Thursday, November 29, 2007

"സ്ത്രീയവസ്ഥ കേരളത്തില്‍"

ചരിത്രാദ്ധ്യാപകനും നിരൂപകനുമായ ഡോ. എം. ഗംഗാധരന്‍റെ "സ്ത്രീയവസ്ഥ കേരളത്തില്‍" എന്ന പുസ്തകം തിരുവനന്തപുരത്ത് കേസരി സ്മാരക ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ച് പ്രശസ്ത കന്നട സാഹിത്യകാരനും മഹാത്മാ ഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലറുമായ ഡോ. യു. ആര്‍. അനന്തമൂര്‍ത്തി കഴിഞ്ഞ തിങ്കളാഴ്ച പ്രകാശനം ചെയ്തു. അദ്ദേഹത്തില്‍നിന്നു പുസ്തകം ഏറ്റുവാങ്ങിയത് ഞാനാണു. ബി. രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.

വളരെയധികം കാപട്യങ്ങള്‍ നിലനില്ക്കുന്ന ഒരു സമൂഹമാണ്‌ നമ്മുടേത്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് കാപട്യം വളരെ വ്യക്തമായി കാണാനാകും. അത് തുറന്നു കാട്ടുന്നു ഡോ. ഗംഗാധരന്‍.

അദ്ദേഹം എഴുതുന്നു: "കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം യാഥാസ്ഥിതികരും മൂ‌രാച്ചികളുമായ വിഭാഗത്തിന്‍റെ സദാചാരബോധമാണ് സ്ത്രീപുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്.... സ്ത്രീപുരുഷബന്ധങ്ങള്‍ കാപട്യമില്ലാത്തതും കൂടുതല്‍ പരസ്പരം പ്രചോദിപ്പിക്കുന്നതുമാവാതെ കേരളീയജിവിതത്തിന്‍റെ ഒരു തുറയിലും --- സാംസ്കാരികം, സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിലൊന്നും --- ഒരിഞ്ചു മുന്നോട്ടുനീങ്ങലുണ്ടാകില്ല."

ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും സ്വന്തം ജീവിതകഥ എഴുതിക്കൊണ്ട് ആ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ദുരിതങ്ങളിലേക്ക് ജനശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്ത നളിനി ജമീലയാണ് സ്ത്രീയവസ്തയെക്കുറിച്ച് ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നു ഡോ. ഗംഗാധരന്‍ പറയുന്നു. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് നളിനി ജമീലയ്ക്കാണ്.

സൈന്‍ ബുക്സ് (Sign Books), തിരുവനന്തപുരം 11 ആണ് പുസ്തകം പ്രസിദ്ധീകരിച്ചിട്ടുള്ളത്. വില 80 രൂപ.

16 comments:

anvari said...

പുസ്തകം വായിച്ചിട്ടില്ലെങ്കിലും, ഈ വിഷയത്തില്‍ ചില കാര്യങ്ങള്‍ പറഞ്ഞുവെക്കാന്‍ തോന്നുന്നു. കേരളത്തിലെ സ്ത്രീയെ, സ്ത്രീയുടെ അവസ്ഥയെ നിര്‍വചിക്കാന്‍ ആധുനിക മാധ്യമങ്ങള്‍ (മലയാളം ചാനലുകള്‍) ശ്രമിക്കുന്നത് ഒരു വളഞ്ഞ വഴിയിലൂടെയാണ്. കണ്ണീര്‍ പരമ്പരകള്‍ എന്നതിലുപരി, സ്ത്രീച്ചരക്കുകള്‍ വിപണനം ചെയ്യുന്ന പരസ്യപ്പരിപാടികളായും, സ്ത്രീകളെ സംശയരോഗികളായി പരിചയപ്പെടുത്തുന്ന പരിപാടികളായും ടി.വി പരമ്പരകള്‍ മാറിയിരുക്കുന്നു. ഏതെങ്കിലും ഒരു സീരിയല്‍ സ്ത്രീ ശാക്തീകരണത്തിന് വഴി വെച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരുക്കുന്നു. ഒരു വാര്‍ത്താചാനലില്‍ വയനാട്ടിലെ ആദിവാസി ഹോസ്റ്‍റലില്‍ നടന്ന പീഢനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, സാധാരണ ചെയ്യാറുള്ളത് പോലെ മുഖം അവ്യക്തമാക്കിയില്ല. കൂടാതെ, എന്താണ് അവര്‍ക്ക് നേരിടേണ്ടി വന്നതെന്ന്, പച്ചക്ക് അവരെക്കൊണ്ട് തന്നെ പറയിപ്പിക്കുകയും ചെയ്തു. കൂടുതല്‍ ഫലപ്രദമായി ജനങ്ങളെ ഉല്‍ബുദ്ധരാക്കാന്‍ കഴിയുന്ന ചാനലുകള്‍ തന്നെ ഇങ്ങനെയാണെങ്കില്‍ നമ്മുടെ സ്ത്രീകളുടെ അവസ്ഥ ഇതില്‍ കൂടുതല്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാമോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

