Tuesday, December 25, 2007

ചോദ്യങ്ങളും ഉത്തരങ്ങളും തുടരട്ടെ

"കേരളം ചോദിക്കുന്നു, നമുക്കും നല്‍കാം മറുപടി" എന്ന ചര്‍ച്ചയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.

കമന്‍റ് നീണ്ടു പോയെന്നോര്‍ത്തു വിഷമിക്കേണ്ട കാര്യമില്ല, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി. ഇന്‍റര്‍നെറ്റ് വരികയും പത്രങ്ങള്‍ വെബ്സൈറ്റ് തുടങ്ങുകയും ചെയ്തപ്പോള്‍ ടൈംസ് ഓഫ് ഇന്ത്യ ഉടമ സമീര്‍ ജെയിന്‍ പറഞ്ഞത് "സ്ഥലപരിമിതി മറികടക്കാന്‍ ഇത് അവസരം നല്കുന്നു" എന്നാണ്. പത്രങ്ങള്‍ നേരിടുന്ന ഒരു വലിയ പ്രശ്നം സ്ഥലപരിമിതിയാണല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പരിശോധിക്കുന്നതിലും അവയോട് ക്രിയാത്മകമായി പ്രതികരിക്കുന്നതിലും എടുക്കുന്ന താല്‍പര്യം ഞാനും ശ്രദ്ധിച്ചിട്ടുണ്ട്.

ഭരണകൂടത്തിന്‍റെ പ്രകടനത്തില്‍ നിലനില്‍ക്കുന്ന അസംപ്തൃപ്തിയാണ് keralafarmer , ഫസല്‍, സുരലോഗ്, വഴിപോക്കന്‍ തുടങ്ങിയ സുഹൃത്തുക്കളുടെ അഭിപ്രായ പ്രകടനങ്ങളില്‍ പ്രതിഫലിക്കുന്നത്.

മുന്നണി സമ്പ്രദായം കേരളത്തില്‍ വളരെക്കാലം നിലനിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരുത്തിയെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അത് ഇപ്പോള്‍ ഗുണത്തിലേറെ ദോഷം ചെയ്യുന്നു എന്നാണ് എന്‍റെ പക്ഷം. കഴിഞ്ഞ നാലോ അഞ്ചോ തെരഞ്ഞെടുപ്പുകളിലെ ഫലം നല്‍കുന്ന സൂചന ജനങ്ങളെ ഒറ്റ മനസ്സുള്ള ഒരു സമൂഹമായി കണ്ടാല്‍ ആര്‍ക്കും അഞ്ചു കൊല്ലത്തിലധികം കൊടുക്കേണ്ടെന്നു അവര്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ്. അതിനെ ഒരു നല്ല തന്ത്രമായി കാണാവുന്നതാണ്. എന്നാല്‍ അത് ഇനിയും പ്രയോജനം ചെയ്യില്ലെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തുടര്‍ച്ചയായി ഈ തന്ത്രം പ്രയോഗിച്ചതിന്‍റെ ഫലമായി തെരഞ്ഞെടുപ്പ് ഫലം ആര്‍ക്കും പ്രവചിക്കാവുന്ന ഒന്നായിരിക്കുന്നു. വോട്ടര്‍മാര്‍ എന്ത് ചെയ്യുമെന്ന് കൃത്യമായി അറിയാവുന്ന രാഷ്ട്രീയക്കാര്‍ അവരെ എന്തിന് ഭയപ്പെടണം? രാഷ്ടീയ നേതാക്കളെ അല്‍പമെങ്കിലും പേടിപ്പിച്ചു നിര്‍ത്താന്‍ ജനങ്ങള്‍ക്ക് കഴിഞ്ഞാലേ ജനാധിപത്യം വിജയിക്കൂ.

നമുക്കു ചര്‍ച്ച തുടരാം. നമുക്കു ഇനിയും ചോദ്യങ്ങള്‍ ചോദിക്കാം, ഉത്തരങ്ങള്‍ നല്‍കാം.

5 comments:

അനംഗാരി said...

