നവംബര്‍ 23, 2007) കലാകൌമുദിയെപ്പോലെ ഇത് കവര്‍ സ്റ്റോറി ആക്കിയിരിക്കുന്നു. "ബര്‍മിംഗ്ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തുപുത്രന്‍?" എന്ന് തനേഷ്‌ തമ്പി മുഖ്യലേഖനത്തില്‍ ചോദിക്കുന്നു. മറ്റൊരു ലേഖനത്തില്‍ സുപാര്‍ശന്‍ ആവശ്യപ്പെടുന്നു: "പിണറായി പറയട്ടെ, ദുരൂഹത നീങ്ങട്ടെ." ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ "കമ്മ്യൂണിസ്റ്റ് മക്കളുടെ വിദേശപഠനത്തെപ്പറ്റി" എഴുതുന്നു. സാറാ ജോസഫ് "അമേരിക്കന്‍ ഏജണ്ട്" എന്ന ആരോപണത്തിന് മറുപടിയായി സ്വന്തം സ്വത്ത് വെളിപ്പെടുത്തുന്നു.

സമകാലിക മലയാളം വാരികയുടെ ( 23 നവംബര്‍ 2007) "വിമോചന സമരക്കാര്‍ സി. പി. എമ്മിന്‍റെ മേല്‍ത്തട്ടാകുമ്പോള്‍" എന്ന തലക്കെട്ടിലുള്ള കവര്‍ സ്റ്റോറി പിണറായി വിജയനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിട്ടുള്ള സുകുമാര്‍ അഴീക്കോട്, ടി. പത്മനാഭന്‍, എം. മുകുന്ദന്‍, സക്കറിയ എന്നിവരുടെ മുന്‍കാല നിലപാടുകള്‍ പരിശോധിക്കുന്നു. ലേഖകന്‍ ഐ. വി. ബാബു.

പിണറായിയുടെ മകന്‍ വിവേക് കിരണിന് എവിടെ വേണമെങ്കിലും പഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മകനെ വിദേശത്ത് പഠിക്കാന്‍ അയച്ചതിന്‍റെ പേരില്‍ പിണറായിയെ കുറ്റപ്പെടുത്തുന്നതിനോട് എനിക്ക് യോജിപ്പില്ല. അതെസമയം അതിനുള്ള പണം എങ്ങനെ കണ്ടെത്തിയെന്ന ചോദ്യത്തിനു ഉത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണ്‌. പിണറായിയുടെ മകന് വിദേശത്ത് പോയി ഉന്നതവിദ്യാഭ്യാസം നേടാനാകുന്നതിന്‍റെ അര്‍ത്ഥം പാവപ്പെട്ടവന് ഉന്നത വിദ്യാഭ്യാസത്തിനു അവസരം ലഭിച്ചുതുടങ്ങിയിരിക്കുന്നു എന്നാണെന്ന തരത്തിലുള്ള വ്യാഖ്യാനം അസംബന്ധമാണ്. പാര്‍ട്ടി സെക്രട്ടറിക്ക് മകനെ വിദേശത്ത് അയച്ചു പഠിപ്പിക്കാനാകും എന്നേ അതിനു അര്‍ത്ഥമുള്ളൂ.

18 comments:

Padmakumar said...

തീര്‍ച്ചയായും. വിവേകിന്റെ മാര്‍ക്‌-ലിസ്റ്റുകള്‍ കാണുമ്പോള്‍(ജനശക്തി) ഒരു കാര്യം തീര്‍ച്ചയണ്‌, അക്കാദമിക നിലവാരത്തില്‍ എല്ല തട്ടുകളിലും പുള്ളി ശരാശരിയില്‍ താഴെയാണെന്ന്‌. അപ്പോള്‍ ഈ നിലവാരം വെച്ച്‌ പുള്ളിക്ക്‌ എങ്ങിനെയാണ്‌ പ്രവേശനം തരപ്പെടുത്തിയത്‌? സ്കോളര്‍ഷിപ്പൊന്നും കിട്ടില്ലായെന്നുറപ്പുള്ളപ്പൊള്‍, ഉദ്ദേശം 30 ലക്ഷമെങ്കിലും വേണ്ട തുക എവിടെ നിന്നുണ്ടാക്കി ?

ഒരു പൊതുപ്രവര്‍ത്തകന്‍ പറയാന്‍ ബാധ്യസ്തനാണ്‌.

വേറൊരു കാര്യം, കുഞ്ഞാടുകളുടെ മുട്ടിലിഴയുന്ന വിധേയത്വമാണ്‌. പ്രത്യേകിച്ചും വിദ്യാര്‍ഥി-യുവജനങ്ങളുടെ.

riyaz ahamed said...

ഇന്നു കിട്ടിയ ഒരു ഫോര്‍വേഡ് മെയിലില്‍ നിന്ന്:

'ഡിഗ്രി പാസായത് മൂന്നാം ക്ലാസില്. രണ്ടാം വര്ഷത്തില് അക്കൗണ്ടന്സിക്ക് 100ല് കിട്ടിയത് 17 മാര്ക്ക്. ഇംപ്രൂവ്മെന്റ് എഴുതിയപ്പോള് ആറു മാര്ക്കു കൂടി 23 ആയി.

സഹകരണ മന്ത്രി ജി സുധാകരനും സാഹിത്യനായകന് ടി പത്മനാഭനും മിടുക്കനെന്ന് വാഴ്ത്തിയ പിണറായി വിജയന്റെ മകന് വിവേക് പിണറായിയ്ക്ക് കിട്ടിയ മാര്ക്കുകളാണ് ഇത്.

തിരുവനന്തപുരം മാര് ഇവാനിയോസ് കോളജിലാണ് വിവേക് പ്രീഡിഗ്രി പഠിച്ചത്. ജയിച്ചത് രണ്ടാം ക്ലാസില്. ഇതേ കോളെജില് തന്നെയാണ് വിവേക് ഡിഗ്രിയ്ക്കും പഠിച്ചത്. ഡിഗ്രി ജയിച്ചത് മൂന്നാം ക്ലാസില്.'

-ഇത്രയും എതൊരു ശരാശരി വിദ്യാര്‍ത്ഥിയുടെയും കാര്യത്തിലെന്ന പോലെ മാത്രം. വ്യക്തിപരമായി വിവേകിനെ അധിക്ഷേപിക്കാന്‍ യാതൊരു കാരണവുമില്ല.