oru pusthakam parayunnathu maathramaano sathyam???

BHASKAR said...

anvariക്ക്: ചാനലുകളുടെ പ്രവര്‍ത്തനത്തില്‍ പല പ്രശ്നങ്ങളും ഉണ്ട്. വാര്‍ത്താരംഗത്ത് ഇപ്പോള്‍ സ്ത്രീസാന്നിധ്യം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുന്ന തലങ്ങളില്‍ സ്ത്രീകള്‍ എത്തിയിട്ടില്ല. നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ള സ്ത്രീകള്‍ തടസ്സങ്ങങ്ങള്‍ നേരിട്ടുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ തടസ്സങ്ങള്‍ കാരണം പിന്‍വാങ്ങിയിട്ടുമുണ്ട്. കാലക്രമത്തില്‍ സ്ഥിതി മാറുമെന്നും പുരുഷാധിപത്യത്തിന്‍റെ ഫലമായുള്ള പ്രശ്നങ്ങള്‍ കുറയുമെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്നാല്‍ വാര്‍ത്താരംഗത്തിനു പുറത്ത് ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ കാലം എടുക്കുമെന്ന് തോന്നുന്നു. അവിടെ പുരുഷാധിപത്യത്തെ വെല്ലുവിളിക്കാനാകുംവിധത്തില്‍ സ്ത്രീസാന്നിധ്യം ശക്തിപ്പെടുന്നതിന്‍റെ ലക്ഷണമൊന്നും കാണുന്നില്ല.

പ്രിയ ഉണ്ണികൃഷ്ണന്: ഒരു പുസ്തകമോ ഒരു വ്യക്തിയോ ഒരു പ്രസ്ഥാനമോ പറയുന്നത് മാത്രമാണ് സത്യം എന്ന് ഒരാള്‍ തീരുമാനിക്കുമ്പോള്‍ ആ ആള്‍ മാനസികമായ അടിമത്വം സ്വീകരിച്ചെന്നു കരുതണം.

സജീവ് കടവനാട് said...

പുസ്തകം വായിച്ചിട്ടില്ല. പുസ്തകത്തെകുറിച്ച് അതുകൊണ്ടുതന്നെ ഒന്നും പറയുന്നില്ല.
"കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം യാഥാസ്ഥിതികരും മൂ‌രാച്ചികളുമായ വിഭാഗത്തിന്‍റെ സദാചാരബോധമാണ് സ്ത്രീപുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്.... സ്ത്രീപുരുഷബന്ധങ്ങള്‍ കാപട്യമില്ലാത്തതും കൂടുതല്‍ പരസ്പരം പ്രചോദിപ്പിക്കുന്നതുമാവാതെ കേരളീയജിവിതത്തിന്‍റെ ഒരു തുറയിലും --- സാംസ്കാരികം, സാമൂഹ്യം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയിലൊന്നും --- ഒരിഞ്ചു മുന്നോട്ടുനീങ്ങലുണ്ടാകില്ല." എന്ന് പൂസ്തകത്തില്‍ എഴുതിവക്കാന്‍, സ്ത്രീ അവസ്ഥയെ മനസിലാക്കാന്‍ നളിനിജമീലയുടെ പുസ്തകം വായിക്കേണ്ടിവന്നു എന്ന് പറയുമ്പോള്‍ സാംസ്കാരികകേരളമേ കഷ്ടമെന്നെല്ലാതെന്തു പറയേണ്ടൂ.

അനു said...

