Saturday, May 30, 2009

തെരഞ്ഞെടുപ്പ് സംബന്ധിച്ച രണ്ട് ലേഖനങ്ങൾ

ലോക് സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് എഴുതിയ രണ്ട് ലേഖനങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു:
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മേയ് 31 ലക്കത്തില്‍: പുതിയ രാഷ്ട്രീയത്തിനുള്ള കാത്തിരിപ്പ്.

മാധ്യമം ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 1 ലക്കത്തില്‍: ജനവിധിയില്‍ പ്രതിഫലിക്കുന്ന പൊതുമനസ്സ്

Thursday, May 28, 2009

സ്വാസ്ഥ്യം!

vipin wilfred (friendvipin@gmail.com) എഴുതുന്നു:
സുഹൃത്തേ...
ഒരു പുതിയ ബ്ലോഗ് ആരംഭിക്കുകയാണ്.
സ്വാസ്ഥ്യം!
മണ്മറഞ്ഞുപോയ നമ്മുടെ പൂർവ്വികർ കണ്ടെത്തിയതും തിരിച്ചറിഞ്ഞതുമായ ചില നാട്ടറിവുകളും ശുഭജീവന രഹസ്യങ്ങളും ശേഖരിക്കാനും രേഖപ്പെടുത്തി വയ്ക്കാനുമുള്ള ഒരെളിയ ശ്രമമാണിത്.
ആരോഗ്യം, രോഗചികിത്സ, കൃഷി, മൃഗസംരക്ഷണം തുടങ്ങി വിവിധ തലങ്ങളിലായി ഇത് ഇവിടെ കുറിച്ചു വയ്ക്കാനാണു താല്പര്യം.
ഈ തലമുറയ്ക്കും വരും തലമുറകൾക്കും ഇതുപകരിക്കട്ടെ എന്നു പ്രാർത്ഥന.

Wednesday, May 27, 2009

ജനസൌഹൃദ പൊലീസ് എത്രയോ അകലെ

ഈ തലക്കെട്ടിൽ മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ പൊലീസ് പരിഷ്കരണ നടപടികൾ വിലയിരുത്തുന്നു.

ലേഖനം ഇവിടെ വായിക്കാം: ജനസൌഹൃദ പൊലീസ് എത്രയോ അകലെ

Tuesday, May 26, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 9

കേരളശബ്ദം വാരികയിൽ എഴുതുന്ന്ന തെരഞ്ഞെടുപ്പ് അനുഭവങ്ങൾ എന്ന പരമ്പരയിലെ ഒൻപതാമത്തെ ലേഖനം ഇവിടെ വായിക്കാം:

വോട്ടർമാർ വീണ്ടും വിവേകം തെളിയിക്കുന്നു

Saturday, May 23, 2009

ശതാബ്ദി ആഘോഷിക്കുന്ന മോഡൽ സ്കൂൾ

തിരുവനന്തപുരം ഗവണ്മെന്റ് മോഡൽ സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. ഒരു കൊല്ലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സ്കൂൾ മുൻവിദ്യാർത്ഥിയായ മോഹൻലാൽ നാളെ (ഞായർ) ഉദ്ഘാടനം ചെയ്യും.

എന്റെ പതിനൊന്നുകൊല്ലത്തെ സ്കൂൾ വിദ്യാഭ്യാസം അവസാനിച്ചത് ഈ സ്കൂളിലാണ്. ഞാൻ ആ അധ്യയനവർഷം തുടങ്ങിയത് കുണ്ടറ എം.ജി.ഡി. ഹൈ സ്കൂളിലായിരുന്നു. ഒരു ബോർഡിങ് സ്കൂളിലാക്കാനാണ് അച്ഛൻ ആഗ്രഹിച്ചത്. കുണ്ടറ സ്കൂളിൽ ബോർഡിങ് സൌകര്യം ഉണ്ടായിരുന്നില്ല. പക്ഷെ ഹെഡ്മാസ്റ്ററായിരുന്ന കെ. ജോർജ് സാർ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ സൌകര്യം നൽകി.