'പ്രീഡിഗ്രിയ്ക്ക് ഒന്നാം ഗ്രൂപ്പും ഡിഗ്രിക്ക് ബികോമുമായിരുന്നു വിവേക് പഠിച്ചത്. ഡിഗ്രി നേടിയ ശേഷം വിവേക് പഠിച്ചത് കളമശേരി എസ് സി എം എസ് (സ്ക്കൂള് ഓഫ് കമ്മ്യൂണിക്കേഷന്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ്) കോളെജിലാണ്. ജിപിസി നായരുടെ ഉടമസ്ഥയിലുളളതാണ് ഈ കോളെജ്. ബിസിനസ് മാനേജ്മെന്റില് ബിരുദാനന്തര ബിരുദത്തിനാണ് വിവേക് ഈ കോളെജ് പ്രവേശനം നേടിയത്.

ബിരുദത്തില് രണ്ടാം ക്ലാസെങ്കിലും നേടിയവര്ക്കു മാത്രമേ ഈ കോളെജില് പ്രവേശനം അനുവദിക്കുകയുളളൂവെന്നാണ് ചട്ടം. ഇവര് കാറ്റ്, മാറ്റ് ( CAT - Common Aptitude Test, MAT - Management Aptitude Test) എന്നിവയിലേതെങ്കിലും ഒരു പ്രവേശന പരീക്ഷ വഴിയാണ് പ്രവേശനം നേടേണ്ടെതെന്നും നിഷ്കര്ഷിച്ചിട്ടുണ്ട്. എന്നാല് വിവേക് പിണറായിയുടെ കാര്യത്തില് ഈ ചട്ടം പാലിക്കപ്പെട്ടില്ല.

ബികോമിന് വെറും മൂന്നാം ക്ലാസുളള വിവേക് പിണറായി ജിപിസി നായരുടെ കോളെജില് ബിസിനസ് മാനേജ്മെന്റില് ബിരുദാനന്തര ബിരുദം അഭ്യസിച്ചു. പ്രവേശന പരീക്ഷ വേണ്ട, യോഗ്യതയുടെ കാര്യത്തില് മാനേജ്മെന്റ് ദയാപുരസരം ഒരിളവും അനുവദിച്ചു.

എസ് ബി ടിയുടെ കലൂര് ബ്രാഞ്ചില് നിന്നും നാലു ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്താണ് വിവേക് ഈ കോളെജില് പഠിച്ചത്. വായ്പയുടെ ജാമ്യക്കാര് പിണറായി വിജയനും ഭാര്യ കമലാ വിജയനുമായിരുന്നു. 2003ല് സി ഗ്രേഡ് സര്ട്ടിഫിക്കറ്റോടെയാണ് വിവേക് ഈ കോഴ്സ് പാസായത്.

2004ല് വിവേക് സ്വന്തം ബിസിനസ് നടത്താന് സിംഗപ്പൂരിലേയ്ക്ക് പോയി. കാര്യമായ നേട്ടമൊന്നുമില്ലാത്തതിനാല് രണ്ടു മാസത്തിനു ശേഷം തിരികെ വന്നു. പിന്നീട് ജോലി തേടി അബുദാബിയില് പോയി. അവിടെയും ശരിപ്പെടാത്തതിനാല് 2005 സെപ്തംബറില് വീണ്ടും നാട്ടിലെത്തി.

പിന്നീടാണ് ഇംഗ്ലണ്ടിലെ ബര്മ്മിംഗ് ഹാം സര്വകലാശാലയില് ബിസിനസ് മാനേജ്മെന്റ് പഠിക്കാന് വിവേക് തീരുമാനിച്ചത്. 20 ലക്ഷം രൂപയാണ് ഈ കോഴ്സിനുളള ഫീസ്. ഈ തുക വായ്പയെടുക്കാന് വീണ്ടും കലൂരിലെ എസ് ബി ടി ശാഖയെ സമീപിച്ചു. ഏഴു ലക്ഷം രൂപയ്ക്കു മേലുളള തുക വായ്പ നല്കാന് ബാങ്ക് കൊച്ചി ദേശാഭിമാനിയെയാണ് ഈടായി ആവശ്യപ്പെട്ടത്. ദേശാഭിമാനിയിലുളള ചിലരുടെ എതിര്പ്പിനെ തുടര്ന്ന് ഇത് നടക്കാതെ പോയി.

എന്നാല് പിന്നീട് ഈ തുക സംഘടിപ്പിച്ച് വിവേക് ബര്മ്മിംഗ് ഹാം സര്വകലാശാലയില് പഠനത്തിന് ചേര്ന്നു. ഇംഗ്ലണ്ടിലെ താമസം, ഭക്ഷണം, മറ്റ് ചെലവുകള് എന്നിവ കൂടി കണക്കിലെടുത്താല് ഏതാണ്ട് അരക്കോടിക്ക് മേലുളള തുകയാവും ഈ കോഴ്സ് കഴിയുമ്പോള് ആകെ ചെലവ്.

ഇത്രയും ഭീമമായ തുക എവിടെ നിന്നാണ് ലഭിച്ചത് എന്ന ചോദ്യത്തിന് ഇതുവരെ ബന്ധപ്പെട്ടവരാരും മറുപടി പറഞ്ഞിട്ടില്ല. അധിനിവേശ പ്രതിരോധ സമിതിയുടെ ഒരു യോഗത്തില് ഈ ചോദ്യം ചോദിച്ച എഴുത്തുകാരി സാറാ ജോസഫിനെ സഹകരണ മന്ത്രി സുധാകരന് രൂക്ഷമായ പദപ്രയോഗങ്ങള് ഉപയോഗിച്ച് വിമര്ശിച്ചിരുന്നു.

മിടുക്കരായ കുട്ടികള് സ്കോളര്ഷിപ്പ് നേടി വിദേശത്തു പഠിക്കുന്നതില് ആരും അസൂയപ്പെടേണ്ടെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജും പറയുന്നു. മാര്ക്ക് ലിസ്റ്റില് വെളിപ്പെടാത്ത മറ്റെന്ത് മിടുക്കാണ് വിവേകിനുളളതെന്ന ചോദ്യത്തിന് ആരും ഉത്തരം പറയുന്നുമില്ല.

കത്തോലിക്കാ സഭയ്ക്കെതിരെ ചന്ദ്രഹാസം മുഴക്കുന്ന പിണറായി വിജയന്റെ മകന് മാര് ഇവാനിയോസ് കോളെജിലെ മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രിഡിഗ്രിക്കും ഡിഗ്രിക്കും പ്രവേശനം നേടിയതെന്ന അറിവും സഖാക്കള്ക്ക് പുതിയതാണ്.

ഒന്നുകില് കോഴ അല്ലെങ്കില് സ്വാധീനം, രണ്ടിലേത് ഉപയോഗിച്ചാണ് സ്വന്തം മകനെ പിണറായി വിജയന് പഠിപ്പിച്ചതെന്ന ചോദ്യത്തിന് എം സ്വരാജോ ജി സുധാകരനോ മറുപടി പറയുമെന്ന് തോന്നുന്നുമില്ല.'

വേണാടന്‍ said...

പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ വിദേശത്ത് പഠിക്കുന്നതില്‍ എന്താണു തെറ്റ് എന്നു മസിലാകുന്നില്ല. കോഴയൊ അല്ലെങ്കില് സ്വാധീനമൊ ഉപയോഗിക്കാത്ത ഒരു പൊതുപ്രവര്‍ത്തകനും ഇല്ല എന്നു അറിയില്ലാത്തവരല്ലല്ലൊ പിണറായി വിജയന്റെ മകന്‍ വിവേകിന്റെ പഠന വിവാദത്തെപ്പറ്റി കുറ്റപ്പെടുത്തി പ്രതികരിച്ചവര്‍. ഇതെന്തുകൊണ്ടും ഒരു നല്ല ലക്ഷണമാണു. കഴിഞ്ഞ എത്രയോ പതിറ്റാണ്ടുകളായി സീപീയെം മനസ്സിലാക്കാതെ പോയ, അടിമുടി എതിര്‍ത്തിരുന്ന കാര്യം, ഇത്ര നിസാരമായി പിണറായി വിജയന്‍ സ്വന്തം മകനിലൂടെ മാലോകരെ അറിയിക്കുമ്പൊള്‍, അഭിനന്ദിക്കുകയാണു വേണ്ടതു, അല്ലതെ കോടതിയും മറ്റും കയറ്റാന്‍ ശ്രമിക്കുന്നത് നീചമാണ്. മക്കളെ പഠിപ്പിക്കുകയാണെങ്കില്‍,അതു ഇഗ്ലണ്ട്, അമേരിക്ക, ഫ്രാന്‍സ്, സ്വിറ്റ്സ്സര്‍ലണ്ട്..തുടങ്ങിയ രാജ്യങ്ങളിലെ മുന്തിയ കോളേജുകളില്‍ തന്നെ വേണം. അല്ലാതെ തെരുവനന്തോരത്തുള്ള മാറിവാനിയോസിലും കീറിവാനിയോസിലുമൊന്നും അല്ല. വിജയന്‍ സ്വന്തം ജീവിതത്തിലൂടെ ഉദാഹരിക്കുന്ന കര്യങ്ങള്‍, പാര്‍ട്ടിയുടെ ചട്ടക്കൂട്ടില്‍, വീര്‍പ്പുമുട്ടിയിരുന്നു, മക്കളെ പഠിപ്പിക്കുവാന്‍ മാറിവാനിയോസിലും കീറിവാനിയോസിലും ശരണം പ്രാപിച്ചിരുന്ന സഖാക്കള്‍ക്ക് നല്ല ആശ്വാസമാകും. ശ്രീ വിജയന്റെ ഈ ധീരമായ നടപടിയില്‍ എന്റെ എല്ലാവിധ ധാര്‍മിക പിന്തുണയും.
മലയാളി മാറി ചിന്തിക്കുവാന്‍ സമയമായി. കണം വിറ്റു ഓണം ഉണ്ണാതെ, ലോണെടുത്തും കോഴവാങ്ങിയും, കണം വിറ്റും മക്കളെ വിദേശത്ത് പഠിപ്പിക്കണം. അവരെങ്കിലും നന്നാവട്ടെ.. സമരമില്ലാത്ത, പണിയെടൌക്കുന്ന ഒരു പുതു തലമുറ പിറക്കട്ടെ...ഒപ്പം നമ്മുടെ നാടും നന്നാവട്ടെ..

Anonymous said...

ഇതെന്താണ്‌ ഹേ.... നിങ്ങളൊക്കെ വിവരമില്ലാതെ ഓരോന്ന് വിളിച്ചു പറയുന്നതു. ആ പാവം കഷ്ടപ്പെട്ട് പഠിച്ച് നേടിയ സ്കോളര്‍ഷിപ്പിനെ ചൊല്ലിയും വിവാദമോ.. ഞങ്ങളുടെ മക്കളൊക്കെ പഠനത്തില്‍ മിടുക്കരാണ്‌ അതു കൊണ്ട് തന്നെ അവരെ ഞങ്ങള്‍ പരമാവധി പഠിപ്പിക്കും. അതിപ്പൊ സ്വാശ്രയമായാലും വിദേശമായാലും.. അതു കണ്ട് വെറും 80 ഉം 90 ഉം ശതമാനം മാത്രം മാര്‍ക്ക് വാങ്ങിയ പഠനത്തില്‍ വളരെ മോശമായ നിങ്ങടെ മക്കള്‍  ആവേശം കൊള്ളേണ്ട.. നിങ്ങള്‍ക്ക് വേണമെങ്കില്‍ കര്‍ഷകതൊഴിലാളിയായ ഞങ്ങളുടെ ഒരു ലോക്കല്‍ സെക്രട്ടറിയെ അങ്ങോട്ടയച്ചു തരാം. അവന്‍ പഠിപ്പിച്ചോളും നിങ്ങടെ മക്കളെ.

കിരണ്‍ തോമസ് തോമ്പില്‍ said...

പിണറായി വിജയന്റെ മകന്‍ വിദേശ സര്‍വ്വകലാശാലയില്‍ പഠിക്കുന്നതില്‍ പ്രത്യക്ഷത്തില്‍ തെറ്റില്ലങ്കിലും അത് പല തരത്തിലും ഉള്‍ക്കൊള്ളാന്‍ വിഷമമുള്ള സംഗതിയാണ്. ഇതില്‍ വിദേശ പഠനം എന്നത് രണ്ടാമത് മാത്രം വരുന്ന സംഗതിയാണ് . പിണറായുടെ മകന്‍ MBA ക്ക് ചേര്‍ന്ന് പഠിച്ചത് സ്വയാശ്രയ സീറ്റില്‍ ആകയാല്‍. അവിടെത്തുടങ്ങുന്നു യഥാര്‍ത്ഥ പ്രശ്നം.കാരാണം സ്വയാശ്രയ കോളെജ് എന്ന ആശയത്തെ തന്നെ സി.പി.എം എതിര്‍ക്കുമ്പോള്‍ പിണറായുടെ മകന്‍ എങ്ങനെ അത്തരം കോളെജില്‍ പഠിക്കുന്നു എന്ന ചോദ്യം പ്രസക്തമാകുന്നു. എന്നാല്‍ ഞെട്ടിക്കുന്ന വസ്തുത ആദര്‍ശ ധീരന്‍ അച്ചുതാനന്ദന്റെ പുത്രനും ഉന്നത് വിദ്യാഭ്യാസം നടത്തിയത് മാനേജ്മെന്റ് കോട്ടയിലാണ് എന്നറിയുമ്പോഴാണ്. പിന്നെ സ്വയാശ്രയ കോളേജ് പ്രശ്നം കത്തി നില്‍ക്കുമ്പോള്‍ കത്തോലിക്ക സഭ പുറപ്പെടുവിച്ച ലിസ്റ്റില്‍ ഒരു പറ്റം ഇടത് നേതാക്കളുടെ മക്കള്‍ സ്വയാശ്രയ കോളെജില്‍ നിന്നും ബിരുദം നേടിയവരാണ്. പുറത്ത് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനകളേക്കൊണ്ട് സമരം ചെയ്യിപ്പിക്കുകയും അതേ സമയം തങ്ങളുട മക്കളെ സ്വയ്യാശ്രയ കോളെജില്‍ (മെറിറ്റ് സീറ്റില്‍ പോലുമല്ല മാനേജ് മെന്റ് കോട്ടയില്‍ ത്തന്നെ)പഠിപ്പിക്കുന്ന വിരോധഭാസം നാം കാണുന്നു.