സ്ത്രീയോടുള്ള സമീപനം മെച്ചപ്പെടുന്നതിലൂടെ കേരളത്തിന്‍റെ വിവിധ രംഗങ്ങളില്‍ പുരോഗതിയുണ്ടാകും എന്നു നമുക്കു കരുതാം. പക്ഷെ അതില്‍ നളിനി ജമീലയുടെ പ്രസക്തി എന്താണ്. പടുകുഴിയില്‍ വീണുപോയിട്ടും കരകയറുകയും ആ വിഭാഗത്തെ സംഘടിപ്പിക്കുകയും ഒരു പുസ്തകമെഴുതുകയും ഇത്രയും സംസാരവിഷയമാകുകയും ഒക്കെ ചെയ്യാന്‍ അവര്‍ക്കു കഴിഞ്ഞു.

പക്ഷേ അഴുക്കുചാലില്‍നിന്ന് ഇവരെ കരകയറ്റാനും പുനരധിവസിപ്പിക്കാനും ശ്രമിക്കുന്നതിനു പകരം ‘ലൈംഗിക തൊഴിലാളി’ എന്ന അംഗീകാരം വേണമെന്നും തന്‍റെ മകള്‍ ആ ‘തൊഴിലി’ന് ഇറങ്ങിയാല്‍ പോലും പ്രോത്സാഹിപ്പിക്കുകയേ ഉള്ളു എന്നും പറയുന്ന നളിനി ജമീല കേരളത്തില്‍ എന്തു ചെയ്യാനാണ്.

ഒരു നോട്ടം കൊണ്ടുപോലും ഒരു സ്ത്രീ മുറിപ്പെടരുതെന്ന് ആഗ്രഹിക്കുന്നതിനു പകരം ഒരാല്‍ കൂടി അതില്‍ വന്നുപെടണമെന്നും അതൊരു തൊഴിലായി അവര്‍ തൊഴിലാളിയായി എല്ലാവരും ചേര്‍ന്നൊരു സംഘടനയായി..അങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍ എന്ത് കുഴപമില്ലേ. അവരെയിങ്ങനെ ആവശ്യമില്ലാത്തയിടത്തൊക്കെ എടുത്തുപറഞ്ഞ് പുകഴ്ത്താന്‍ എന്തിരിക്കുന്നു...

എന്തായാലും അന്യപുരുഷന്‍ കാമാസക്തിയോടെ സമീപിക്കുമ്പോള്‍ മനസ്സുമുറിയാതെ അതൊരു തൊഴിലായി മാത്രം കാണാന്‍ ആ പാവങ്ങള്‍ക്ക് കഴിയുമോ. ഗതികേടോ സാഹചര്യങ്ങളോ കൊണ്ടെത്തിക്കുന്ന വഴികളല്ലേ അത്. മനസ്സും ശരീരവും മുറിഞ്ഞ് മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ട് തെരുവിന്‍റെ മൂലയില്‍ ഒരു പ്രഭാതത്തില്‍ മരിച്ചു കിടക്കും. അല്ലെങ്കില്‍ കാശുകൊടുക്കാനില്ലാത്തവന്‍ കഴുത്തുഞെരിച്ചുകൊന്ന് കടന്നുപോകും. എന്നിട്ടും പ്രോത്സാഹിപ്പിക്കണോ ഇതൊക്കെ.

ഭൂമിപുത്രി said...

