Friday, May 1, 2009

ലോക്കപ്പ് മർദ്ദനവും പൊലീസ് അസ്സോസിയേഷനും

പൊലീസുകാരുടെ മൌലികപ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം നിറവേറ്റണമെങ്കിൽ പൊതുജനങ്ങളുടെ സഹകരണവും സഹാനുഭൂതിയും കൂടിയേ കഴിയൂ. ഈ കാര്യത്തിൽ (കേരളാ പൊലീസ്) അസ്സോസിയേഷന് യാതൊരു സംശയവുമില്ല. പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി വരുന്നവരോട് അന്തസ്സായി പെരുമാറാനും ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും സംസ്ഥാനത്തെ മുഴുവൻ പൊലീസുകാരോടും, ലോക്കൽ പൊലീസുകാരോടും വിശേഷിച്ചും കമ്മിറ്റി അഭ്യർത്ഥിക്കുന്നു. പൊതുജനങ്ങളുമായി ബന്ധപ്പെടാൻ ഇടവരുന്ന ബറ്റാലിയനുകളിലെ പൊലീസുകാരും ജനങ്ങളുടെ ഉറ്റസുഹൃത്തുക്കളായി പെരുമാറണമെന്ന് കമ്മിറ്റി ആഗ്രഹിക്കുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ പൊലീസിന്റെ സൽ‌പ്പേരിന് കളങ്കം ചേർക്കുന്ന ചില സംഭവങ്ങൾ നടന്നിട്ടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഓരോ പൊലീസുകാരനും പ്രതിജ്ഞ എടുജ്ജണമെന്ന് കമ്മിറ്റി അഭ്യർത്ഥിക്കുന്നു.

കേരളാ പൊലീസ് അസ്സോസിയേഷൻ സംസ്ഥാന കൌൺസിൽ 15.2.1980ന് --അതായത് 29 കൊല്ലം മുമ്പ് -- എറണാകുളം മദ്രാസ് കഫേ ആഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ അംഗീകരിച്ച പ്രമേയത്തിലെ വരികളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.

ഈ വരികൾ ഞാൻ ചികഞ്ഞെടുത്തതല്ല. അസ്സോസിയേഷന്റെ മുഖപത്രമായ “കാവൽ കൈരളി”യുടെ ഏപിൽ 2009ലെ ലക്കത്തിൽ --- അതായത് ഏറ്റവും പുതിയ ലക്കത്തിൽ --- നിന്ന് പകർത്തിയെഴുതുക മാത്രമാണ് ഞാൻ ചെയ്യുന്നത്.

പൊലീസ് അസ്സോസിയേഷൻ 29 കൊല്ലം മുമ്പു തന്നെ അംഗങ്ങളോട് ലോക്കപ്പ് മർദ്ദനം അവസാനിപ്പിക്കാനും പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറാനും അഭ്യർത്ഥിച്ചിരുന്നുവെന്നറിയുന്നത് സന്തോഷകരം തന്നെ. ഈ അഭ്യർത്ഥന എന്ത് ഗുണം ചെയ്തുവെന്ന് അസ്സോസിയേഷൻ വിലയിരുത്തിയിട്ടുണ്ടോ എന്നറിയില്ല. മുഖപത്രത്തിൽ ഇത് സംബന്ധിച്ച സൂചനയൊന്നുമില്ല.

ഈ അഭ്യർത്ഥനയ്ക്കുശേഷവും ലോക്കപ്പ് മർദ്ദനങ്ങൾ നടന്നതായി നമുക്കറിയാം. ഇത് സംബന്ധിച്ച് പരാതികൾ ഉയരുകയും അധികൃതർ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്ത സംഭവങ്ങളുണ്ട്. അത്തരം ചില സന്ദർഭങ്ങളിൽ കുറ്റാരോപിതരായ പൊലീസുകാരെ സംരക്ഷിക്കാൻ അസ്സോസിയേഷൻ ശ്രമിച്ചതായി അറിയാം. കുറ്റം ചെയ്തവർക്ക് അർഹമായ ശിക്ഷ വാങ്ങി കൊടുക്കാൻ അസ്സോസിയേഷൻ ശ്രമിച്ച ഒരവസരത്തെക്കുറിച്ചും കേൾക്കാനിടയായിട്ടില്ല. അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കിൽ അസ്സോസിയേഷൻ അക്കാര്യം വ്യാപകമായി പ്രചരിപ്പിക്കണം. പാലിക്കാൻ കൂട്ടാക്കാത്ത പ്രതിജ്ഞകളും നടപ്പിലാക്കാൻ ഉദ്ദ്യേശമില്ലാത്ത ആഹ്വാനങ്ങളും പ്രയോജനം ചെയ്യില്ല.