ഇനി വിദേശ പഠനത്തെപ്പറ്റി. വിദേശത്ത് ഇന്ന് ഇടത്തരക്കാരുടെ മക്കള്‍ക്ക് വരെ പോയി പഠിക്കാവുന്ന സാഹചര്യം ഉണ്ട് എന്നതാണ് എന്റെ അറിവ്‌. അവര്‍ അവിടെ പഠിക്കുന്നതിനൊപ്പം ജോലിയും ചെയ്ത് ജീവിക്കാനുള്ള വക ഉണ്ടാക്കുന്നു എന്നതാണ് എന്റെ സുഹൃത്തുക്കള്‍ വഴി ഉള്ള അറിവ്‌. തുടക്ക കാലാത്തേക്ക് കുറ്ച്ച് പണം കരുതണമെന്നെ ഉള്ളൂ. പിന്നെ ഈ പരിപാടി ഇന്ന് നടക്കുന്നത് ചില ഏജന്‍സികളുടെ സഹായത്തോടെയാണ് . പഠിക്കാന്‍ പോകുന്ന ആളുടെ അക്കൌണ്ടില്‍ ഒരു വന്തുക കാണിക്കണം എന്ന് ഒരു നിയമം ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. വെരിഫിക്കേഷന്‍ സമയത്ത് ഈ ഏജന്‍സി ഈ തുക വിദ്യാര്‍ത്ഥിയുടെ അകൌണ്ടില്‍ കാണിക്കും . വെരിഫിക്കേഷന്‍ കഴിഞാല്‍ അത് പിന്‌വലിക്കും.

വീണ്ടും പിണറായിലേക്ക് . സി.പി.എം ന്റെ ഒരു സെറ്റപ്പ് വച്ച് സംസ്ഥാന സെക്രട്ടറിക്ക് പാര്‍ട്ടി അറിയാതെ ഇങ്ങനെ ചെയ്യാന്‍ കഴിയില്ല. ഇതിന് ഉത്തരം പറയേണ്ടത് പിണറായി മാത്രമല്ല് മൊത്തം പാര്‍ട്ടിയാണ്. പല കാര്യങ്ങളിലും പാര്‍ട്ടി പുലര്‍ത്തുന്ന ഇരട്ടത്താപിന് ഇനി ഒരു മറയുടെ ആവശ്യമില്ല എന്ന് സഖാക്കള്‍ തിരിച്ചറിയേണ്ട കാലമായി.

പിന്നെ ജനശക്തിവാരികയേ ബ്ലോഗില്‍ പരിചയപ്പെടുത്തിയതും അതിലെ ലേഖനങ്ങള്‍ക്ക് മാര്‍ക്കറ്റ് ഉണ്ടാക്കിക്കൊടുക്കയും ചെയ്യുന്ന ചിലര്‍ കണ്ണടച്ച് പാലുകുടിക്കുന്നതും ഈ അവസര്‍ത്തില്‍ കാണാതെപ്പോയിക്കൂടാ എന്ന ഒരു അഭിപ്രായവും എനിക്കുണ്ട്. ആരേയും കുറ്റം പറയാന്‍ കഴിയില്ല ഇരട്ടത്താപും തങ്കാര്യ സാധ്യവും ഞാന്‍ അടക്കമുള്ള മലയാളികളുടെ സ്വഭാവമാണല്ലോ

കണ്ണൂരാന്‍ - KANNURAN said...

എനിക്കെന്തുമാകാമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ ധാര്‍ഷ്ട്യത്തിനാണ് മറുപടി ജനം നല്‍കേണ്ടത്. അച്ചുതാനന്ദന്‍ പുണ്യവാളനല്ലെന്നത് ഒരു പുത്തനറിവൊന്നുമല്ല, അതു പലതവണ, പല വിഷയങ്ങളില്‍ അദ്ദേഹം തെളിയിച്ചിട്ടുമുണ്ട്. ജനശക്തി വാങ്ങാന്‍ പോയപ്പോള്‍ കണ്ണൂരില്‍ കിട്ടാനില്ല. ഒറ്റദിവസം കൊണ്ട് സാധനം തീര്‍ന്നു, ഓരോ‍രുത്തരും 3-4 എണ്ണം വച്ചാണ് വാങ്ങിച്ചതെന്നു കടക്കാരന്‍ പറഞ്ഞു. അപ്പൊ പിടി കിട്ടി ആരായിരിക്കും വാങ്ങിച്ചതെന്ന്..

ഭൂമിപുത്രി said...

സാറാജോസഫ് ഉദ്ദ്യെശിച്ചതു വിദേശപഠനത്തിനുള്ള
പണം വന്നവഴിതന്നെയാകുമല്ലൊ.
ഇ.എം.എസ്സിന്റെ മകള് രാധയുടെ ഓറ്മ്മക്കുറിപ്പുകളിലെഴുതിയിരുന്നു,പഠിക്കുന്നകാലത്ത്
ഒരു പുസ്തകമോ പെന്‍സിലോപോലും അഛന് വാ‍ങ്ങിതന്നിട്ടില്ല,പാറ്ട്ടിയായിരുന്നു അതൊക്കെ നോക്കിയിരുന്നത് എന്നു.
സഖാക്കളും പാറ്ട്ടിയുമൊക്കെ പിന്നെ എത്രയൊ
‘പുരോഗമി‘ച്ചു

കിരണ്‍ തോമസ് തോമ്പില്‍ said...
This comment has been removed by the author.
കിരണ്‍ തോമസ് തോമ്പില്‍ said...

ജനശക്തിയിലേ ലേഖനം

പിണറായുടെ മകന്‍ ആരുടെ ദത്തുപുത്രന്‍

ഇത്‌ ഇതിനോടനുബന്ധിച്ച്‌ കണ്ട മറ്റൊരു ലേഖനം

Murali K Menon said...