പെണ്മലയാളപ്പെരുമ പഴങ്കഥയായെന്ന് പറഞ്ഞു കേള്‍കാറുണ്ട്.ശരിക്കും അത്രക്കൊക്കെ കേമമായിരുന്നോ പണ്ടത്തെ അവസ്ഥ?
മാതൃദായക്രമത്തില്‍,പറയത്തക്ക അധികാരമൊന്നും സ്ത്രിക്കന്നും ഇല്ലായിരുന്നു എന്നതാണു സത്യം.
തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം വീട്ടിലെ മൂതിര്‍ന്നപൂരുഷനു തന്നെയായിരുന്നു.
എങ്കില്‍പ്പോലും പെണ്‍സന്തതിക്കൊരു മൂല്ല്യമുണ്ടായിരുന്നു.ജനിച്ചുവളറ്ന്ന വീടിന്റെ സുരക്ഷിതത്വം വിവാഹശേഷവും അവള്‍ക്കുണ്ടായിരുന്നു.
അപ്പോഴും മരുമക്കത്തായത്തിന്റെ അസ്വഭാവികത-മക്കള്‍ക്കുപകരം മരുമക്കളെ പോറ്റുകയെന്നതു-വലീയ അസന്തുലിതാവസ്ഥകള്‍ക്കു വഴിവെച്ചുകാണണം.
ഏതായാലും മക്കത്തായത്തിലേക്കുള്ള ചുവടുമാറ്റം,
കേരളീയസമൂഹത്തില്‍ സ്ത്രീയുടെമൂല്ല്യം ഇടിച്ചു എന്നതും മറ്റൊരു സത്യം മാത്രം!
പെണ്‍കുട്ടികള്‍ ഭാരമാണെന്നും,കല്ല്യാണം കഴിപ്പിച്ചു പറഞ്ഞുവിടാന്‍ മാത്രമേ കൊള്ളുകയുള്ളുവെന്നും,കല്ല്യാണച്ചെലവും സ്ത്രിധനവും കണ്ടെത്താനുള്ളതുകൊണ്ട്,
പെണ്‍കുഞ്ഞുങ്ങള്‍ ജനിക്കാതിരിക്കുകയാണു അഭികാമ്യം എന്നുമൊക്കെ,മറ്റു സംസ്ഥാനങ്ങളീലുള്ളവരെപ്പോലെ,മലയാളിയും ചിന്തിച്ചുതുടങ്ങി.
ആണ്‍-പെണ്‍ അനുപാതം ഉടനെയൊന്നും ആക്കഥ വിളിച്ചുപറഞ്ഞില്ലെങ്കിലും,ഒരു 10-15 വറ്ഷങ്ങള്‍ക്കുള്ളില്‍ അതു വെളിവാകും-
ആറുവയസ്സിനു താഴെയുള്ളവരുടെ കണക്കെടുക്കുമ്പോള്‍,പെണ്‍ക്കുട്ടികള്‍ കുറയുന്നു എന്നതാണ്‍ അപകടസൂചന.
ഇതൊരു വശംമാത്രം.
എഴുതിത്തുടങ്ങിയാല്‍ കേരളത്തിലെ പെണ്ണവസ്ഥ
പേജുകളോളം നീളും...

കിരണ്‍ തോമസ് തോമ്പില്‍ said...


"കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം യാഥാസ്ഥിതികരും മൂ‌രാച്ചികളുമായ വിഭാഗത്തിന്‍റെ സദാചാരബോധമാണ് സ്ത്രീപുരുഷബന്ധത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്നത്....

ഈ വാക്യത്തിന്റെ അര്‍ത്ഥം വ്യക്തമായി മനസ്സിലാകുന്നില്ല. മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ കമ്യൂണിസം എന്ന പ്രത്യേശാസ്ത്രം യാഥാസ്ഥികരും മൂരാച്ചികളുടെയു സദാചാര ബോധമാണ്‌ സ്ത്രീപുരുഷ ബന്ധത്തിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത്‌ എന്നാണോ. കേരളത്തില്‍ മാത്രമാണോ അതോ ലോകം മുഴുവനും മാര്‍ക്സിസ്റ്റ്‌ ലെനിനിസ്റ്റ്‌ കമ്യൂണിസം അങ്ങനെയാണോ സ്ത്രീപുരുഷ ബന്ധത്തെക്കാണുന്നത്‌ എന്നാണോ ?

Murali K Menon said...

സ്ത്രീയുടെ അവസ്ഥയെക്കുറിച്ച് പുരുഷന്മാര്‍ കൂടുതല്‍ സംസാരിക്കുകയും സ്ത്രീകള്‍ കുറച്ച് സംസാരിക്കുകയും ചെയ്യുന്നു. പുരുഷന്മാര്‍ ഉപരിപ്ലവമായാണ് പലതും പറയുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇങ്ങനെയെങ്കില്‍ അങ്ങനെയാകാം എന്നുള്ളത് വെറും തിയറിയായിരിക്കും. കാര്യങ്ങള്‍ സ്ത്രീകള്‍ പറയട്ടെ എന്നാണ് ഇതിനെപറ്റി എനിക്ക് പറയാനുള്ളത്. കൂടുതല്‍ സ്ത്രീകള്‍ ഇതിനെക്കുറിച്ച് കാര്യമായ് സംസാരിക്കുമ്പോഴേ അതിന്റെ അവസ്ഥയെക്കുറിച്ച് കൃത്യമായ് പുരുഷന്‍ മനസ്സിലാക്കുകയും അതിനൊരു നിവാരണത്തിന് ആത്മാര്‍ത്ഥമായ് ശ്രമിക്കാന്‍ കഴിയുകയും ചെയ്യുകയുള്ളു.