ഏതാനും മാസങ്ങൾക്കുള്ളിൽ ജോർജ് സാർ സർക്കാർ ജോലി സ്വീകരിച്ചു. സർക്കാർ മേഖലയിലെ നിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ദിവാൻ സി.പി. രാമസ്വാമി അയ്യർ അക്കൊല്ലം (1945-46) സ്വകാര്യ മേഖലയിൽ നിന്ന് പ്രഗത്ഭരായ മൂന്ന് അദ്ധ്യാപകരെ തെരഞ്ഞെടുത്ത് സ്പെഷ്യൽ സ്കെയിലിൽ ഗവണ്മെന്റ് സ്കൂളുകളിൽ നിയമിക്കാൻ തീരുമാനിച്ചു. അതിലൊരാൾ ജോർജ് സാറായിരുന്നു. അദ്ദേഹത്തെ പോസ്റ്റ് ചെയ്തത് മോഡൽ സ്കൂളിൽ. ജോർജ് സാറിന്റെ മക്കളോടൊപ്പം ഞാനും കുണ്ടറ സ്കൂളിൽനിന്ന് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി തിരുവനന്തപുരത്ത് വന്നു. അധ്യയന വർഷത്തിന്റെ മധ്യത്തിൽ സ്കൂൾ മാറുന്നതിന് വിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി ആവശ്യമാണ്. അന്ന് മോഡൽ സ്കൂളിൽ ഒരു ക്ലാസ്സിൽ 25 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ക്ലാസ് മുറിയിൽ 13 ഡെസ്കും ബെഞ്ചുമുണ്ടാകും.ഓരോ ഡെസ്കും രണ്ടായി വിഭജിച്ചിരിക്കും. ഒരോ ബെഞ്ചിലും രണ്ടു പേർക്കേ ഇടമുണ്ടാകൂ. അതായത് 26 പേർക്ക് ഇരിക്കാനുള്ള സൌകര്യമേ മുറിയിലുള്ളു. 25 കുട്ടികളുള്ള ക്ലാസ്സിൽ ഒരാളെക്കൂടി പ്രവേശിപ്പിക്കുനതിനും പ്രത്യേക അനുമതി വേണമായിരുന്നു.

നടപടിക്രമങ്ങളൊക്കെ പൂർത്തിയാക്കി ഞാൻ സിക്സ്ത് ഫോം സിയിൽ ഇരുപത്തിയാറാമനായി എത്തിയപ്പൊഴേക്കും വളരെയധികം ദിവസങ്ങൾ നഷ്ടപ്പെട്ടിരുന്നു. ക്ലാസ് ടീച്ചറായ വൈദ്യനാഥയ്യർ സാർ ഒന്നാം റാങ്കുകാരനായ കുട്ടിയുടെ നോട്ട് പുസ്തകങ്ങൾ ഒന്നൊന്നായി വാങ്ങി എനിക്ക് തന്നു – അവയിൽ നിന്ന് നേരത്തെ നൽകിയ നോട്ടുകൾ എഴുതി എടുക്കാൻ. ഓരോ വിദ്യാർത്ഥിയുടെ കാര്യവും അവിടത്തെ അദ്ധ്യാപകർ നേരിട്ട് ശ്രദ്ധിച്ചിരുന്നു.

ഒരു കൊല്ലം തികച്ച് മോഡൽ സ്കൂളിൽ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ ചെലവഴിച്ച ദിവസങ്ങൾ സ്കൂൾ ജീവിതത്തിലെ നല്ല കാലഘട്ടമായി മനസ്സിൽ നിൽക്കുന്നു.

Friday, May 22, 2009

ഇന്റർനെറ്റിൽ സെൻസർഷിപ്പ് ഭീഷണി

അമേരിക്കൻ ഭരണകൂടം ഇന്റർനെറ്റിൽ നിന്ന് വിവരം ചോർത്തിയെടുക്കാനും സ്വതന്ത്രമായ ആശയവിനിമയം തടസ്സപ്പെടുത്തുന്നതിന് നിയമങ്ങളുണ്ടാക്കാനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് സെന്റർ ഫോർ റിസർച്ച് ഓൺ ഗ്ലോബലൈസേഷനിൽ റിസർച്ച് അസോഷ്യേറ്റായ സ്റ്റീഫൻ ലെൻഡ്മൻ എഴുതുന്നു.