ചര്‍ച്ച ഇപ്പോഴാണ് കണ്ടത്.
അച്യതാനന്ദന്‍ സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ നാമോര്‍ക്കേണ്ട ചില സംഗതികളുണ്ട്.അതൊരു ഏ.ഡി.ബിയോ,മൂന്നാര്‍ വെട്ടിനിരത്തലോ,അല്ലെങ്കില്‍ അരവണ പ്രശ്നമോ,അതുമല്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് പ്രശ്നങ്ങളുടെ പേരിലോ അല്ല.
ഈ സര്‍ക്കാര്‍ അടിസ്ഥാനപരമായി ജനങ്ങള്‍ക്കെന്തു നല്‍കി എന്നതാണ്.അതു വട്ടപൂജ്യമാണ്.സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി ഒന്നും നല്‍കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞില്ല.അരവണയും,ഏ.ഡി.ബിയും ഒന്നും സാധാരണക്കാരനെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന കാര്യങ്ങളല്ല.മറിച്ച് അഴിമതി കുറഞ്ഞോ?,സര്‍ക്കാര്‍ ജീവനക്കാര്‍ എത്രമാത്രം ഉത്തരവാദബോധത്തോടെ ഒരു സാധാരണക്കാരന്റെ പ്രശ്നങ്ങളോട് നീതിപുലര്‍ത്തി?
പോലീസ് സ്റ്റേഷനില്‍ നിന്ന് പരാ‍തിക്കാര്‍ക്ക് നീതി എത്രമാത്രം ലഭ്യമായി?.ക്രമസമാധാന നിലയില്‍ എന്തെങ്കിലും മാറ്റമുണ്ടായോ?
തൊഴില്‍ മേഖലകളില്‍ എത്ര തൊഴില്‍ അവസരങ്ങള്‍ പുതുതായി ഉണ്ടായി? അങ്ങിനെ നിരവധി കാര്യങ്ങള്‍
അക്കമിട്ട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
ഒരു സ്മാര്‍ട്ട് സിറ്റി കരാര്‍ ഉണ്ട്‍ാ‍യി എന്നതൊഴിച്ചാല്‍ മറ്റൊരു നേട്ടവും ഈ സര്‍ക്കാരിന്റേതായി ഉണ്ടായിട്ടില്ല.

വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുമായിരുന്ന ഫലപ്രദമായ നേട്ടത്തെ വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിച്ച ക്രിസ്ത്യന്‍ സഭാ നേതാക്കളും,സ്വകാര്യ വിദ്യാഭ്യാസ കച്ചവട മുതലാളിമാരൂം കൂടി അട്ടിമറിച്ചു.അതുവഴി തങ്ങളൊക്കെ കഴുത്തറുപ്പന്‍ കച്ചവടക്കാരാണ് എന്ന സഭകളും,ളോഹയിട്ട പുണ്യാളന്മാരും തെളിയിച്ചു.

ഇവരെയൊക്കെ നിലക്ക് നിര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിയുമായിരുന്നു.അതു പക്ഷെ ഗ്രൂപ്പ് യുദ്ധത്തിന്റേയും,താന്‍പോരിമയുടേയൂം ഫലമായി ഇല്ലാതായി.

യാതൊരു കഴിവും ഇല്ലാത്ത മന്ത്രിമാരാണ് ഈ മന്ത്രിസഭയുടെ ഭാരം.പുതുമുഖങ്ങള്‍ ആയതിനാല്‍ ഉദ്യോഗസ്ഥന്‍‌മാ‍ര്‍ അവരെ കുരങ്ങ് കളിപ്പിക്കുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്.

മന്ത്രിമാര്‍ അഴിമതിക്കാരല്ലാത്തതു കൊണ്ട് നല്ല ഭരണകര്‍ത്താക്കള്‍ ആകണമെന്നില്ല.
രാജ്യഭരണം എന്താണെന്ന് ഇവരെ ഇനിയെങ്കിലും വല്ല ഐ.എ.എസ്സ് കാരെ വെച്ച് പഠിപ്പിക്കാന്‍ അതാത് പാര്‍ട്ടിക്കാര്‍ തയ്യാറാകണം.പ്രത്യേകിച്ചൂം തങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ചെങ്കിലും.പാര്‍ട്ടിക്ലാസുകള്‍ നല്‍കാന്‍ പാര്‍ട്ടി കാണിക്കുന്ന ഉത്സാഹം നല്ല ഭരണം കാഴ്ചവെക്കാനും ഉണ്ടാകണം.

