Thursday, November 8, 2007

കണ്ണൂരിലെ കത്തികള്‍

കണ്ണൂര്‍ വീണ്ടും കൊലക്കളമാകുന്നു. സി. പി. എമ്മും ആര്‍. എസ്. എസും തമ്മില്‍ അവിടെ വളരെക്കാലമായി നടന്നുവന്നിരുന്ന സംഘട്ടനങ്ങള്‍ ശമിച്ചെന്നു കരുതിയിരുന്നപ്പോഴാണ് വീണ്ടും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ടിവി ചര്‍ച്ചയില്‍ ഒരു എസ്. എഫ്. ഐ. നേതാവ് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായതുകൊണ്ട് സി. പി. എമ്മിനു അക്രമം കൊണ്ട് ഒന്നും നേടാനില്ല, നഷ്ടപ്പെടാനേയുള്ളു എന്ന് പറയുന്നത് കേട്ടു. ചെറിയ കക്ഷിയായ ബി. ജെ. പി. അക്രമത്തിലൂടെ വളരാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ സത്യമുണ്ടെന്നു എനിക്ക് തോന്നുന്നു. പക്ഷെ അത് പൂര്‍ണ സത്യമാണോ? വലിയ കക്ഷി സ്ഥാനം നിലനിര്‍ത്താന്‍ അക്രമം ഉപയോഗിക്കുന്ന സാദ്ധ്യത തള്ളിക്കളയാവുന്നതല്ല. എസ്. എഫ്. ഐ. നേതാവിന്‍റെ വാക്കുകളില്‍ മറ്റൊരു സത്യം ഒളിച്ചിരിപ്പുണ്ടെന്നും പറയാവുന്നതാണ്. അത് ഇന്നത്തെ വലിപ്പം ഇല്ലാതിരുന്ന കാലത്ത് സി. പി. എം അക്രമം നടത്തിയിരുന്നെന്നും അങ്ങനെയാണ് അത് വളര്‍ന്നതെന്നുമാണ്. പഴയതൊക്കെ ചിതഞ്ഞെടുക്കാന്‍ തുടങ്ങിയാല്‍ അവസാനമുണ്ടാവില്ല. സി. പി. എമ്മും ബി. ജെ. പി.യും അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമായ പാര്‍ട്ടികളാണ്. അവയ്ക്ക് കത്തിക്കുത്ത് ഉപേക്ഷിച്ച് ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കടമയുണ്ട്. ഓരൊ പാര്‍ട്ടിയും നല്ലപോലെ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പുവരുത്തേണ്ടത് അതിന്‍റെ അംഗങ്ങളാണ്. അവര്‍ അത് ചെയ്യാത്തതാണു പാര്‍ട്ടികളും നാടും നന്നാകാത്തത്.

6 comments:

namath said...

ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള ചേരിതിരിവും കുടുംബബന്ധങ്ങളെയും സ്വന്തം ജീവിതത്തേയും അപേക്ഷിച്ച് കൂടുതല്‍ വില പാര്‍ട്ടികള്‍ക്കു നല്‍കുന്ന സവിശേഷ സംസ്കാരവും നിലനില്‍ക്കുന്ന സ്ഥലങ്ങളാണ് കോഴിക്കോടിനു വടക്കുഭാഗത്തുള്ളത്. ആശയങ്ങളോടും ആദര്‍ശ സംഹിതകളോടുമുള്ള പ്രതിബദ്ധത അഡിക്ഷനും കഴിഞ്ഞ് എക്സന്‍ട്രിക് ലെവലിലെത്തുമ്പോള്‍ പ്രകോപനങ്ങളുടെ തീപ്പൊരി പാറാനും സംഘര്‍ഷമുണ്ടാകാനും എളുപ്പമാണ്. ചൂണ്ടിക്കാണിക്കാവുന്ന മറ്റൊരു സമാനത തമിഴ് നാട്ടിലെ രജനി അസ്സോസിയേഷനുകളാണ്. ഈ മാനസികാവസ്ഥ കൂറെയൊക്കെ ജനതികവും കുറെയൊക്കെ പ്രേരണാപരവും സാഹചര്യപരവുമാണ്.

നല്ല പോസ്റ്റുകള്‍ക്ക് നന്ദി.

കണ്ണൂരാന്‍ - KANNURAN said...

ടിവി ചര്‍ച്ചയില്‍ പറഞ്ഞത് ഡി.വൈ.എഫ്.ഐ പ്രസിഡണ്ട് എം.ബി.രാജേഷ് ആയിരുന്നു ഇങ്ങനെ പറഞ്ഞത്. കണ്ണൂരില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ സൂക്ഷമമായി പരിശോധിച്ചാല്‍ എല്ലാ അക്രമങ്ങളിലെയും ഒരു കക്ഷി സി.പി.എം. ആണെന്നു കാണാം, ആര്‍.എസ്.എസ്സുമായി മാത്രം നടക്കുന്ന സംഘട്ടനങ്ങള്‍ ഒഴിവാക്കിയാല്‍ പോലും. തലശ്ശേരിയില്‍ എന്‍.ഡി.എഫ്. പ്രവര്‍ത്തകന്‍ ഫസല്‍ കൊല്ലപ്പെട്ടപ്പോഴും, കക്കാട് പുല്ലൂപ്പിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടപ്പോഴും, കഴിഞ്ഞ 3 ദിവസങ്ങളില്‍ കെ.എസ്.യു.വിന്റെ 2 ഭാരവാഹികള്‍ക്ക് വെട്ടേറ്റപ്പോഴും പ്രതിസ്ഥാനത്ത് സി.പി.എം. വരുന്നതെന്തുകൊണ്ട്? എന്തു ന്യായീകരണമാണിതിനു നല്‍കാനുള്ളത്??