ഇംഗ്ലീഷിലുള്ള ലേഖനം “Internet Threatened By Censorship, Secret Surveillance And Cybersecurity Laws” Countercurrents വെബ്സൈറ്റിൽ വായിക്കാം.

Tuesday, May 19, 2009

പ്രഭാകരന്റെ കൊല്ലം ബന്ധം സംശയാസ്പദം

വേലുപ്പിള്ള പ്രഭാകരന്റെ കേരളബന്ധത്തെക്കുറിച്ച് മാതൃഭൂമിയിൽ കഴിഞ്ഞ മാസം വന്ന റിപ്പോർട്ടിന്റെ ആധികാരത സംശയിക്കേണ്ടിയിരിക്കുന്നു. (മുൻ പോസ്റ്റ് കാണുക)

കൊല്ലത്തുനിന്നുള്ള റിപ്പോർട്ടിൽ വി.ബി. ഉണ്ണിത്താൻ പറഞ്ഞത് പ്രഭാകരന്റെ അച്ഛൻ കണ്ണനല്ലൂർ ഞാറവിള വീട്ടിൽ നിന്ന് സിലോണിലേക്ക് കുടിയേറിയ വേലുപ്പിള്ള ആണെന്നാണ്.

പ്രഭാകരന്റെ ജീവചരിത്രക്കുറിപ്പുകളനുസരിച്ച് അച്ഛന്റെ പേരു തിരുവെങ്കടം വേലുപ്പിള്ളയെന്നായിരുന്നു. അമ്മയുടേത് വള്ളിപുരം പാർവതി എന്നും. തിരുവെങ്കടം എന്നത് വേലുപ്പിള്ളയുടെ അച്ഛന്റെ പേരാകണം. അതൊരു തമിഴ് പേരാണ്.

ലേഖകൻ റിപ്പോർട്ടിലെ വിവരത്തിന് ആശ്രയിച്ച നാണി അമ്മയുടെ സഹോദരൻ വേലുപ്പിള്ളയും പ്രഭാകരന്റെ അച്ഛൻ വേലുപ്പിള്ളയും ഒരാളാകണമെന്നില്ല.

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 8

അടിയന്തിരാവസ്ഥയുടെ രണ്ടാം കൊല്ലത്തില്‍ ഭരണത്തിന് വിശ്വാസ്യത നേടിയെടുക്കാനായി ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് നേരിടാന്‍ തീരുമാനിച്ചു. ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ തോല്പിച്ചുകൊണ്ട് ആ പദ്ധതി പൊളിച്ചു.

ജനം പ്രബുദ്ധത തെളിയിച്ച തെരഞ്ഞെടുപ്പ്

Monday, May 18, 2009

ഹർത്താൽ ടൂറിസം

ഒരു ടാക്സി കമ്പനിയിൽനിന്ന് ഇന്ന് എനിക്ക് ഒരു എസ്.എം.എസ്. ലഭിച്ചു. സന്ദേശം ഇതായിരുന്നു:

തിരുവനന്തപുരത്ത് വീണ്ടും ഒരു ഹർത്താൽ. ബോറടിച്ച് വീട്ടിലിരിക്കണോ - ഒരു മാറ്റമാകട്ടെ. പ്രത്യേക സൌജന്യം. 19.5.2009ൽ കന്യാകുമാരി സന്ദർശിക്കുക. 100 രൂപയുടെ കിഴിവ് നേടുക.