ഇവരെക്കാണുമ്പോഴാണ് ഗണേഷ് കുമാര്‍ എത്രയോ ഭേദമായിരുന്നു എന്ന് തോന്നി പോകുന്നത്!

കിരണ്‍ തോമസ് തോമ്പില്‍ said...

അനംഗാരി എങ്ങനെയാണ്‌ ഒരു സര്‍ക്കാര്‍ ജനങ്ങള്‍ക്കെന്ത്‌ നല്‍കി എന്ന് വിലയിരുത്തുന്നത്‌ ? അതിന്റെ മാനദണ്ഡം എന്താണ്‌ ?

താങ്കള്‍ ചോദിച്ച ചോദ്യങ്ങള്‍ വച്ച്‌ വിലയിരുത്തിയാല്‍ അത്‌ പൂര്‍ണ്ണമാകുമോ എന്ന് എനിക്കറിയില്ല. ഇനി ഏത്‌ പദ്ധതി വന്നാലും ഗുണവും ദോഷവും ഉണ്ട്‌. കൊട്ടിഘോഷിക്കപ്പെട്ട സ്മാര്‍ട്ട്‌ സിറ്റി പദ്ധതി എടുക്കുക. ഇതിനെ ന്യായമായി വിലയിരിത്തി നോക്കിയാല്‍ UDF ന്റെ കരാറില്‍ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ല. സ്മാര്‍ട്ട്‌ സിറ്റി 3 വര്‍ഷം വൈകിച്ചു എന്നതുമായി താരതമ്യപ്പെടുത്തുമ്പോഴാണ്‌ ഇത്‌ വ്യക്തമാകുന്നത്‌. ചെറിയ ഉദാഹരണം കൊണ്ട്‌ അത്‌ വ്യക്തമാക്കാം. സ്മാര്‍ട്ട്‌ സിറ്റി പദ്ധതി മൂലം കുടി ഒഴിപ്പിക്കപ്പെട്ടവര്‍ക്ക്‌ ഉമ്മന്‍ ചാണ്ടി വാഗ്ദാനം ചെയ്തത്‌ 29000 രൂപ സെന്റിന്‌ എന്ന നിലക്കായിരുന്നു. അന്ന് ഈ വില അംഗീകരിച്ച്‌ സമ്മത പത്രം എഴുതിക്കൊടുത്ത ആള്‍ക്കാര്‍ക്ക്‌ പദ്ധതി 3 വര്‍ഷത്തോളം നീണ്ടപ്പോള്‍ കിട്ടിയത്‌ 70000 രൂപ. അപ്പോഴേക്കും ചുറ്റുവട്ടത്തുള്ള എല്ലാ സ്ഥലത്തിനും വിലകൂടി. ആകെ കിട്ടിയത്‌ 5 സെന്റ്‌ സ്ഥലം എന്ന അവസാന സെറ്റില്‍മന്റ്‌ അതു തന്നെ ഒരുപാട്‌ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ശേഷം. പിന്നെ പദ്ധതി 3 വര്‍ഷം വൈകിയതിനാല്‍ വന്ന അധിക ചിലവ്‌ വേറേ.1050 കോടി വിലയുള്ള സ്ഥലമാണ്‌ എന്ന് VS പറഞ്ഞ സ്ഥലങ്ങള്‍ കൊടുത്ത വില എല്ലാവര്‍ക്കും അറിയാം.

ഇനി മന്ത്രിമാരുടെ കാര്യം എടുക്കാം. എന്റെ അഭിപ്രയത്തില്‍ പെര്‍ഫോം ചെയ്യുന്ന 3 മന്ത്രിമാര്‍ ഈ മന്ത്രിസഭയില്‍ ഉണ്ട്‌.

