Monday, November 19, 2007

ദലിത് ആദിവാസി വിഭാഗങ്ങളുടെ ഭൂസമരങ്ങള്‍

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ദലിതരും ആദിവാസികളും മറ്റ് ദുര്‍ബല വിഭാഗങ്ങളില്‍ പെട്ടവരുമായ ഭൂരഹിതര്‍ ഭൂമിക്കു വേണ്ടിയുള്ള സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ്. മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ ഈ സമരങ്ങളില്‍ മതിയായ താല്‍പര്യം എടുത്തു കാണുന്നില്ല. മാധ്യമങ്ങളും അവയെ ഏറെക്കുറെ അവഗണിക്കുകയാണ്.

മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഒരു രണ്ടാം ഭൂപരിഷ്കരണം എന്ന ആശയം മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനായി വ്യക്തമായ ഒരു പരിപാടിയും തയ്യാറാക്കിയിട്ടില്ല. എല്ലാ സര്‍ക്കാരുകളും ഭൂരഹിതര്‍ക്ക് മിച്ച ഭൂമി വിതരണം നല്‍കുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ വരുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പൂര്‍ണമായി പാലിക്കപ്പെടാതെ പോകുന്നു.

ഒരു പിന്നാക്ക സംസ്ഥാനമായ ഉത്തര പ്രദേശില്‍ ദലിതര്‍ക്കിടയില്‍ കേരളത്തില്‍ ഉള്ളത്ര ഭൂരഹിതരില്ലെന്നത് ശ്രദ്ധിക്കപ്പെടെണ്ടതാണ്.

ഷാര്‍ജയിലെ
Gulf Today എന്ന ഇംഗ്ലീഷ് പത്രത്തില്‍ ഈ വിഷയത്തില്‍ ഞാന്‍ എഴുതിയ ലേഖനം Kerala Letter ബ്ലോഗില്‍ കാണാവുന്നതാണ്.

6 comments:

Kalesh Kumar said...

Great feeling!!!
Good to see you sir at the malayalam blogging arena. Sorry I am writing in English....

Welcome to the world of Malayalam Blogging.....

anvari said...

ബഹു. ബി.ആര്‍.പി.ഭാസ്കര്‍ സാറിന്, താങ്കള്‍ ദീപികയുടെ വിമര്‍ശകനാണെന്നറിഞ്ഞുകൊണ്ടാണ് ഈ വാര്‍ത്ത ഇങ്ങനെ ഒരു കമന്‍റിലൂടെ പോസ്റ്‍റ് ചെയ്യുന്നത്. താങ്കളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു.