കാവൽ കൈരളിയെ സംബന്ധിക്കുന്ന വിവരങ്ങൾ:

ഒറ്റപ്രതി വില: 10 രൂപ
ചീഫ് എഡിറ്റർ: സി.ആർ.ബിജു
എഡിറ്റർ: കെ. രാജൻ
മാനേജിങ് എഡിറ്റർ: മധു കുറുപ്പത്ത്
മേൽ‌വിലാസം:
കേരളാ പൊലീസ് അസ്സോസിയേഷൻ
സംസ്ഥാന കമ്മിറ്റി ഓഫീസ്,
തേവര പൊലീസ് സ്റ്റേഷൻ ബിൽഡിങ്,
കൊച്ചി 15
ഫോൺ: 0484-2358641 മൊബൈൽ: 9446078641

4 comments:

keralafarmer said...

സര്‍ ഈ അസ്സോസിയേഷന്‍ ഭാരവാഹികള്‍ക്ക് പണിചെയ്യാതെ ജോലിചെയ്യാം എന്നാണെനിക്ക് തോന്നുന്നത്. പോലീസിലെന്നല്ല എല്ലാ അസ്സോസിയേഷനുകളും അപ്രകാരം തന്നെയാണല്ലോ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അസ്സോസിയേഷനുകള്‍ പൊതുജനത്തെ ഉദ്ദേശിച്ചിള്ളതല്ല മറിച്ച് അവരില്‍ ആരെങ്കിലും കുറ്റം ചെയ്താല്‍ രക്ഷിക്കുവാനുള്ളതായി മാത്രം തോന്നുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു.
കൃഷി ഓഫിസര്‍മാര്‍, മൃഗ ഡോക്ടര്‍മാര്‍ മുതലായവര്‍ക്കും ഇത്തരം സംഘടനകളുണ്ടല്ലോ. ജന നന്മക്കുവേണ്ടി ഒരു പരാതി കൊടുത്താല്‍ ചെവിക്കൊള്ളില്ല. അത്തരം അനുഭവം എനിക്കുണ്ടായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെമേല്‍ കുറ്റം ചുമത്തപ്പെട്ടാല്‍ അത് നേരിടേണ്ടത് കോടതികളിലാവണം. അല്ലാതെ സംഘടനകളിലൂടെയല്ല നേരിടേണ്ടത്. പണപ്പിരിവ് യഥേഷ്ടം നടത്തുന്ന സംഘടനകളെപ്പറ്റി അവരുടെതന്നെ സഹപ്രവര്‍ത്തകരോട് അന്വേഷിച്ചാല്‍ ചിലര്‍ സത്യം തുറന്ന് പറയും.

അനില്‍@ബ്ലോഗ് // anil said...

നമ്മുടെ പോലീസിന്റെ സംസ്കാരവും പ്രവര്‍ത്തനങ്ങളും പുനരവലോകനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് പറയേണ്ട കാര്യമില്ല. പോലീസ് മാനുവല്‍ പരിഷ്കരണം തുടന്ങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആ ദിശയിലേക്ക് കാര്യങ്ങള്‍ നീക്കും എന്ന് പ്രതീക്ഷിക്കാം. ഒരു മര്‍ദ്ദനോപാധിയായി ബ്രിട്ടീഷുകാരന്‍ കൊണ്ടുവന്ന പോലീസു തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്ടില്‍. അസ്സൊസിയേഷനുകള്‍ ഇടപെടുന്നെങ്കില്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