1) തോമസ്‌ ഐസക്ക്‌
2) ഇളമരം കരീം
3) പ്രേമചന്ദ്രന്‍

ഐസക്കനെതിരെ എന്തൊക്കെ ആരോപണങ്ങള്‍ ഉന്നയിച്ചാലും ഈ ഗവണമന്റ്‌ ഇങ്ങനെയെങ്കിലും നിന്നു പോകുന്നത്‌ അദ്ദേഹമത്തിന്റെ സാമ്പത്തീക അച്ചടക്കമുള്ള നയങ്ങള്‍ കൊണ്ട്‌ മാത്രമാണ്‌. നിര്‍ഭാഗ്യവശാല്‍ അച്ചുതാനന്ദനും പ്രഭാത്‌ പട്‌നായിക്കും ഒരിക്കലും ഐസക്കിനോട്‌ ഒത്തുപോകില്ല എന്ന സാഹചര്യമാണ്‌ ഈ സംസ്ഥാനത്ത്‌ നിലനില്‍ക്കുന്നത്‌. ഓറിസ സ്കേലില്‍ കാര്യങ്ങളെ കാണുന്ന പ്രഭാത്‌ പടനായിക്കിന്റെ കാലഹരണപ്പെട്ട ആശയങ്ങളില്‍ തൂങ്ങി നില്‍ക്കാനാണ്‌ VS ന്‌ താല്‍പര്യം. കാരണം തീവ്ര ഇടത്‌ ബുധ്ദിജീവികളും അച്ചുതാന്ദന്‍ ഫാന്‍ ക്ലബായി മാറിയ ഒരുപറ്റം ബുധ്ദിജീവികള്‍ക്കും പട്‌നായിക്ക്‌ ഒരു കച്ചിതുരുമ്പാണ്‌. പട്‌നായിക്കിന്റെ ആശയമനുസ്സരിച്ച്‌ തയ്യാറാക്കിയ പദ്ധതി രേഖയില്‍ 60% കൃഷിക്കാണ്‌ നീക്കി വച്ചിരിക്കുന്നത്‌. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ നഗരങ്ങളോട്‌ ചേര്‍ന്ന് നില്‍ക്കുന്ന പഞ്ചായത്തുകളില്‍ ഈ 60% തുക ചിലവഴിക്കാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല. അപ്പോള്‍ ആ പണം ചിലവാക്കാന്‍ കഴിയാതെ പോകുന്ന ദുസ്ഥിതി സംജാതമാകുന്നു. ഭരണ നേതൃത്വത്തില്‍ നിലനില്‍ക്കുന്ന ഈ ആശയക്കുഴപ്പം ഈ സര്‍ക്കാറിന്‌ വ്യക്തമായ ഒരു നയമോ ദിശാബോധമോ ഇല്ലാതെ പോകാന്‍ കാരണമായിരുക്കുന്നു.

ഇനി ഇളമരം കരീം. മാധ്യമങ്ങള്‍ ഊതിവീര്‍പ്പിക്കാത്തതിനാല്‍ ശ്രദ്ധിക്കപ്പെടാതെ പോയ മന്ത്രിയാണ്‌ കരീം. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമാണ്‌. പൊതുമേഖല സ്ഥാപനങ്ങള്‍ തുറക്കാനും ലാഭത്തിലാക്കാനും അദ്ദേഹത്തിന്‌ കഴിഞ്ഞു. മലബാേറില്‍ പുതുതായി വന്‍ നിക്ഷേപവും വരുന്നുണ്ട്‌. ശോഭാ ഗ്രുപ്പുകാരുടെ IT പാര്‍ക്കും മറ്റും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കണ്ടുവന്നതാണ്‌. നിശബ്ദനായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തെ അര്‍ഹിക്കുന്ന രീതിയില്‍ അംഗീകരിച്ചില്ല എന്നത്‌ പോട്ടെ അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ എഴുതിയ ഒരു കുറിപ്പിന്റെ പേരില്‍ മാധ്യമ വിചാരണ നടത്തുകയാണ്‌ ഉണ്ടായത്‌. അദ്ദേഹം ഭൂപരിക്ഷരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ആരോപണം.

