Wednesday, November 14, 2007

ജവഹര്‍ലാല്‍ നെഹ്രുവിനെ ഓര്‍ക്കുമ്പോള്‍

ജവഹര്‍ലാല്‍ നെഹ്രു മഹാത്മാ ഗാന്ധിയുമൊത്ത്
നാളെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം. ആദ്യ പ്രധാന മന്ത്രിയുടെ ഏറ്റവും വലിയ സംഭാവനയായി ഞാന്‍ കാണുന്നത് ജനാധിപത്യ വ്യവസ്ഥക്ക് ഉറച്ച അടിത്തറ ഇട്ടെന്നതാണ്. അദ്ദേഹത്തിന്‍റെ ജീവിതകാലത്ത് എനിക്ക് ഒരു പരാതി ഉണ്ടായിരുന്നു. അത് അദ്ദേഹം പാര്‍ട്ടിയിലും രാജ്യത്തും അദ്ദേഹത്തിനുള്ള വമ്പിച്ച സ്വാധീനം വേണ്ടപോലെ ഉപയോഗിക്കുന്നില്ല എന്നതായിരുന്നു. ആ സ്വാധീനം ഉപയോഗിച്ച് കു‌ടുതല്‍ വേഗത്തിലുള്ള പുരോഗതി നേടാനാകുമായിരുന്നെന്നു ഞാന്‍ കരുതി. അത് ശരിയല്ലെന്ന് പിന്നീട് ബോധ്യമായി. ഇന്ദിരാ ഗാന്ധിയുടെ അടിയന്തിരാവസ്ഥയാണ് അധികാരം വിവേകപു‌ര്‍വം ഉപയോഗിച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ എന്നെ സഹായിച്ചത്.
നെഹ്രു മകളെ പ്രധാന മന്ത്രിയാക്കാന്‍ ബോധപു‌ര്‍വം ശ്രമിച്ചെന്ന അഭിപ്രായം എനിക്കില്ല. അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് ഇന്ദിര കോണ്ഗ്രസ് പ്രസിഡണ്ട്‌ ആയെന്നത് നേരാണ്. അതിനെ ഇന്ദിരക്ക് രാഷ്ട്രീയത്തില്‍ ഇടം നേടിക്കൊടുക്കാനുള്ള നടപടിയായി കാണാവുന്നതാണ്. എന്നാല്‍ അതിനും എത്രയോ മുമ്പ് നെഹ്രു കോണ്ഗ്രസ് വിട്ടു സോഷ്യലിസ്റ്റ് പാര്‍ടി രൂപീകരിച്ച ജയപ്രകാശ് നാരായണനെ കോണ്‍ഗ്രസില്‍ തിരികെ കൊണ്ടു വരാന്‍ ശ്രമിച്ചിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിന്‍റെ നേതാവെന്ന നിലയില്‍ അന്ന് രാജ്യത്ത് ഏറ്റവും അധികം തിളങ്ങി നിന്നിരുന്ന യുവ നേതാവ് ജെ. പി. ആയിരുന്നു. ഇന്ദിരയെ തന്‍റെ പിന്‍ഗാമി ആക്കണമെന്ന ഉദ്ദേശ്യം നെഹ്രുവിനു ഉണ്ടായിരുന്നെങ്കില്‍ ജെ. പി. യെ പാര്‍ട്ടിയില്‍ തിരികെ കൊണ്ടുവരാന്‍ അദ്ദേഹം ശ്രമിക്കുമായിരുന്നോ?
ഞങ്ങള്‍ക്ക് പതിനഞ്ച് കൊല്ലം തരൂ, ഈ രാജ്യത്തെ വികസിത രാജ്യമാക്കാം -- അങ്ങനെ നെഹ്രു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുന്ട്ട്. അത്രയും കൊല്ലം അദ്ദേഹത്തിനു കിട്ടി. അതിനിടയില്‍ ഇന്ത്യ വികസിത രാജ്യമായില്ല. പക്ഷെ അതിനിടയില്‍ അത് ജനാധിപത്യ രാജ്യമായി. നെഹ്രു അദ്ദേഹത്തിന്‍റെ ജനസമ്മതിയുടെ ബലത്തില്‍ അധികാര പ്രമത്തത കാട്ടിയിരുന്നെങ്കില്‍ ഇന്നത്തെ അളവിലുള്ള ജനാധിപത്യം സാധ്യമാകുമായിരുന്നില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

4 comments:

ഭൂമിപുത്രി said...

വളര്‍ന്നുവന്ന കാ‍ലത്തു നെഹ്രു ഒരു ‘ഐക്കണ്‍’ആയിരുന്നു.സ്വന്തമായി പഠിയ്ക്കാന്‍ പറ്റിയിട്ടില്ല.
ഈ ചെറുകുറിപ്പിനു വളരെ നന്ദി!

Murali K Menon said...

ഇത് എനിക്കൊരറിവാണ്. നന്ദി

Padmakumar said...

നന്ദി

അഭിപ്രായം വളരെ ശരിയാണ്‌. വടി കൈയില്‍ കിട്ടിയാലുടന്‍ അടിക്കാന്‍ കാത്തിരിക്കുന്ന മഹാന്മാരെക്കൊണ്ട്‌ നിറഞ്ഞു പോയിരിക്കുന്നു ഇന്ന്‌ ഈ ലോകം.

വേണാടന്‍ said...

ജനാതിപത്യത്തെക്കുറിച്ചും ഇന്ത്യയുടെ ഭരണം ആരുടെ കൈകളില്‍ വരണം എന്നും ഉള്ള നെഹ്രുവിന്റെ കാഴ്ചപ്പാടു എത്ര മഹത്തരം.

“ഞങ്ങള്‍ക്ക് പതിനഞ്ച് കൊല്ലം തരൂ, ഈ രാജ്യത്തെ വികസിത രാജ്യമാക്കാം -- അങ്ങനെ നെഹ്രു പ്രസംഗിക്കുന്നത് ഞാന്‍ കേട്ടിട്ടുന്ട്ട്. അത്രയും കൊല്ലം അദ്ദേഹത്തിനു കിട്ടി. അതിനിടയില്‍ ഇന്ത്യ വികസിത രാജ്യമായില്ല.“ സാമ്പത്തീകമായി ഇന്ത്യ വികസിത രാജ്യമായില്ല, പക്ഷെ ജനാധിപത്യത്തീല്‍ ഇന്ത്യയെ നെഹ്രു തനിക്കു കിട്ടിയ പതിനഞ്ച് കൊല്ലം കൊണ്ടു ലോകത്തിലെ ഏറ്റവും വികസിതവും സുശക്തവുമായ രാജ്യമാക്കി മാറ്റി എന്നു നമുക്കു ചിന്തിച്ചു കൂടെ സാര്‍..അങ്ങിനെ ചാ‍ച്ചാനെഹ്രുവിന്റെ ജന്മദിനം അഭിമാനപൂവ്വം ഒരിക്കല്‍ കൂടി സ്മരിക്കാം