ഒരു മകന് ഏറ്റവും നല്ല വിദ്യാഭ്യാസം നല്‍കി വളര്‍ത്തുക എന്നുള്ളത് ഏതൊരച്ഛന്റേയും സ്വപ്നമാണ്. അതുകൊണ്ടു തന്നെ പിണറായി വിജയന്റെ മകനെ ഏതു രാജ്യത്തയച്ച് പഠിപ്പിക്കുന്നതും ചോദ്യം ചെയ്യാന്‍ ഒരാള്‍ക്കും സ്വാതന്ത്ര്യമില്ല. അതിനൊക്കെ നാട്ടുകാരോട് മറുപടി പറയുക ഒരച്ഛന്റേയും കടമയുമല്ല.

പക്ഷെ പിണറായി വിജയന്‍ എന്ന തൊഴിലാളി വര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ അമരക്കാരന്‍ എന്ന ആള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോള്‍ പാര്‍ട്ടിയോടും പാര്‍ട്ടി വിശ്വാസികളോടുമൊക്കെ ഉത്തരം പറയാന്‍ ബാദ്ധ്യസ്ഥനായ് തീരും. പ്രത്യേകിച്ച് സര്‍ക്കാര്‍ സുകൂള്‍-കോളേജുകളെ കുറിച്ചും, സ്വാശ്രയ കോളേജുകളെക്കുറിച്ചുമൊക്കെ വ്യക്തമായ അഭിപ്രായം സ്വരൂപിച്ചീട്ടുള്ള പാര്‍ട്ടിയെന്ന നിലയില്‍. ബൂര്‍ഷ്വകളുടെ മക്കള്‍ ആരും തന്നെ സര്‍ക്കാര്‍ തലത്തിലുള്ള സ്കൂള്‍-കോളേജുകളില്‍ പഠിക്കുന്നുണ്ടാവില്ല എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍, പിണറായ് വിജയന്റെ ചെയ്തികളെ സാധാരണ ജനങ്ങള്‍ ആകാംഷയോടെ ഉറ്റുനോക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ല. സി.പി.എം. ന്റെ സഹിഷ്ണുത നഷ്ടപ്പെടുന്നതായ് മാത്രമേ സാറാ ജോസഫിനെതിരായുള്ള പ്രചരണങ്ങളെ കാണാന്‍ കഴിയുകയുള്ളു. സി.പി.എം ന്റെ അഭിമതരായിരുന്നവര്‍ നാളെ അവരുടെ ഏതെങ്കിലും കുറ്റം (അകത്തിരുന്നായാലും, പുറത്തിരുന്നായാലും) ചൂണ്ടിക്കാട്ടിയാല്‍ അനഭിമതരാവും, അമേരിക്കന്‍ ചാരനാവും. പാര്‍ട്ടിയുടെ അപ്രമാദിത്വം അംഗീകരിക്കാത്തവര്‍ ഏറിക്കൊണ്ടിരിക്കുന്നുവെന്നര്‍ത്ഥം.

BHASKAR said...

വിവേക് കിരണിന്‍റെ മാര്‍ക്ക് കാര്യമാക്കേണ്ടതില്ല എന്നാണു എന്‍റെ അഭിപ്രായം. കാശ് ഉണ്ടെങ്കില്‍ സീറ്റ് വാങ്ങാവുന്ന അവസ്ഥ നമ്മുടെ നാട്ടില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലുമുണ്ട്. മാര്‍ക്ക്‌ കുറവാണെങ്കിലും തുടര്‍ന്നു പഠിക്കാന്‍ കുട്ടി അവസരം തേടുന്നതും രക്ഷകര്‍ത്താവ്‌ അതിനു സഹായിക്കുന്നതും തെറ്റല്ല. പഠനത്തിനാവശ്യമായ പണം പിണറായി വിജയന്‍ എങ്ങനെ കണ്ടെത്തി എന്നത് മാത്രമാണ് അറിയേണ്ടത്. പണം എങ്ങനെ സംഘടിപ്പിച്ചെന്നു പാര്‍ട്ടിക്ക് അറിയാമെന്നും കഴിയുമെങ്കില്‍ മാധ്യമങ്ങള്‍ അത് കണ്ടുപിടിക്കട്ടെ എന്നും എം. എ. ബേബി പറഞ്ഞതായി വായിച്ചു. അറിയാവുന്ന കാര്യം വെളിപ്പെടുത്താന്‍ പാര്ട്ടി എന്തിന് മടിക്കുന്നെന്നു മനസ്സിലാകുന്നില്ല.
കലാകൌമുദിയുടെ പുതിയ ലക്കത്തില്‍ മാര്‍ ഇവാനിയോസ് കോളേജില്‍ വിവേക് കിരണിനെ പഠിപ്പിച്ച ജോളി വര്ഗീസ് എന്ന അധ്യാപിക എഴുതിയിട്ടുള്ള നീണ്ട കത്തിലേക്കും എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു. "നന്നായി പഠിച്ചു നല്ല മാര്‍ക്കും വാങ്ങി ഒരു ഉദ്യോഗസ്ഥനാകണമെന്നു
ആഗ്രഹമുണ്ടെന്നു പറഞ്ഞ ആ വിദ്യാര്ത്ഥി ക്ലാസ്സിലും കാമ്പസിലും പ്രശ്നം ഉണ്ടാക്കാത്തവനും നാട്ടിന്‍പുറത്തുകാരന്‍റെ ലാളിത്യവും ഒതുക്കവുമുള്ള ഒരു സാധുകുട്ടിയായിരുന്നു" എന്ന് ജോളി വര്ഗീസ് സാക്ഷ്യപ്പെടുത്തുന്നു.

കിരണ്‍ തോമസ് തോമ്പില്‍ said...

സാറാ ജോസഫ്‌ വരുമാനം വെളിപ്പെടുത്തിയതു വഴി രണ്ട്‌ കാര്യങ്ങള്‍ വ്യക്തമായി ഒന്ന് നല്ല പെന്‍ഷന്‍ അവര്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. സാമാന്യം നല്ല പെന്‍ഷന്‍ ലഭിക്കുന്ന ബുദ്ധി ജീവികളാണ്‌ അധിനിവേശം സാമ്രാജിത്വം എന്നൊക്കെപ്പറഞ്ഞ്‌ സമരം ചെയ്യുന്നതെന്ന പൊതു ആരോപണം ഇത്‌ ശരി വയ്ക്കുന്നു

പിന്നെ ആഗോളവല്‍ക്കരണത്തെ സ്ഥാനത്തും അസ്ഥാനത്തും എതിര്‍ക്കുന്ന അവര്‍ക്ക്‌ സാന്‍ട്രോ സിങ്‌ കാറുണ്ട്‌.