ഇത് സംഘടിത ഹർത്താൽ ടൂറിസത്തിന്റെ തുടക്കമായിരിക്കാം. പരിപാടിയുടെ സാധ്യതകൾ നോക്കണെ. ഹർത്താൽ തുടങ്ങുന്ന ആറ് മണിക്കുമുമ്പ് സ്ഥലം വിടുക, ഹർത്താൽ അവസാനിക്കുന്ന ആറ് മണിക്കുശേഷം മടങ്ങിയെത്തുക!

ജനത്തിന് ഹർത്താൽ ദിനം ആഹ്ലാദകരമാകുന്നു. ഹർത്താൽ സാമാന്യജീവിതം തകരാറിലാക്കുന്നതുകൊണ്ട് പണിയില്ലാതാകുന്ന ടാക്സിക്ക് പണി കിട്ടുന്നു. ഹർത്താൽ സമയത്ത് നിരത്തിൽ വാഹനങ്ങളില്ലാത്തതുകൊണ്ട് ഹർത്താൽ അനുകൂലികളും സന്തോഷിക്കുന്നു!

Sunday, May 17, 2009

എതിരൊഴുക്കുകൾ

എതിരൊഴുക്കുകൾ‘ ബ്ലോഗ് മലയാളം ലേഖനങ്ങൾ ക്ഷണിക്കുന്നു.

മറ്റിടങ്ങളിൽ പ്രസിദ്ധീകരിച്ചവയും ‘എതിരൊഴുക്കുകൾ’ക്ക് സ്വീകാര്യമാണ്.

അയക്കേണ്ട വിലാസം: editor@countercurrents.org

Saturday, May 16, 2009

അത് കടലായിരുന്നില്ല!

പിണറായി വിജയൻ ഇസ്ലാമിന്റെ മാർത്തട്ടിനോട് ചേർന്നു നിന്ന് അലകൾ ഉയർത്താൻ നടത്തിയ ശ്രമം പരാജയപ്പെട്ടു.

അബ്ദുൾ നാസർ മ്‌അദനി കൊണ്ടുവന്നത് കടലായിരുന്നില്ല, ഒരു ബക്കറ്റ് വെള്ളം മാത്രമായിരുന്നു.

Wednesday, May 13, 2009

ദില്ലിപോസ്റ്റ് ബ്ലോഗ്

ജവഹർലാൽ നെഹ്രു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥികളും ഡൽഹിയിൽ പ്രവർത്തിക്കുന്ന ഏതാനും പത്രപ്രവർത്തകരും ചേർന്ന് നടത്തുന്ന ദില്ലിപോസ്റ്റ് ബ്ലോഗിലേക്ക് staNlee (stanly.mambilly@gmail.com) ശ്രദ്ധ ക്ഷണിക്കുന്നു.

ബ്ലോഗ് നടത്തിപ്പുകാർ സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെ: “ചരിത്രമുണ്ടായത് അൾത്താരകളിലോ മലമുകളിലോ ഗ്രന്ഥങ്ങളിലോ അല്ലെന്ന് ഉത്തമബോധ്യമുള്ള ഒന്നിലധികം വിദ്യാർഥികൾ”.

ഏപ്രിൽ മാസത്തിലാണ് ബ്ലോഗ് പ്രവർത്തനം ആരംഭിച്ചത്. താഴെ പറയുന്ന വിഭാഗങ്ങൾ അതിലുണ്ട്:
• അന്തർദ്ദേശീയം
• അമേരിക്ക
• അവകാശങ്ങൾ
• കാർട്ടൂൺ
• തത്വചിന്ത
• രാഷ്ട്രീയം
• ശ്രീലങ്ക
• സംഗീതം
• സംഘര്ഷം
• സംസ്കാരികം
• സാമ്പത്തികം
URL: http://dillipost.blogspot.com/

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 7

ഇന്ദിരാ ഗാന്ധി കോൺഗ്രസ്സിന് വൻ നേട്ടങ്ങൾ ഉണ്ടാക്കിക്കൊടുത്ത 1971ലെ ലോക് സഭാ തെരഞ്ഞെടുപ്പിലെയും 1972ലെ നിയമസഭാ തെരഞ്ഞെടുപ്പികളിലെയും അനുഭവങ്ങളാണ് കേരളശബ്ദത്തിലെ പരമ്പരയിലെ ഏഴാമത് ലേഖനത്തിൽ.