പ്രേമചന്ദ്രന്‍ ജലവിഭവ വകുപ്പ്‌ മന്ത്രി എന്ന നിലയില്‍ നന്നായി പ്രവര്‍ത്തിക്കുനുണ്ട്‌. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അച്ചുതാനന്ദനൊപ്പം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രേമചന്ദ്രനാകുന്നുണ്ട്‌. പ്രേമചന്ദ്രന്റെ വര്‍ദ്ധിച്ചു വരുന്ന ഇമേജ്‌ ചന്ദ്രചൂഡനെ വിറളി പിടിപ്പിക്കുന്നുണ്ടെങ്കിലും അദ്ദേഹം യാതൊരു പ്രശ്നങ്ങളുമുണ്ടാക്കാതെ പോകുന്നു.

ഏറ്റവും മോശം ആരൊക്കെ എന്ന ചോദ്യത്തില്‍ 4 CPI മന്ത്രിമാര്‍ എന്നതായിരിക്കും മറുപടി അത്‌ ആരാണ്‌ ഒന്നമന്‍ എന്ന കാര്യത്തില്‍ ബിനോയിയും മുല്ലക്കരയും ദിവാകരനും തമ്മില്‍ മത്സരമാണ്‌.

കിരണ്‍ തോമസ് തോമ്പില്‍ said...

കരീം മലബാറില്‍ കൊന്റുവരാന്‍ പോകുന്ന പദ്ധതികളില്‍ ഒന്നിന്റെ കൂടുതല്‍ വിവരങ്ങള്‍
From MSN india
കോഴിക്കോട്:കിനാലൂരില്‍ 2500 കോടി രൂപ മുടക്കി വ്യവസായ നഗരം സ്ഥാപിക്കുന്നതിന് മലേഷ്യന്‍ സര്‍ക്കാരും കെഎസ്ഐഡിസിയും ധാരണാപത്രം ഒപ്പു വച്ചു.


ജില്ലാ വ്യവസായ കേന്ദ്രം സ്ഥാപിക്കുന്നതിനായി പത്ത് വര്‍ഷം മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുത്ത 308 ഏക്കര്‍ സ്ഥലത്തില്‍നിന്നും പി ടി ഉഷ സ്കൂളിന് പാട്ടത്തിന് നല്‍കിയ 30 ഏക്കര്‍ സ്ഥലം കഴിച്ച് ബാക്കിയുള്ള സ്ഥലത്താണ് വ്യവസായകേന്ദ്രം സ്ഥാപിക്കുന്നത്.


കണ്‍സ്ട്രക്ഷന്‍ ഇന്‍ഡസ്ട്രി ഡവലപ്മെന്‍റ് ബോര്‍ഡ് മലേഷ്യയുടെ മേധാവി ഹംസ ബിന്‍ ഹസനും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടര്‍ കുര്യനുമാണ് ധാരണാപത്രത്തില്‍ ഒപ്പു വച്ചത്. കോഴിക്കോട് നിന്നും നിര്‍ദ്ദിഷ്ട വ്യവസായ നഗരത്തിലേക്ക് ഒരു പ്രത്യേക റോഡ് നിര്‍മ്മിക്കണമെന്ന മലേഷ്യന്‍ സര്‍ക്കാരിന്‍റെ ആവശ്യം പരിഗണനയിലുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി എളമരം കരീം പറഞ്ഞു.

കിരണ്‍ തോമസ് തോമ്പില്‍ said...

ഇതുകൂടി കാണുക
From MSN India
മാവൂരിലെ ഗ്രാസിം ഫാക്ടറി നിലനിന്ന സ്ഥലത്ത്‌ വ്യവസായപാര്‍ക്ക്‌ ആരംഭിക്കാന്‍ ബിര്‍ള തയ്യാ‍റാക്കിയ പദ്ധതിക്ക്‌ സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന്‌ വ്യവസായ മന്ത്രി എളമരം കരീം വ്യക്തമാക്കി. നാല്‌ ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാനുദ്ദേശിക്കുന്ന പദ്ധതിയില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാകും.