Murali K Menon said...

വാളെടുത്തവന്‍ വാളാല്‍....
വെട്ടിയും കൊന്നും ശീലിച്ച് അധികാരം കിട്ടിക്കഴിഞ്ഞപ്പോള്‍ ദാ അങ്ങോട്ട് നോക്കു, അവര്‍ അധികാരം പിടിച്ചടക്കാന്‍ അക്രമരാഷ്ട്രീയം കളിക്കുന്നു എന്ന് വിലപിക്കുന്നതില്‍ യാതൊരു കഴമ്പുമില്ല. പിന്നെ പൊതുജനങ്ങളേക്കാള്‍ വേഗം കൊലപാതക രാഷ്ട്രീയം അവര്‍ക്ക് മനസ്സിലാവും അതിന്റെ അപ്പോസ്തലന്മാരായിരുന്നതു കൊണ്ടും (ആയിരിക്കുന്നതുകൊണ്ടും)...

രാഷ്ട്രീയനേതാക്കളുടെ ബ്രെയിന്‍ വാഷിനടിമപ്പെടാത്ത ഒരു തലമുറ വളര്‍ന്നുവരുമ്പോളല്ലാതെ ഇതിനൊരറുതിയൂണ്ടാവുമെന്ന വിശ്വാസം എനിക്കില്ല. ഇതൊരു ശുഭാപ്തിവിശ്വാസമില്ലായ്മയല്ല എന്നുകൂടി പറഞ്ഞ് നിര്‍ത്തട്ടെ.

Anonymous said...

ഇന്നലെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന തെരഞെടുപ്പില്‍ നാല്പത് കോളേജുകളില്‍ എസ്.എഫ്.ഐ. വിജയിച്ചു എനും അതില്‍ ഇരുപത് കോളേജുകളില്‍ എതിരില്ലാതിരുന്നു എന്നും അവര്‍ തന്നെ പറഞ്ഞതായി ഇന്നത്തെ 'ദ ഹിന്ദു' പത്രത്തില്‍ വായിച്‍ചു.ഇരുപതു കോളേജുകളില്‍ ഉള്ള കുട്ടികള്‍ ഒരേ പോലെ ചിന്തിക്കുക അസാദ്ധ്യം. അതു കാണിക്കുന്നത് ഇവിടങളില്‍ രാഷ്ട്രീയമില്ല രാഷ്ട്രീയ പാര്ട്ടി മാത്രമേയുള്ളൂ എന്നാണ്‌. അതു പോലെ തന്നെ എസ്.എഫ്.ഐ പറയുന്ന സ്വാതന്ത്ര്യം, ജനാധിപത്യം, എന്നിവ മുദ്രാവാക്യങ്ങളിലും.

അതു പോലെ മറ്റോന്ന്‍.

കേരള യൂണിവേഴ്സിറ്റി യൂണിയന്‍ സമ്ഘടിപിച്ച 'മതവും രാഷ്ട്രീയവും' എന്ന പിണറായി വിജയന്റെ പ്രഭാഷണം. ആര്റ്₨ കോളേജില്‍ നടന്ന ഈ പരിപാടിയുടെ തത്സമയ സമ്പ്രേക്ഷണം ചാനലിലും വന്നു.

ഒരു വ്യവസ്ഥാപിത രാഷ്ട്രീയപ്പാര്ട്ടിയുടെ നേതാവു മാത്രമായ വിജയന്‌ എങിനെയാണ്‌ ഒരു കോളേജിലെ അദ്ധ്യയനം തടസ്സപ്പെടുത്തി പാര്ട്ടി നയം വിശദീകരിക്കാന്‍ അവരസം ഉണ്ടായത്?

BHASKAR said...

കണ്ണൂരാന്: ശരിയാണ്. ഡി. വൈ. എഫ്. ഐ. യുടെ എം. ബി. രാജേഷാണ് ടിവി ചര്‍ച്ചയില്‍ അത് പറഞ്ഞത്. തെറ്റ തിരുത്തിയതിനു നന്ദി.
മുരളി മേനോന്: അടിമത്വം ഇവിടെ വളരെ നാളായി നിലനില്ക്കുന്നു. യജമാനന്‍ മാറിയെന്നു മാത്രം. പണ്ടത് ജന്‍മി ആയിരുന്നു. ഇന്നത് പാര്‍ട്ടിയോ നേതാവോ ആണ്.
അദൃശ്യന്: ഇതൊക്കെ മാറുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. 1950 കളില്‍ ജപ്പാനിലെ zenkakuran എന്ന വിദ്യാര്‍ത്ഥി സംഘടന അവിടത്തെ തെരുവുകള്‍ ഭരിച്ചിരുന്നു. ഇന്നു അതിനെക്കുറിച്ച് കേള്‍ക്കാനില്ല.

മുക്കുവന്‍ said...

in our village we got a plant called Communist Pacha( aima pacha ennum parayum). Communist party is same as this. both does the same work. where ever they plant, they DESTROY the rest of the plants( parties ). party does that by sword/gun/media etc..