BHASKAR said...

സ്ത്രീ അവസ്ഥയെ മനസിലാക്കാന്‍ നളിനിജമീലയുടെ പുസ്തകം വായിക്കേണ്ടിവന്നത് കിനാവിനെ അസ്വസ്ഥനാക്കുന്നു. നളിനി ജമീലയുടെ പ്രസക്തി എന്താണെന്നു അമ്പിളി ശിവന്‍ ചോദിക്കുന്നു. ഈ ചോദ്യത്തിനുള്ള ഉത്തരം അമ്പിളിയുടെ പ്രതികരണത്തില്‍ തന്നെയില്ലേ? സമൂഹം അഭിമുഖീകരിക്കാന്‍ കൂട്ടാക്കാഞ്ഞ പ്രശ്നം സംസാരവിഷയമാക്കാന്‍ കഴിഞ്ഞതും ഡോ. ഗംഗാധരനെപ്പോലുള്ള ഒരാളെ സ്ത്രീയവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കാന്‍ കഴിഞ്ഞതും നളിനി ജമീലക്ക് മറ്റു ലൈംഗികത്തൊഴിലാളികള്‍ക്കില്ലാത്ത പ്രസക്തി നല്‍കുന്നുവെന്നാണ്‌ എന്‍റെ അഭിപ്രായം.
അമ്പിളി ചൂണ്ടിക്കാണിക്കുന്നതുപോലെ ഗതികേടോ സാഹചര്യങ്ങളോ ആവും ഒരു സ്ത്രീയെ ലൈംഗികത്തൊഴിലില്‍ കൊണ്ടെത്തിക്കുന്നത്. പലരും ശരീരം വില്കുന്നത് വില്‍ക്കാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടുകൂടിയാവാം.

സജീവ് കടവനാട് said...

നളിനി ജമീലയുടെ പുസ്തകം വിറ്റു തീര്‍ന്നതും ‘ വില്‍ക്കാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടുകൂടിയാണെന്നൊരു അര്‍ഥംകൂടിവന്നാല്‍...’

BHASKAR said...

മാതൃദായക്രമവും അടിസ്ഥാനപരമായി പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായിരുന്നെന്ന ഭൂമിപുത്രിയുടെ നിരീക്ഷണത്തോട് യോജിക്കുന്നു. കേന്ദ്ര കഥാപാത്രം അച്ഛന്‍ ആയിരുന്നില്ല, അമ്മാവന്‍ ആയിരുന്നെന്ന് മാത്രം. അതെസമയം സ്വത്തിന്‍റെ കൈമാറ്റം സ്ത്രീയില്‍കൂടി ആയിരുന്നതുകൊണ്ട് സ്ത്രീക്ക് കുടുംബത്തിനുള്ളില്‍ കൂടുതല്‍ ഉയര്‍ന്ന പദവി ലഭിച്ചിരുന്നെന്നു കാണാം. തകഴി കയറില്‍ വരച്ചുകാട്ടിയിട്ടുള്ള ചിത്രം ശരിയാണെങ്കില്‍ സ്വന്തം ശരീരത്തിന്‍റെമേല്‍ സ്ത്രീക്ക് കൂടുതല്‍ അവകാശം ആ വ്യവസ്ഥ അനുവദിച്ചിരുന്നു. മക്കത്തായത്തിലേക്കുള്ള മാറ്റം അനിവാര്യമായിരുന്നുവെന്നു പറയാം. പക്ഷെ അമ്മാവനെ മാറ്റി അച്ഛനെ സ്ഥാപിച്ചപ്പോള്‍ സ്ത്രീക്കുണ്ടായിരുന്ന മെച്ചപ്പെട്ട അവസ്ഥ ഇല്ലാതാക്കേണ്ട ആവശ്യം ഉണ്ടായിരുന്നോ?
കിരണ്‍ തോമസ് തോമ്പിലിനു വേണ്ടി ഡോ. ഗംഗാധരന്‍റെ വാക്കുകള്‍ വ്യാഖ്യാനിക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. പക്ഷെ ചില വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു. റഷ്യയിലും ചൈനയിലുമൊക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ എല്ലാ സ്തീകള്‍ക്കും പണി കൊടുക്കുകയും ലൈംഗികത്തൊഴില്‍ ഇല്ലാതാകുകയും ചെയ്തു. കമ്മ്യൂണിസം പരാജയപ്പെട്ടപ്പോള്‍ റഷ്യയിലും മാര്‍ക്കറ്റ് ഇക്കോണമി വന്നശേഷം ചൈനയിലും ലൈംഗികത്തൊഴിലാളികള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. അര്‍ദ്ധരാത്രി ഉറങ്ങിക്കിടക്കുംപോള്‍ ഹോട്ടല്‍ മുറിയുടെ ബെല്ലടിച്ച് വിളിച്ചുണര്‍ത്തി 'എന്നെ വേണോ?' എന്ന് ഒരു സ്ത്രീ ചോദിക്കുന്ന അനുഭവം എനിക്കുണ്ടായത് ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ മാത്രം -- പോളണ്ടില്‍. കമ്മ്യൂണിസ്റ്റ് ഭരണം തകര്‍ന്നു കൊണ്ടിരിക്കുന്ന കാലം. രാജ്യത്ത് കടുത്ത ദാരിദ്ര്യം. സ്ത്രീകള്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക്‌ കൈക്കൂലി കൊടുത്തു അകത്തു കടന്നു സ്വയം വില്‍ക്കുകയായിരുന്നു.
സ്ത്രീയവസ്ഥയെക്കുറിച്ച് സ്ത്രീകള്‍ കൂടുതലായി സംസാരിക്കണമെന്ന മുരളി മേനോന്‍റെ അഭിപ്രായത്തോട് യോജിക്കുന്നു.

