Tuesday, February 24, 2009

ഹിന്ദു പത്രത്തിലൂടെ ഹിന്ദുത്വത്തിലേക്ക്

ഇന്ദിരാ ഗാന്ധി പ്രധാന മന്ത്രി ആയിരിക്കുമ്പോൾ ജനസംഘത്തിന് ഡൽഹിയിൽ ദ് മദർലാൻഡ് എന്നൊരു ഇംഗ്ലീഷ് പത്രമുണ്ടായിരുന്നു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ അതിന്റെ ആർ.എസ്.എസുകാരനായ പത്രാധിപർ തടവിലായി, പത്രത്തിന്റെ പ്രസിദ്ധീകരണം നിലച്ചു. രണ്ട് കൊല്ലത്തിൽ ഇന്ദിരാ ഗാന്ധി പുറത്താവുകയും ജനതാ പാർട്ടി അധികാരമേൽക്കുകയും ചെയ്തപ്പോൾ ആർ. എസ്. എസുകാരനായ എൽ.കെ.അഡ്വാനി വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായി. പക്ഷെ ദ് മദർലാൻഡ് തിരിച്ചുവന്നില്ല.

ആർ.എസ്.എസ്. ബന്ധം മൂലം മദർലാൻഡിൽ പ്രവർത്തിച്ചിരുന്ന പത്രപ്രവർത്തകർക്ക് അടിയന്തിരാവസ്ഥക്കാലത്ത് എങ്ങും ജോലി കിട്ടിയിരുന്നില്ല. അടിയന്തിരാവസ്ഥ അവസാനിച്ചിട്ടും പത്രം പ്രസിദ്ധീകരണം തുടങ്ങാഞ്ഞപ്പോൾ അവർ നിവേദനവുമായി അഡ്വാനിയെ സമീപിച്ചു. ഇപ്പോൾ ടൈംസ് ഓഫ് ഇൻഡ്യയും ഇൻഡ്യൻ എക്സ്പ്രസുമൊക്കെ തങ്ങളുടെ ഭാഗത്തുള്ളതുകൊണ്ട് മദർലാൻഡ് വീണ്ടും പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം അവരോട് പറഞ്ഞത്രെ.

അത് 1977ലെ കാര്യം. അതിനുശേഷം മുപ്പതിൽപരം കൊല്ലം കടന്നുപോയിരിക്കുന്നു. ഇപ്പോൾ അഡ്വാനി പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത് ദ് ഹിന്ദുവിലാണെന്ന് തോന്നുന്നു.

വളരെക്കാലമായി സംഘ പരിവാർ ശത്രുപക്ഷത്ത് നിർത്തിയിരുന്ന പത്രമാണ് ദ് ഹിന്ദു. സംഘ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയെ ശക്തിയായി എതിർക്കുന്ന പത്രമാണത്. പത്രം പേരുമാറ്റണമെന്ന ആവശ്യംപോലും പരിവാർ വക്താക്കൾ ഉയർത്തിയിട്ടുണ്ട്. അടുത്ത കാലത്ത് സി.പി.എമ്മിനോട് ആഭിമുഖ്യമുള്ള പത്രമെന്ന ആക്ഷേപം കൂടി അത് വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും ബി. ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അതിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നു.

ദ് ഹിന്ദുവിന്റെ വെബ്സൈറ്റിൽ ചെന്നാൽ ആദ്യം കാണുന്നത് എൽ.കെ. അഡ്വാനിയുടെ വെബ്സൈറ്റിലേക്ക് ക്ഷണിക്കുന്ന പരസ്യമാണ്. പേജിന്റെ താഴെ എത്തുമ്പോൾ മറ്റൊരു പരസ്യം. വെബ്സൈറ്റിലേക്ക് ക്ഷണിക്കുന്ന പരസ്യം തന്നെ അതും. പക്ഷെ അവിടെ ഒരു മുദ്രാവാക്യം കൂടിയുണ്ട്: Advani for PM

ഹിന്ദു എന്ന പേരിൽ ഇന്റർനെറ്റിൽ തെരയുന്ന ഒരാൾ പത്രത്തിന്റെ സൈറ്റിൽ എത്താനുള്ള സാധ്യത കണക്കിലെടുത്ത് അയാളെ അവിടെനിന്ന് സ്വന്തം സൈറ്റിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ് അഡ്വാനി.