ആസൂത്രിതമായ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്

Tuesday, May 12, 2009

തമിഴ് നാട് മലയാളികളുടെ വെബ്സൈറ്റ്

തമിഴ് നാട്ടിലെ മലയാളി അസ്സോസിയേഷനുകളുടെ കോൺഫെഡറേഷൻ ആയ CTMA യുടെ വെബ്‌സൈറ്റ് www.ctma.in പ്രവർത്തനം ആരംഭിച്ചതായി കോൺഫെഡറേഷൻ സെക്രട്ടറി പി. എ. സുരേഷ്കുമാർ അറിയിക്കുന്നു.

ലോകമെമ്പാടുമുള്ള മലയാളികളെ ബന്ധപ്പെടുത്തുന്ന ഒരു വെബ്‌സൈറ്റായി അതിനെ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർ KERALA LETTER ബ്ലോഗ് കാണുക.

Saturday, May 9, 2009

സി.പി.എം. അത്തിയിലയും വെടിയുന്നു

ലാവലിൻ കേസിൽ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടെന്ന അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശത്തെയും അതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശത്തെയും ആസ്പദമാക്കി ജനശക്തി വാരികയിൽ ഞാൻ എഴുതിയ ലേഖനം Babu Bhaskar Google Groupൽ വായിക്കാവുന്നതാണ്.

സർവകലാശാലയിൽ മലയാളം പഠിപ്പിച്ച അമേരിക്കക്കാരൻ

അമേരിക്കയിലെ ടെക്സാസ് സ്റ്റേറ്റിലെ ആസ്റ്റിനിലുള്ള യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിൽ നിരവധി വർഷങ്ങൾക്കുമുമ്പ് മലയാളം പഠിപ്പിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യപ്പെട്ടു. അവിടെ ഏറെക്കാലം പ്രവർത്തിച്ചിരുന്ന പ്രശസ്ത ശാസ്ത്രജ്ഞൻ ഇ.സി.ജി. സുദർശൻ ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായാണ് സർവകലാശാല മലയാളം പഠിപ്പിക്കാൻ ഏർപ്പാടുകൾ ചെയ്തത്.

ആ സർവകലാശാലയിൽ 2004 വരെ മലയാളം പഠിപ്പിച്ചിരുന്ന ഡൊ. റോട് മോഗു (പടം കാണുക)മായുള്ള ഒരു അഭിമുഖ സംഭാഷണം ഏഷ്യാനെറ്റ് അതിന്റെ പ്രതിവാര അമേരിക്കൻ റൌൺഡ്-അപ്പിൽ ഏപ്രിൽ 21ന് സമ്പ്രേഷണം ചെയ്തിരുന്നു. ആ റിപ്പോർട്ട് യു-ട്യൂബിൽ ലഭ്യമാണ്.

Friday, May 8, 2009

ചൈന അഴിമതിവിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നു

ചില പ്രദേശങ്ങളിലും വകുപ്പുകളിലും ഗുരുതര പ്രശ്നമായി തുടരുന്ന അഴിമതിക്കെതിരായ നടപടികൾ ശക്തിപ്പെടുത്തുമെന്ന് ചൈനയുടെ പ്രധാനമന്ത്രി വെൻ ജിയാബാഒ സർക്കാർ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഇന്നലെ നൽകിയ ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ചൈനയിലെ പാർലമെന്റംഗവും ഷാഒസിങ് സർവകലാശാലാ കമ്മ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുമായ വാങ് ജിആൻഹുവ മാവോയുടെ ജന്മദിനം ദേശീയ അഴിമതിവിരുദ്ധ ദിനമായി ആചരിക്കണമെന്ന് നിർദ്ദേശിച്ചു.