ഭൂമിപുത്രി said...

നളിനി ജമീലയുടെ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍,എനിക്കു തോന്നിയതു ഓരോ പുരുഷനും സ്ത്രീയും അതു വായിച്ചിരിക്കേണ്ടതാണ്‍ എന്നാണ്‍-ശരീരംവിറ്റു ജീവിക്കുന്നവരെ തികഞ്ഞ അവജ്ഞയോടെ കാണാനാണു നമ്മള്‍ ശീലിച്ചിരിക്കുന്നത്.ഇവരിലെ മഹാഭൂരിപക്ഷവും (ആറ്ഭാടജീവിതത്തിനുവേണ്ടി ഈ തൊഴില്‍ സ്വീകരിച്ചിരിക്കാവുന്ന ഒരു ചെറിയവിഭാഗമുണ്ടാ‍കാം)പലസാഹചര്യങ്ങളിലപ്പെട്ട്
ഇതില്‍ വന്നെത്തുകയാണു സംഭവിക്കുന്നതു.
ഒരു സമൂഹത്തിന്റെ എല്ലാ perversions ഉം ഏറ്റുവാങ്ങാന്‍ ഇങ്ങിനെയൊരു കൂട്ടരുള്ളതുകൊണ്ടല്ലെ,നമ്മുടെയൊക്കെ വീടുകളിലെ സ്ത്രികള്‍ക്കു സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പറ്റുന്നതു എന്നാലോചിച്ചുപോയി ആപുസ്തകം വായിച്ചുകഴിഞ്ഞപ്പോള്‍.‍
ഒരു കണക്കില്‍,നമ്മളവരോട് നന്ദിയുണ്ടായിരിക്കേണ്ടവരാണ്.
അതുകൊണ്ടൊക്കെയാകുമോയെന്തോ പണ്ടത്തെ
വിക്രമാദിത്ത്യന്‍ കഥകളില്‍ പേശാമടന്തക്കൊക്കെ വളരെ മാന്യമായ സ്ഥാനം നല്‍കിയിരുന്നതു.
ദേവദാസികളെന്ന പേരുനല്കിയതും ഇങ്ങിനെ ആദരിക്കാനായീരുന്നൊ?