അനംഗാരി said...

കിരണ്‍:ഞാന്‍ പറയുന്നത് തന്നെയാണ് കിരണും പറയുന്നത്.ഈ മന്ത്രി സഭയിലെ ഏറ്റവും നല്ല മന്ത്രി ആരെന്ന ചോദ്യത്തിന് പ്രേമചന്ദ്രന്‍ എന്ന് മാത്രമാണ് ഉത്തരം.
തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുന്നുത് ഭാവിയിലാണ്.നിലവില്‍ ഒരു തൊഴിലവസരവും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല,ഉണ്ടായിരുന്ന തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുക കൂടി ചെയ്ത് എന്ന് കാണാം.പിന്നെ സ്മാര്‍ട്ട് സിറ്റി,അതിന്റെ തനിനിറം കാണണമെങ്കില്‍ നാമിനിയും കാത്തിരിക്കണം.ഞാന്‍ പറഞ്ഞത് ആകെ എടുത്ത് കാണിക്കാവുന്ന ഒരു നേട്ടം അത് ഒപ്പിട്ടുവെന്നതാണ്.
എന്റെ ഒരു വരി കിരണ്‍ കണ്ടില്ലെന്ന് എനിക്ക് തോന്നുന്നു.ഞാന്‍ പറഞ്ഞത് ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊന്നും നല്‍കിയില്ല എന്നാണ്.അത് വട്ടപ്പൂജ്യമാണെന്നാണ്‍ ഞാന്‍പറഞ്ഞത്.
ഈ മന്ത്രിസഭയിലെ ഏറ്റവും മോശം മന്ത്രിമാര്‍ സിപിഐ മന്ത്രിമാര്‍ തന്നെയാണ്.പ്രത്യേകിച്ചും സി.ദിവാകരന്‍.ബിനോയിയെ സംബന്ധിച്ച് ഭരണപരമായ അറിവില്ലായ്മ എന്ന പോരായ്മയാണുള്ളത്.അഴിമതി രഹിതനും,കാര്യങ്ങള്‍ ചട്ടപ്പടി നടക്കണമെന്നും തീരുമാനിക്കുന്നിടത്ത് വനം വകുപ്പിലെ താപ്പാനകളായ ഉദ്യോഗസ്ഥന്മാര്‍ ഗുലാന്‍ ഇറക്കി കളിക്കുന്നു.വനം വകുപ്പില്‍ നടക്കുന്ന അഴിമതികള്‍ ഒരു മന്ത്രി വിചാരിച്ചാല്‍ പോലും നിര്‍ത്താന്‍ കഴിയാത്തതാണ്‍.അത്രക്കൂം ആഴത്തില്‍ ആണ് വനം മാഫിയയുടെ കടിഞ്ഞാണ്‍.ഇതറിയണമെങ്കില്‍ വെറുതെയൊന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ പരിചയക്കാരുണ്ടെങ്കില്‍ ചോദിച്ചാല്‍ മതി.പിന്നെ മുല്ലക്കര.പാവം!തമ്മില്‍ ഭേദം രാജേന്ദ്രനാണ്.പക്ഷെ രാജേന്ദ്രനെ ആരൊക്കെയോ നിയന്ത്രിക്കുന്നുണ്ട്.

ഈ ഭരണം നന്നാക്കമായിരുന്നു.ഇടതുമുന്നണി വേണ്ടപോലെ കര്‍ക്കശമായി ഇടപെട്ട് കാര്യങ്ങള്‍ നടത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍.പക്ഷെ അതിനു പകരം, പിണറായിയും,വി.എസും,വെളിയവും,ചന്ദ്രചൂഡനുമൊക്കെ പരസ്പരം കൊമ്പ് കോര്‍ത്ത് ആരാണ് കേമന്‍ എന്ന് തീരുമാനിക്കാന്‍ മത്സരിക്കുമ്പോള്‍ ഒന്നും നടക്കാതെപോകുന്നു.