Friday, May 8, 2009

യു.ഡി.എഫ് ഹർത്താൽ

ഇന്നലെ യു. ഡി. എഫ് നടത്തിയ ഹർത്താൽ രാഷ്ട്രീയ പാപ്പരത്തത്തിന് തെളിവാണ്.

ഹർത്താൽ എന്ന പ്രതിഷേധമുറ രൂപകല്പന ചെയ്തത് മഹാത്മാ ഗാന്ധിയാണ്. ജാലിയൻ‌വാല ബാഗിൽ ബ്രിട്ടീഷ് പട്ടാളം നടത്തിയ കൂട്ടക്കൊലയിലുള്ള അമർഷം പ്രകടിപ്പിക്കാനായിരുന്നു അദ്ദേഹം ഹർത്താൽ ആഹ്വാനം ചെയ്തത്. പിണറായി വിജയനെ ലാവലിൻ കേസിൽ പ്രതിയാക്കുന്നതിന് അനുമതി നിഷേധിക്കണമെന്ന അഡ്വക്കേറ്റ് ജനറലിന്റെ ശിപാർശ സ്വീകരിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ എതിർക്കാൻ യു.ഡി.എഫിന് തീർച്ചയായും അവകാശമുണ്ട്. എന്നാൽ അത് ഹർത്താൽ പോലുള്ള സമരമുറ ആവശ്യപ്പെടുന്ന നടപടിയല്ലെന്ന് മനസ്സിലാക്കാനുള്ള വിവേകം അതിന്റെ നേതൃത്വത്തിന് ഉണ്ടാകണമായിരുന്നു.

നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞിരുന്നു. എന്നാൽ ആളുകൾ സ്വയമേവ ഹർത്താലിൽ പങ്കെടുക്കില്ലെന്ന് ബോധ്യമായപ്പോൾ യു.ഡി.എഫ് അനുകൂലികൾ കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും തുടങ്ങി. തങ്കച്ചൻ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ജനങ്ങളോട് മാപ്പ് പറയുകയും ചെയ്യണം. അദ്ദേഹം അത് ചെയ്താലും ഇല്ലെങ്കിലും ഹർത്താൽ അക്രമങ്ങളുടെ ഉത്തരവാദിത്തം അത് ആഹ്വാന ചെയ്യുന്നവർക്കുണ്ടെന്നും അവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണെന്നുമുള്ള ഹൈക്കോടതി നിരീക്ഷണത്തിന്റെ വെളിച്ചത്തിൽ നിയമ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

ലാവലിൻ ആയാലും ഹർത്താൽ ആയാലും കുറ്റം ചെയതവർ ശിക്ഷിക്കപ്പെടണം --- നീതിപൂർവകമായ കോടതി നടപടികളിലൂടെ.

2 comments:

അങ്കിള്‍ said...

ആദ്യമായി ഇന്നലെ എല്ലാ ചാനലുകാരും ഒരേസ്വരത്തില്‍ ഹര്‍ത്താലിനെ എതിര്‍ക്കുന്നതു കണ്ടു. സന്തോഷം.

നിർബന്ധിച്ച് കടകൾ അടപ്പിക്കില്ലെന്നും വാഹനങ്ങൾ തടയില്ലെന്നും യു.ഡി.എഫ് കൺവീനർ പി.പി.തങ്കച്ചൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു പകുതിയിലും മറുപകുതിയില്‍ കോണ്‍ഗ്രസ്സുകാരുടെ അക്രമങ്ങളും കണ്ടു. ഇടക്ക് തങ്കച്ചനും, ചെന്നിത്തലയും ഫോണിലൂടെയും വന്നു ബബ്ബബ്ബ അടിക്കുന്നത് കണ്ട് കോള്‍മയിര്‍ കൊണ്ടു.

അബ്ദുള്ളകുട്ടിയെ മഷിയിട്ടരിച്ചിട്ടും മാധ്യമക്കാര്‍ക്കുപോലും കണ്ടു പിടിക്കാന്‍ പറ്റിയില്ലെന്നു റിപ്പോര്‍ട്ട്.

മുക്കുവന്‍ said...

ലാവലിന്‍ ആയാലും, ഹർത്താല്‍ ആയാലും കുറ്റം ചെയതവര്‍ ശിക്ഷിക്കപ്പെടണം --- നീതിപൂര്‍വകമായ കോടതി നടപടികളിലൂടെ.

thats correct buddy..