6 comments:

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

മേല്‍പ്പറഞ്ഞ പരസ്യം ഇപ്പോള്‍ എല്ലാ വെബ്‌സൈറ്റുകളില്‍ ചെന്നാലും കാണാന്‍ കഴിയുന്നുണ്ട്. പരസ്യത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനെക്കാളും ഒരു മുഴം മുന്‍പേ നീട്ടിയെറിയുകയാണവര്‍. ഇതില്‍ ഹിന്ദു-ഹിന്ദുത്വ ബന്ധം ആരോപിക്കാന്‍ കഴിയില്ലെന്ന് തോന്നുന്നു. ആണവകരാര്‍ പ്രശ്നം കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഹിന്ദു പ്രകടമായും ഇടത് പക്ഷത്തിന്റെ കൂടെയായിരുന്നു. എന്‍.റാം ഒരു ഇടത് സഹയാത്രികന്‍ ആണല്ലൊ. അതിന് ശേഷം ഹിന്ദുവില്‍ പ്രകടമായ രാഷ്ട്രീയച്ചായ്‌വ് കാണാറില്ല. ഈ അടുത്തായി തമിഴ് പുലികളും ശ്രീലങ്കന്‍ പട്ടാളവും തമ്മില്‍ യുദ്ധം തുടങ്ങിയതും തമിഴ്‌നാട്ടില്‍ പുലി സഹതാപതരംഗം ആഞ്ഞടിച്ചപ്പോള്‍ എല്‍.ടി.ടി.യുടെ തനി ഫാസിസ്റ്റ് മുഖം വായനക്കാര്‍ക്ക് തുറന്ന് കാണിക്കുന്നതില്‍ ഹിന്ദു സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ തമിഴ് നാട്ടിലെ പുലി അനുകൂലസംഘടനകളുടെ ഹിറ്റ് ലിസ്റ്റിലാണ് ഇപ്പോള്‍ ഹിന്ദു.

subid said...

athe, parasyam is everywhere, see Mathrubhumi.

Melethil said...

മനുഷ്യന് വായിയ്കാന്‍ പറ്റിയ ഒരേയൊരു പത്രം, അന്നും ഇന്നും.

B.R.P.Bhaskar said...

തെറ്റിദ്ധരിക്കേണ്ട. ഹിന്ദു പത്രത്തിന്റെ സമീപനത്തില്‍ ഹിന്ദുത്വം കടന്നുവരുന്നെന്ന ആക്ഷേപം ഞാന്‍ ഉന്നയിച്ചിട്ടില്ല. ഹിന്ദു പേരു മാറ്റണമെന്ന് പറഞ്ഞവര്‍ അതിന്റെ വായനക്കാരെ ഹിന്ദുത്വത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാണിക്കുകയെന്ന ഉദ്ദേശ്യമേ എനിയ്ക്കുണ്ടായിരുന്നുള്ളു. ഒബാമയുടെ മാതൃക സ്വീകരിച്ച് ഈ തെരഞ്ഞെടുപ്പില്‍ ഇന്റര്‍നെറ്റ് വ്യാപകമായി ഉപയോഗിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചതായി എവിടെയൊ വായിച്ചു.

പോലീസുകാരന്‍ | Policekaran said...

സ്ഥിരമായി വായിക്കാറുണ്ടെങ്കിലും ഞാനാദ്യമായാണ് ഇവിടെ കമന്റുന്നത്. താങ്കളോടുള്ള എല്ലാ ബഹുമാനത്തോടുംകൂടി പറയട്ടെ, ഇതു വളരെ വളരെ മോശമായിപ്പോയി. അതൊരു പരസ്യമാണെന്ന് അങ്ങ് മനസിലാക്കിക്കൊണ്ടാണോ എഴുതിയതെന്ന് എനിക്കറിയില്ല, പക്ഷേ ഇത്തരം വളച്ചുകെട്ടിയ എഴുത്തുകള്‍ വായിക്കുന്നവര്‍ തെറ്റിദ്ധരിച്ചേക്കാം. കുറച്ച് വിശ്വാസ്യതയോടെ വായിക്കുന്ന പത്രമാണ് ഹിന്ദു. മനോരമ, മാത്രുഭൂമി എന്നുവേണ്ട ഇവിടെ പല ബ്ലോഗുകളില്‍ പോലും അദ്ദ്വാനി ഫോര്‍ പി.എം എന്നുകാണാറുണ്ട്. അവരൊക്കെ അദ്വാനിക്കൊപ്പമാണോ? കാര്യങ്ങള്‍ മനസിലാക്കാതെയുള്ള ഇത്തരം പ്രസ്ഥാവനകള്‍ ഒഴിവാക്കിയിരുന്നെങ്കില്‍..

ഞാന്‍ said...

അദ്വാനിയുടെ പേരില്‍ വരുന്ന ഈ പരസ്യങ്ങളെല്ലാം contextual ads ആണ്. മിക്കവാറും അത് Google മുഖേന നല്‍കുന്ന പരസ്യമാകുവാനാണ് സാദ്ധ്യത. ഇതില്‍ അദ്വാനിയേയോ ദ ഹിന്ദുവിനേയോ പ്രതി ചേര്‍ക്കുവേണ്ട (?) കാര്യമുണ്ടെന്ന് തോന്നുന്നില്ല.

അങ്ങനെയെങ്കില്‍ ഈ സൈറ്റില്‍ വന്ന അദ്വാനി പരസ്യത്തെക്കുറിച്ച് (സൂക്ഷിക്കുക) എന്ത് പറയും.

അദ്വാനിപ്പരസ്യങ്ങളെക്കുറിച്ചുള്ള എന്റെ അഭിപ്രായം ഇവിടെയുണ്ട്.