ഡിസംബർ 26 ആണ് മാവോയുടെ ജന്മദിനം. അത് ഏറ്റവുമധികം കോഴ കൊടുക്കലും വാങ്ങലും നടക്കുന്ന പുതുവത്സരാഘോഷങ്ങൾക്കു മുമ്പ് വരുന്നതുകൊണ്ട് അഴിമതിക്കെതിരെ ജാഗ്രത പാലിക്കാനുള്ള ഓർമ്മപ്പെടുത്തലിന് പറ്റിയ സമയമാണെന്ന് വാങ് പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഔദ്യോഗിക വാർത്താ ഏജൻസിയായ ന്യൂ ചൈന ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ നിന്നാണ് മുകളിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ എടുത്തിട്ടുള്ളത്. നേപാളിലെ മാവോയിസ്റ്റ് പാർട്ടിയുടെ പ്രസിദ്ധീകരണമായ Red Starൽ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം കാണാം.

യു.ഡി.എഫ് ഹർത്താൽ

ഇന്നലെ യു. ഡി. എഫ് നടത്തിയ ഹർത്താൽ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്.

ഹർത്താൽ എന്ന പ്രതിഷേധമുറ രൂപകല്പന ചെയ്തത് മഹാത്മാ ഗാന്ധിയാണ്. ജാലിയൻ‌വാല ബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയിലുള്ള അമർഷം പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹം ഹർത്താൽ ആഹ്വാനം ചെയ്തത്. പിണറായി വിജയനെ ലാവലിൻ കേസിൽ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ശിപാർശ സ്വീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിർക്കാൻ യു.ഡി.എഫിന് തീർച്ചയായും അവകാശമുണ്ട്. എന്നാൽ അത് ഹർത്താൽ പോലുള്ള സമരമുറ ആവശ്യപ്പെടുന്ന നടപടിയല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം അതിന്റെ നേതൃത്വത്തിന് ഉണ്ടാകണമായിരുന്നു.

നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞിരുന്നു. എന്നാൽ ആളുകൾ സ്വയമേവ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബോധ്യമായപ്പോൾ യു.ഡി.എഫ് അനുകൂലികൾ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും തുടങ്ങി. തങ്കച്ചൻ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. അദ്ദേഹം അത് ചെയ്താലും ഇല്ലെങ്കിലും ഹർത്താൽ അക്രമങ്ങളുടെ ഉത്തരവാദിത്തം അത് ആഹ്വാന ചെയ്യുന്നവർക്കുണ്ടെന്നും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

ലാവലിൻ ആയാലും ഹർത്താൽ ആയാലും കുറ്റം ചെയതവർ ശിക്ഷിക്കപ്പെടണം --- നീതിപൂർവകമായ കോടതി നടപടികളിലൂടെ.

Tuesday, May 5, 2009

തെരഞ്ഞെടുപ്പ് അനുഭവങ്ങൾ - 6

ഗോവയിൽ 1967ൽ നടന്ന അഭിപ്രായ വോട്ടെടുപ്പും അക്കൊല്ലം തന്നെ ഗുജറാത്തിൽ നടന്ന പൊതുതെരഞ്ഞെടുപ്പും റിപ്പോർട്ടു ചെയ്ത അനുഭവമാണ് കേരള ശബ്ദത്തിൽ എഴുതുന്ന പരമ്പരയിലെ ആറാമത്തെ ലേഖനത്തിൽ.