ആഗോളവല്‍ക്കരണത്തെ ശക്തമായി എതിര്‍ക്കുന്ന ബുദ്ധിജീവികള്‍ അതിന്റെ ഗുണഭോക്താക്കളാണ്‌ എന്ന ആരോപണവും ഇവിടെ പ്രസക്തമാകുന്നു. ADB യില്‍ നിന്ന് വായ്പ വാങ്ങി കുടിവെള്ള പദ്ധതിയോ മറ്റോ വന്നാല്‍ അതുകൊണ്ട്‌ ജനങ്ങള്‍ക്ക്‌ മെച്ചമുണ്ടാകുന്നത്‌ തടയുന്നവര്‍. ലോണ്‍ എടുത്ത്‌ ആഗോളവല്‍ക്കരണ ഉല്‍പ്പന്നങ്ങള്‍ സ്വന്തമാക്കുന്നുണ്ട്‌ എന്നതും രസാവഹമായ കാര്യമാണ്‌

സാറാ ജോസഫിന്റെ ലേഖനത്തില്‍ നിന്ന്


കഴിഞ്ഞമാസം ഞാന്‍ വാങ്ങിയ പെന്‍ഷന്‍ 11,748/- രൂപയാണ്‌. യുജിസി ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ ഞാന്‍ ചിന്തിച്ചു, അന്തസ്സായി വസ്‌ത്രം ധരിച്ച്‌ കോളേജില്‍വന്ന്‌ രണ്ടോ മൂന്നോ അല്ലെങ്കില്‍ നാലോ മണിക്കൂര്‍ പഠിപ്പിയ്‌ക്കുന്ന (പഠിപ്പിയ്‌ക്കാതെയും)തിന്‌ എന്തിനാണ്‌ ഇത്രയധികം ശമ്പളം? അതേസമയം രാവും പകലും വെയിലിലും മഴയിലും പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിക്ക്‌ കിട്ടുന്നതെത്ര? അയാള്‍ വിളയിച്ചുണ്ടാക്കിത്തന്നല്ലാതെ നമുക്ക്‌ ഉണ്ണാന്‍ കഴിയില്ലെന്നിരിക്കെ, ഭക്ഷണം അപ്രാപ്യമായാല്‍ ജീവിക്കാന്‍ സാധ്യമല്ലെന്നിരിക്കെ, യുജിസിസ്‌കെയിലിന്റെ യഥാര്‍ത്ഥ അവകാശി ചേറണിഞ്ഞമേനിയോടെ രാവും പകലും മണ്ണില്‍ പണിയെടുക്കുന്നവരല്ലേ? ഇപ്പോഴും ഞാന്‍ അത്ഭുതപ്പെടുന്നു എനിയ്‌ക്ക്‌ എന്തുകൊണ്ടാണ്‌ ഇത്രയധികം പെന്‍ഷന്‍? ജീവനക്കാര്‍ നിരന്തരം സമരം ചെയ്‌ത്‌ നേടിയെടുത്ത ഈ മാന്യമായ തുകയില്‍ എനിയ്‌ക്ക്‌ അഭിമാനമുണ്ട്‌. അതേസമയം ഭീമമായ സാമ്പത്തിക അന്തരത്തോടെയാണ്‌ ഞാനും ഒരു കര്‍ഷകതൊഴിലാളിയും ഇവിടെ ജീവിക്കുന്നത്‌ എന്ന അസുഖകരമായ അവസ്ഥ കൂടുതല്‍ ചിന്തിയ്‌ക്കാന്‍ പ്രേരിപ്പിക്കുന്നു. എനിയ്‌ക്ക്‌ കിട്ടുന്നത്ര പെന്‍ഷന്‍ ഒരു കര്‍ഷകത്തൊഴിലാളിയ്‌ക്കും കിട്ടുന്ന ഒരു സാമ്പത്തിക ഘടനയിലല്ലാതെ ഈ അനീതി അസ്‌തമിക്കുകയുമില്ല. (എന്തേ 11,748/- രൂപ പെന്‍ഷന്‍ പുളിക്കുമോ? ഇനി വാങ്ങിക്കില്ലേ എന്നും മറ്റും ചോദിക്കാന്‍ ഒരുങ്ങുന്നവരോട്‌ , ഓരേ ഒരു കാര്യം ചോദിച്ചുകൊള്ളട്ടെ? 11,748/- രൂപ പെന്‍ഷന്‍ വാങ്ങുന്ന ആള്‍ക്ക്‌ 10 കിലോ അരി 186 രൂപയ്‌ക്ക്‌ വാങ്ങാന്‍ കഴിയും. 450 രൂപ പെന്‍ഷന്‍ കിട്ടുന്ന കര്‍ഷകത്തൊഴിലാളിയും 186 രൂപ കൊടുത്താലേ 10 കിലോ അരി കിട്ടുകയുള്ളു. ഇതെങ്ങനെ പരിഹരിയ്‌ക്കും?)



വാഹനം
രണ്ടു കൊല്ലം മുമ്പ്‌ ലോണ്‍ എടുത്ത്‌ ഞാനും ഇളയ മകളുടെ ഭര്‍ത്താവും കൂടി വാങ്ങിയ ഒരു സാന്‍ട്രോ സിങ്‌. ഞങ്ങള്‍ രണ്ടാളും തുല്യമായി കടം വീട്ടിക്കൊണ്ടിരിക്കുന്നു. ഇനിയും 3 കൊല്ലത്തോളം കടം വീട്ടാനുണ്ട്‌.

കെ said...

കിരണ്‍,
സിപിഎമ്മിലെ ഗ്രൂപ്പുകളിയില്‍ സാറാ ജോസഫ് ഒരു പക്ഷം ചേരുമ്പോഴാണ് കാര്യങ്ങള്‍ കുഴയുന്നത്. പിണറായിയുടെ മകന്‍ സ്വാശ്രയ കോളെജില്‍ (വിദേശം) പഠിക്കുന്നതിനെ എതിര്‍ക്കുന്ന അവര്‍ എന്തുകൊണ്ട് വിഎസിന്റെ മകന്‍ അരുണ്‍കുമാര്‍ സ്വാശ്രയ കോളെജില്‍ (സ്വദേശം) പഠിച്ചതിനെ എതിര്‍ക്കുന്നില്ല.

കേവലം മുപ്പതാം വയസില്‍ കേര ഫെഡിന്റെ എംഡിയായി അരുണ്‍കുമാര്‍ അവരോധിതനായതും അയാളുടെ കഴിവുകൊണ്ടാണെന്ന് പറഞ്ഞേക്കാം. ഏതായിരുന്നു നിയമന മാനദണ്ഡം?

അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നത് ഏത് ടെസ്റ്റ് എഴുതി പാസായിട്ടാണ്? അവരുടെ മാര്‍ക്കുലിസ്റ്റും പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. എവിടെപ്പോയിരുന്നു അന്ന് സാറാജോസഫ്?