മെര്‍ക്കിസ്റ്‍റണ്‍ ഭൂമി: കൈമാറ്‍റം മുഖ്യമന്ത്രി അറിഞ്ഞ്
തിരുവനന്തപുരം: വിവാദ മെര്‍ക്കിസ്റ്‍റണ്‍ എസ്റ്‍റേറ്‍റ് സേവിമനോമാത്യുവില്‍ നിന്നും ഐഎസ ആര്‍ഒ വാങ്ങിയ കാര്യം സര്‍ക്കാരിനോ മുഖ്യമന്ത്രിയുടെ ഓഫീസിനോ അറിയില്ലെന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍റെ വാദം പൊളിയുന്നു.
സേവിമനോമാത്യുവും ഐഎസ്ആര്‍ഒയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം പൊന്‍മുടിയിലുള്ള 219 ഏക്കര്‍ ഭൂമിയില്‍ ബഹിരാകാശ ഇന്‍സ്റ്‍റിറ്‍റ്യൂട്ട് സ്ഥാപിക്കാന്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി റവന്യൂ-വനംമന്ത്രിമാര്‍ക്കു കത്തയച്ചിരുന്നു. മേയ് 23-നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു കത്തയച്ചിരിക്കുന്നത്.
പരിസ്ഥിതി ദുര്‍ബല പ്രദേശമായ മെര്‍ക്കിസ്റ്‍റണ്‍ എസ്റ്‍റേറ്‍റ് തിരികെ ലഭിക്കുന്നതിന് കസ്റ്‍റോഡിയനെ സമീപിക്കാന്‍ സേവിമനോമാത്യുവിനു നിര്‍ദേശം നല്‍കിയത് മേയ്-16ന് ചേര്‍ന്ന വനം-തൊഴില്‍ മന്ത്രിമാരുടെ യോഗമാണ്. ഈ യോഗം ചേര്‍ന്നതിനു ശേഷമാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്കു കത്തയച്ചിരിക്കുന്നത്.
ബഹിരാകാശ ഇന്‍സ്റ്‍റിറ്‍റ്യൂട്ട് സ്ഥാപിക്കാന്‍ സേവിമനോ മാത്യുവിന്‍റ്‍റെ ഭൂമി തന്നെ വേണമെന്ന ഐഎസ് ആര്‍ഒയുടെ നിലപാട് ശരിയല്ലെന്നും മെര്‍ക്കിസ്റ്‍റണ്‍ എസ്റ്‍റേറ്‍റ് വാങ്ങുന്നതു സംബന്ധിച്ച് ഐഎസ്ആര്‍ഒയും സേവിമനോ മാത്യു വും തമ്മിലുളള കരാറില്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും കഴി ഞ്ഞ മാസം 24-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. മാത്രമല്ല ഇന്‍സ്റ്‍റിറ്‍റ്യൂട്ട് സ്ഥാപിക്കാന്‍ ഭൂമി ആവശ്യമാ ണെന്നുള്ള കാര്യം ഐഎസ്ആര്‍ ഒ അധികൃതര്‍ അറിയിക്കേണ്ട രീതിയില്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ സേവിയുമായുണ്ടാക്കിയ കരാര്‍ പ്രകാരം ഭൂമി ലഭ്യമാകുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മെയ് 22-ന് വി.എസ്.എസ്.സി.ഡയറക്ടര്‍ സുരേഷ്കുമാര്‍ മുഖ്യ മന്ത്രിക്കു കത്തു നല്‍കിയിരുന്നു. ഈ കത്തും ചേര്‍ത്താണ് മുഖ്യ മന്ത്രി അടുത്ത ദിവസം തന്നെ മറ്‍റു രണ്ടു മന്ത്രിമാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടു കൂടി മെര്‍ക്കിസ്റ്‍റണ്‍ എസ്റ്‍റേറ്‍റ് കൈമാറ്‍റത്തിലുള്ള മുഖ്യമന്ത്രിയുടെ ഇടപെടലുകള്‍ കൂടുതല്‍ പുറത്താ വുകയാണ്. മാര്‍ച്ച് ഏഴിന് സേവിമനോമാത്യുവിന്‍റ്‍റെ ഉടമസ്ഥതയിലുള്ള സതേണ്‍ ഫീല്‍ഡ് വെഞ്ചേഴ്സും ഐഎസ്ആര്‍ഒയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം 219 ഏക്കര്‍ ഭൂമി മെയ് 31നു മുംപ് കൈമാറേണ്ടതുണ്ട്. വിഷയത്തിന്‍റ്‍റെ അടിയന്തിര സ്വഭാവവും ആവശ്യവും അ നുസരിച്ച് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതു സംബന്ധിച്ചുള്ള ഇപ്പോഴുള്ള സ്ഥിതി തന്നെ അറിയിക്കണമെന്നും കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നു.
പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ മെര്‍ക്കിസ്റ്‍റണ്‍ എസ്റ്‍റേറ്‍റ് ഐഎസ്ആര്‍ഒക്ക് കൈമാറിയതില്‍ സര്‍ക്കാറും പങ്കുചേര്‍ന്നു, കൂടാതെ ഭൂമി വാങ്ങുന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രിയും വനം-റവന്യൂമന്ത്രിമാരും അറിഞ്ഞിരുന്നതായും ഇതോടെ വ്യക്തമാവുകയാണ്. തൊഴില്‍ തര്‍ക്കം പരിഹരിക്കാനെന്ന പേരില്‍ മന്ത്രി പി.കെ.ഗുരുദാസനാണ് മെയ് 16-ന് യോഗം വിളിക്കാന്‍ വനം മന്ത്രിയോട് നിര്‍ദേശിച്ചത്. എന്നാ ല്‍ യോഗത്തില്‍ പങ്കെടുത്തത് സിഐടിയു പ്രതിനിധിയും സേവിമനോമാത്യുവും വനം ഉദ്യോഗസ്ഥരുംമാത്രമാണ്. എസ്റ്‍റേറ്‍റില്‍ ഐഎന്‍ടിയുസി സംഘടനയുണെ്ടങ്കിലും പ്രതിനിധികള്‍ ഉണ്ടായിരുന്നില്ല. കൂടാതെ സേവിമനോ മാത്യു വിന് മരംമുറിക്കുന്നതുമായി ബന്ധ പ്പെട്ട് കേസുനിലനില്‍ക്കുന്ന കാര്യവും മന്ത്രിയുടെ ഓഫീസിലെയും വനം വകുപ്പിലേയും ഉദ്യോഗസ്ഥര്‍ വനംവകുപ്പ് മന്ത്രിയെ അറിയിച്ചിരുന്നു. തൊഴിലാളികള്‍ക്ക് ലായം കെട്ടാന്‍ മരംമുറിക്കാനും ഭൂമി തിരികെ ലഭിക്കാന്‍ കസ്റ്‍റോഡിയനെ സമീപിക്കാനുമുള്‍പ്പെടെ സേവിക്ക് അനുകൂലമായ നടപടികളാണ് യോഗത്തില്‍ ഉണ്ടായത്.