ഇനി ഒരു ക്ഷമാപണം.
കംന്റുകളിന്മേള്‍ സാധാരണ ഞാന്‍ കമറ്റിടാറില്ല, പക്ഷെ കേരളഫാര്‍മര്‍ സ്ഥാനത്തും അസ്ഥാനത്തും സര്‍ക്കാര്‍ സംഘടനകളെ ആക്രമിക്കാന്‍ വരുന്നത് ഇതേ വാചകങ്ങള്‍ വച്ചാണ്. അതിനാല്‍ അദ്ദേഹത്തോട് ഒരു വാക്ക്. സംഘടിക്കാനുള്ള അവകാശവും ആരുടേയും ഔദാര്യമായി ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയതല്ല. ഒരു സര്‍വ്വീസ് സംഘടന എന്ന് പറയുന്നത് ജീവനക്കാരുടെ സര്‍വ്വീസ് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാണ്, അതിനു പകരം കോടതിയില്‍ പോയി പരിഹരിക്കുക എന്ന ഫാര്‍മറുടെ ആശയം വിചിത്രമായി തോന്നുന്നു. എത്ര സംഘടനാ പ്രവര്‍ത്തകരാണ് പിരിവു നടത്തി കുടുംബം പുലര്‍ത്തുന്നതെന്ന് ഫാര്‍മര്‍ ഒന്നു തെളിവു സഹിതം പറഞ്ഞാല്‍ വേണ്ടില്ലായിരുന്നു. എന്തു ജനോപകാരപ്രദമായ പരാതിയാണ് പരിഗണിക്കപ്പെടാതെ പോയതെന്നും കൂടി ചേര്‍ത്താല്‍ എനിക്ക് അവതരിപ്പിക്കാനുള്ള വേദിയില്‍ അത് അവതരിപ്പിക്കാമായിരുന്നു. ഇതിലെന്തെങ്കിലും ചെയ്തിട്ടെ ഇത്തരം അടിസ്ഥാന രഹിതമായ പ്രസ്ഥാവനകള്‍ പുറപ്പെടുവിക്കാവൂ. വിക്കിയുമായി ബന്ധപ്പെട്ട തരത്തിലുള്ള പരാതികളാവില്ല എന്ന് വിശ്വസിക്കട്ടെ. പരാതിയുടെ ഒരു കോപ്പി എനിക്ക് അയച്ചു തരുമോ? anilatblog@gmail.com

ഈ ഓഫ്ഫ് ടോപ്പിക്കിന് ശ്രീ.ബാബു ഭാസ്കറിനോട് ഒരിക്കല്‍ കൂടി ക്ഷമ ചോദിക്കുന്നു.

keralafarmer said...

അനില്‍@ബ്ലോഗിന് അറിഞ്ഞെ തീരൂ എങ്കില്‍ പറയാം. മുന്‍ കൃഷിമന്ത്രി ഗൌരിയമ്മയുടെ കാലത്ത് കൃഷിഭവനുകളിലൂടെ 3500 പായ്ക്കറ്റ് റൊഡോഫെ എന്ന മാരകമായ എലിവിഷം സൌജന്യമായി വിതരണം ചെയ്യുകയുണ്ടായി. ആ വിഷത്തെപ്പറ്റി നല്ലവണ്ണം അറിയാവുന്ന അഗ്രിക്കള്‍ച്ചറല്‍ ഓഫീസേഴ്സിനും, മൃഗ ഡോക്ടേഴ്സ് അസ്സോസിയേഷനും പരാതികള്‍ നല്‍കി. ചെവിക്കൊണ്ടില്ല. കൃഷി ഭവനുകളിലൂടെ വിതരണം ചെയ്തിരുന്ന പല വിഷങ്ങളും പ്രതിഫലിക്കുന്നത് ഇപ്പോള്‍ ക്യാന്‍സര്‍പോലുള്ള മാരക രോഗങ്ങളായിട്ടാണ്.
പിന്നെ ശ്രീ ബി.ആര്‍.പി സര്‍ ഇട്ട ഈ പോസ്റ്റ്. പോലീസിനും പട്ടാളത്തിനും എല്ലാം ഏകദേശം ഒരേ രീതിയിലെ അച്ചടക്കവും ആവശ്യമായ സ്ഥലങ്ങളാണ്. അവിടെ കക്ഷിരാഷ്ട്രീയത്തിനും ജാതിമത സംഘടനകള്‍ക്കും സ്ഥാനം പാടില്ല. അത്തരം പ്രവര്‍ത്തനങ്ങള്‍ ഒരു പരിധിവരെ ലോക്കപ്പ് മര്‍ദ്ദനത്തിന് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വിക്കിയുടെ കാര്യം അവിടെ മതി. ഈ പോസ്റ്റില്‍ വേണമായിരുന്നില്ല. തെളിവ് നല്‍കാന്‍ താങ്കളുടെ മെയില്‍ ഐഡി എന്തിനാ? താങ്കള്‍ ആരാ?

അനില്‍@ബ്ലോഗ് // anil said...

വീണ്ടും ഓഫ്ഫാണ്,
ഫാര്‍മര്‍ക്ക്.

അപ്പോള്‍ അതാണ് ജന നന്മക്കുള്ള പരാതി. ബാക്കിയും ഇതുപോലെ തന്നെ ആവും എന്ന് കരുതുന്നു. ഞാനും താങ്കളെപ്പോലെ ഒരു പൌരനല്ലെ (അത്രയും വരില്ല) ,എന്നാലും പരാതി എന്തെന്നറിഞ്ഞാല്‍ കൂടെ ചേരാവുന്നതാണെങ്കില്‍ ചേരാമല്ലോ, അല്ല ഒറ്റക്കെ ചെയ്യൂ എന്നാണെങ്കില്‍ ഞാന്‍ ആഗ്രഹം പിന്‍വലിച്ചു.

qw_er_ty