മരുമക്കത്തായത്തില്‍ നിന്നു മക്കത്തായത്തിലെക്കു
മാറിയപ്പോള്‍,അതു പടിഞ്ഞാറന്‍ സംസ്കാരത്തിന്റെ അന്ധമായ ഒരനുകരണമായി നടപ്പില്‍ വരുത്തുകയായിരുന്നോ?
നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതകളുള്‍ക്കൊണ്ട്
അതിനനുസൃതമായ ഒരു മാറ്റമായിരുന്നില്ലേ വേണ്ടതു?
അങ്ങിനെയായിരുന്നെങ്കില്‍,കേരളീയസമൂഹത്തില്‍
സ്ത്രിക്കുണ്ടായിരുന്നമൂല്ല്യം കുറേയൊക്കെ കാത്തുസൂക്ഷിക്കാമായിരുന്നില്ലെ?
ഒരുപക്ഷെ,പെണ്മക്കളുടെ സ്നേഹംനിറഞ്ഞ സംരക്ഷണയിലുംശുശ്രൂഷയിലും കഴിയാന്‍ സാധിക്കുമായിരുന്ന ഒട്ടേറെവൃദ്ധരുടെ സ്വസ്ഥജിവിതവും അതിനൊപ്പം നഷ്ടമാകുകയായിരുന്നു.
മനസ്സൂകൊണ്ട് സ്വന്തം അഛനേയുംഅമ്മയെയും
നോക്കാന്‍ ആഗ്രഹിക്കുകയും,കടമയെന്ന നിലക്കു
ഭറ്ത്താവിന്റെ മാതാപിതാക്കളെ നോക്കാന്‍ നിറ്ബ്ബന്ധിതരാകുകയും ചെയ്യുന്ന എത്രയോപേരുണ്ട്.
അന്തിമവിശകലനത്തില്‍,ഒരു Patriarchal സമൂഹം നിലകൊള്ളുന്നതുകൊണ്ട്,അപ്പോള്‍ ആറ്ക്കാണു ഗുണം?

Unknown said...

(1) 'സ്ത്രീയവസ്ഥ കേരളത്തില്‍‘ എന്ന തലക്കെട്ട്‌.
(2) ‘സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നിടത്ത് കാപട്യം വളരെ വ്യക്തമായി കാണാനാകും’ എന്ന വാചകം.
(3) ‘കേരളത്തിലെ ചെറുപ്പക്കാരുടെമേല്‍ ആധിപത്യമുള്ള പ്രത്യയശാസ്ത്രമായിത്തീര്‍ന്നിട്ടുള്ള മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കമ്മ്യൂണിസം...’ എന്നു തുടങ്ങുന്ന ഉദ്ധരണി.

ഈ മൂന്നു കാര്യങ്ങളും ശ്രദ്ധിച്ചപ്പോള്‍, ഈയൊരു സംഭവത്തെ കേരള സമൂഹം കൈകാര്യം ചെയ്തതിലെ കാപട്യങ്ങളും ഓര്‍മ്മ വന്നു. സ്ത്രീ പുരുഷബന്ധങ്ങളിലെ കാപട്യവും സദാചാരബോധവുമൊക്കെ സംബന്ധിച്ച തലത്തിലുള്ള ചിന്തകള്‍ മാത്രമാണ് ഗംഗാധരന്‍ മാഷിന്റെ പുസ്തകത്തിലുള്ളതെങ്കില്‍, ഇത്തരം സംഭവങ്ങള്‍ വിഷയപരിധിക്കു പുറത്താണെന്നു തോന്നുന്നു. എന്നാല്‍, പൊതുവിലുള്ള സ്ത്രീയവസ്ഥയേപ്പറ്റി ചിന്തിക്കാനിഷ്ടമുള്ളവര്‍ക്ക്‌ അവഗണിക്കാനാവാത്തൊരു സംഭവം തന്നെയാണത്‌.

BHASKAR said...

കിനാവ് എഴുതുന്നു: "നളിനി ജമീലയുടെ പുസ്തകം വിറ്റു തീര്‍ന്നതും ‘ വില്‍ക്കാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടുകൂടിയാണെന്നൊരു അര്‍ഥംകൂടിവന്നാല്‍...’" വില്പനക്ക് വെച്ചിരിക്കുന്നത് പുസ്തകമായാലും ശരീരമായാലും വിറ്റുപോകണമെങ്കില്‍ വാങ്ങാന്‍ ആളുണ്ടാകണം. ഈ കൊടുക്കല്‍ വാങ്ങലില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ടു കക്ഷികള്‍ക്കും ഒരുപോലെ ബാധകമായ ഒരു സദാചാര സംഹിത നമുക്കുണ്ടോ?
കാപട്യത്തിന്‍റെ മറ്റൊരു ഉദാഹരണം ചൂണ്ടിക്കാണിച്ച കാണാപ്പുറത്തിന് നന്ദി.

അനു said...

ചുവന്ന തെരുവുകള്‍ നിയമവിധേയമായാല്‍ നമുക്കൊക്കെ വീടിനുള്ളില്‍ സ്വസ്ഥമായുറങ്ങാം എന്ന ധാരണ തെറ്റാണു ഭൂമിപുതി. മുംബൈ നഗരത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഒന്നും നടക്കുന്നില്ലെന്നു താങ്കള്‍ വിശ്വസിക്കുന്നുണ്ടോ.