ഒരു അഭിപ്രായവോട്ടും ഒരു തെരഞ്ഞെടുപ്പും

Friday, May 1, 2009

ലോക്കപ്പ് മർദ്ദനവും പൊലീസ് അസ്സോസിയേഷനും

പൊലീസുകാരുടെ മൌലികപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ പൊതുജനങ്ങളുടെ സഹകരണവും സഹാനുഭൂതിയും കൂടിയേ കഴിയൂ. ഈ കാര്യത്തിൽ (കേരളാ പൊലീസ്) അസ്സോസിയേഷന് യാതൊരു സംശയവുമില്ല. പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി വരുന്നവരോട് അന്തസ്സായി പെരുമാറാനും ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരോടും, ലോക്കൽ പൊലീസുകാരോടും വിശേഷിച്ചും കമ്മിറ്റി അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടാൻ ഇടവരുന്ന ബറ്റാലിയനുകളിലെ പൊലീസുകാരും ജനങ്ങളുടെ ഉറ്റസുഹൃത്തുക്കളായി പെരുമാറണമെന്ന് കമ്മിറ്റി ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പൊലീസിന്റെ സൽ‌പ്പേരിന് കളങ്കം ചേർക്കുന്ന ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓരോ പൊലീസുകാരനും പ്രതിജ്ഞ എടുജ്ജണമെന്ന് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കേരളാ പൊലീസ് അസ്സോസിയേഷൻ സംസ്ഥാന കൌൺസിൽ 15.2.1980ന് --അതായത് 29 കൊല്ലം മുമ്പ് -- എറണാകുളം മദ്രാസ് കഫേ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ വരികൾ ഞാൻ ചികഞ്ഞെടുത്തതല്ല. അസ്സോസിയേഷന്റെ മുഖപത്രമായ “കാവൽ കൈരളി”യുടെ ഏപിൽ 2009ലെ ലക്കത്തിൽ --- അതായത് ഏറ്റവും പുതിയ ലക്കത്തിൽ --- നിന്ന് പകർത്തിയെഴുതുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

പൊലീസ് അസ്സോസിയേഷൻ 29 കൊല്ലം മുമ്പു തന്നെ അംഗങ്ങളോട് ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറാനും അഭ്യർത്ഥിച്ചിരുന്നുവെന്നറിയുന്നത് സന്തോഷകരം തന്നെ. ഈ അഭ്യർത്ഥന എന്ത് ഗുണം ചെയ്തുവെന്ന് അസ്സോസിയേഷൻ വിലയിരുത്തിയിട്ടുണ്ടോ എന്നറിയില്ല. മുഖപത്രത്തിൽ ഇത് സംബന്ധിച്ച സൂചനയൊന്നുമില്ല.

ഈ അഭ്യർത്ഥനയ്ക്കുശേഷവും ലോക്കപ്പ് മർദ്ദനങ്ങൾ നടന്നതായി നമുക്കറിയാം. ഇത് സംബന്ധിച്ച് പരാതികൾ ഉയരുകയും അധികൃതർ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അത്തരം ചില സന്ദർഭങ്ങളിൽ കുറ്റാരോപിതരായ പൊലീസുകാരെ സംരക്ഷിക്കാൻ അസ്സോസിയേഷൻ ശ്രമിച്ചതായി അറിയാം. കുറ്റം ചെയ്തവർക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അസ്സോസിയേഷൻ ശ്രമിച്ച ഒരവസരത്തെക്കുറിച്ചും കേൾക്കാനിടയായിട്ടില്ല. അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അസ്സോസിയേഷൻ അക്കാര്യം വ്യാപകമായി പ്രചരിപ്പിക്കണം. പാലിക്കാൻ കൂട്ടാക്കാത്ത പ്രതിജ്ഞകളും നടപ്പിലാക്കാൻ ഉദ്ദ്യേശമില്ലാത്ത ആഹ്വാനങ്ങളും പ്രയോജനം ചെയ്യില്ല.

കാവൽ കൈരളിയെ സംബന്ധിക്കുന്ന വിവരങ്ങൾ:

ഒറ്റപ്രതി വില: 10 രൂപ
ചീഫ് എഡിറ്റർ: സി.ആർ.ബിജു
എഡിറ്റർ: കെ. രാജൻ
മാനേജിങ് എഡിറ്റർ: മധു കുറുപ്പത്ത്
മേൽ‌വിലാസം:
കേരളാ പൊലീസ് അസ്സോസിയേഷൻ
സംസ്ഥാന കമ്മിറ്റി ഓഫീസ്,
തേവര പൊലീസ് സ്റ്റേഷൻ ബിൽഡിങ്,
കൊച്ചി 15
ഫോൺ: 0484-2358641 മൊബൈൽ: 9446078641