Murali K Menon said...

മുഖ്യമന്ത്രിയുടെ ചില ആഗ്രഹങ്ങളെങ്കിലും നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ (സമ്മതിച്ചിരുന്നെങ്കില്‍) അത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് നാളേക്ക് അഭിമാനിക്കാന്‍ കഴിയുന്നതായ് തീരുമായിരുന്നു. പക്ഷെ എ.കെ.ജി സെന്ററില്‍ ഭരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരുടെ മനസ്സ് കേരളത്തിലെ ഗ്രാമങ്ങളിലോ, പാവപ്പെട്ടവന്റെ കൂടെയോ ഒന്നുമല്ലെന്ന് മനസ്സിലാക്കാന്‍ പാഴൂര്‍ പടി വരെ പോകേണ്ട കാര്യമൊന്നുമില്ല.

നമ്മളെ സംഘടിതരാവാനും, അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി മരിക്കാനും പഠിപ്പിച്ച പാര്‍ട്ടികളിലെ മുന്‍ നിരക്കാരെന്ന നിലയില്‍ ഒന്ന് കയറി കിടക്കാന്‍ ഒരു കൂരക്കു വേണ്ടി കുടില്‍ കെട്ടി സമരം ചെയ്യുമ്പോഴും നമുക്കവരെ നമിക്കാം.
ലാല്‍ സലാം....

BHASKAR said...

കലേഷ് കുമാറിനു: നന്ദി.
anvarന്: ഞാന്‍ ദീപിക കാണാറില്ല. അതുകൊണ്ടു അതിന്‍റെ ആരാധകനൊ വിമര്‍ശകനൊ ആകാനുള്ള യോഗ്യത എനിക്കില്ല. അതിലെ വാര്‍ത്തയോട് പ്രതികരിക്കേണ്ട ആവശ്യവും കാണുന്നില്ല.

anvari said...

ബഹു ബി. ആര്‍. പി. ഭാസ്കര്‍ സാറിന്. മറുപടിക്ക് നന്ദി. എന്നാല്‍ താങ്കളുടെ നവംബര്‍ 7, 2007 ലെ "ഒരു പത്രത്തിനെതിരെ മുന്‍ ജീവനക്കാര്‍" എന്ന ബ്ലോഗ് പോസ്റ്റില്‍ ചില പ്രതികരണങ്ങള്‍ക്ക് മറുപടിയായി 'അതുകൊണ്ടാണല്ലോ ദീപിക എന്തെഴുതണമെന്ന് ഫാരിസ് അബുബക്കര്‍ തീരുമാനിക്കുന്നത്.' എന്ന വാചകം ചേര്‍ത്തപ്പോള്‍ ഞാന്‍ കരുതിയത് ദീപികയടക്കമുള്ള പത്രങ്ങളുടെ നിലപാടുകള്‍ താങ്കള്‍ സുക്ഷ്മമായി പരിശോധിക്കാറുണ്ട് എന്നാണ്.

BHASKAR said...

അന്‍വറിന്: ഏഷ്യാനെറ്റില്‍ പത്രവിശേഷം പരിപാടി ചെയ്യുന്ന കാലത്ത് തിരുവനന്തപുരത്ത് കിട്ടുന്ന എല്ലാ മലയാള പത്രങ്ങളും വായിച്ചിരുന്നു. അത് ധാരാളം സമയം അപഹരിച്ചിരുന്നു. ഇപ്പോള്‍ പതിവായി രണ്ടു മൂന്നു പത്രങ്ങളെ വായിക്കുന്നുള്ളു. വിവാദങ്ങളും മറ്റും ഉണ്ടാകുമ്പോള്‍ മാത്രമെ മറ്റു പത്രങ്ങളില്‍ എന്ത് വരുന്നു എന്ന് മനസ്സിലാക്കാന്‍ ശ്രമിക്കാറുള്ളു.