ഇക്കാര്യങ്ങള്‍ പച്ചയ്ക്ക് ചോദിക്കാന്‍ സുധാകരനും പിണറായിയ്ക്കും വിഷമമുണ്ടാകുമ്പോഴാണ് അമേരിക്കയെ അവര്‍ കൂട്ടുപിടിക്കുന്നത്. പിണറായി വിജയന്റെ മകന് ഇരുപതു ലക്ഷം രൂപ എവിടെ നിന്നു കിട്ടി എന്ന് ചോദിക്കുന്ന അതേ ആര്‍ജവം ഇപ്പുറത്തെ നേതാവിന്റെ മരുമകള്‍ക്ക് ബാംഗ്ലൂരില്‍ എംഡി കോഴ്സ് ചെയ്യാന്‍ 45 ലക്ഷം രൂപ കിട്ടിയ ഉറവിടം കൂടി അന്വേഷിക്കാന്‍ കാണിക്കുമ്പോള്‍ നമുക്ക് അവരെ ബഹുമാനിക്കാം.

കിടപ്പിലായ ജോസഫേട്ടന്റെ കഥയും പെന്‍ഷന്‍പുരാണവും സാന്‍ട്രോ കാറിന് ലോണൊപ്പിച്ചതും എഴുതിക്കൂട്ടിയാല്‍ ലേഖനമാവും. സാമൂഹ്യ വിമര്‍ശനമാവുമോ, സംശയമാണ്.

കിരണ്‍ തോമസ് തോമ്പില്‍ said...

മരീചാ പിണറായി വിമര്‍ശനം മാത്രം അജണ്ടയാകുമ്പോള്‍ സംഭവിക്കുന്ന ചെറിയ തെറ്റല്ലേ. അതങ്ങ്‌ ക്ഷമിച്ചു കള. ജനശക്തി വാരിക എന്താണ്‌ എന്തിനാണ്‌ ആരാണ്‌ ഇതിന്‌ പിന്നില്‍ എന്നൊക്കെ പരസ്യമായ രഹസ്യമല്ലേ. അതിന്റെ എഡിറ്റര്‍ ചാനല്‍ ചര്‍ച്ചകളില്‍ വരുമ്പോള്‍ സംസാരിക്കുന്നത്‌ കണ്ടാല്‍ അറിയാമല്ലോ അതിന്റെ ലക്ഷ്യം എന്താണ്‌ എന്ന്. അതിനൊപ്പം ചില അസംതൃപതരും അക്കാദി അംഗത്വം പ്രതീക്ഷിച്ചവരും ചേരുമ്പോള്‍ ഇതൊക്കെയേ പ്രതീക്ഷിക്കാവൂ. M.P. വീരേന്ദ്രകുമാറിന്റെ ഭൂമി കൈയേറ്റവും ഈ സാംസ്കാരിക നേതാക്കള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നതും യാഥര്‍ശ്ചികമാണല്ലോ

Anonymous said...

'പഠനച്ചെലവിനുള്ള ധനസ്രോതസ്സ് എന്ത്' എന്ന ചോദ്യമാണ് വിമര്‍ശനം ഉന്നയിച്ചവര്‍ പ്രധാനമായി ഉന്നയിച്ചത്.മറ്റു കാര്യങ്ങള്‍ അപ്രസക്തമാണ്.ഈ ചോദ്യം ഉയരുന്നതുതന്നെ ഇത് ഒരു കമ്യൂണിസ്റ്റ്പാര്‍ട്ടിയായതുകൊണ്ടാണ്.'ഞങ്ങളും ഇക്കാര്യങ്ങളില്‍ മറ്റുപാര്‍ട്ടികളെപ്പോലെയാണ്' എന്നു പറയുകയാണെങ്കില്‍ ഈ കാര്യങ്ങളൊന്നും ആരും ശ്രദ്ധിക്കുകയേ ഇല്ല.'വേറിട്ട ചാനലിന്റെ വഴിയേത്തന്നെ പാര്‍ട്ടിയും പോയി' എന്ന് എല്ലാവരും കരുതിക്കോളും.

BHASKAR said...

വാര്‍ത്തയുടെ ഒരു നിര്‍വചനം ഇങ്ങനെയാണ്: "എവിടെയോ ആരോ എന്തോ മൂടിവെക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അതാണ് വാര്‍ത്ത. മറ്റുള്ളതെല്ലാം പ്രചാരണം ആണ്." ഒരാള്‍ ഒരു വസ്തുത മൂടിവെക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുതന്നെ മറ്റൊരാള്‍ക്ക് അത് പുറത്തു കൊണ്ടുവരണമെന്നുണ്ടാകും. അങ്ങനെയാണ് മൂടിവെക്കപ്പെടുന്ന കാര്യങ്ങള്‍ പുറത്തുവരുന്നത്. വസ്തുത പുറത്തുകൊണ്ടുവന്നയാള്‍ക്ക് അയാളുടെതായ താത്പര്യം ഉണ്ടാകും. അത് മനസ്സിലാക്കേണ്ടതുമാണ്. അതെ സമയം അയാള്‍ക്ക്‌ സ്ഥാപിത താത്പര്യം
ഉണ്ടെന്നതുകൊണ്ട് വസ്തുത വസ്തുതയല്ലാതാകില്ല.

കെ said...

അങ്ങയോട് യോജിക്കുന്നു, ബിആര്‍പി.

പിണറായി വിജയന്റെ മകന് പഠിക്കാന്‍ ഇരുപതു ലക്ഷം രൂപ എവിടെ നിന്ന് എന്ന് ചോദിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. ആ പണത്തിന്റെ സ്ത്രോതസ് പിണറായി വെളിപ്പെടുത്താത്തിടത്തോളം കാലം അതില്‍ ദുരൂഹതയുമുണ്ട്.

വിവേക് പിണറായിയുടെ മാര്‍ക്ക് ലിസ്റ്റ് പരിശോധിച്ച് അയാള്‍ മിടുക്കനായിരുന്നോ അല്ലായിരുന്നോ എന്ന് വാദിച്ച് സമര്‍ത്ഥിക്കാം. ഇതെല്ലാം വാര്‍ത്തയുടെ നിര്‍വചനമനുസരിച്ച് തന്നെയാണ് മുന്നേറുന്നത്. തര്‍ക്കമില്ല.

അതേ ആവേശം മറുപക്ഷത്തോടും കാണിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചതേയുളളൂ.

കൂലിപ്പണിക്കാരന്റെയും ദളിതന്റെയും മക്കള്‍ പണമില്ലാത്തതു മൂലം ഉന്നത വിദ്യാഭ്യാസത്തിന്റെ പടി ചവിട്ടാന്‍ കഴിയാതെ നില്‍ക്കെ പിണറായിയുടെ മകന്‍ ഇംഗ്ലണ്ടില്‍ പഠിക്കുന്നതിന്റെ ധാര്‍മ്മികതയാണല്ലോ സാറാ ജോസഫിന് പിടി കിട്ടാത്തത്.