മാസം 1500-2000 രൂപ നാട്ടിലേക്ക് അയച്ച് അന്യനാട്ടിലെ കമ്പനികള്‍ ജോലി ചെയ്യുന്നുവെന്ന് അച്ഛനമ്മമാര്‍ സമാധാനിക്കുമ്പോഴും അവിടെ ഉരുകിത്തീരുന്ന മലയാളി പെണ്‍കുട്ടികള്‍ എത്രയുണ്ടെന്ന് താങ്കള്‍ക്കറിയുമോ. ചെമ്മീന്‍ കമ്പനി, നെയ്ത്തുശാല, വസ്ത്രനിര്‍മ്മാണം എന്നിങ്ങനെയുള്ള ന്യായങ്ങള്‍ നിരത്തി ഏജന്‍റുമാര്‍ ‘രക്ഷിക്കുന്ന’ ഈ പെണ്‍കുട്ടികളാണോ നമ്മുടെയൊക്കെ മാനം രക്ഷിക്കേണ്ടത്.

ആലപ്പുഴയിലെ തീരപ്രദേശങ്ങളില്‍, പത്തനംതിട്ടയിലെ മണിയാര്‍, സീതത്തോട്, ചിറ്റാര്‍ പ്രദേശങ്ങളില്‍, വയനാട്ടിലെ വനയോരമേഖലകളില്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഇത്തരത്തില്‍ കടത്തിക്കൊണ്ടുപോകപ്പെട്ട എത്രയോ പെണ്‍കുട്ടികള്‍ ഉണ്ടെന്നറിയുമോ. ചുവന്നതെരുവു സംസ്കാരത്തിന്‍റെ ഇരകളാണവര്‍.

പേശാമടന്തയേയും വാസവദത്തയേയുമൊക്കെ അര്‍ഹിക്കുന്ന പ്രധാന്യം നല്‍കി ആദരിക്കുന്നൊരു സംസ്കാരം നിലനിന്ന കാലം കഴിഞ്ഞുപോയില്ലേ. കിടപ്പറയില്‍ സ്വന്തം ഭര്‍ത്താവില്‍ നിന്നുപോലും മാന്യമായ പെരുമാറ്റം നമ്മുടെ നാട്ടിലെ 30 ശതമാനം സ്ത്രീകള്‍ക്കും ലഭിക്കുന്നില്ലെന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. അപ്പോള്‍ എന്താകും ഇവരുടെ സ്ഥിതി.

ഞാന്‍ അവര്‍ക്കുവേണ്ടി വാദിക്കും. ഒന്നിലധികം തവണ വില്‍ക്കാന്‍ കഴിയുന്ന ഒരേയൊരു സാധനം ഈ ശരീരമാണ് എന്നതുകൊണ്ടു മാത്രം അതു വില്‍ക്കുന്ന ഒരു വിഭാഗം, അവര്‍ക്കു വില്‍ക്കാന്‍ മറ്റെന്തെങ്കിലും ഒക്കെ ഉണ്ടാകുന്ന തരത്തില്‍ അവരെ പുനരധിവസിപ്പിക്കാന്‍ പറ്റില്ലേ നമുക്ക്. ഈ രാഷ്ട്രീയക്കാര്‍ കൈയ്യിട്ടുവാരുന്നതിന്‍റെ നാലിലൊന്നു മതിയാവില്ലെ അതിന്.

ഭൂമിപുത്രി said...

ഞാനെഴുതിയത് വ്യക്തമായില്ലെന്നു തോന്നുന്നു അമ്പിളിശിവനു.
ഈ നീര്‍ഭാഗ്യജീവിതങ്ങളെ അറപ്പോടെകാണുന്നവര്‍,സത്യത്തില്‍ അവരെ ആദരിക്കേണ്ടതാണെന്നു പറഞ്ഞതു ഈ തൊഴില്‍
glorify ചെയ്യണമെന്ന അര്‍ത്ഥത്തിലല്ല.
അവരറിയാതെ തന്നെ ഒരു സമൂഹമൊട്ടാകെ,അവരുടെ ‘സേവനം’ഉപയോഗിക്കുന്നവരാണു എന്ന് അടിവരയിടുകയായിരുന്നു.