Friday, December 7, 2007

ലത്തീന്‍ സമുദായ ദിനം

ഞായര്‍, ഡിസംബര്‍ 9 കേരളത്തിലെ ലത്തീന്‍ സമുദായാംഗങ്ങള്‍ സമുദായദിനമായി ആചരിക്കുകയാണ്. ഇതു സംബന്ധിച്ച് എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സമുദായ മഹാസംഗമത്തില്‍ ആര്‍ച്ചുബിഷപ്പുമാരായ ഡാനിയല്‍ അച്ചാരുപറമ്പില്‍, സൂസപാക്യം എന്നിവരുള്‍പ്പെടെ ആയിരക്കണക്കിന്‌ പുരോഹിതരും കന്യാസ്ത്രീകളും രാഷ്ട്രീയ സാമുദായിക നേതാക്കളും പങ്കെടുക്കുമെന്ന് ഒരു അറിയിപ്പില്‍ കാണുന്നു.

ഒരു പിന്നാക്ക സമുദായമായാണ് ലത്തീന്‍ കത്തോലിക്കര്‍ അറിയപ്പെടുന്നത്. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംവരണ ചട്ടങ്ങള്‍ പ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങള്‍ കിട്ടാതെ പോയ ഒരു വിഭാഗം ആണിത്.

ക്രിസ്ത്യന്‍ സര്‍വീസ്‌ സൊസൈറ്റി ജനറല്‍ സെക്രട്ടറി ആന്‍റണി എം. അമ്പാട്ട് സമുദായ ദിനാചരണത്തിന്‍റെ പ്രാധാന്യം വിശദീകരിക്കുന്ന ഒരു ലേഖനം സൊസൈറ്റിയുടെ മാസികയായ 'സമയ'ത്തിന്‍റെ ഡിസംബര്‍ ലക്കത്തില്‍ എഴുതിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നു: "ഇതര സമുദായങ്ങളെപ്പോലെ സാമൂഹ്യ ഉദ്ഗ്രഥനം ഈ സമുദായത്തില്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. വിവിധ ചരിത്ര സാമൂഹ്യ പാരമ്പര്യങ്ങളുള്ള ഒരു 'മൊസയിക് സമുദായ'മാണ് ലത്തീന്‍ കത്തോലിക്കര്‍....തിരുവനന്തപുരം-നെയ്യാറ്റിങ്കര കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സാമൂഹ്യ പാരമ്പര്യമുള്ള നാടാര്‍ വിഭാഗം, പുനലൂര്‍-വിജയപുരം ആസ്ഥാനമാക്കിയുള്ള ദളിത ക്രൈസ്തവ വിഭാഗം, മധ്യ കേരളത്തെ കേന്ദ്രീകരിച്ചുള്ള അഞ്ഞൂറ്റി-എഴുനൂറ്റി വിഭാഗങ്ങള്‍, സെന്‍റ് തോമസ് പാരമ്പര്യം അവകാശപ്പെടാവുന്ന വിഭാഗങ്ങള്‍, യൂറേഷ്യന്‍ പാരമ്പര്യക്കാരായ ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍, പട്ടണങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രത്യേകിച്ച് കൊല്ലം, തങ്കശ്ശേരി, അര്‍ത്തുങ്കല്‍, കൊച്ചി, എറണാകുളം, കോട്ടപ്പുറം കേന്ദ്രീകരിച്ചുള്ള പ്രൌഢമായ സമുദായ വിഭാഗങ്ങള്‍, കേരളത്തിന്‍റെ കടല്‍- കായല്‍ തീരങ്ങളെ കേന്ദ്രീകരിച്ചുള്ള അടിസ്ഥാനവര്‍ഗ്ഗ മല്‍സ്യതൊഴിലാളികള്‍ എന്നിവയൊക്കെ ലത്തീന്‍ സമുദായത്തിന്‍റെ ശക്തികേന്ദ്രങ്ങളാണ്.... കഴിഞ്ഞ കാലങ്ങളിലുണ്ടായ ശിഥിലസ്വഭാവമാണ് വളര്‍ച്ചയുടെ പുതിയ മേഖലകളെ വെട്ടിപ്പിടിക്കാന്‍ തടസ്സമായി നിന്നിട്ടുള്ളത് എന്ന് ആദ്ധ്യാത്മിക നേതൃത്വവും സാമുദായിക സാമൂഹ്യ നേതൃത്വവും തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു."

2 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

ബി.ആര്‍.പി. ലത്തീന്‍ കത്തോലിക്കരിലേ വളരെ പിന്നോക്കമായ രണ്ട് വിഭാഗങ്ങള്‍ക്ക് മാത്രമേ സംവരണ ആനുകൂല്യങ്ങള്‍ യഥാര്‍ത്ഥമായി ഉള്ളൂ എന്നും അവരുടെ സംവരണാനുകൂല്യങ്ങള്‍ സമുദായം മൊത്തം കവര്‍ന്നെടുക്കുകയാണ് എന്നും ശ്രീ ലാല്‍ കോയിപ്പറമ്പില്‍ ഇറക്കിയ ഒരു ലഘുലേഖയില്‍ ഉണ്ട് എന്ന് ഒരു ഓശാനയില്‍ കണ്ടിരുന്നു. ഇതില്‍ എന്തെങ്ക്ലും സത്യവാസഥയുണ്ടോ. പിന്നെ തോമാസ്ലീഹായുടെ പാരമ്പര്യമുള്ള ഏത് ക്രൈസ്തവ വിഭാഗമാണ് ലത്തീല്‍ സഭയില്‍ ഉള്ളത്. എന്റെ അറിവില്‍ സീറോ മലബാര്‍ സഭയും സീറോ മലങ്കര സഭയുമാണ് റോമന്‍ കത്തോലിക്കാ സഭയില്‍ മാര്‍ത്തോമാ പാരമ്പര്യം അവകാശപ്പെടുന്ന വിഭാഗങ്ങള്‍.

BHASKAR said...

ലത്തീന്‍ ക്രിസ്ത്യാനികളെ സംബന്ധിച്ച വിവരം സമയം മാസികയില്‍ നിന്നെടുത്തതാണ്. ഏത് ലത്തീന്‍ വിഭാഗമാണ് തോമാ സ്ലീഹയുടെ പാരമ്പര്യം അവകാശപ്പെടുന്നതെന്ന് എനിക്ക് അറിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ആരെങ്കിലുമായി ബന്ധപ്പെടാവുന്നതാണ്:
സമയം എഡിറ്റര്‍ ജോസഫ് വൈറ്റില,
മാനേജിംഗ് എഡിറ്റര്‍ പി. എ. ജോസഫ് സ്റ്റാന്‍ലി.
മേല്‍വിലാസം: CSS Magazine Office, Sannidhi Road, Ravipuram, Kochi 682016
Telephone o484-2358638
Email: ceecee@satyam.net.in
വത്തിക്കാന് ‍പാരമ്പര്യം അനുസരിച്ചും തോമാ സ്ലീഹക്ക് ഇന്ത്യയുമായി ബന്ധമുണ്ട്. എന്നാല്‍ അദ്ദേഹം എത്തിയത് കേരളത്തിലല്ല, വടക്കേ ഇന്ത്യയില്‍ ആണെന്നാണ്‌ അവരുടെ രേഖകളിലുള്ളത്. തോമാ സ്ലീഹയുടെ കേരളബന്ധം സംശയാസ്പദമാണെന്നു ഈയിദെ മാര്‍പ്പാപ്പ പറഞ്ഞത് ശ്രദ്ധിച്ചിരിക്കുമല്ലോ.