ആ യുക്തി പിന്തുടര്‍ന്നാല്‍ അച്യുതാനന്ദന്റെ മകള്‍ ആശ രാജീവ് ഗാന്ധി ബയോടെക്നോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലി ചെയ്യുന്നതിനെ എങ്ങനെ ന്യായീകരിക്കും? ലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ തൊഴില്‍ തെണ്ടിയലയുമ്പോള്‍ ഒരു വിപ്ലവകാരിയുടെ മകള്‍ വേണ്ടത്ര യോഗ്യതയില്ലാതെ ഉയര്‍ന്ന ശംബളത്തിന് സയന്റിസ്റ്റായി ജോലി ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കും?

ഏതോ ഒരു മിടുക്കന്റെയോ മിടുക്കിയുടെയോ അവസരമല്ലേ ആശയും അച്യുതാനന്ദനും ചേര്‍ന്ന് കവര്‍ന്നത്? ആശയുടെ മാര്‍ക്ക് ലിസ്റ്റും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. വിവേകിന് എസ്എല്‍സിസിയ്ക്കെങ്കിലും നല്ല മാര്‍ക്കുണ്ടായിരുന്നു. ആശയ്ക്കോ?

പിണറായിയുടെ പുത്രനോ പുത്രിയോ കേരളത്തില്‍ ആരുടെയും അവസരം കവര്‍ന്നിട്ടില്ല. എന്നാല്‍ വിഎസിന്റെ മക്കള്‍ അതു ചെയ്തിട്ടുണ്ട്. പറയുമ്പോള്‍ എല്ലാം പറയണ്ടേ. എല്ലാവരും പറഞ്ഞില്ലെങ്കിലും ആരെങ്കിലും പറയേണ്ടേ. താങ്കള്‍ അടക്കമുളളവരില്‍ നിന്നും അത്തരം ആര്‍ജവവും നിഷ്പക്ഷതയും പ്രതീക്ഷിക്കാമോ എന്നാണ് ചോദ്യം.

സിപിഎമ്മിന്റെ സമ്മേളനകാലങ്ങളില്‍ ഒരു ഗ്രൂപ്പിന്റെ മെഗാഫോണായി അധപതിക്കുന്നത് ഏത് സാറാ ജോസഫായാലും ന്യായീകരണമില്ല.

കെ said...

കേരളത്തില്‍ നിന്നും ബിറ്റിഎ ഡ്രിഗ്രിയെടുത്ത കുട്ടികള്‍ക്ക്‌ `നാടകം' ഉപജീവനമാര്‍ഗ്ഗമാക്കുക വളരെ വിഷമകരമാണ്‌. അതുകൊണ്ട്‌ പലരും സിനിമാപ്രവര്‍ത്തകരോ സീരിയല്‍ പ്രവര്‍ത്തകരോ ആയി മാറുന്നു. നാടകം എന്ന അതുല്യദൃശ്യകലയ്‌ക്ക്‌ ഇതുവഴി കനത്ത നഷ്‌ടം സംഭവിക്കുന്നുണ്ട്‌. എന്റെ മകന്‌ സിനിമാപ്രവര്‍ത്തകനാകാന്‍ താല്‌പര്യമുണ്ടായിരുന്നില്ല. നാടകത്തെപ്പറ്റി ഗവേഷണങ്ങളും പഠനങ്ങളും ഇന്റര്‍നാഷണല്‍ തലത്തില്‍ നടത്തുന്ന `ആദിശക്തി' എന്ന സ്ഥാപനത്തിലെ ആക്‌റ്റര്‍ ആയിട്ടാണ്‌ അവന്‍ പ്രവര്‍ത്തിക്കുന്നത്‌. ശമ്പളം 14,000 രൂപ.

ഉദ്ധരിച്ചത് സാറാ ജോസഫിന്റെ ജനശക്തി ലേഖനത്തില്‍ നിന്ന്. ഇഷ്ടമുളള വിഷയം പഠിക്കാനും ഇഷ്ടമുളള തൊഴില്‍ സ്വീകരിക്കാനും സാറാ ജോസഫിന്റെ മകന് ഭാഗ്യമുണ്ടായതില്‍ നാമും സന്തോഷിക്കണം.

കേരളത്തില്‍ നാടകം ഉപജീവനമാര്‍ഗമാക്കുക വളരെ വിഷമകരമാണെന്ന് കണ്ട് സാറാ ജോസഫിന്റെ മകന്‍ ആദിശക്തിയില്‍ ജോലി സ്വീകരിച്ചതോടെ കേരളത്തില്‍ നാടകം എന്ന അതുല്യ ദൃശ്യകലയ്ക്ക് നേരിട്ട നഷ്ടം നമുക്ക് തല്‍ക്കാലം മാറ്റി വെയ്ക്കാം.

ആദിശക്തി വിദേശപണം സ്വീകരിക്കുന്ന എന്‍ജിഒ ആണോ അല്ലയോ എന്ന ചോദ്യത്തില്‍ നിന്നും സാറാ ജോസഫ് ബുദ്ധിപൂര്‍വം ഒഴിഞ്ഞു മാറുന്നു. ഓര്‍ക്കുക, കേരളത്തില്‍ ഉപജീവനത്തിന് ബുദ്ധിമുട്ടേറിയ നാടകത്തെക്കുറിച്ച് ഇന്റര്‍നാഷണല്‍ തലത്തില്‍ ഗവേഷണങ്ങളും പഠനങ്ങളും നടത്തിയാല്‍ 14,000 രൂപ ശംബളം ലഭിക്കും. എന്‍ജിഒകള്‍ വര്‍ഗസമരത്തെ തുരങ്കം വയ്ക്കും എന്ന് പ്രചരിപ്പിക്കുന്ന അധിനിവേശ പ്രതിരോധ സമിതിയുടെ പ്രവര്‍ത്തകയുടെ മകന്‍ എന്‍ജിഒയുടെ ശംബളം വാങ്ങി ജോലി ചെയ്യുന്നത് ശരിയോ?

ആരാണ് ആദിശക്തിയ്ക്ക് ഫണ്ട് ചെയ്യുന്നതെന്ന് സാറാ ജോസഫ് അന്വേഷിച്ചിട്ടുണ്ടോ? ആദിശക്തി എന്നത് ജനശക്തിയെപ്പോലെ ആദര്‍ശാത്മക സോഷ്യലിസത്തില്‍ വിശ്വസിക്കുന്ന മറ്റൊരു ശക്തിയാണെങ്കില്‍ ആര്‍ക്കും എതിര്‍പ്പുണ്ടാവേണ്ട കാര്യമില്ല.